ഏകാന്തത: ഗുരുതരമായ മാനസികാരോഗ്യ അടിയന്തരാവസ്ഥ
text_fieldsനൂറ്റമ്പത് കോടിയിലധികം ജനങ്ങളുള്ള രാജ്യത്ത്, കുടുംബാംഗങ്ങൾക്കൊപ്പം കഴിയുന്ന വീട്ടിലും, തിരക്കും പൊട്ടിച്ചിരികളും വിരിയുന്ന കാമ്പസിലും, സഹപ്രവർത്തകരാൽ നിറഞ്ഞ തൊഴിലിടങ്ങളിലുമൊക്കെ ‘ഏകാന്തത’ എങ്ങനെയുണ്ടാവാനാണ് എന്ന് തോന്നിയേക്കാം. എന്നാൽ, തിരക്കേറിയ തെരുവുകളുടെയും മുഴങ്ങുന്ന ഫോണുകളുടെയും അനന്തമായ സമൂഹമാധ്യമ സന്ദേശങ്ങളുടെയും പിന്നിൽ ഒരു അദൃശ്യ മഹാമാരിയായി ഇത് പടരുകയാണ്. നാം ജീവിക്കുന്ന കാലത്തെ അതിഗുരുതര മാനസികാരോഗ്യ വെല്ലുവിളികളിലൊന്നാണിത്.
ബന്ധങ്ങളുടെയോ സൗഹൃദങ്ങളുടെയോ അഭാവമല്ല, അവക്ക് ആഴവും കെട്ടുറപ്പുമില്ലാതാവുമ്പോഴാണ് ഏകാന്തത രൂപപ്പെടുന്നത്. നഗര ഗ്രാമ ഭേദമില്ലാതെ ജനങ്ങളിപ്പോൾ സദാ ഡിജിറ്റലായി ബന്ധപ്പെട്ടു നിൽക്കുന്നുണ്ടെങ്കിലും മാനസികമായി അകന്നിരിക്കുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ICMR) 2023ൽ നടത്തിയ പഠന പ്രകാരം നഗര ഇന്ത്യക്കാരിൽ മൂന്നിൽ ഒരാൾക്കുവീതം ഏകാന്തതയുടെയോ സാമൂഹിക അകലത്തിന്റെയോ അനുഭവങ്ങളുടെയോ ലക്ഷണമുണ്ടെന്ന് കണ്ടെത്തി. കൂട്ടുകുടുംബങ്ങളിൽ നിന്ന് അണു കുടുംബങ്ങളിലേക്കുള്ള മാറ്റം, തൊഴിൽ ആവശ്യത്തിനുള്ള കുടിയേറ്റം, പഠന-തൊഴിൽ സമ്മർദങ്ങൾ, തിരക്കുപിടിച്ച ജീവിതശൈലി എന്നിവയെല്ലാം ചേർന്ന് ഇന്ത്യയുടെ പരമ്പരാഗത സാമൂഹിക ബന്ധങ്ങൾ ദുർബലമാക്കി.
യുവജനങ്ങളുടെ ഏകാന്തത തിരക്കിട്ട ജീവിതത്തിന്റെയും പ്രകാശിക്കുന്ന സ്ക്രീനുകളുടെയും ഇടയിൽ മറഞ്ഞിരിക്കുന്നു. മുതിർന്നവർക്ക് അത് കൂടുതൽ ദൃശ്യമാകുന്നു-മക്കൾ പഠനത്തിനും ജോലിക്കും സൗകര്യപ്രദമായ താമസത്തിനുമായി വിട്ടുപോകുന്നതോടെ അവരുടെ വീടുകൾ മൗനത്തിലാവുന്നു. മനുഷ്യരെ അടുപ്പിക്കാൻ സഹായകമെന്ന് നാം വിശ്വസിച്ച സാങ്കേതിക വിദ്യ, പരസ്പര ദൂരം കൂടുതൽ എളുപ്പപ്പെടുത്തുകയാണ് എന്നുള്ളത് വിരോധാഭാസമാണ്. നാം നിത്യവും ഒരുപാടാളുകളോട് ചാറ്റ് ചെയ്യുന്നുണ്ടാവാം, പക്ഷേ മനസ്സുതുറന്ന് പറയാൻ ഒരാൾ പോലും ഇല്ലാത്തവരാവുകയാണ്.
