Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമാം​സാ​ഹാ​രം...

മാം​സാ​ഹാ​രം കൊ​ണ്ടു​ള്ള​ പ്ര​യോ​ജ​ന​ങ്ങ​ൾ

text_fields
bookmark_border
Maharashtra
cancel

മത്സ്യ-മാംസാഹാര പ്രിയരാണ് പൊതുവേ മഹാരാഷ്ട്രക്കാർ. പലതരം വിശിഷ്ട നോൺവെജ് വിഭവങ്ങൾ ഇന്നാടിന് സ്വന്തമായുണ്ട്. പൂച്ചകൾക്കുവേണ്ടിപ്പോലും പ്രത്യേകം മാംസവും മത്സ്യവും വാങ്ങുന്ന മഹാരാഷ് ട്രക്കാരുമുണ്ട്. പക്ഷേ, മഹാരാഷ്ട്ര സർക്കാർ മാംസാഹാരത്തെ ഉപയോഗിക്കുന്നത് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പൊട്ടിച്ച ‘വോട്ടുചോരി’ ബോംബ് സാധാരണ ജനങ്ങളിൽ ചർച്ചയാവാതിരിക്കാനുള്ള പരിചയായാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും വർധിക്കുമ്പോൾ അതിൽനിന്ന് ശ്രദ്ധ തിരിക്കാൻ പശുവിന്റെ പേരിൽ ആൾക്കൂട്ടക്കൊല നടത്തിക്കുന്ന അതേ തന്ത്രം.

സത്യത്തിൽ രാഹുൽ ഗാന്ധിയുടെ അന്വേഷണങ്ങൾക്ക് നിമിത്തമായത് കഴിഞ്ഞ നവംബറിൽ നടന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഫലമാണ്. വിജയിച്ച സ്ഥാനാർഥികൾ പോലും ഞെട്ടിപ്പോയ ഫലമായിരുന്നു അത്. വോട്ടെടുപ്പ് സമയം കഴിഞ്ഞും 76 ലക്ഷം അധിക വോട്ടുകൾ എങ്ങനെ പോൾ ചെയ്യപ്പെട്ടു എന്ന ചോദ്യത്തിന് ഇന്നേവരെ ഉത്തരമില്ല. രാഹുൽ ഗാന്ധിയുടെ തലയിലെ ചിപ്പ് ഇളകിപ്പോയി എന്ന പരിഹാസമാണ് ബി.ജെ.പി കാരനായ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് നടത്തിയത്. ഡൽഹിയിലെ വാർത്തസമ്മേളനം അവസാനിക്കും മുമ്പേ രാഹുലിന് വിചിത്രമായ നോട്ടീസ് അയച്ച് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമീഷനും പ്രതികരിച്ചു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു വെറും അഞ്ചു മാസത്തിനു ശേഷമാണ് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്ത് ഇൻഡ്യാ സഖ്യത്തിന് ( മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി- എം.വി.എ) അനുകൂലമായിരുന്നു . സംസ്ഥാനത്തെ 48 സീറ്റുകളിൽ 31ലും അവർ വിജയിച്ചു. ബി.ജെ.പി നയിച്ച മഹായുതി 17 സീറ്റിൽ ഒതുങ്ങി. സംസ്ഥാനത്തെ കർഷകരോഷം, സംവരണ പ്രക്ഷോഭങ്ങൾ, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി ഭരണവിരുദ്ധ വികാരം പ്രകടമായ ഫലമായിരുന്നു അത്. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ പെട്ടെന്ന് ചിത്രം മാറി. ദരിദ്ര വീട്ടമ്മമാരെയും യുവാക്കളെയും വിവിധ ജാതി മതക്കാരെയും പാട്ടിലാക്കുന്ന പദ്ധതികൾ പ്രഖ്യാപിച്ചും നടപ്പാക്കിയുമാണ് ബി.ജെ.പി സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. ഈ പദ്ധതികളാണ് തങ്ങൾക്ക് കണ്ണഞ്ചിപ്പിക്കുന്ന വിജയം നേടിത്തന്നത് എന്നായിരുന്നു ബി.ജെ.പിയുടെ പ്രചാരണം. അവിശ്വസനീയമായ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികളും തെരഞ്ഞെടുപ്പ് വിദഗ്ധരും ഉന്നയിച്ച ചോദ്യങ്ങളെ ഈ പ്രചാരണംകൊണ്ടാണ് ഭരണപക്ഷം നേരിട്ടത്.

ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ 9.29 കോടിയായിരുന്നു മഹാരാഷ്ട്രയിലെ വോട്ടവകാശികൾ. 2019ലെ വോട്ടർമാരിൽനിന്ന് 31 ലക്ഷം വോട്ടർമാരാണ് അഞ്ചുവർഷത്തിനിടെ കൂടിയത്. എന്നാൽ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽനിന്ന് അഞ്ചുമാസങ്ങൾക്കു ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് എത്തുമ്പോൾ സംസ്ഥാനത്തെ വോട്ടർമാരുടെ എണ്ണം 9.7 കോടിയായി ഉയർന്നു. അഞ്ചുമാസത്തിനിടെ 41 ലക്ഷം വോട്ടർമാരുടെ വർധന. സംശയം തീർന്നില്ല, സർക്കാർ ഡേറ്റ പ്രകാരം 9.54 കോടി ആണത്രേ സംസ്ഥാനത്തെ പ്രായപൂർത്തിയായവരുടെ കണക്ക്. മറ്റൊന്ന്, നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനമാണ്. വോട്ടെടുപ്പ് സമയം അവസാനിക്കുമ്പോൾ 58.22 ശതമാനം ആയിരുന്നു പോളിങ്. അർധരാത്രിയാകുമ്പോഴേക്കും അത് 65.02 ശതമാനമായി. വോട്ടെണ്ണുന്നതിന് തൊട്ടുമുമ്പ് അത് 66.05 ശതമാനത്തിൽ ഉറച്ചു. വോട്ടിങ് സമയം കഴിഞ്ഞ ശേഷം 76 ലക്ഷത്തോളം അധിക വോട്ടുകൾ ചെയ്യപ്പെട്ടോ എന്നാണ് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ ഡോ. പ്യാരേലാൽ ഗാർഗ് സംശയമുന്നയിച്ചത്. സമയം കഴിയുമ്പോൾ ക്യൂവിൽ ബാക്കിയാകുന്നവരെ വോട്ട് ചെയ്യാൻ അനുവദിച്ചാൽ സാധാരണ ഗതിയിൽ പരമാവധി നാല് ശതമാനത്തിന്റെ വ്യത്യാസമാണ് വരുകയെന്നാണ് വിദഗ്ധ പക്ഷം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച കോൺഗ്രസ് സഖ്യം പ്രതിപക്ഷ നേതൃപദവിക്ക് പോലും അർഹതയില്ലാത്ത വിധം നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതാണ് കണ്ടത്. ബി.ജെ.പിക്ക് ആകട്ടെ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണുണ്ടായത്.

തെരഞ്ഞെടുപ്പ് ഫലത്തിനു തൊട്ടുപിന്നാലെ സോലാപ്പൂരിലെ മർകഡ് വാടി ഗ്രാമം വോട്ടുയന്ത്രത്തിൽ സംശയമുന്നയിച്ച് ബാലറ്റ് പേപ്പറിൽ പ്രതീകാത്മക വോട്ടെടുപ്പിന് ഒരുങ്ങിയത് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ, ഭരണകൂടം പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തിയും അറസ്റ്റു ഭീഷണി നടത്തിയും അത് തടഞ്ഞു. അവിടത്തെ ബൂത്തിലെ തെരഞ്ഞെടുപ്പ് ഫലമായിരുന്നു അവരെ സംശയത്തിലാക്കിയത്. പവാർപക്ഷ സ്ഥാനാർഥി ഉത്തംറാവു ജാൻകറിനോടാണ് നാട്ടുകാർക്ക് മമത. എന്നാൽ, ആ നാട്ടിലെ ബൂത്തിലെ കണക്ക് പ്രകാരം ബി.ജെ.പി സ്ഥാനാർഥിക്ക് 1003 വോട്ടും എൻ.സി.പി സ്ഥാനാർഥിക്ക് 843 വോട്ടുമാണ് കിട്ടിയത്. അതൊരിക്കലും അങ്ങനെ വരില്ല എന്നാണ് അവരുടെ പക്ഷം. എന്നാൽ, നാട്ടുകാരുടെ പ്രതീകാത്മക തെരഞ്ഞെടുപ്പിനെ സർക്കാർ അട്ടിമറിച്ചു.

