തെരഞ്ഞെടുപ്പെത്തി; വീണ്ടും ലയനപ്പന്തലുകളൊരുങ്ങി
text_fieldsഉദ്ധവ് താക്കറെയും രാജ് താക്കറെയും ബാൽ താക്കറെയുടെ ചിത്രത്തിന് മുന്നിൽ
മൂന്നു വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന നഗരസഭ തെരഞ്ഞെടുപ്പിന് സുപ്രീംകോടതി ഉത്തരവിലൂടെ അരങ്ങൊരുങ്ങവെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും അഭ്യൂഹങ്ങളുടെ വെടിക്കെട്ടുയരുകയാണ്. പിളർപ്പ്, കൂറുമാറ്റം, വിട്ടുപോയവരുടെ തിരിച്ചുവരവ് തുടങ്ങി കഥകൾ പലതും വട്ടമിടുന്നു. താക്കറെ കസിൻസ് ഒരുമിക്കുന്നു എന്നതാണ് ഇവയിൽ ഏറെ ശ്രദ്ധേയം. ഇതിനിടയിലാണ് ഹിന്ദി ഭാഷാവിവാദം കത്തിക്കയറുന്നത്. സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാംതരം മുതൽ ഹിന്ദി മൂന്നാം ഭാഷയായി നിർബന്ധമാക്കാനുള്ള ബി.ജെ.പി നയിക്കുന്ന മഹായുതി സർക്കാറിന്റെ തീരുമാനത്തെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഗാഡി പ്രത്യേകിച്ച് ഉദ്ധവ് താക്കറെയുടെ ശിവസേന (യു.ബി. ടി)ക്ക് പുറമെ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്)യും ശക്തമായി എതിർക്കുന്നു.
വിദ്യാലയങ്ങളിൽ ഹിന്ദി നിർബന്ധമാക്കുന്നതിനെതിരെ ജൂലൈ ആറിന് നടക്കുന്ന റാലിയിൽ രാജ് താക്കറെയും ഉദ്ധവ് താക്കറെയും കൈകോർക്കാനൊരുങ്ങുന്നതാണ് ഇപ്പോഴത്തെ ചൂടുവാർത്ത. നഗരസഭ തെരഞ്ഞെടുപ്പിൽ ഇരുവരും ഒന്നിക്കാനുള്ള സാധ്യതക്ക് ശക്തിപകരുന്നു ഇത്; മറാത്തികൾ ആഗ്രഹിക്കുന്ന നീക്കം. ഷിൻഡെ വോട്ടുബാങ്കിൽ വിള്ളൽ വരുത്തിയതോടെ വരുന്ന നഗരസഭ തെരഞ്ഞെടുപ്പിൽ രാജിന്റെ സഹായം ഉദ്ധവിന് ആവശ്യമാണ്. ഓരോ തെരഞ്ഞെടുപ്പിലും വോട്ടു ശതമാനത്തിൽ പിന്നോട്ട് പോകുന്ന രാജിനും കൈകോർക്കൽ ഗുണമായേക്കുമെന്നാണ് നിരീക്ഷണം. പക്ഷേ, അടിക്കടി രാഷ്ട്രീയ നിലപാടുകളിൽ മാറ്റം വരുത്തുന്ന രാജ് താക്കറെയുടെ ശൈലി കാരണം ഒന്നും ഉറപ്പിച്ചു പറയാൻ കഴിയാത്ത അവസ്ഥയാണ്.
