മാനസികാരോഗ്യം: സ്ത്രീശാക്തീകരണത്തിന്റെ അടിത്തറ
text_fields
സ്ത്രീശാക്തീകരണം സാധ്യമാക്കണമെന്ന് എഴുതുകയും പ്രസംഗിക്കുകയും ആഹ്വാനം നടത്തുകയും ചെയ്യുന്നവർപോലും അവഗണിക്കുന്ന ഒരു കാര്യമുണ്ട്. ശാക്തീകരണ വഴിയിലെ നിർണായക ഘടകമായ മാനസികാരോഗ്യം. മാനസികാരോഗ്യ ക്ഷേമം ഒരു വ്യക്തിഗത പ്രശ്നമല്ല; മറിച്ച്, ഒരു സമൂഹത്തിന്റെ പുരോഗതിക്കുള്ള അടിസ്ഥാനംകൂടിയാണ്. ചരിത്രപരമായിത്തന്നെ അവഗണിക്കപ്പെട്ടുവരുന്നതാണ് സ്ത്രീകളുടെ മാനസികാരോഗ്യം. ഈ അവഗണന ബോധപൂർവമാണെങ്കിലും അല്ലെങ്കിലും സ്ത്രീകളെ തുല്യതയില്ലാത്ത ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
സ്ത്രീശാക്തീകരണം സാധ്യമാക്കണമെന്ന് എഴുതുകയും പ്രസംഗിക്കുകയും ആഹ്വാനം നടത്തുകയും ചെയ്യുന്നവർപോലും അവഗണിക്കുന്ന ഒരു കാര്യമുണ്ട്. ശാക്തീകരണ വഴിയിലെ നിർണായക ഘടകമായ മാനസികാരോഗ്യം. മാനസികാരോഗ്യ ക്ഷേമം ഒരു വ്യക്തിഗത പ്രശ്നമല്ല; മറിച്ച്, ഒരു സമൂഹത്തിന്റെ പുരോഗതിക്കുള്ള അടിസ്ഥാനംകൂടിയാണ്. ചരിത്രപരമായിത്തന്നെ അവഗണിക്കപ്പെട്ടുവരുന്നതാണ് സ്ത്രീകളുടെ മാനസികാരോഗ്യം. ഈ അവഗണന ബോധപൂർവമാണെങ്കിലും അല്ലെങ്കിലും സ്ത്രീകളെ തുല്യതയില്ലാത്ത സമ്മർദങ്ങളിലേക്കും കടുത്ത വിവേചനത്തിലേക്കും ചൂഷണത്തിലേക്കുമാണ് അത് കൊണ്ടെത്തിക്കുന്നത്.
പുരുഷന്മാരുമായി താരതമ്യപ്പെടുത്തിയാൽ, സ്ത്രീകൾക്ക് ജീവശാസ്ത്രപരമായ, ഹോർമോൺ അടിസ്ഥാനവുമായ ചില വെല്ലുവിളികളും നേരിടേണ്ടിവരുന്നു. ഇതിനു പുറമെയാണ് ലിംഗപദവി അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളും ഉത്തരവാദിത്തങ്ങളുടെ ആധിക്യവും. ഈ സമ്മർദങ്ങൾ മാനസികാരോഗ്യത്തെ ബാധിക്കുന്നതിനൊപ്പം ജീവിതത്തിലെ വിവിധ മേഖലകളിൽ നീതിപൂർവകമായ പങ്കാളിത്തം ലഭിക്കുന്നതിനു തടസ്സവും സൃഷ്ടിക്കുന്നു.

