പൊട്ടക്കിണറ്റിലെ തവളക്കുഞ്ഞുങ്ങൾ
text_fieldsമനുഷ്യർ തമ്മിൽ വിശ്വാസങ്ങളിലും ആചാരങ്ങളിലും സംസ്കാരത്തിലും വേഷത്തിലുമെല്ലാമുള്ള വ്യത്യസ്തതകളാണ് ഈ ലോകത്തെ ഇത്രമേൽ മനോഹരമാക്കുന്നത്. ഒരു മനുഷ്യനും മറ്റൊരാളെ പോലെയല്ല എന്ന് പൊതുവേ പറയാറുണ്ട്. എന്നാൽ, ലോകത്തെ എല്ലാ മനുഷ്യരുടെയും പ്രകൃതങ്ങൾ ഒരു നൂറു കോളത്തിൽ ഒതുക്കാമെന്ന് പറയുന്ന ചിന്തകരുമുണ്ട്. അങ്ങനെ നോക്കുമ്പോൾ നമ്മിൽ പലർക്കും ഒരേതരം സ്വഭാവമുണ്ട്. നമുക്കെല്ലാമിടയിലുള്ള ഒരു മനുഷ്യനെ കുറിച്ചാണ് ഇന്ന് പറയുന്നത്.
ഏത് വിഷയത്തിലും തനിക്ക് അസാമാന്യ ഗ്രാഹ്യമുണ്ടെന്നും താൻ പഠിച്ചതും മനസ്സിലാക്കിയതും മാത്രമാണ് ശരിയെന്നും വിശ്വസിക്കുന്ന ഒരാൾ. താൻ പഠിച്ചതിനും എഴുതിയതിനും മനസ്സിലാക്കിയതിനുമപ്പുറം ഈ ഭൂമുഖത്ത് ഒന്നും സത്യമായി അവശേഷിക്കുന്നില്ലെന്ന നിലപാടുള്ളയാൾ. ഏത് വിഷയത്തിലും ആ സുഹൃത്തിന് ഒരു അഭിപ്രായമുണ്ടാകും. നാട്ടുകാര്യത്തിലാണെങ്കിലും കുടുംബകാര്യത്തിലാണെങ്കിലും ആ അഭിപ്രായമാണ് പരമമായ ശരിയെന്നും എല്ലാവരും അത് അംഗീകരിച്ചുകൊള്ളണമെന്നും ശഠിക്കും. മറിച്ചുള്ള ഏത് വാദഗതിയെയും മഹാമണ്ടത്തമായി അവതരിപ്പിക്കും. ആരെങ്കിലും അദ്ദേഹത്തോട് വിയോജിച്ചാൽ അത് അവരുടെ അറിവില്ലായ്മയായി ചിത്രീകരിച്ച് അവഹേളിക്കാനും ശ്രമിക്കും. ഇക്കാരണത്താൽതന്നെ ഇയാളെ എതിർക്കാൻ ആദ്യമൊക്കെ പലരും പേടിച്ചു.
ഞാൻ കൂടി ഭാഗമായ നാട്ടിലെ പ്രധാനപ്പെട്ട ഒരു വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിൽ ഈ വ്യക്തിയുമുണ്ടായിരുന്നു. സംഘാടകർ എല്ലാവരെയും കേട്ട് അഭിപ്രായ സമന്വയത്തിൽ എത്താൻ ശ്രമിച്ചപ്പോൾ ഇദ്ദേഹം അതിനെ അതിശക്തമായി എതിർക്കുകയും തന്റെ വാദമാണ് അംഗീകരിക്കപ്പെടേണ്ടതെന്ന് ശഠിക്കുകയും ചെയ്തു. രംഗം ആകെ വഷളാവുകയും തീരുമാനമെടുക്കാനാവാതെ യോഗം പിരിയുകയും ചെയ്തു.
ഇദ്ദേഹം എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു എന്നതായി എന്റെ ചിന്ത. നേരിട്ട് ഈ വിഷയം സംസാരിക്കാൻ ഞാനദ്ദേഹത്തെ കാണുകയും ചെയ്തു. ഞാൻ പറഞ്ഞു, ‘‘താങ്കളുടെ അറിവും പാണ്ഡിത്യവും പൊതുവേ നാട്ടിൽ ആർക്കുമില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത് വളരെ വിലപ്പെട്ടതുമാണ്. പക്ഷേ, എന്തുകൊണ്ടാണ് ആരും അത് അംഗീകരിക്കാത്തത്?’’
