മേം ഖുദിറാം ബോസ് ഹും
text_fieldsഖുദിറാം ബോസ് അറസ്റ്റിലായപ്പോൾ
''കൗമാരക്കാരനായ വിപ്ലവകാരിയെ കാണാനായി ജനങ്ങൾ തിങ്ങിനിറഞ്ഞ മുസാഫർപുർ റെയിൽവേ സ്റ്റേഷനിൽ ഒന്നാം ക്ലാസ് ബോഗിയിൽനിന്നും കൈവിലങ്ങുകളുമായി 18-19 വയസ്സു തോന്നിക്കുന്ന ആ കൗമാരക്കാരൻ അക്ഷോഭ്യനായി നടന്നുനീങ്ങി'' 1908 മേയ് രണ്ടിന് ഇറങ്ങിയ 'സ്റ്റേറ്റ്സ്മാൻ' ഇംഗ്ലീഷ് പത്രത്തിലെ റിപ്പോർട്ടിലെ ഒരു ഭാഗത്തിന്റെ തർജമയാണിത്. ഖുദിറാം ബോസ് എന്ന ബംഗാളി യുവാവാണ് ആ ധീരൻ. 18 വയസ്സും എട്ടുമാസവും എട്ടു ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഖുദിറാമിനെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത്.
1889 ഡിസംബർ മൂന്നിന് ബംഗാളിലെ മിഡ്‌നാപുരിലാണ് ഖുദിറാം ബോസിന്റെ ജനനം. പിതാവ് റവന്യൂ ഉദ്യോഗസ്ഥനായിരുന്നു. 1900 തുടക്കത്തിൽ അരബിന്ദോയും സിസ്റ്റർ നിവേദിതയും തുടർച്ചയായി മിഡ്നാപുർ സന്ദർശിച്ച് പ്രഭാഷണങ്ങൾ നടത്തുമായിരുന്നു. ഖുദിറാമുൾപ്പെടെയുള്ള യുവാക്കൾ ദേശീയ പ്രസ്ഥാനത്തിലേക്ക് അടുക്കാൻ ഇത് നിമിത്തമായി. ബംഗാൾ വിഭജനത്തിനെതിരെ വീര്യം ആളിക്കത്തിയ ബോസ് 16ാം വയസ്സിൽത്തന്നെ സമരത്തിലേക്കിറങ്ങി. ഈ പ്രായത്തിൽത്തന്നെ പൊലീസ് സ്റ്റേഷനിൽ ബോംബുകൾ സ്ഥാപിച്ചു. മൂന്നുവർഷത്തിനുശേഷം മുസഫർ നഗറിൽ കിങ്സ്ഫോർഡ് പ്രഭുവിനെ ബോംബെറിഞ്ഞുകൊല്ലാൻ ശ്രമിച്ച കേസിൽ ഖുദിറാം അറസ്റ്റിലായി.
1908 ഏപ്രിൽ 30ന് കിങ്സ്ഫോഡ് വരുന്നതുംകാത്ത് ഖുദിറാം യൂറോപ്യൻ ക്ലബിനുപുറത്ത് കാത്തുനിന്നു. 8.30ന് വാഹനം വന്നപ്പോൾ തോക്കുചൂണ്ടി ബോംബെറിഞ്ഞു. എന്നാൽ, കിങ്സ്ഫോഡ് അതിൽ ഉണ്ടായിരുന്നില്ല. വണ്ടിയിലുണ്ടായിരുന്ന, മുസാഫർപുർ കോടതിയിലെ അഭിഭാഷകൻ കെന്നിയുടെ ഭാര്യയും കുഞ്ഞും കൊല്ലപ്പെട്ടു. ഇവിടെനിന്ന് രക്ഷപ്പെട്ട് 25 മൈൽ നടന്ന് ഒരു സ്റ്റേഷനിലെത്തിയ ഖുദിറാമിനെ പൊലീസ് പിടികൂടി. വിചാരണക്കുശേഷം കോടതി ഖുദിറാമിന് വധശിക്ഷ വിധിച്ചു.
ആഗസ്റ്റ് 19ന് അദ്ദേഹത്തെ തൂക്കിക്കൊന്നു. പ്രസന്നവദനനായാണ് ഖുദിറാം കൊലമരത്തിലേക്ക് നടന്നുകയറിയതെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അമൃതബസാർ പത്രിക പത്രം റിപ്പോർട്ട് ചെയ്തത്. ബംഗാളി കവി ഖാസി നസ്രുൾ ഇസ്‍ലാം ഖുദിറാമിനെക്കുറിച്ചെഴുതിയ കവിത പ്രശസ്തമാണ്. 'മേം ഖുദിറാം ബോസ് ഹും' എന്ന പേരിൽ അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി 2017ൽ ഹിന്ദി സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്. മനോജ് ഗിരി സംവിധാനം ചെയ്ത സിനിമയിൽ കനിഷ്ക് കുമാർ ജയിൻ ഖുദിറാം ബോസായി വേഷമിട്ടു.