മെഡിക്കൽ കോളജുണ്ട്, ചികിത്സക്ക് അതിർത്തി വിട്ട് പോകണം
text_fieldsപാലക്കാട് ഗവ. മെഡിക്കൽ കോളജ്
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ രാജ്യത്ത് ആദ്യമായി തുടക്കംകുറിച്ച മെഡിക്കൽ കോളജാണ് പാലക്കാട്ടേത്. 2014 സെപ്റ്റംബർ 19ന് സ്ഥാപിതമായ കോളജിൽ 11 വർഷത്തിനിപ്പുറവും കെട്ടിടം പണി പൂർത്തിയാക്കാനോ രോഗികൾക്ക് വേണ്ട ചികിത്സ സൗകര്യങ്ങൾ ഒരുക്കാനോ സർക്കാർ സംവിധാനങ്ങൾക്കായിട്ടില്ല. മാസങ്ങൾക്ക് മുമ്പാണ് കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകൾക്ക് ഫയർ എൻ.ഒ.സി ലഭിച്ചത്. എല്ലാ കെട്ടിടങ്ങൾക്കും എൻ.ഒ.സി ലഭ്യമായിട്ടില്ല. പൂർണമായും പ്രവർത്തനസജ്ജമാകാത്തതിനാൽ അത്യാഹിത സന്ദർഭങ്ങളിൽ വിദഗ്ധ ചികിത്സക്ക് തൃശൂർ മെഡിക്കൽ കോളജോ മറ്റു ജില്ലകളിലെ മെഡിക്കൽ കോളജുകളോ കോയമ്പത്തൂരിലെ ആശുപത്രികളോ ആണ് ഇപ്പോഴും പാലക്കാട്ടുകാർക്ക് ശരണം. നിലവിൽ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ ഒരു മണി വരെ ഒ.പിയുണ്ട്. ത്വക്ക്, ഇ.എൻ.ടി, കണ്ണ്, മെഡിസിൻ, ദന്ത വിഭാഗം, സർജറി, എല്ല്, പൾമനോളജി, എ.ആർ.ടി, മാനസികാരോഗ്യവിഭാഗം ഒ.പികളുണ്ട്. ലാബ്, എക്സ്റേ, എൻഡോസ്കോപ്പി, അൾട്രാസൗണ്ട് സ്കാനിങ്, നൂതന നേത്രചികിത്സ ഉപകരണങ്ങൾ, എച്ച്.ഐ.വി ടെസ്റ്റിങ് സെന്റർ എന്നീ സൗകര്യങ്ങളുമുണ്ട്. അധ്യാപകരുടെ കുറവ്, പഠനസൗകര്യങ്ങൾ ഇല്ലായ്മ, മെഡിക്കൽ സാങ്കേതിക സംവിധാനങ്ങളുടെ അപര്യാപ്തത തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി മെഡിക്കൽ കോളജിന് മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. പിന്നീട് പാലക്കാട് ജില്ല ആശുപത്രിയിൽ അധിക സൗകര്യങ്ങളൊരുക്കിയാണ് അംഗീകാരം നേടിയെടുത്തത്. മുഖ്യമന്ത്രി ചെയർമാനും പട്ടികവിഭാഗ വികസന വകുപ്പ് മന്ത്രി വൈസ് ചെയർമാനുമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസിനാണ് കോളജിന്റെ ചുമതല. ഇതുവരെ 800 കോടിയോളം രൂപ പട്ടികജാതി വികസന വകുപ്പ് ഫണ്ടിൽനിന്ന് മെഡിക്കൽ കോളജിനായി ചെലവഴിച്ചിട്ടുണ്ടെന്നാണ് മന്ത്രി ഒ.ആർ. കേളു വ്യക്തമാക്കുന്നത്.
മന്ത്രി ഒ.ആർ. കേളുവിന്റെ കർശന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ മേയ് മാസമാണ് ഇവിടെ പരീക്ഷണാടിസ്ഥാനത്തിൽ 24 മണിക്കൂർ അത്യാഹിത വിഭാഗം പ്രവർത്തനം ആരംഭിച്ചത്. എന്നാൽ, സി.ടി സ്കാൻ സൗകര്യം പോലുമില്ലാത്തതിനാൽ ഗുരുതര കേസുകൾക്ക് ജില്ല ആശുപത്രിയെത്തന്നെ ആശ്രയിക്കേണ്ടിവരും. ആവശ്യത്തിന് കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർമാർ മെഡിക്കൽ കോളജിലില്ല. ജില്ല ആശുപത്രിയുമായി സഹകരിച്ചാണ് അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നത്.
