വിടപറയുന്നത് കൊച്ചിയുടെ സിംബൽ
text_fieldsകെ.എം. റോയ് അക്ഷരാർഥത്തിൽ കൊച്ചിയുടെ സിംബൽ ആയിരുന്നു. ഇൗ നഗരത്തെക്കുറിച്ചുള്ള അറിവുകളെല്ലാം തേടിപ്പിടിച്ചു, പങ്കുവെച്ചു. ആർക്കും ആശ്രയിക്കാവുന്ന വിശ്വസനീയ ഗ്രന്ഥശേഖരം പോലെ നമുക്കിടയിൽ നിന്നു. നല്ല പാട്ടുകാരനായിരുന്നു, അതിലേറെ നല്ല സുഹൃത്തും. ദക്ഷിണേന്ത്യയിൽ ഉടനീളം റോയ്ക്ക് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. സമൂഹത്തിലെ സർവ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം അവരെല്ലാമായി നിരന്തരം സംവദിച്ചു. അസുഖം ബാധിച്ചതോടെയാണ് അതെല്ലാം നിന്നത്.
ഇന്നത്തെ സാമൂഹികവ്യവസ്ഥിതിയിൽനിന്ന് അകന്നു നിന്നല്ല റോയ് പ്രവർത്തിച്ചത്. എന്നാൽ, കാഴ്ചപ്പാടുെകാണ്ട് വ്യവസ്ഥിതിക്ക് പുറത്തേക്ക് പല കാര്യങ്ങൾ കൊണ്ടുപോയി. അദ്ദേഹം ഉന്നയിച്ച പല വിഷയങ്ങളിലും സർക്കാറിന് പരിഹാരം കാണേണ്ടിവന്നു. നമ്മുടെ സമൂഹത്തിന്, വിശിഷ്യാ കൊച്ചിക്ക് ഈ വിടവാങ്ങൽ വലിയ നഷ്ടമാണ്.
ഒരു പ്രസംഗത്തിന് പോകുമ്പോൾ ഒരുമാസം മുമ്പേ തയാറെടുപ്പ് നടത്തണമെന്ന് അദ്ദേഹം പറയുമായിരുന്നു. പ്രസംഗിക്കുമ്പോൾ വളരെ വ്യക്തതയോടെ കാര്യങ്ങൾ പറഞ്ഞു.
ജേണലിസം റോയിക്ക് സെമി ബുദ്ധിജീവി പ്രവർത്തനമായിരുന്നു. ബുദ്ധിജീവികൾക്കും സാധാരണക്കാർക്കും അദ്ദേഹം എഴുതുന്ന ആശയങ്ങൾ ഒരുപോലെ മനസ്സിലായി. ഗൗരവമുള്ള കാര്യങ്ങൾ ഗൗരവം കൈവിടാതെ സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധം അവതരിപ്പിച്ചു. എഴുത്തിൽ നല്ല നർമം ചാലിച്ചു. സാധാരണക്കാരന് അത് ലളിതമായി അനുഭവപ്പെട്ടു. മതത്തിെൻറ എല്ലാ ആചാരങ്ങളും പാലിച്ചാണ് ജീവിച്ചത്. എന്നാൽ അതൊരു വാശിയായി കണ്ടില്ല. എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളിലും സുഹൃത്തുക്കൾ ഉണ്ടായി. എല്ലാം രാഷ്ട്രീയക്കാരും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർബന്ധിച്ചു.
പ്രകൃതിയുമായി മനുഷ്യനുള്ള ബന്ധത്തെ അദ്ദേഹം ലേഖനങ്ങളിലൂടെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. വെള്ളം, ഭൂമി, ആഹാരം തുടങ്ങിയവ മനുഷ്യെൻറ അവകാശമാണെന്ന് നിരന്തരം ചൂണ്ടിക്കാട്ടി. അതിനെയെല്ലാം വർത്തമാന ജീവിതവുമായി ബന്ധിപ്പിച്ചു. മനുഷ്യർ വർത്തമാനകാലത്ത് അനുഭവിക്കുന്ന വിഷമപ്രശ്നങ്ങൾ ഉന്നയിച്ചു. സാധാരണക്കാരുടെ ജീവിതപ്രതിസന്ധികളും അതിനുള്ള കാരണങ്ങളും അന്വേഷിച്ചു. അതെല്ലാം റിപ്പോർട്ടുകളായി. സാമൂഹികപ്രശ്നങ്ങളെ രാഷ്ട്രീയവത്കരിച്ചില്ല. ആശയങ്ങൾ ഒതുക്കിപ്പറയുന്ന അദ്ദേഹത്തിെൻറ ശൈലി എല്ലാവരും ഇഷ്ടപ്പെട്ടു.
എെന്നക്കാൾ നാലഞ്ച് വയസ്സ് കുറവാണ് റോയിക്ക്. അദ്ദേഹത്തിെൻറ കുടുംബവുമായി എനിക്ക് നല്ല അടുപ്പമുണ്ട്. മകൻ മനു റോയ് എനിക്ക് മകെനപോലെയാണ്. പ്രത്യേക പരിരക്ഷ വേണ്ട കുഞ്ഞുങ്ങൾക്കുവേണ്ടി മനു പാലാരിവട്ടത്ത് തുടങ്ങിയ നവജീവൻ സ്കൂളിലടക്കം പല കാര്യങ്ങളിലും സഹകരിച്ചു.
കൊച്ചിൻ ഷിപ്പ്യാർഡ് നിൽക്കുന്നത് അദ്ദേഹം ജീവിച്ച ഭൂമിയിലാണ്. അതിനെക്കുറിച്ചെല്ലാം ദീർഘമായി സംസാരിച്ചത് മറക്കാനാവില്ല. അവസാനകാലത്ത് റോയ് ഒരുപാട് കഷ്ടത അനുഭവിച്ചു. പത്രം വായിക്കണമെന്നും ആഗ്രഹിച്ചു. ആറേഴു കൊല്ലം മുമ്പ് ഏതു ചാനലും കൊച്ചിയെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ വിളിക്കുന്നത് കെ.എം. റോയിയെയാണ്. അദ്ദേഹം വിടപറയുമ്പോൾ ഒരുകാലഘട്ടത്തിനാണ് അന്ത്യം കുറിക്കുന്നത്.