കെ.കെ. കൊച്ച് ഇനി സംവാദങ്ങളിൽ ജീവിക്കും...
text_fieldsഇത് അൽപ്പം വൈകി എഴുതുന്ന ഒരനുസ്മരണക്കുറിപ്പാണ്. 1998-99 അധ്യായന വർഷത്തിലാണ് മഹാത്മ ഗാന്ധി സർവകലാശാലക്ക് കീഴിലുള്ള മൂവാറ്റുപുഴയിലെ ടീച്ചർ എജുക്കേഷൻ സെന്ററില്‍ ഞാൻ മലയാളം ബി.എഡിന് ചേരുന്നത്. ഇപ്പോൾ എഴുത്തിലും ആക്ടിവിസത്തിലും നിറഞ്ഞുനിൽക്കുന്ന ഡോ. എ.കെ. വാസു അന്ന് അവിടെ സഹപാഠിയായിരുന്നു, വാസുവിലൂടെയാണ് കെ കെ കൊച്ച്, കെ.കെ. ബാബുരാജ്, സണ്ണി എം. കപ്പിക്കാട്, എം.ബി. മനോജ് മുതലായ ഇരുതലമുറകളിലെ ദലിത് സാമൂഹിക പ്രവർത്തകരെ ഞാൻ അടുത്തുനിന്ന് പരിചയപ്പെടുന്നത്.
തുടർന്ന് വായനയിൽ ഇവരെയെല്ലാം നന്നായി പിന്തുടരുകയായിരുന്നു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ നേതൃരംഗത്ത് വന്നതോടെ കൊച്ചേട്ടൻ ഉൾപ്പെടെയുള്ളവരുമായി സഹകരിച്ചു പ്രവർത്തിക്കുന്ന നിരവധി സന്ദർഭങ്ങളുണ്ടായി.
കൊച്ചിനെ ഞാൻ ഓർക്കുന്ന ആദ്യത്തെ എഴുത്ത് ‘മാധ്യമം വാരിക’യിൽ വന്ന ഒരു ലേഖനമാണ്. അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. 'സൂക്ഷിക്കുക, നരേന്ദ്രപ്രസാദ് ആര്യനാവുകയാണ്.' ഏകദൈവവിശ്വാസം ഏകശിലാത്മകവും ബഹുസംസ്കാര വിരുദ്ധവും അടിച്ചമർത്തൽ സ്വഭാവമുള്ളതുമാണെന്നും എന്നാൽ ബഹുദൈവവിശ്വാസം ഇതിന് നേർവിപരീതമാണെന്നുമുള്ള നിരൂപകനും നടനുമായിരുന്ന നരേന്ദ്രപ്രസാദിന്റെ വാദത്തെ വിമർശിക്കുന്നതായിരുന്നു ആ ലേഖനം. ബഹുദൈവ വിശ്വാസമാണ് ഇന്ത്യയിൽ മനുഷ്യരെ ജന്മത്തിന്റെ പേരിൽ തട്ടുതട്ടുകളാക്കുന്ന ജാതി സമ്പ്രദായം ഉണ്ടാക്കിയത് എന്നതായിരുന്നു നരേന്ദ്രപ്രസാദിന്റെ വാദത്തിനെതിരെ കെ.കെ കൊച്ചു മുന്നോട്ടുവെച്ച പ്രതിവാദം. നരേന്ദ്രപ്രസാദ് മാത്രമല്ല, ഏതാണ്ട് അതേ കാലത്ത് ആനന്ദും ഇതേ വാദം മുന്നോട്ടുവെച്ചിരുന്നു. ആനന്ദിന്റെ ‘വേട്ടക്കാരനും വിരുന്നുകാരനും’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം ഇതാണ്.
