Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഒന്നിച്ച് മുന്നേറാം...

ഒന്നിച്ച് മുന്നേറാം പുതുയുഗ കേരളത്തിലേക്ക്

text_fields
bookmark_border
ഒന്നിച്ച് മുന്നേറാം പുതുയുഗ കേരളത്തിലേക്ക്
cancel

സ്വാതന്ത്ര്യസമര പോരാട്ടങ്ങളും ജീവത്യാഗങ്ങളും ജാതിവ്യവസ്ഥയ്ക്കെതിരായ പ്രക്ഷോഭങ്ങളും സാമൂഹിക-സാംസ്കാരിക മുന്നേറ്റങ്ങളും വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ നേട്ടങ്ങളുമെല്ലാം ചേർന്നതാണ് കേരളത്തിന്റെ എഴുപതുവർഷത്തെ ചരിത്രം. വിവിധ മേഖലകളിൽ നാം നേടിയെടുത്ത നേട്ടങ്ങളുടെയും അനുഭവങ്ങളുടെയും കരുത്തുമായാണ് നാം പുതിയ കാലത്തിലേക്ക് കടക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികനീതി തുടങ്ങി നിരവധി മേഖലകളിൽ രാജ്യത്തിനു മാതൃകയാകുന്ന മുന്നേറ്റങ്ങൾ നടത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിൽ തൃപ്തിപ്പെട്ട് മുന്നോട്ടുപോകാനാകില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റണം. അതിനുള്ള കൂട്ടായ പരിശ്രമത്തിനാണ് നമ്മൾ തുടക്കം കുറിച്ചിരിക്കുന്നത്.

കേരളത്തിന്റെ എഴുപതാം വാർഷികം ആഘോഷങ്ങളുടെ ഭാഗമായി മാത്രം ഒതുങ്ങരുത്. നമ്മുടെ നാടിന്റെ നേട്ടങ്ങളും സാധ്യതകളും ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാക്കി മാറ്റണം.

നമ്മുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നാട്ടിൽത്തന്നെ സജ്ജമാക്കണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവകലാശാലകളിലും കോളജുകളിലും പുതിയ കാലത്തിന് അനുയോജ്യമായ പഠനപദ്ധതികൾ, മാറുന്ന തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ചുള്ള വിദഗ്ധ പരിശീലനം എന്നിവ ഉറപ്പാക്കണം. അതിന് കൂടുതൽ നിക്ഷേപങ്ങളും പുതിയ തൊഴിൽമേഖലകളും ഉണ്ടാകണം. നമ്മുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കുന്നതിനൊപ്പം മറ്റു സംസ്ഥാനങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നുമുള്ള വിദ്യാർഥികളും പഠനത്തിന് കേരളത്തിലെത്തണം.

മികച്ച ചികിത്സ തേടി കൂടുതൽ ആളുകൾ കേരളത്തിലേക്ക് വരണം. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യപരിചരണത്തിന്റെയും പ്രധാന കേന്ദ്രമായി കേരളത്തെ മാറ്റണം. ഭാവിയുടെ സാങ്കേതികവിദ്യകളിലും കേരളം മുന്നിലെത്തണം. ഡാറ്റാ സെന്ററുകൾ, സെമികണ്ടക്ടർ കേന്ദ്രങ്ങൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ എന്നിവ കേരളത്തിൽ സ്ഥാപിക്കണം. രാജ്യത്തെ ഐ.ടി. മേഖലയുടെ വളർച്ചയ്ക്ക് തുടക്കമിട്ട സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പുതിയ കാലത്തിന്റെ തൊഴിൽമേഖലകളിൽ നമ്മുടെ യുവജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഉറപ്പാക്കണം.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും തൊഴിലവസരങ്ങൾക്കും വലിയ സാധ്യതകൾ തുറക്കുന്നതാണ് മിഷൻ സമുദ്ര. സമുദ്രസമ്പത്തും അനുബന്ധ മേഖലകളും പ്രയോജനപ്പെടുത്തി വലിയ സാമ്പത്തിക മുന്നേറ്റത്തിന് നമുക്ക് വഴിയൊരുക്കണം. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ഏവിയേഷൻ ഹബ്ബാക്കി മാറ്റുകയും വേണം.

