സർവകലാശാലാ നിയമങ്ങൾ (ഭേദഗതി) ബിൽ: മറനീക്കുന്ന സംഘ്പരിവാർ അജണ്ടക്കെതിരെ
text_fieldsഇക്കഴിഞ്ഞ നിയമസഭാ സെഷനിൽ അവതരിപ്പിക്കപ്പെട്ട ഏറ്റവും ശ്രദ്ധേയമായ ബില്ലുകളിലൊന്നായിരുന്നു സർവകലാശാലാ നിയമങ്ങൾ (ഭേദഗതി) ബിൽ 2025. സിൻഡിക്കേറ്റിലെ മൂന്നിലൊന്ന് അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടാൽ ഏഴു ദിവസത്തിനുള്ളിൽ സർവകലാശാലാ സിൻഡിക്കേറ്റ് യോഗം ചേരുന്നതിന് വൈസ് ചാൻസലറെ ചുമതലപ്പെടുത്തുന്ന വ്യവസ്ഥയാണ് പ്രധാന ഭേദഗതി. സർവകലാശാലകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് സമയബന്ധിതമായി യോഗങ്ങൾ ചേരാനും തീരുമാനം കൈക്കൊള്ളാനും ഈ ഭേദഗതി ഏറെ സഹായകമാണ്. സിൻഡിക്കേറ്റ് യോഗം രണ്ടു മാസത്തിലൊരിക്കൽ ചേരണമെന്നാണ് നിലവിലെ വ്യവസ്ഥ. കൂടാതെ വൈസ് ചാൻസലർക്ക് ആവശ്യമെന്ന് തോന്നുമ്പോൾ യോഗം ചേരാമെന്നുമുണ്ട്. രണ്ടുമാസത്തിലൊരിക്കലാണ് യോഗം ചേരേണ്ടതെന്ന നിയമത്തെ പലപ്പോഴും ചിലർ ദുരുപയോഗപ്പെടുത്തുന്നു. സ്വേച്ഛാപൂർവം മാത്രം വി.സി, സിൻഡിക്കേറ്റ് യോഗം വിളിക്കുന്നതും കോടതി ഇടപെട്ടിട്ടുപോലും അടിയന്തര യോഗങ്ങൾ നീട്ടിവെക്കുന്നതും പതിവായിരിക്കുകയാണ്. ഇത് സർവകലാശാലകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. സിൻഡിക്കേറ്റ് യോഗത്തിലെ അജണ്ടകളിൽ ഏറിയപങ്കും പഠന-ഗവേഷണ-പരീക്ഷ സംബന്ധിയായ കാര്യങ്ങളും, വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങളും അതിനായുള്ള സാമ്പത്തിക- ഭരണനടപടികളും ഉൾപ്പെട്ടതാണ്. സങ്കുചിത രാഷ്ട്രീയതാൽപര്യത്താൽ സിൻഡിക്കേറ്റ് യോഗം വൈകിക്കുമ്പോൾ ആയിരക്കണക്കിന് ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. അതിനാലാണ് സിൻഡിക്കേറ്റ് യോഗം സമയബന്ധിതമായി ചേരാൻ നിയമം കൊണ്ടുവരണമെന്ന് സർവകലാശാലാ സമൂഹം ആഗ്രഹിച്ചത്.
കേരളം രാജ്യ ശ്രദ്ധയിലേക്ക്
ഉന്നത വിദ്യാഭ്യാസരംഗത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി 6000 കോടി രൂപ വിന്യസിച്ച സർക്കാറാണ് കേരളത്തിലേത്. 2021 മുതൽ കണക്കാക്കിയാൽ 2718 കോടി രൂപയാണ് പ്ലാൻ ഫണ്ടിൽ നിന്ന് നീക്കിവെച്ച പദ്ധതി വിഹിതം. അതിൽ രണ്ടായിരം കോടിയോളം രൂപ വിനിയോഗിച്ചുകഴിഞ്ഞു. കിഫ്ബി മുഖാന്തരം 1844 കോടി രൂപയുടെ വികസന പ്രവർത്തനം നടന്നുവരുന്നു. കോളജുകളിലും സർവകലാശാലകളിലുമായി 532 കോടി രൂപയാണ് റൂസ-പി.എം ഉഷ പദ്ധതി മുഖേന ചെലവഴിച്ചത്. 158 പദ്ധതികളാണ് ഇതിന്റെ ഭാഗമായി നടപ്പാക്കിവരുന്നത്. കൂടാതെ 405 കോടി രൂപയുടെ പദ്ധതികൾ അനുവദിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ പുതിയ 80 കോളജുകൾ അനുവദിച്ചതിലൂടെ ഉന്നത വിദ്യാഭ്യാസം എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കാൻ സാധിച്ചു.