2022 ൽ ഷിൻഡെ ശിവസേന പിളർത്തി ബി.ജെ.പി സഖ്യത്തിലേക്ക് പോയത് മുതൽ ഒപ്പം നിന്ന പ്രഹാര്‍ ജനശക്തി പാർട്ടി അധ്യക്ഷനും മുൻ എം.എൽ.എയുമായ ബച്ചു കഡുവിന്റെ വെളിപ്പെടുത്തലാണ് മറ്റൊന്ന്. തനിക്ക് വോട്ട് ചെയ്യില്ലെന്നുറപ്പുള്ള പതിനായിരം ആളുകളുടെ പേരു വിവരം നൽകിയാൽ അവരെ നീക്കി പുതിയ പതിനായിരം പേരെ വോട്ടർ പട്ടികയിൽ ചേർക്കാമെന്ന് ഭരണത്തിലിരിക്കുന്നവർ പറഞ്ഞെന്നാണ് മറാത്തി ചാനലായ 'ടിവി 9'നോട് അദ്ദേഹം വെളിപ്പെടുത്തിയത്. അല്ലാതെതന്നെ ജയസാധ്യത ഉണ്ടായിരുന്നതുകൊണ്ട് അതിനു നിന്നില്ലെന്നും തെളിവുകൾ ആവശ്യസമയത്ത് പുറത്തുവിടുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. 2004 മുതൽ അമരാവതിയിലെ അചൽപുർ നിയമസഭാ മണ്ഡലത്തിലെ പ്രതിനിധിയായിരുന്നു ബച്ചു കഡു. സ്വതന്ത്രനായാണ് മത്സരിക്കൽ. 2019 ൽ അദ്ദേഹം എം.വി.എയേ പിന്തുണച്ചു. ഷിൻഡേയ്‌ക്കൊപ്പം പിന്നീട് ബി.ജെ.പി സഖ്യത്തിലേക്ക് പോയെങ്കിലും അമരാവതി ലോക്സഭാ മണ്ഡലത്തിൽ രാഷ്ട്രീയ ശത്രുവായ നവ്നീത് റാണെക്ക് ബി.ജെ.പി ടിക്കറ്റ് നൽകിയതിൽ പിണങ്ങി. മാത്രമല്ല നവ്നീതിന്റെ തോൽവി ഉറപ്പാക്കുകയും ചെയ്തു. തുടർന്നു വന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പതിവുപോലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും ഇത്തവണ തോറ്റു. ബി.ജെ.പിയാണ് ആ സീറ്റ് പിടിച്ചത്.

വോട്ടുചോരി ചർച്ചക്ക് തടയിടാനാണ് സംസ്ഥാനത്തെ ഏതാനും നഗരസഭകളിൽ സ്വാതന്ത്ര്യ ദിനത്തിൽ ഇറച്ചി വിൽപനയും കശാപ്പും നിരോധിച്ചതെന്നാണ് കോൺഗ്രസിന്റെ ആരോപണം. നിലവിൽ സംസ്ഥാനത്തെ നഗരസഭകൾ കമീഷണർമാരുടെ ഭരണത്തിലാണ്. കല്യാൺ-ഡോമ്പിവലി, നാഗ്പൂർ, മാലേഗാവ് തുടങ്ങിയ നഗരസഭകളാണ് ഇറച്ചി നിരോധനം ഏർപ്പെടുത്തിയത്. ഇതു വലിയ ചർച്ചയാവുകയും പ്രതിഷേധമുയരുകയും ചെയ്തു. തൊട്ടടുത്ത ദിവസത്തെ ശ്രീകൃഷ്ണജയന്തി ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ, ബി.ജെ.പി ഒഴികെ ഭരണ പ്രതിപക്ഷങ്ങളിലെ എല്ലാ പാർട്ടികളും ഇതിനെ എതിർത്തു. മറാത്തികളിൽ ഭൂരിപക്ഷവും മാംസാഹാരികളാണ്. ജൈനമത വിശ്വാസികളും ഗുജറാത്തികളുമാണ് സംസ്ഥാനത്തെ പ്രധാന സസ്യാഹാരികൾ. ഹിന്ദു- മുസ്‍ലിം, മറാത്തി- ഗുജറാത്തി, വേജ്- നോൺ വെജുകാർ തമ്മിലെ തർക്കത്തിനാണ് മാംസാഹാര നിരോധം വഴിവെച്ചത്. ശാഹു, ഫുലെ, അംബേദ്കർമാരുടെ പ്രത്യയശാസ്ത്രങ്ങളിൽ ഊന്നിയ പുരോഗമനത്തിന് പേരുകേട്ട മഹാരാഷ്ട്രയിൽ ഹിന്ദുത്വയെ പ്രതിഷ്ഠിക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ വിദഗ്ധൻ അർജുൻ ഡാൻഗ്ലെ പറയുന്നു. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് മഹാരാഷ്ട്രയിൽ നഗരസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് വോട്ടുചോരി വെളിപ്പെടുത്തലുണ്ടായത്. അത് ചർച്ചയാവാതിരിക്കുക എന്നത് സംസ്ഥാനത്തെ ബി.ജെ.പിക്ക് ജീവൻമരണപ്രശ്നം തന്നെയാണ്.

Show Full Article
TAGS:Maharastra Politics Rahul Gandhi Vote Chori 
News Summary - Maharastra Politics review
Next Story