50.427 ഏക്കറിൽ 559.68 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ പദ്ധതിയാണ് മെഡിക്കൽ കോളജിനായി തയാറാക്കിയിരുന്നത്. കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കി കൈമാറ്റം നടക്കാത്തതാണ് മെഡിക്കൽ കോളജ് പ്രവർത്തനങ്ങൾക്ക് തടസ്സമായി പറയുന്നത്. കരാറുകാരുടെ ഭാഗത്ത് വലിയ വീഴ്ചയുണ്ടെന്നും സമയത്തിന് പ്രവൃത്തികൾ പൂർത്തിയാകുന്നില്ലെന്നും മന്ത്രി ഒ.ആർ. കേളു വിമർശിച്ചിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഗവേണിങ് യോഗത്തിൽ കെട്ടിടം പണി പൂർത്തിയാക്കി മാസാവസാനത്തോടെ കൈമാറാൻ തീരുമാനമായിരുന്നു.
എന്നാൽ, ഇതുവരെ നടപടിയുണ്ടായിട്ടില്ല. നിലവിൽ 120 പേർക്കുള്ള കിടത്തിച്ചികിത്സ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ഇത് 200 ആക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ശസ്ത്രക്രിയ വിഭാഗം പൂർണ സജ്ജമാക്കാനായി പട്ടികജാതി വികസന വകുപ്പ് 15 കോടി അനുവദിച്ചിട്ടുണ്ട്. ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങുന്നതിനും സി.ടി സ്കാൻ ഉൾപ്പെടെയുള്ള അനുബന്ധ ഉപകരണങ്ങൾ സജ്ജമാക്കുന്നതിനുമാണ് തുക അനുവദിച്ചത്. ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ജൂലൈയിൽ ഇവ സ്ഥാപിച്ച് ശസ്ത്രക്രിയ വിഭാഗം പൂർണമായി പ്രവർത്തനം ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.
റഫർ ചെയ്യലാണ് ഇവിടത്തെ മെയിൻ -പത്തനംതിട്ട
(മനോജ് പുളിവേലി)
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽനിന്ന് കിലോമീറ്ററുകൾ മാത്രം അകലെയാണ് കോന്നി മെഡിക്കൽ കോളജ് ആശുപത്രിയെങ്കിലും വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവരെ ചികിത്സിക്കുന്നത് ജില്ല കടന്ന് കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രികളിലാണ്. പ്രവർത്തനം തുടങ്ങി അഞ്ച് വർഷം പിന്നിടുമ്പോഴും വാഹനാപകടങ്ങളിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളെ ചികിത്സിക്കാൻ കോന്നി മെഡിക്കൽ കോളജില അത്യാഹിത വിഭാഗത്തിന് ‘ത്രാണിയായിട്ടില്ല’. ജൂനിയർ ഡോക്ടർമാരാണ് അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടാവുക. നിസ്സാര പരിക്കുകളാണെങ്കിൽ സീനിയർ ഡോക്ടർമാരിൽനിന്ന് ഫോണിൽ ഉപദേശം തേടി ചികിത്സ നൽകും. പരിക്ക് ഗുരുതരമാണെന്ന് മനസ്സിലായാൽ ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജുകളിലേക്കോ കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളജുകളിലേക്കോ പറഞ്ഞുവിടും. അടുത്തിടെ ഇതേ മെഡിക്കൽ കോളജിലെ ഡോക്ടർമാർക്ക് അപകടത്തിൽ പരിക്കേറ്റപ്പോഴും മറ്റൊരു ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടാണ് ചികിത്സിപ്പിച്ചത്.
കാർഡിയോളജി, ഗൈനക്കോളജി, നെഫ്രോ, ന്യൂറോ വിഭാഗങ്ങളൊന്നും ആരംഭിച്ചിട്ടില്ല. കിടത്തിച്ചികിത്സ വിഭാഗവും പേരിന് മാത്രമാണ്. മാലിന്യസംസ്കരണ സംവിധാനം ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.