വിവിധ റാങ്കിങ് / ഗ്രേഡിങ് ഏജൻസികളുടെയും യു.ജി.സി,നാക് തുടങ്ങിയ സ്ഥാപനങ്ങളുടെയും വിലയിരുത്തൽ പരിശോധിച്ചാൽ കേരളം കൈവരിച്ച നേട്ടങ്ങൾ വ്യക്തമാവും. എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ഇന്ത്യയിലെ ആദ്യ പത്തിൽ, കേരളത്തിലെ രണ്ട് സർവകലാശാലകൾ ഇടം നേടി. കേരള സർവകലാശാലയുടെ സ്ഥാനം കഴിഞ്ഞ വർഷത്തെ ഒമ്പതിൽനിന്ന് അഞ്ചിലേക്കുയർന്നു. കുസാറ്റ് (ആറ്), എം.ജി (17), കാലിക്കറ്റ് (38) സർവകലാശാലകളും നേട്ടം കൈവരിച്ചു. ഇന്ത്യയിലെ മികച്ച 100 കോളജുകളുടെ പട്ടികയിൽ 18ഉം ആദ്യ ഇരുന്നൂറിൽ 42ഉം കോളജുകൾ കേരളത്തിൽനിന്ന് ഇടം നേടി. കേരളത്തിലെ കോളജുകളിൽ 173 കാമ്പസുകളാണ് നാക് അക്രെഡിറ്റേഷൻ പ്രകാരം എ ഗ്രേഡും അതിനു മുകളിലും യോഗ്യത നേടിയത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് മൊത്തം പ്രവേശന നിരക്കിന്റെ കാര്യത്തിൽ ദേശീയ ശരാശരി 28.4 ആണെങ്കിൽ കേരളത്തിന്റെ സ്കോർ 41.3 ആണ്. ഇത് ഗുജറാത്തിൽ 24 ആണ്. ലിംഗതുല്യതാ പട്ടികയിൽ രാജ്യത്ത് ഒന്നാംസ്ഥാനത്താണ് നമ്മുടെ സംസ്ഥാനം.
സംരക്ഷിക്കണം സർവകലാശാലാജനാധിപത്യം
നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും സർവകലാശാലയിൽ ഒരു കേന്ദ്രീകൃത അധികാരഘടനയെ പ്രതിഷ്ഠിക്കുന്നില്ല. സർവകലാശാലാ ഭരണത്തെ രണ്ട് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു: ‘സർവകലാശാലയുടെ അധികാരികൾ’ (Authorities of University), സർവകലാശാലയിലെ ഉദ്യോഗസ്ഥർ (officers of University). ചാൻസലറും പ്രോ ചാൻസലറും രണ്ട് വിഭാഗത്തിലും ഉൾപ്പെടുന്നില്ല. ഈ വിഭാഗങ്ങളിലെ എല്ലാ ഉത്തരവാദിത്തങ്ങളും അതത് സർവകലാശാലാ ചട്ടങ്ങള് പ്രകാരം കർശനമായി നിയന്ത്രിക്കപ്പെടുന്നു. സർവകലാശാല സിൻഡിക്കേറ്റ് സർവകലാശാലയുടെ ചീഫ് എക്സിക്യൂട്ടിവ് ബോഡിയാണ്. ഭരണ നിർവഹണാധികാരം സിൻഡിക്കേറ്റിൽ നിക്ഷിപ്തമായിരിക്കും. സ്റ്റാറ്റ്യൂട്ടുകൾ തയാറാക്കി അംഗീകാരത്തിനായി സമർപ്പിക്കുക, ഓഡിനൻസുകൾ, ചട്ടങ്ങൾ ഇവയുടെ നിർമാണവും ഭേദഗതിയും റദ്ദാക്കലും എന്നീ ചുമതലകളുമുണ്ട്. സർവകലാശാല ഫണ്ട് കൈകാര്യം ചെയ്യുക, സർവകലാശാലക്കുവേണ്ടി കെട്ടിടങ്ങൾ, സ്ഥലം എന്നിവ ലഭ്യമാക്കുക, സർവകലാശാലയുടെ പേരിൽ കരാറുകളിൽ ഏർപ്പെടുകയോ മാറ്റം വരുത്തുകയോ റദ്ദാക്കുകയോ ചെയ്യുക, ടീച്ചിങ് ഡിപ്പാർട്ട്മെന്റുകൾ, ഗവേഷണ കേന്ദ്രങ്ങൾ ഇവയുടെ മേൽനോട്ടം വഹിക്കുക എന്നീ ചുമതലകളുമുണ്ട്. അധ്യാപക-മിനിസ്റ്റീരിയൽ തസ്തികകൾ, സാങ്കേതികവും ഭരണപരവുമായ തസ്തികകൾ തുടങ്ങിയവ സൃഷ്ടിക്കുന്നതും നിയമനം നടത്തുന്നതും സേവന-വേതന വ്യവസ്ഥകൾ നിശ്ചയിക്കുന്നതും സിൻഡിക്കേറ്റാണ്. രജിസ്ട്രാർ, കൺട്രോളർ, ഫിനാൻസ് ഓഫിസർ എന്നിവരുൾപ്പെടെ സ്റ്റാറ്റ്യൂട്ടറി ഓഫിസർമാരെ നിയമിക്കാനും സെലക്ഷൻ കമ്മിറ്റി രൂപവത്കരിക്കാനും അധികാരമുണ്ട്. എൻക്വയറി കമ്മിറ്റികൾ രൂപവത്കരിക്കാനും അധ്യാപകർക്കും ജീവനക്കാർക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുമുള്ള അധികാരവുമുണ്ട്. ഡെപ്യൂട്ടി രജിസ്ട്രാർ വരെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കാൻ വി.സിക്ക് കഴിയുമെങ്കിലും അതിനുമുകളിൽ ഏത് ജീവനക്കാരനെതിരെ നടപടിയെടുക്കണമെങ്കിലും സിൻഡിക്കേറ്റ് തീരുമാനിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്യാനും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കാനും നടപടി സ്വീകരിക്കാനും അധികാരമുണ്ട്. എയ്ഡഡ് കോളജ് അധ്യാപക-അനധ്യാപക നിയമനത്തിന് അംഗീകാരം നൽകുന്നതും ബോർഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിക്കുന്നതും സിൻഡിക്കേറ്റാണ്.
ജനാധിപത്യഘടനയും അക്കാദമിക് പ്രാതിനിധ്യവും വിശാലമായ അധികാരവുമുള്ള സിൻഡിക്കേറ്റിനെ നോക്കുകുത്തിയാക്കാനും എല്ലാ അധികാരങ്ങളും കേന്ദ്രീകരിക്കാനുമുള്ള സംഘ്പരിവാർ അജണ്ടയാണ് ഇപ്പോൾ അനാവൃതമാകുന്നത്. സർവകലാശാലകളിൽ നിയമാനുസരണം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ നിയമവിരുദ്ധമായി പുറത്താക്കാനും വിദ്യാർഥിദ്രോഹ നടപടികൾ തുടരാനും തന്നിഷ്ടം നടപ്പാക്കാനും ചില വി.സിമാർ തയാറാവുമ്പോൾ, നിശ്ചയദാർഢ്യമുള്ള സർക്കാറിനത് കണ്ടുനിൽക്കാനാവില്ല; ഇടപെടുകതന്നെ ചെയ്യും. സർവകലാശാലകളെ കാവിവത്കരിക്കാനുള്ള സമഗ്ര പദ്ധതിയെ തിരിച്ചറിഞ്ഞ് ശക്തമായ പ്രതികരണം ഉയർത്തേണ്ടത് കേരളീയ സമൂഹത്തിന്റെ ദൗത്യമാണ്.
shijukhanpathamkallu@gmail.com (ലേഖകൻ കേരള സർവകലാശാല സിൻഡിക്കേറ്റ് മെംബറാണ്)