നമ്മുടെ സമൂഹത്തിൽ മുതിർന്ന പൗരരുടെ എണ്ണം വർധിച്ചുവരികയാണ്. അവരുടെ ജീവിതം സുരക്ഷിതവും സന്തോഷകരവുമാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. മുതിർന്ന പൗരർക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. നിയമപരിരക്ഷ ഉറപ്പാക്കുന്നതിന് നിയമവും പാസാക്കി. വയോജനങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നതിനൊപ്പം വിവിധ മേഖലകളിലുള്ള അവരുടെ അനുഭവസമ്പത്തും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുന്ന സിൽവർ ഇക്കോണമിയാണ് സർക്കാരിന്റെ ലക്ഷ്യം. ജനസംഖ്യാപരമായ മാറ്റങ്ങൾ ലോകത്തെ പല രാജ്യങ്ങൾക്കും വെല്ലുവിളിയാകുന്ന കാലത്ത് അതിനെ പുതിയ സാധ്യതകളാക്കി മാറ്റുകയാണ് കേരളം.

വികസനത്തിന്റെ ഗുണഫലങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തണം. വൻകിട പദ്ധതികൾക്ക് പ്രാധാന്യം നൽകിയപ്പോൾ പലപ്പോഴും വേണ്ടത്ര പരിഗണന ലഭിക്കാതെപോയ പട്ടികജാതി-വർഗ വിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങി സാധാരണക്കാരെയും ഈ സർക്കാർ ചേർത്തുപിടിക്കും.

സംസ്ഥാനത്തിന്റെ വരുമാനം വർധിക്കണമെങ്കിൽ കൂടുതൽ നിക്ഷേപങ്ങളും വ്യവസായങ്ങളും കേരളത്തിലേക്ക് വരണം. ഇതിന്റെ ഭാഗമായി അനാവശ്യ കാലതാമസവും നടപടിക്രമങ്ങളും ഒഴിവാക്കി സംരംഭങ്ങൾക്കുള്ള അനുമതികൾ ലളിതവും വേഗത്തിലുമാക്കാൻ ‘സരൾ കേരളം’ എന്ന സുപ്രധാന നിയമം കേരള നിയമസഭ പാസാക്കിയിട്ടുണ്ട്.

വികസനം എന്നത് വൻകിട പദ്ധതികളുടെയും സാമ്പത്തിക വളർച്ചയുടെയും മാത്രം പേരല്ല. ഓരോ മനുഷ്യന്റെയും ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളിലാണ് വികസനത്തിന്റെ യഥാർഥ അർഥം. വികസന മുന്നേറ്റത്തിനൊപ്പം കേരളത്തിന്റെ മതേതര-ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കപ്പെടണം. മതത്തിന്റെയോ ജാതിയുടെയോ പേരിൽ ആരും മാറ്റിനിർത്തപ്പെടരുത്. മതേതര-ജനാധിപത്യ നിലപാടുകളിൽ വിട്ടുവീഴ്ചയുമുണ്ടാകില്ല. എഴുപതുവർഷത്തെ നേട്ടങ്ങളും അനുഭവങ്ങളും നമുക്ക് വലിയ കരുത്താണ് നൽകുന്നത്. ആ കരുത്തിൽ വിശ്വസിച്ച്, പുതിയ കാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി പുതുയുഗ കേരളത്തിലേക്ക് നമുക്ക് ഒന്നിച്ച് മുന്നേറാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Kerala Formation Day Kerala Development education and health ministry kerala economy 
News Summary - Let's Move Together Towards a New Era of Kerala
Next Story