വളരെ അടുത്ത ബന്ധം കെ.കെ. കൊച്ചുമായുണ്ടായ ശേഷം ഒരു വൈകുന്നേരം അദ്ദേഹം എന്നെ ഫോണിൽ വിളിച്ചു ചോദിച്ചു. നിങ്ങളുടെ മുസ്ലിം സമുദായത്തിൽ പ്രവാചകന്റെ മുടിയുമായി ബന്ധപ്പെട്ട എന്തോ ഒരു വിവാദം നടക്കുന്നില്ലേ? അത് എന്താണ്? ഞാൻ അദ്ദേഹത്തിന് ഹ്രസ്വമായ രീതിയിൽ ആ വിവാദം വിശദീകരിച്ചു കൊടുത്തു. അപ്പോൾ അദ്ദേഹം പറഞ്ഞു. ഇത് ഗൗരവമുള്ള കാര്യമാണ്. ഇതിൽ മുസ്ലീംകൾ ജാഗ്രത പുലർത്തണം. ഇന്ത്യയിൽ ബ്രാഹ്മണിസത്തെ മതപരമായി പ്രധിരോധിക്കുന്നതിൽ വിജയിച്ച ഏക മതം ഇസ്ലാമാണ്. അതിനു കാരണം ഇസ്‌ലാമിന് ബ്രാഹ്മണിസത്തിൽ നിന്ന് വ്യത്യസ്തമായി, സ്വന്തമായി അനുഷ്ഠാനങ്ങൾ ഉണ്ട് എന്നതാണ്. മറ്റൊന്ന് ഇസ്ലാമിന് വളരെ നിർണിതമായ പ്രമാണമുണ്ട് എന്നതും. ഇതിന്റെ രണ്ടിന്റെയും കടയ്ക്കൽ കത്തിവെക്കുന്നതാണ് തിരുകേശമെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ പ്രമാണത്തിനുപകരം സ്വപ്നമാണ് മതത്തിന്റെ അടിസ്ഥാനമാവുക. പ്രമാണത്തിന്റെ ഗുണം അത് സുതാര്യമാണ്. സ്വപ്നം പ്രമാണമായി മാറുമ്പോൾ മറ്റൊരാൾക്ക് അതിൽ ഇടപെടാൻ കഴിയില്ല. നിങ്ങൾ സ്വപ്നം കണ്ടത് അങ്ങനെയല്ല ഇങ്ങനെയാണ് എന്ന് മറ്റൊരാൾക്ക് പറയാൻ കഴിയില്ല. തിരുകേശത്തോടനുബന്ധിച്ച് നിലവിളക്കും എണ്ണയും ഉൾപ്പെടെ ബ്രാഹ്മണ ആചാരങ്ങൾ ഉണ്ടാവുകയും ചെയ്യും. ഇതിലൂടെ ഇസ്ലാമും ബ്രാഹ്മണവത്കരിക്കപ്പെടും.
മുമ്പ് ഒരു കീഴാള മതം ഉണ്ടാക്കാൻ നടത്തിയ നീക്കത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. ഈ ആശയവുമായി സ്വാമി അഗ്നിവേശിനെ സമീപിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് അത് അസാധ്യമാണ് എന്നാണ്. കാരണം കീഴാളമായ ഒരു ദൈവശാസ്ത്രം ഉണ്ടാക്കാൻ കഴിയും, പക്ഷേ അപ്പോഴും അതിന്റെ ആചാരാനുഷ്ഠാനങ്ങൾ വൈദിക മതത്തിന്റെത് തന്നെയായിരിക്കും. 'കൊച്ചേട്ടന്റെ സംഭാഷണം ഉദ്ധരിച്ചു കൊണ്ട് ഇക്കാര്യം അന്ന് ഞാൻ പ്രബോധനം വാരികയിൽ എഴുതിയിരുന്നു.
