Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനോളജ് ഇക്കോണമിയും...

നോളജ് ഇക്കോണമിയും ഫിനാൻസ് കാപിറ്റലും

text_fields
bookmark_border
നോളജ് ഇക്കോണമിയും ഫിനാൻസ് കാപിറ്റലും
cancel

പ്രഫ. രവീന്ദ്രനാഥ് എല്ലാ കാര്യവും താത്വികമായാണ് വിലയിരുത്തുക. മുൻ അധ്യാപകൻകൂടിയായ അദ്ദേഹത്തിന് വി.ഡി. സതീശൻ ബജറ്റ് ആഴത്തിൽ പഠിച്ചപ്പോൾ അതിന്‍റെ അടിത്തറ നവലിബറൽ നയമാണെന്ന് ബോധ്യമായി. നവലിബറലിസത്തിന്‍റെ ഇപ്പോഴത്തെ സ്ഥിതി കഷ്ടമാണ്. മുതലാളിത്തത്തിനുപോലും വേണ്ടാതായി. ഈ നയവുമായി ഒരു സമ്പദ്വ്യവസ്ഥക്കും മുന്നോട്ടുപോകാനാവില്ലെന്ന് നവലിബറൽ നയങ്ങളുടെ വക്താവായ ജോസഫ് സ്റ്റിഗ്ലിറ്റ്സ് ‘ദ റോഡ് ടു ഫ്രീഡം’ എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുമുണ്ട്. അപ്പോഴാണ് സതീശൻ ആ നയവുമായി വരുന്നത്. നവ ഉദാരീകരണ നയം നോളജ് ഇക്കോണമി എന്ന ആശയത്തിലൂടെ തിരിച്ചുകൊണ്ടുവരാൻ മുതലാളിത്തം നടത്തുന്ന ശ്രമത്തിൽ ബജറ്റ് ചർച്ചയുടെ ആദ്യദിനം അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അപ്പോൾ വി.ടി. ബലറാമിന് സംശയം.

കഴിഞ്ഞ സർക്കാരിൽ ഭരണപക്ഷം അഭിമാനത്തോടെ പറഞ്ഞ നോളജ് ഇക്കോണമി ഇത്ര പെട്ടെന്ന് ചതുർഥിയായോ? പഞ്ഞത് ശ്രദ്ധിക്കാത്തതുകൊണ്ടാണെന്ന് വിലയിരുത്തിയ രവീന്ദ്രനാഥ്, ഇടതുപക്ഷം നവകേരളം എന്ന ആശയത്തിൽ പറഞ്ഞത് ജ്ഞാനകേരളവും ജ്ഞാനസമൂഹവുമാണെന്ന് പ്രതികരിച്ചു. ജ്ഞാനസമൂഹം അറിവിന്‍റെ സാർവത്രികവത്കരണമാണ്. നോളജ് കാപിറ്റൽ ഇതിന്‍റെ നേർവിപരീതവും കുത്തകവത്കരണവുമാണ്. വീശദീകരണം കേട്ട് പലർക്കും ചിരിപൊട്ടി. തീർന്നില്ല, സ്വകാര്യവത്കരണ അജണ്ടയിൽ ഭൂപരിഷ്കരണം നടത്തുമ്പോൾ അത് ഫ്യൂഡൽ യുക്തിലേക്ക് തിരിച്ചുപോകുമെന്നും കിഫ്ബിയെ ഒഴിവാക്കിയാൽ ഫിനാൻസ് കാപിറ്റലിനെ തടുക്കാൻ കഴിയതെവരുമെന്നും പ്രഫസർ പറഞ്ഞുവെച്ചു. പലർക്കും എല്ലാം പിടികിട്ടിയില്ല. രാപ്പനി അറിയാവുന്ന മഞ്ഞിളാംകുഴി അലി തുറന്നുചോദിച്ചു, ‘എന്തുകൊണ്ട് നിങ്ങൾ തോറ്റു? ലളിതമായി ഒന്ന് പറഞ്ഞു തരാമോ? സാറിനോട് സ്നേഹമുണ്ട്, ദയവുചെയ്ത് ഇങ്ങനെയൊന്നും പറയരുത്’. ജി.ആർ. അനിലും ബജറ്റിൽ നവലിബറൽ നയം കണ്ടെത്തി.

