കലുങ്കിൻ മുകളിലെ ഖാപ്പ് പഞ്ചായത്ത്
text_fields‘‘എന്നാലിനി എന്റെ നെഞ്ചത്തോട്ട് കേറിക്കോ. ഇ.ഡി പിടിച്ചെടുത്ത പണം വാങ്ങിച്ചുതരാൻ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറ. ഞാൻ നിങ്ങളുടെ മന്ത്രിയല്ല, ഭാരതത്തിന്റെ മന്ത്രിയാണ്. നിങ്ങൾ നിങ്ങളുടെ മന്ത്രിയെ പോയി കാണൂ. എം.പിയുടെ പണിയല്ല ഇതൊന്നും, പഞ്ചായത്തിൽ പൊക്കോ. ഭരത് ചന്ദ്രന് ചങ്കൂറ്റമുണ്ടെങ്കിൽ സുരേഷ് ഗോപിക്കും ചങ്കൂറ്റമുണ്ട് ’’.
കഴിഞ്ഞ ദിവസം തൃശൂരിലെ ഗ്രാമത്തിൽ ബി.ജെ.പി സംഘടിപ്പിച്ച ‘കലുങ്ക് സംവാദ സദസ്സി’ൽ പരാതിയുമായെത്തിയ ഒരു പാവം വയോധികയോട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ചൊരിഞ്ഞ പുച്ഛമാണിത്. ഒരുപക്ഷേ, കേരളത്തിന് ഒരുതരത്തിലും കേട്ട് പരിചയമില്ലാത്ത രാഷ്ട്രീയ ശബ്ദം. സംഘ്പരിവാർ രാഷ്ട്രീയം അങ്ങനെതന്നെയാണല്ലോ. ‘‘കേരളത്തിൽ ഒരു ബുൾഡോസർ യോഗിയുടെ കുറവുണ്ട്, മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവിടെ ആണുങ്ങളുണ്ട്’’ എന്നൊക്കെയുള്ള മാസ് ഡയലോഗുകളിലൂടെ തന്നിലൂടെ തൃശൂരിന് വരാനിരിക്കുന്ന ദുരവസ്ഥയെക്കുറിച്ച് സുരേഷ് ഗോപി തന്നെ മുന്നറിയിപ്പ് നൽകിയതാണ്. എന്നിട്ടും സാംസ്കാരിക നഗരിക്ക് അത് തലയിൽ കയറിയില്ല.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മലയാളി കന്യാസ്ത്രീകൾ സംഘ്പരിവാർ തീവ്രവാദികളാൽ തുടർച്ചയായി ആക്രമിക്കപ്പെട്ടപ്പോൾ തൃശൂരിലെ ക്രൈസ്തവ സഭാ നേതൃത്വം എം.പിയെ മണ്ഡലം മുഴുവൻ തിരഞ്ഞിട്ടും കണ്ടുകിട്ടിയിരുന്നില്ല. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിവിട്ട വോട്ടുകൊള്ളച്ചർച്ച തൃശൂരിൽ ചൂടുപിടിക്കുന്നുവെന്ന തിരിച്ചറിവിലാണ് പാർട്ടി നിർദേശപ്രകാരം പി.ആർ ഏജൻസിയുടെ സഹായത്തോടെ വീണ്ടും തൃശൂരിൽ രംഗത്തിറങ്ങിയത്. ഗ്രാമങ്ങളിലെ കലുങ്കുകളിലിരുന്ന് വികസനകാര്യങ്ങൾ പൊതുജനങ്ങളുമായി ചർച്ച ചെയ്യും എന്നായിരുന്നു അറിയിപ്പ്. എന്നാൽ, പൗരന്റെ ശബ്ദം കേൾക്കാൻ ബാധ്യസ്തനായ ജനപ്രതിനിധിയാണെന്ന കാര്യം മറന്ന് ഉത്തരേന്ത്യൻ ഖാപ്പ് പഞ്ചായത്തിലെ ഗ്രാമമുഖ്യന്റെ വേഷമാണ് അദ്ദേഹം പുറത്തെടുക്കുന്നത്.
പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തെ തുടർന്ന് വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽനിന്ന് വെട്ടിക്കളഞ്ഞ കൂറ്റൻ അരയാൽ
തൃശൂർ പുള്ള് മേഖലയിൽ നടന്ന കലുങ്ക് ചർച്ചയിൽ വീട് നന്നാക്കാനുള്ള അപേക്ഷയുമായി വന്ന കൊച്ചുവേലായുധൻ എന്ന വയോധികനാണ് സംവാദത്തിന്റെ രുചി ആദ്യം അറിഞ്ഞത്. ‘കൊണ്ടുപോയി പഞ്ചായത്തിൽ കൊടുക്ക്’ എന്നുപറഞ്ഞ് മടക്കി. അപേക്ഷകളുമായി കേന്ദ്ര സഹമന്ത്രിയെ കാണാൻ വന്നവരൊക്കെ ഭയന്ന് പിന്മാറി.
പിറ്റേ ദിവസം കൊച്ചുവേലായുധനോട് ക്ഷമ പറഞ്ഞ് മരത്താക്കരയിലെ കലുങ്കിൽ കയറിയിരുന്നാണ്, കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം എടുക്കാൻ സഹായിക്കാമോ എന്ന് ചോദിച്ച വയോധികയോട് നെഞ്ചത്തോട്ട് കേറിക്കോളാൻ പറഞ്ഞത്. കരുവന്നൂർ വിഷയത്തിൽ പദയാത്ര നടത്തി, താൻ ജയിച്ചാൽ എല്ലാ നിക്ഷേപകർക്കും പണം തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചയാളാണ്.
കലുങ്ക് സംവാദ പരിപാടി തുടങ്ങിയിട്ട് നാല് ദിവസങ്ങളാകുന്നു. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് കിട്ടിയ ലഡുവും വയോധികർക്ക് നേരെയുള്ള ആട്ടുകളുമല്ലാതെ തൃശൂരുകാർക്ക് കലുങ്കിൽനിന്ന് ഒന്നും ലഭിച്ചില്ല.
തെരഞ്ഞെടുപ്പ് കാലത്തെ അതിവിനയം പൂർണമായും വെടിഞ്ഞ് ജനങ്ങളോട് യജമാനഭാവത്തിൽ പെരുമാറുന്ന, മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യുന്ന, വനിതാ മാധ്യമ പ്രവർത്തകയെ അപമാനിക്കുന്നയാളെ ആഘോഷിക്കുന്നവരും നാട്ടിൽ ഒട്ടും കുറവല്ല. സമൂഹ മാധ്യമങ്ങളിൽ വെറുപ്പ് പ്രചാരകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ മാറുന്ന കേരളത്തിന്റെ സൂചനയാണ്. അത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന ഉദാഹരണം കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം. വടക്കുംനാഥൻ ക്ഷേത്രവളപ്പിലെ നായ്ക്കനാൽ ഭാഗത്ത് ഒരു വലിയ അരയാൽ മുത്തശ്ശി ഉണ്ടായിരുന്നു. അതിന്റെ ഒരു കൊമ്പ് ഒടിഞ്ഞുവീണാൽ ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ രൂക്ഷപ്രതിഷേധവുമായി തെരുവിലിറങ്ങുമായിരുന്നു. തേക്കിൻകാട്ടിലെ ആൽമരങ്ങൾ ശിവന്റെ ജടയാണെന്നും അവ വെട്ടുന്നത് ആചാരലംഘനം ആണെന്നുമായിരുന്നു അവരുടെ പക്ഷം. എന്നാൽ, സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി എത്തുന്നതിന് ഒരു ദിവസം മുമ്പ് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ആ അരയാൽ മൂടോടെ വെട്ടി. ദ്രവിച്ച ഒരു മരക്കഷണം കണക്കെ കൽക്കെട്ടിനുള്ളിൽ അരയാലിന്റെ പ്രേതം ഇന്നും കാണാം. ആർക്കും പരാതിയില്ല. അതുതന്നെ ഇനിയും ആവർത്തിക്കും. എന്തൊക്കെ പുലഭ്യം ചൊരിഞ്ഞാലും എത്രയൊക്കെ ആട്ടിയകറ്റിയാലും തെരഞ്ഞെടുപ്പ് വേളകളിൽ തങ്ങളിലേക്ക് ആളുകളെ പറ്റത്തോടെ കൂട്ടുന്ന വർഗീയത എന്ന വിദ്വേഷവിദ്യയുടെ പ്രായോഗികതയിൽ അത്രക്ക് വിശ്വാസമാണ് കാവിപ്പടക്കിപ്പോൾ.