ഇന്ത്യയിലെ മുസ്‌ലിം പ്രശ്നത്തെക്കുറിച്ച് നല്ല വ്യക്തത കെ.കെ. കൊച്ചിനുണ്ടായിരുന്നു. ബാബരി മസ്ജിദ് തകർക്കപ്പെട്ട ദിവസത്തെ തന്റെ അനുഭവം കൊച്ച് എഴുതിയിടുണ്ട്. ബാബരി മസ്ജിദ് തകർക്കപ്പെട്ട ഡിസംബർ ആറ് ഡോക്ടർ ബി.ആർ. അംബേദ്കർ ചരമദിനം കൂടിയായിരുന്നു. അന്ന് സി.പി.ഐ എം.എല്ലിൽനിന്ന് വിഘടിച്ചു പോയ മുരളി കണ്ണമ്പള്ളി നേതൃത്വം കൊടുത്ത കേരള കമ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ഞാനും ഒരു പ്രാസംഗികനായിരുന്നു. വിഷയം അംബേദ്കർ സ്മരണയായിരുന്നു എങ്കിലും എന്റെ മനസ്സിൽ ബാബരി മസ്ജിദ് രാമജന്മഭൂമി പ്രശ്നത്തെക്കുറിച്ചുള്ള സംഘർഷമാണ് നിലനിന്നത്. ഇന്ത്യയിൽ ദലിതരുടെ സംവരണം എന്നതുപോലെ വളരെ പ്രധാനപ്പെട്ടതാണ് ന്യൂനപക്ഷ അവകാശങ്ങൾ. സംവരണ വിപുലീകരണത്തിനു വേണ്ടിയും അതിനെതിരായ കടന്നാക്രമണങ്ങൾക്കെതിരെയും സംഘടനാ ജീവിതത്തിലുടനീളം പ്രക്ഷോഭം ചെയ്തിട്ടുള്ള ഞാൻ അതേ വികാരം ന്യൂനപക്ഷ അവകാശങ്ങളോടും പുലർത്തിയിട്ടുണ്ട്. ഈ വൈകാരിക ബന്ധത്തിന് അടിസ്ഥാനം ഞാൻ ആവർത്തിച്ചു വായിച്ചിട്ടുള്ള അംബേദ്കറിന്‍റെ ജാതി ഉന്മൂലനം എന്ന കൃതിയിലെ നിരീക്ഷണമാണ്. മതരാഷ്ട്രവാദവുമായി വിദൂരബന്ധം പോലുമില്ലാത്ത ജനാധിപത്യ അവകാശമായ ന്യൂനപക്ഷാവകാശങ്ങൾ ഭരണഘടനയിൽ നിക്ഷിപ്തമാണെന്നും അത് സംരക്ഷിക്കാൻ പൗരസമൂഹവും ഭരണകൂടവും കടപ്പെട്ടിരിക്കുന്നതിനാൽ ബാബരി മസ്ജിദ് തകർക്കപ്പെടുമെന്ന് ഞാൻ കരുതിയിരുന്നില്ല.
സമ്മേളനം തുടർന്നുകൊണ്ടിരുന്നപ്പോഴാണ് ബാബരി മസ്ജിദ് തകർക്കപ്പെട്ട വാർത്തയറിഞ്ഞത്. പെട്ടെന്ന് ഹാളിൽ കടുത്ത മൂകതപരന്നു. ഉടൻ തന്നെ സംഘാടകർ യോഗം നിർത്തിവെക്കുന്നതായും പ്രതിഷേധ പ്രകടനമായി ചെന്ന് മെഡിക്കൽ കോളജ് ജങ്ഷനിൽ ഒരു ധർണ സംഘടിപ്പിക്കുന്നതായും അറിയിച്ചു. ധർണ നടന്നുകൊണ്ടിരുന്നപ്പോൾ ഏതാണ്ട് 15ഓളം സംഘപരിവാർ പ്രവർത്തകർ കർസേവകർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ടുള്ള പ്രകടനവും നടത്തിയിരുന്നു. ആഹ്ലാദവും ആവേശവും കരകവിഞ്ഞൊഴുകിയ പ്രകടനത്തിൽ പങ്കെടുത്തവർ ഏതോ ശത്രുരാജ്യത്തെ കീഴടക്കിയ ഭാവത്തിലായിരുന്നു. ബാബരി മസ്ജിദ് തകർക്കപ്പെട്ട് 18 വർഷങ്ങൾ പിന്നിടുകയാണ് ഇക്കാലയളവിലുടനീളം ഇന്ത്യയിലെ മുസ്ലീംകൾ മാത്രമല്ല പൗരസമൂഹവും 1992 ഡിസംബർ ആറ് മറന്നിട്ടില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതിനു സമാനമായ സംഭവം ഗാന്ധിജിയുടെ വധമാണ്. (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2019 ഒക്ടോബർ 10 - 16)