ഏകാന്തത ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നുണ്ട്. ദീർഘകാല ഏകാന്തത ദിവസേന 15 സിഗരറ്റ് വലിക്കുന്നതിന് തുല്യമായ ദോഷമാണ് സൃഷ്ടിക്കുക. ഇന്ത്യയിൽ മാനസികാരോഗ്യ സേവനങ്ങൾ ഇപ്പോഴും പരിമിതമാണ്. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുന്നത് മോശപ്പെട്ട കാര്യമായി കരുതുന്നവരുടെ എണ്ണം വളരെ കൂടുതലുമാണ്. പുറമെ യാതൊരു കുഴപ്പവുമില്ലെന്ന് തോന്നിപ്പിക്കുന്ന പല ആളുകളും മാനസികാരോഗ്യ വിദഗ്ധരുടെ പരിശോധനയിൽ സമൂഹവുമായി ബന്ധമില്ലാത്ത, ഉൾവലിയുന്ന, ഉൽകണ്ഠയിലുഴലുന്ന രോഗികളാണെന്ന് വ്യക്തമാവുന്നു; ആഴത്തിലുള്ള ഒരു സാമൂഹിക മാറ്റത്തിന്റെ പ്രതിഫലനമാണിത്- ആത്മബന്ധം ഡിജിറ്റൽ ബന്ധങ്ങൾക്ക് വഴിമാറുകയും യഥാർഥ സംഭാഷണങ്ങൾ ഇമോജികളാൽ പകരംവെക്കപ്പെടുകയും ചെയ്യുന്ന കാലഘട്ടം.
കോവിഡ്-19 പകർച്ച ഈ പ്രശ്നത്തെ കൂടുതൽ വഷളാക്കി. ലോക്ക്ഡൗണുകൾ സാമൂഹിക ബന്ധങ്ങൾ വിച്ഛേദിക്കുകയും ലക്ഷക്കണക്കിനാളുകളെ വീടുകൾക്കുള്ളിൽ കുരുക്കിയിടുകയും ചെയ്തു. നിയന്ത്രണങ്ങൾ നീങ്ങി വർഷങ്ങൾക്കുശേഷവും, പലർക്കും പഴയ ബന്ധങ്ങൾ പുനർനിർമിക്കാനോ നേരിട്ട് ഇടപഴകാനോ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. പരസ്പര ബന്ധമില്ലായ്മയും ഇപ്പോൾ ഒരു ന്യൂനോർമൽ ആയിരിക്കുന്നു.
ഏകാന്തതയെ ഇന്ത്യ പുകവലി പോലെ ഒരു പൊതുജനാരോഗ്യ പ്രശ്നമായി പരിഗണിക്കേണ്ട സമയമായിരിക്കുന്നു. സ്കൂളുകളും കോളജുകളും തൊഴിലിടങ്ങളും ആത്മബന്ധം വളർത്തുന്ന മാനസികാരോഗ്യ പരിപാടികൾ നടപ്പിലാക്കണം. സർക്കാറുകൾ, സന്നദ്ധ സംഘടനകൾ, മത-സാമൂഹിക പ്രസ്ഥാനങ്ങൾ എന്നിവർ വിവിധ പ്രായത്തിലുള്ള ആളുകളെ ഒന്നിച്ചുകൂട്ടി അനുഭവങ്ങൾ പങ്കിടുന്ന ഇടങ്ങൾ സൃഷ്ടിക്കണം.
അവസാനമായി പറയട്ടെ, ഈ ഗുരുതര പ്രശ്നത്തിനുള്ള പരിഹാരം സാങ്കേതിക വിദ്യയിലോ മരുന്നുകളിലോ മാത്രം ഒതുക്കാവുന്നതല്ല, സഹാനുഭൂതിയാണ് ഏറ്റവും വലിയ ചികിത്സ. ചെറിയ ദയാപൂർവമായ പ്രവൃത്തികളും മുൻവിധികളില്ലാതെ (ജഡ്ജ് ചെയ്യാതെ) കേൾക്കാനുള്ള സന്നദ്ധതയും ഒറ്റപ്പെട്ടുവെന്നതോന്നലുള്ള ഒരാൾക്കൊപ്പം നിൽക്കാനുള്ള മനസ്സുമെല്ലാം ഇതിൽ പ്രധാനമാണ്. മറുപടി ലഭിക്കാത്ത ഓരോ സന്ദേശവും, അവഗണിക്കപ്പെട്ട ഓരോ കരച്ചിലും ഈ മഹാമാരിയെ കൂടുതൽ ഗുരുതരമാക്കുന്നു.
ഒരു ജീവൻ രക്ഷിക്കാനുള്ള പ്രവർത്തനം മരുന്നിലൂടെയല്ല ആരംഭിക്കുന്നത്; ഒരു സംഭാഷണത്തിലൂടെയോ, ഒരു പുഞ്ചിരിയിലൂടെയോ, ഒരാളെ കേൾക്കാനുള്ള സമ്മതത്തിൽനിന്നോ ആണത് തുടക്കം കുറിക്കുന്നത്.
(കൗൺസലിങ് സൈക്കോളജിസ്റ്റാണ് ലേഖകൻ)


