Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightലഹരിക്കെതിരെ ‘തൂഫാൻ’...

ലഹരിക്കെതിരെ ‘തൂഫാൻ’ ആഞ്ഞുവീശട്ടെ

text_fields
bookmark_border
ലഹരിക്കെതിരെ ‘തൂഫാൻ’ ആഞ്ഞുവീശട്ടെ
cancel

കേരളീയ പൊതുസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്ന് ലഹരിമാഫിയകളുടെ അനിയന്ത്രിതമായ കടന്നുകയറ്റമാണ്. പണക്കൊഴുപ്പും സ്വാധീനവും ഉപയോഗിച്ച് നമ്മുടെ വരുംതലമുറയെയും സാമൂഹിക സുരക്ഷിതത്വത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ലഹരിസംഘങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത യുദ്ധപ്രഖ്യാപനവുമായി ഭരണകൂടം രംഗത്തിറങ്ങുന്നത് എന്തു കൊണ്ടും അഭിനന്ദനീയമാണ്.

ലഹരിപദാര്‍ത്ഥങ്ങളുടെ കേവലമായ പിടിച്ചെടുക്കലുകള്‍ക്കപ്പുറം, അവയുടെ ഉറവിടങ്ങളെയും സാമ്പത്തിക സ്രോതസ്സുകളെയും തകർക്കുക എന്ന തന്ത്രപരമായ സമീപനമാണ് 'ഓപ്പറേഷന്‍ തൂഫാ'നിലൂടെ സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. വിദ്യാലയങ്ങളും കലാലയങ്ങളും കേന്ദ്രീകരിച്ച് വലവിരിക്കാന്‍ ശ്രമിക്കുന്ന മാഫിയാ സംഘങ്ങളെയും, അവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന വിതരണക്കാരെയും കൃത്യമായ നിരീക്ഷണത്തിലൂടെയും ശാസ്ത്രീയമായ അന്വേഷണത്തിലൂടെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഈ ദൗത്യത്തിന് സാധിക്കണം. ലഹരിവില്‍പ്പനയിലൂടെ സമ്പാദിക്കുന്ന അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടികൾ ഈ ദൗത്യത്തിന്റെ അവിഭാജ്യ ഘടകമായിരിക്കണം.

ലഹരിയുടെ അവസാനത്തെ തരിമ്പും നമ്മുടെ മണ്ണില്‍ നിന്ന് തുടച്ചുനീക്കപ്പെടുന്നത് വരെ ഈ 'തൂഫാന്‍' ഒടുങ്ങാതെ തുടരണമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്. കാരണം, ലഹരി ഉപയോഗം മൂലം നമ്മുടെ നാടിന്റെ സാമൂഹികക്രമം അത്രത്തോളം അവതാളത്തിലായിട്ടുണ്ട്. എത്രയെത്ര രക്ഷിതാക്കളും കുടുംബങ്ങളുമാണ് ഈ മഹാദുരന്തത്തിന്റെ വേദന കടിച്ചമര്‍ത്തി ജീവിക്കുന്നത്!

കേരളത്തിന്റെ ഈ ലഹരിവിരുദ്ധ പോരാട്ടത്തെ ഏറ്റവും കൂടുതൽ ആശ്വാസത്തോടെയും പ്രതീക്ഷയോടെയും നോക്കിക്കാണുന്നത് ലോകത്തിന്റെ വിവിധ കോണുകളിലിരിക്കുന്ന ലക്ഷക്കണക്കിന് പ്രവാസി മലയാളികളായിരിക്കും. ഒരു പ്രവാസിയുടെ ഏറ്റവും വലിയ ആശങ്ക നാട്ടിലുള്ള തന്റെ മക്കളെക്കുറിച്ചാണ്. തങ്ങള്‍ അരികിലില്ലാത്ത സാഹചര്യത്തില്‍, മക്കള്‍ ചതിക്കുഴികളില്‍ പെട്ടുപോകുമോ എന്ന ഭയം വിദേശത്തിരുന്ന് അധ്വാനിക്കുന്ന ഓരോ രക്ഷിതാവിനെയും നിരന്തരം വേട്ടയാടാറുണ്ട്. കുടുംബത്തിന്റെ മെച്ചപ്പെട്ട ഉപജീവനത്തിനും മക്കളുടെ നല്ലൊരു ഭാവിക്കും വേണ്ടിയാണല്ലോ അവര്‍ കടൽ കടന്ന് കഷ്ടപ്പെടുന്നത്. എന്നാല്‍ നാട്ടില്‍ ലഹരിമാഫിയകള്‍ തഴച്ചുവളരുമ്പോള്‍, തങ്ങളുടെ അധ്വാനമെല്ലാം വ്യര്‍ത്ഥമായിപ്പോകുമോ എന്ന ഭീതി അവരിൽ രൂപപ്പെടുക സ്വാഭാവികമാണ്.

ഇവിടെയാണ് സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ വലിയൊരു പ്രകാശമാകുന്നത്. ലഹരിമാഫിയകള്‍ സമൂഹത്തിലെ എല്ലാ അതിരുകളും ലംഘിച്ച് വളരാന്‍ ശ്രമിക്കുമ്പോള്‍, അതിനെ പ്രതിരോധിക്കാന്‍ ജാതി-മത-കക്ഷി രാഷ്ട്രീയ ഭേദമന്യേ നാടൊന്നാകെ ഒന്നിച്ച് നില്‍ക്കണം. പ്രാദേശികതലങ്ങളില്‍ ജനജാഗ്രതാ സമിതികളും പ്രവാസി കൂട്ടായ്മകളും ഈ ദൗത്യത്തില്‍ സജീവ പങ്കാളികളാകേണ്ടതുണ്ട്. 'ഓപ്പറേഷന്‍ തൂഫാന്‍' കൂടുതല്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകട്ടെ. നമ്മുടെ വരുംതലമുറ സുരക്ഷിതമായിരിക്കട്ടെ.

(ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകൻ)
Show Full Article
TAGS:Kerala madhyamam article udf government Operation Toofan drug mafia 
News Summary - Let the 'storm' blow against addiction
Next Story