ബാബരി മസ്ജിദ് വിഷയത്തിൽ നീതിയുടെയും മുസ്ലിംകളുടെയും ഒപ്പം നിൽക്കുന്നവരായ മതേതര വാദികളിൽ ചിലരെങ്കിലും ഏകസിവിൽകോഡിന്റെ വിഷയത്തിൽ മറുപക്ഷത്തു നിൽക്കുന്നവരോ വ്യക്തത കുറവുള്ളവരോ ആണ്. കെ.കെ. കൊച്ച് ബാബരി മസ്ജിദ് പ്രശ്നത്തെയും ഏക സിവിൽ കോഡ് വിഷയത്തെയും ഒരേ അടിത്തറയിലാണ് സമീപിച്ചിരുന്നത്. ഇതേ ലേഖനത്തിൽ കെ.കെ. കൊച്ച് എഴുതുന്നു; കേരളത്തിൽ ഇ.എം.എസ് ഉയർത്തിക്കൊണ്ടുവന്ന ശരീഅത്ത് വിവാദം ആളിപ്പടർന്നുകൊണ്ടിരുന്നപ്പോഴാണ് മുസ്ലിം പ്രശ്നങ്ങളെ കുറിച്ചുള്ള അന്വേഷണം ഞാൻ നടത്തിയത്. അതിന് നിമിത്തമായത് സിവിക് ചന്ദ്രന്റെ മുൻകൈയിൽ പ്രസിദ്ധീകരിച്ചിരുന്ന ‘വാക്ക്’ മാസിക മഞ്ചേരിയിൽ സംഘടിപ്പിച്ച സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരമായിരുന്നു. സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധത്തിലൂടെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള സുപ്രീംകോടതിയുടെ നിർദ്ദേശത്തെ ഞാൻ എതിർക്കുകയായിരുന്നു.
വ്യത്യസ്ത ജനവിഭാഗങ്ങളുടെ സാംസ്കാരികമായ ഏകീകരണം സാധ്യമാക്കുന്നത് അതത് സാമൂഹിക വിഭാഗങ്ങൾക്കുള്ളിൽ നടക്കുന്ന നവോത്ഥാനങ്ങളിലൂടെയായിരിക്കണം. ഇതിനാധാരമായി ചൂണ്ടിക്കാട്ടിയത് ബ്രിട്ടീഷ് ഭരണകാലത്ത് ശരീഅത്തിലെ ക്രിമിനൽ നിയമങ്ങൾ എടുത്തു കളഞ്ഞതാണ്. ഇപ്പോൾ നിലനിൽക്കുന്ന ശരീഅത്ത് കാലത്തിനും ദേശത്തിനും അനുയോജ്യമായി പരിഷ്കരിക്കാൻ മുസ്ലിംകൾക്കുള്ളിൽ നിന്നുതന്നെ ശ്രമമുണ്ടാകണം. മുസ്ലിം സമുദായത്തിനുള്ളിൽ അനിവാര്യമായും നടക്കേണ്ട നവോത്ഥാനം വിശ്വാസ സ്വാതന്ത്ര്യ നിഷേധത്തെ ജനാധിപത്യവത്കരണത്തിന്റെ ഭൂമികയിലാണ് അഭിസംബോധന ചെയ്യേണ്ടത്. മറിച്ചുള്ള ശ്രമങ്ങൾ മുസ്ലിം സമുദായത്തിന്റെ കീഴാള ജനതകളിൽ നിന്നുള്ള ബന്ധവിച്ഛേദമായിരിക്കും സൃഷ്ടിക്കുക. കൊച്ചിന്റെ ഏക സിവിൽ കോഡ് സംബന്ധിയായ ലേഖനം ഹമീദ് ചേന്നമംഗലൂർ എഡിറ്റ് ചെയ്ത് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച `ഏകീകൃത സിവിൽ കോഡ് അകവും പുറവും’ എന്ന പുസ്തകത്തിൽ `ഏകീകൃത സിവിൽ കോഡ് വൈവിധ്യങ്ങളുടെ നിഷേധം’ എന്ന തലക്കെട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