മാർക്സിസം അരച്ചുകലക്കിക്കുടിച്ച ജി. സുധാകരൻ ക്ലാസിക്കൽ ബജറ്റാണ് കണ്ടത്. ചാണക്യന്‍റെ ‘അർഥശാസ്ത്രം’, മാക്വിവല്ലിയുടെ ‘ദ പ്രിൻസ്’, ആഡംസ് സ്മിത്തിന്‍റെ ‘ദ വെൽത്ത് ഓഫ് നേഷൻ’ തുടങ്ങിയ പുസ്തകങ്ങളൊക്കെ വായിച്ചയാൾക്കേ ഇത്ര സഹാനുഭൂതിയുള്ള ബജറ്റ് തയാറാക്കാൻ കഴിയൂവെന്ന് അദ്ദേഹം നിരീക്ഷിച്ചു. അതിനിടെ കമ്യൂണിസം ശാപമാണെന്ന പരാമർശത്തിൽ സുധാകരൻ ചൊടിച്ചു. കമ്യൂണിസത്തെ ശാപഗ്രസ്ഥമാക്കിയവരെക്കുറിച്ച് പറയാം. പക്ഷെ, കമ്യൂണിസത്തെ ശപിക്കാൻ പാടില്ലെന്ന് അദ്ദേഹം ഉപദേശിച്ചു. ചെറ്റപ്രയോഗം, ചെരുപ്പിന്‍റെ വാറഴിക്കാനുള്ള യോഗ്യത തുടങ്ങിയവയൊക്കെ എടുത്തിട്ട് സുധാകരൻ സി.പി.എം നേതാക്കളെ കുടഞ്ഞു. കലികാലമെന്നാണ് ഇതിനൊക്കെ ടി.എം. ശശി പ്രതികരിച്ച. തങ്ങൾക്കെതിരെ പറയാൻ തങ്ങളിലെ ചില മുതിർന്ന ആളുകൾ കോൺഗ്രസിൽ ചേരുന്നുണ്ട്. എന്നാൽ, ഇതിനെക്കാൾ ആശയം പറയുന്ന കോൺഗ്രസിലെ മുതിർന്നവർ ഇടതുപക്ഷ നയം പറയുന്നുണ്ടെന്ന് വി.എം. സുധീരന്‍റെ പേര് പറയാതെ അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞതിൽനിന്നെല്ലാം യുടേൺ അടിച്ച സാഹചര്യത്തിൽ യു.ഡി.എഫ് യു.ടേൺ ഡമോക്രാറ്റിക് ഫ്രണ്ട് എന്നാക്കാൻ ടി.കെ. ശശി നിർദേശിച്ചു. കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള വടംവലി കണ്ടപ്പോൾ കേരള കോൺഗ്രസുണ്ടായ കാലം തിരിച്ചുവരുമോ എന്നായിരുന്നു ബി.ജെ.പിയിലെ ബി.ബി. ഗോപാകുമാറിന്‍റെ സംശയം. മൂന്നംഗങ്ങൾ മാത്രമുള്ളവരുടെ തർക്കം തീർക്കാൻ കഴിയാത്തവരാണ് 63 സീറ്റുള്ള കോൺഗ്രസിനെപ്പറ്റി പറയുന്നതെന്ന് തോമസ് ജെ. പല്ലൻ. ബജറ്റ് ചർച്ചക്ക് തുടക്കമിട്ട ഷാനിമോൾ ഉസ്മാൻ ഗംഭീകരമാക്കി.

സമയനിഷ്ഠ പാലിച്ച് രാഷ്ട്രീയവും മണ്ഡലത്തിലെ വികസനപ്രശ്നങ്ങളും ഉയർത്തിയ അവർ ഡെപ്യൂട്ടി സ്പീക്കർക്ക് ബജറ്റ് ചർച്ച തുടങ്ങാനുള്ള അവസരം മാത്രമാണ് സഭയിലുള്ളതെന്നും മണ്ഡലത്തിലെ വിഷയങ്ങൾ ഉന്നയിക്കാനാകുംവിധം നടപടിക്രമങ്ങളിൽ മാറ്റം വേണമെന്നും നിർദേശിച്ചു. അതിനെ മുഖ്യമന്ത്രി വി.ഡി. സതീശൻ പിന്തുണച്ചതോടെ അനുഭാവപൂർവം പരിഗണിക്കാമെന്നായി സ്പീക്കർ. വർഗീയത മതവുമായി മാത്രം ബന്ധപ്പെട്ടതല്ലെന്നും രഷ്ട്രീയത്തിലും അതുണ്ടെന്നും രമേശ് പിഷാരടി. ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടി മറ്റെല്ലാവരാലും എതിർക്കപ്പെടേണ്ടതാണെന്ന് വിശ്വസിക്കുന്നതും വർഗീയതയാണെന്ന് അദ്ദേഹം കണ്ടെത്തി. മാസപ്പടി കേസിൽ താൻ പറഞ്ഞത് പച്ചക്കള്ളമെന്ന് മുമ്പ് പറഞ്ഞവർ ഇന്ന് നടക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നാകുമെന്ന് മാത്യു കുഴൽനാടൻ. ദൈവത്തിന്റെ സ്വന്തം നാടിനെ അദാനിയുടെ നാടാക്കി മാറ്റരുതെന്ന് യു.ആർ. പ്രദീപ് ഉപദേശിച്ചു. നിയമസഭയക്ക് മുന്നിൽ സമരം ചെയ്ത എ.ഐ.എസ്.എഫുകാർക്കുനേരെ പൊലീസ് ചളിവെള്ളം ചീറ്റിയത് പ്രതിപക്ഷം ഉയർത്തിയത് സഭയെ ബഹളത്തിലാക്കി. കുപ്പിയിൽ ചളിവെള്ളവുമായാണ് പ്രതിപക്ഷ നേതാവ് എത്തിയത്. റോണി കെ. ബേബി, കെ. പ്രവീൺകുമാർ, എം.ആർ. ബൈജു, സി.കെ. കാസിം, ദീപക് ജോയ്, കാരായി രാജൻ, സുമേഷ് അച്യുതൻ, വിനു ജോബ് കുഴിമണ്ണിൽ, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, വി. ജോയി, സജീവ് ജോസഫ് എന്നിവരും സംസാരിച്ചു.

Show Full Article
TAGS:kerala legislative assembly Economy article 
News Summary - Knowledge Economy and Finance Capital
Next Story