ബാൽ താക്കറെയുടെ ഇളയ സഹോദരൻ ശ്രീകാന്ത് താക്കറെയുടെയും ബാൽ താക്കറെയുടെ ഭാര്യ മീനയുടെ സഹോദരി കുന്തയുടെയും മകനായ, ബാൽതാക്കറെയുടെ നിഴലായി അതേ തീപ്പൊരി ശൈലിയിൽ രാഷ്ട്രീയത്തിൽ വളർന്നുവന്ന രാജ് പാർട്ടിയിൽ അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. നിനച്ചിരിക്കാത്ത നേരത്ത് ഉദ്ധവിനെ ശിവസേനയുടെ വർക്കിങ് പ്രസിഡന്റായി പ്രഖ്യാപിച്ചുകൊണ്ട് തന്റെ രാഷ്ട്രീയ പിൻഗാമി ആരെന്ന് ബാൽ താക്കറെ വ്യക്തമാക്കിയത് രാജിന് ഇടിത്തീയായി. ശിവസേനയിൽനിന്നും താക്കറെയുടെ വസതിയായ മാതോശ്രീയിൽനിന്നും പടിയിറങ്ങിയ രാജ് ശിവസേനയുടെ കടുത്ത ഹിന്ദുത്വ നിലപാട് ഉപേക്ഷിച്ച് എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയ നയവുമായി 2006ൽ എം.എൻ.എസിന് രൂപംനൽകി. തുടക്കം ഗംഭീരമായിരുന്നു. ദലിതുകളെയും മുസ്ലിംകളെയും ചേർത്തുവെച്ച് പാർട്ടി പതാകയിൽ നീലയും പച്ചയും വരച്ചുചേർത്തു. പിന്നാലെ വന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ രാജ് കരുത്തുകാട്ടിയതോടെ താൻ വളർത്തിക്കൊണ്ടുവന്നവൻ പിറകിൽനിന്നു കുത്തിയെന്ന് ബാൽ താക്കറെ പരിതപിച്ചു. തുടർന്നു വരുന്ന നഗരസഭ തെരഞ്ഞെടുപ്പുകളിൽ രാജ്, ശിവസേനയെ കൂടുതൽ ദുർബലമാക്കുമെന്ന പ്രതീതിയുമുണ്ടായി. മുംബൈ നഗരസഭ ഭരണമാണ് ശിവസേനയുടെ അടിവേര്. അന്ന് പ്രിയ ചങ്ങാതി ശരദ് പവാർ രക്ഷക്കെത്തിയതുകൊണ്ടു മാത്രം താക്കറെയും ശിവസേനയും പിടിച്ചുനിന്നു. അന്ന് ഉദ്ധവിനെ രാഷ്ട്രീയ നിരീക്ഷകർ എഴുതിത്തള്ളിയതാണ്.
സുഖലോലുപനായ ഒരു ഫോട്ടോഗ്രാഫർക്ക് പാർട്ടിയെ നയിക്കാനാവില്ലെന്നും താക്കറെയുടെ അതേ രൂപസൗഷ്ടവവും ഹാസ്യവും കൂർത്ത വിമർശനങ്ങളും ഉൾച്ചേർന്ന പ്രസംഗശൈലിയുമുള്ള രാജ് വളരുമെന്നും പ്രവചിക്കപ്പെട്ടു. എന്നാൽ സംഭവിച്ചത് മറിച്ചാണ്. പാർട്ടി നയങ്ങളിലും നിലപാടുകളിലും മാറ്റംവരുത്തി ഉദ്ധവ് മുന്നേറി. തൽഫലമായി മഹാരാഷ്ട്ര രാഷ്ട്രീയ ചരിത്രത്തിൽ അതുവരെ ഇല്ലാത്ത കൂട്ടുകെട്ടുകൾ ഉണ്ടായി. കോൺഗ്രസ്-എൻ.സി.പി-ശിവസേന കൂട്ടുകെട്ടിൽ മഹാവികാസ് അഘാഡി പിറന്നു. ഉദ്ധവ് മുഖ്യമന്ത്രിയുമായി. രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളെന്ന ഖ്യാതി നേടി. കോവിഡ് കാലത്ത് മഹാരാഷ്ട്ര ജനങ്ങൾക്ക് ഒരു കുടുംബ കാരണവരായി ഉദ്ധവിനെ അനുഭവപ്പെട്ടു. എന്നാൽ, 2021ൽ ഓപറേഷൻ താമരയിലൂടെ പാർട്ടിയെയും മുന്നണിയെയും ബി.ജെ.പി പിളർത്തിയതോടെ ഉദ്ധവിന് രാജിവെക്കേണ്ടിവന്നു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യത്തിനെതിരെ ഉദ്ധവ് നേതൃത്വം നൽകുന്ന മഹാ വികാസ് അഘാഡി കരുത്തുകാട്ടിയെങ്കിലും തൊട്ടുപിറകെ വന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം ഉദ്ധവ് താക്കറെക്കും ശരദ് പവാറിനും വലിയ തിരിച്ചടിയായി. വീട്ടമ്മമാരുടെ ബാങ്ക് അക്കൗണ്ടിൽ പ്രതിമാസം 1500 രൂപ എത്തുന്ന, ഷിൻഡെ മുഖ്യനായിരിക്കെ നടപ്പാക്കിയ പദ്ധതിയാണ് മഹായുതിയുടെ ജയത്തിന് പിന്നിലെന്നായി അവകാശവാദം. എന്നാൽ, വോട്ടെടുപ്പ് സമയം വൈകീട്ട് ആറുമണിക്ക് അവസാനിച്ചതിൽ പിന്നെ രേഖപ്പെടുത്തപ്പെട്ട 75 ലക്ഷം വോട്ട് എന്ന സമസ്യക്ക് ഇന്നും ഉത്തരമില്ല. വരുന്ന നഗരസഭ തെരഞ്ഞെടുപ്പ് സകല പാർട്ടികൾക്കും നിർണായകമാണെന്നിരിക്കെയാണ് രാജ്-ഉദ്ധവ് കൈകോർക്കലും അജിത്-ശരദ് പവാർ ലയനവും അഭ്യൂഹങ്ങളായി വരുന്നത്.