അബ്ദുനാസർ മഅ്ദനിയെക്കുറിച്ച വിശകലനത്തിലെത്തുമ്പോൾ മുസ്ലിം പ്രശ്നത്തെക്കുറിച്ചു മാത്രമല്ല ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ചുള്ള നല്ല വ്യക്തത കെ.കെ, കൊച്ചിനുണ്ടായിരുന്നു എന്നു വ്യക്തമാവും. പി.ഡി.പി നേതാവ് തന്നെയായിരുന്ന സി.കെ. അബ്ദുൽ അസീസ് എഴുതിയ `എന്തുകൊണ്ട് മഅ്ദനി?’ എന്ന പുസ്തകത്തിലെ വാദഗതികളെ വിശകലനം ചെയ്തുകൊണ്ട് കെ.കെ. കൊച്ച് എഴുതിയ ലേഖനമാണ്. സമരവും സഹനവും മഅദനിയുടെ രാഷ്ട്രീയം (മാധ്യമം ആഴ്ചപ്പതിപ്പ് 2006 മെയ് 5) സി. കെ അബ്ദുൽ അസീസ് മഅദ്നിയെ അവതരിപ്പിക്കുന്നത് ദരിദ്ര മുസ്ലിം രാഷ്ട്രീയത്തിന്റെ വക്താവായാണ്. മുസ്ലിം ലീഗിന്റെ സമ്പന്ന രാഷ്ട്രീയത്തിനെതിരായ അടിസ്ഥാനവർഗ മുസ്ലിം രാഷ്ട്രീയമായാണ് അദ്ദേഹം മഅ്ദനിയുടെ രാഷ്ട്രീയം അടയാളപ്പെടുത്തുന്നത്. ഇതിനെ വിമർശിച്ചുകൊണ്ട് കെ.കെ. കൊച്ച് പ്രസ്തുത ലേഖനത്തിൽ എഴുതുന്നു: സമകാലീന മുസ്ലിം ജീവിതം രാഷ്ട്രീയമായി ചലനാത്മകമായത് മുസ്ലിം ലീഗിനെ പ്രത്യയശാസ്ത്രപരമായി അസ്ഥിരപ്പെടുത്താൻ കഴിഞ്ഞതിലൂടെയാണ്. അത് അസീസ് കരുതുന്നതുപോലെ മുസ്ലിം ധനികർക്കും പുരോഹിതന്മാർക്കും എതിരായി നടന്ന സമരമല്ല, മറിച്ച് ഇസ്ലാമിന് രാഷ്ട്രീയമായൊരു ദൗത്യം നിർവഹിക്കാനാവുമെന്ന വിമോചന സന്ദേശമാണ്; മഅ്ദനിയുടെ രാഷ്ട്രീയ മുദ്രാവാക്യങ്ങളിൽ തന്നെ ഉണ്ടായിരുന്ന അനാവശ്യമായി മാർക്സിയൻ സ്വാധീനത്തെക്കുറിച്ച് ഈ ലേഖനത്തിൽ കൊച്ച് പറയുന്നുണ്ട്. അവർണർക്ക് അധികാരം എന്നതായിരുന്നു പി.ഡി.പി യുടെ ഏറ്റവും ശ്രദ്ധേയമായ മുദ്രാവാക്യം. ഇതേക്കുറിച്ച് കൊച്ച് എഴുതുന്നു: മഅ്ദനിയാകട്ടെ അവർണരുടെ അധികാരം വിഭാവനം ചെയ്തത് ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള ഭരണകൂടത്തിലെ പങ്കാളിത്തമായിരുന്നില്ല. മാർക്സിസ്റ്റ് വ്യവഹാരത്തിൽ നിന്ന് കടംകൊണ്ട അവർണധീശത്വമായിട്ടാണ്. ഇത് ജനാധിപത്യവാദികളിൽ നിന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ മാത്രമാണ് സഹായകമായത്; മഅ്ദനി ഭരണകൂടത്താൽ വേട്ടയാടപ്പെട്ട സന്ദർഭങ്ങളിലെല്ലാം ഇദ്ദേഹം മഅ്ദനിയോടൊപ്പം നിലകൊണ്ടിരുന്നു.