‘‘ഒന്നാമത് ആർക്കും വിവരമില്ല. അറിവുള്ളവന്റെ അടുക്കൽനിന്ന് മനസ്സിലാക്കാനുള്ള കഴിവോ പ്രാപ്തിയോ അവർക്കില്ല’’
ഞാൻ ചോദിച്ചു, ‘‘മറ്റാർക്കും കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശേഷിയില്ല എന്നാണോ, പലരും നല്ല പഠനവും അറിവുമുള്ളവരല്ലേ?’’. അദ്ദേഹം പറഞ്ഞു, ‘‘എന്ത് പഠിപ്പ്? അതുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ല. ഞാൻ ഒന്നും വെറുതെ പറയുന്നതല്ല. ഓരോ വിഷയവും അത്രത്തോളം ആഴത്തിൽ പഠിച്ച ശേഷമാണ് ഞാൻ നിലപാട് സ്വീകരിക്കുന്നത്’’
ഞാൻ ചോദിച്ചു: ‘‘എന്നാലും എല്ലാവരുമായും അവശ്യം കാര്യങ്ങളിൽ അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതല്ലേ നല്ലത്.’’
‘‘സമന്വയം ഒക്കെ നല്ലതാണ്. പക്ഷേ, ഞാൻ പറയുന്നതാണ് ശരി. അത് അംഗീകരിക്കാൻ മറ്റുള്ളവർക്ക് എന്താണ് ഇത്ര തടസ്സം?’’-ഈ മറുപടി കേട്ടതോടെ ഞാൻ ആ രംഗം വിട്ടു. സത്യത്തിൽ ആഴമേറിയ അപകർഷ ബോധത്തിന് ഇരകളാണ് ഇത്തരം വ്യക്തികൾ. ആ ബോധം നിമിത്തമാണ് തന്റെ അൽപജ്ഞാനം മഹാജ്ഞാനമായി എല്ലാവർക്കും മുന്നിൽ അവതരിപ്പിക്കുന്നതും അതുമാത്രമാണ് ശരിയെന്ന് വാദിക്കുന്നതും.
അങ്ങേയറ്റം ചുരുങ്ങിയ വിജ്ഞാന ചക്രവാളത്തിൽ വിഹരിക്കുന്ന ആരിലും ഉണ്ടായേക്കാവുന്ന ശൂന്യതയാണ് അദ്ദേഹത്തെയും ഭരിക്കുന്നതെന്ന് ഈ മനുഷ്യനെ അടുത്തുനിന്ന് വീക്ഷിച്ച ചില സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടു.
നമുക്കിടയിൽ ഇത്തരത്തിലുള്ള കുറച്ചുപേരെയെങ്കിലും കാണാൻ കഴിയും. പൊട്ടക്കിണറ്റിനകത്തെ തവളകൾ പോലെയാണ് അവർ. ഇക്കൂട്ടരെ പരിവർത്തനം ചെയ്യുക അൽപം ദുഷ്കരമാണ്. പക്ഷേ, ഈവിധ വ്യാധികൾ പിടിപെടാതെ നോക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്.
നാം നേടിയ ജ്ഞാനം അറിവാകുന്ന വിശാലമായ കടൽതീരത്തെ ഒരു തരിമണൽ മാത്രമാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ആർജിച്ച അറിവിന്റെ തലത്തെപ്പറ്റി വിനയാന്വിതമായ സമീപനം നമുക്കുണ്ടായേ തീരൂ. എങ്കിൽ മാത്രമേ കൂടുതൽ അറിയാനും പഠിക്കാനുമുള്ള ത്വര നമ്മിലുണ്ടാകൂ. അപ്പോൾ മാത്രമേ അപരന്റെ അറിവ് മനസ്സിലാക്കാനും അത് നമുക്കുപകാരപ്പെടും വിധം പരിവർത്തിപ്പിക്കാനും സാധിക്കൂ.
പരപ്പാർന്ന വായന, ലോകത്തെ കണ്ടറിയാനുള്ള യാത്രകൾ, വിജ്ഞാനപ്രദമായ പ്രഭാഷണങ്ങൾ ശ്രവിക്കുക, തുടങ്ങിയവയെല്ലാമാകുമ്പോൾ നമ്മുടെ മനസ്സ് വിശാലമാകും, ചിന്തകൾ പ്രകാശപൂരിതമാകും, എല്ലാവരെയും കേൾക്കാനും ഉൾക്കൊള്ളാനുമുള്ള വികാസക്ഷമമായ മനസ്സ് രൂപപ്പെടും. ആ വികാസത്തിലൂടെ നമ്മുടെ കുറവുകൾ തിരിച്ചറിയാനാകും. സത്യസന്ധമായ ആലോചനകളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുകയും ചെയ്യും.
ആംഗലേയ ഭാഷയിലെ ഏറ്റവും മികച്ച നിഘണ്ടുവിന്റെ കർത്താവായ സാമുവൽ ജോൺസണിന്റെ നർമോക്തി കലർന്ന വാചകം ഇങ്ങനെ.
‘‘ചിലരുടെ ഔന്നത്യം കേവലം പ്രാദേശികം മാത്രമാണ്. അവരുടെ ചുറ്റുമുള്ളവർ നിസ്സാരരായതിനാൽ മാത്രമാണ് അവർ മഹത്വം പ്രാപിക്കുന്നത്.’’