ഇടക്കിടെ ബി.ജെ.പിയെ പൊക്കിപ്പറഞ്ഞും ഇടക്ക് രൂക്ഷമായി വിമർശിച്ചും നടക്കുന്ന രാജ് അടുത്ത നിമിഷം ഏതുപക്ഷത്തേക്ക് ചായും എന്ന സംശയം എതിരാളികൾക്കു മാത്രമല്ല, അനുയായികൾക്കുമുണ്ട്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനങ്ങളിലെ പൊള്ളത്തരം വിഡിയോ പ്രദർശനങ്ങളിലൂടെ വിമർശിച്ച അതേ മനുഷ്യൻ ആ വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മോദിയെ വാനോളം പ്രകീർത്തിച്ചു. ഒരുകാലത്ത് ദലിതുകളെയും മുസ്ലിംകളെയും ചേർത്തുപിടിച്ച രാജ് പിന്നീട് ഹിന്ദുത്വ വക്താവായി, പാർട്ടി പതാക കാവിയാക്കി. ഒരു വർഷം മുമ്പ് മോദിയെ വാഴ്ത്തിയ രാജ് ഇപ്പോൾ രൂക്ഷമായി വിമർശിച്ചുകൊണ്ടിരിക്കുകയാണ്. പഹൽഗാം സുരക്ഷാവീഴ്ചയാണെന്ന് പറഞ്ഞ അദ്ദേഹം ആ ഭീകരരെ എന്തുകൊണ്ട് കണ്ടെത്തിയില്ല എന്നും ചോദിക്കുന്നു. ഉദ്ധവ്- രാജ് കൈകോർക്കൽ ചർച്ച നടക്കുന്നതിനിടയിൽ രാജ് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനെ ഹോട്ടലിൽെവച്ച് കണ്ടതും അഭ്യൂഹങ്ങൾക്ക് ഇടനൽകിയിട്ടുണ്ട്.
ശരദ് പവാറും അജിത്ത് പവാറും ഒന്നിക്കുമെന്ന് പറയപ്പെടുമ്പോഴും താഴേത്തട്ടിൽ കടുത്ത പോര് നടക്കുന്നു. ദിവസങ്ങൾക്കു മുമ്പ് നടന്ന മാലേഗാവ് പഞ്ചസാര ഫാക്ടറി സഹകരണ സംഘത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അജിത് പവാർ നയിച്ച പാനലിനാണ് വിജയം. സംഭവം വെറുമൊരു സഹകരണ സ്ഥാപന തെരഞ്ഞെടുപ്പാണെങ്കിലും പവാർ കുടുംബപോര് കാരണം അതും രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാവുന്നു. പവാറുമാരുടെ ഉള്ളിലിരിപ്പ് എന്താകുമെന്ന് ആർക്കും വായിച്ചെടുക്കാനാകില്ല. മഹാരാഷ്ട്ര ആരു ഭരിച്ചാലും 1995ലും 2014ലും ഒഴികെ പവാർ കുടുംബം മന്ത്രിസഭയിൽ ഉണ്ടെന്നതാണ് വാസ്തവം. ജലസേചനം, ധനകാര്യം തുടങ്ങിയ പ്രധാന വകുപ്പുകൾ പവാറുമാരാണ് ഏറെ കാലമായി കൈകാര്യംചെയ്യുന്നത്. ജലസേചന വകുപ്പിൽ ശതകോടികളുടെയും സഹകരണ ബാങ്കിൽ 8000 കോടിയുടെയും അഴിമതിയാണ് ആരോപിക്കപ്പെട്ടത്. പവാർ കുടുംബത്തിനെതിരെയുള്ള ബി.ജെ.പിയുടെ ആയുധമാണിത്. ശരദ് പവാറിനെയും ഉദ്ധവിനെയും മഹാരാഷ്ട്ര രാഷ്ട്രീയത്തിൽനിന്ന് തുടച്ചുനീക്കാനാണ് ബി.ജെ.പി തക്കം പാർത്തു നടക്കുന്നത്. എന്നാൽ, അത് നടക്കാത്ത സ്വപ്നമാണെന്ന് രാജ് താക്കറെ തീർത്തു പറയുന്നു.