അതേസമയം ഇസ്‌ലാമിക അടിത്തറയിലുള്ള ഒരു സമഗ്ര രാഷ്ട്രീയത്തെ കെ.കെ. കൊച്ച് അംഗീകരിച്ചിരുന്നില്ല . മാർക്സിസവും ഗാന്ധിസവും സോഷ്യലിസവും പോലെ ഒരു സമഗ്ര വിമോചന ദർശനമായി ഇസ്ലാമിനെ അവതരിപ്പിക്കുന്നതിനെ അദ്ദേഹം നിരാകരിച്ചിരുന്നു. സിമി എന്ന ഇസ്ലാമിക വിദ്യാർഥി സംഘടനയുടെ`ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന പ്രമേയത്തെ മുൻനിർത്തിയുള്ള സെമിനാർ വാക്ക് മാസികക്കുവേണ്ടി റിപ്പോർട്ട് ചെയ്യാൻ സിവിക് ചന്ദ്രൻ ചുമതലപ്പെടുത്തിയ അനുഭവവും അതിന്റെ വിശകലനവും ദലിതൻ എന്ന തന്റെ ആത്മകഥയിൽ കെ.കെ. കൊച്ച് എഴുതുന്നുണ്ട്: ഒരു മതസമുദായമെന്ന നിലയിൽ മുസ്ലിംകളുമായി സാഹോദര്യത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ സഖ്യത്തിലുപരി ദലിത് പ്രസ്ഥാനങ്ങളെ ഇസ്ലാം നയിക്കുമെന്ന വീക്ഷണം ഗാന്ധിസം മാർക്സിസം പോലൊരു അധീശ പ്രത്യയശാസ്ത്ര വ്യവഹാരമായിരിക്കും എന്നാണ് ഞാൻ കരുതിയത്.
ഇപ്രകാരം സംഭവിച്ചാൽ രൂപം കൊള്ളുന്നത് ദലിതരുടെ സാമൂഹിക ചരിത്രത്തിന്റെയും രാഷ്ട്രീയ സമരങ്ങളിലൂടെ രൂപപ്പെട്ട സംവരണത്തിലൂടെയുള്ള ഭരണപങ്കാളിത്തത്തിന്റെയും നിഷേധമായിരിക്കും (ദലിതൻ പേജ് 146). ധാരാളം പ്രായോഗിക പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും അദ്ദേഹം അടിസ്ഥാനപരമായി അദ്ദേഹത്തിന്റെ തന്നെ ഭാഷാപ്രയോഗം കടമെടുത്തു പറഞ്ഞാൽ ഒരു ആശയ മനുഷ്യനായിരുന്നു. ദലിത് സമൂഹത്തിലെ പ്രായോഗിക ഉണർവുകളോടു പലതിനോടും സൂഷ്മ വിശകലനങ്ങളെ മുൻനിർത്തി അദ്ദേഹം വിയോജിക്കുകയായിരുന്നു. ദേശത്തിനും വർഗത്തിനും ബദലായി കെ.കെ. കൊച്ച് മുന്നോട്ടു വെച്ച സമുദായമെന്ന ആശയത്തിന് സാധ്യതകളും പരിമിതികളുമുണ്ട്. ഇത്തരം സംവാദങ്ങൾക്കകത്ത് ഇനിയും കെ.കെ. കൊച്ച് എന്ന ചിന്തകനും സാമൂഹിക പ്രവർത്തകനും ജീവിക്കുക തന്നെ ചെയ്യും.