ഹോർമോൺ അസന്തുലിതാവസ്ഥയും മാനസികാരോഗ്യവും
സ്ത്രീകൾക്ക് ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ ഹോർമോൺ മാറ്റങ്ങളാൽ മൂഡ് സ്വിങ് അനുഭവപ്പെടാറുണ്ട്. ആർത്തവം, ഗർഭധാരണകാലം, പ്രസവാനന്തര ഘട്ടം, ആർത്തവവിരാമം തുടങ്ങിയ അവസ്ഥകളിൽ ഇത് കൂടുതൽ പ്രകടമാകുന്നു. പ്രീമെൻസ്ട്രുവൽ ഡിസ്ഫോറിക് ഡിസോർഡർ (PMDD) പോലുള്ള അവസ്ഥകൾ സ്ത്രീകളുടെ മാനസികാരോഗ്യത്തെ തകർക്കുംവിധം ബാധിക്കാം. പ്രസവാനന്തര വിഷാദം (Postpartum Depression) സ്ത്രീകളിൽ ദുഃഖം, ഉത്കണ്ഠ, ക്ഷീണം എന്നിവ വരുത്തുകയും കുഞ്ഞിനോടുള്ള വൈകാരികബന്ധം കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നു. അതുപോലെ, ആർത്തവവിരാമ കാലത്തെ ഹോർമോൺ മാറ്റങ്ങൾമൂലമുണ്ടാകുന്ന മൂഡ് സ്വിങ്സ്, ക്ഷീണം, മാനസിക സമ്മർദം എന്നിവ സ്ത്രീകളുടെ ജീവിത ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇതൊന്നും മലയാളി വീടകങ്ങളിൽ ഒട്ടുംതന്നെ ഗൗരവമായി പരിഗണിക്കപ്പെടാറില്ല. പകരം അശ്രദ്ധ, അലസത, ഉത്തരവാദിത്തത്തിൽനിന്നുള്ള ഒളിച്ചോട്ടം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കൂടുതൽ സമ്മർദം ചെലുത്തുകയാണ് പതിവ്.
ലിംഗവിവേചനവും സമ്മർദവും
തൊഴിലിടങ്ങളിലും പൊതുപ്രവർത്തന രംഗത്തും സ്ത്രീകൾ കൊടിയ വിവേചനമാണ് നേരിടുന്നത്. ജോലിസ്ഥലങ്ങളിൽ കുറഞ്ഞ ശമ്പളവും പരിമിതമായ തൊഴിൽ വളർച്ച അവസരങ്ങളുമാണ് ലഭിക്കുന്നത്. നന്ദിയോ വേതനമോ അംഗീകാരമോ ലഭിക്കാത്ത വീട്ടു ജോലി ഉത്തരവാദിത്തങ്ങളും ഔദ്യോഗിക ഉത്തരവാദിത്തങ്ങളും ഒന്നിച്ചു കൊണ്ടുപോകാൻ ഇരട്ടി അധ്വാനമാണ് സ്ത്രീകൾ നടത്തേണ്ടിവരുന്നത്. ഇതിനിടയിൽ കുടുംബത്തിലും സമൂഹത്തിലും അനുഭവപ്പെടുന്ന വിവേചനങ്ങളും കുറ്റപ്പെടുത്തലുകളും അവരെ ദീർഘകാലം നീണ്ടുനിൽക്കുന്ന മാനസിക സമ്മർദത്തിലേക്കും ആഘാതത്തിലേക്കും നയിച്ചേക്കാം. ഈ സമ്മർദങ്ങൾ മൂലമുണ്ടാവുന്ന പ്രശ്നങ്ങൾ അവരുടെ കഴിവുകളെ തകർക്കുകയോ അദൃശ്യമാക്കുകയോ ചെയ്യും. വ്യക്തി-പ്രഫഷനൽ ജീവിതത്തിൽ സ്വതന്ത്രമായി ഇടപെടാനുള്ള മികവിനെയും അത് പരിമിതപ്പെടുത്തും.

എന്താണ് പരിഹാരമാർഗം?
സ്ത്രീകളുടെ മാനസികാരോഗ്യം അവഗണിക്കപ്പെടുമ്പോൾ, അത് അവരുടെ ആത്മവിശ്വാസത്തെയും, തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെയും, ഉൽപാദനക്ഷമതയെയും ഗുരുതരമായി ബാധിക്കുന്നു. നിയമപരമായ അവകാശങ്ങളെയും ഉന്നത വിദ്യാഭ്യാസ സാധ്യതകളെയും തൊഴിൽ-സാമൂഹിക മേഖലയിൽ തുല്യമായ പങ്കാളിത്തത്തെയും അട്ടിമറിക്കും. ഈ സാഹചര്യം നേരിടാൻ സ്ത്രീ സൗഹൃദ മാനസികാരോഗ്യ പദ്ധതികൾ അനിവാര്യമാണ്. അതിനായി സുസ്ഥിരവും, ദീർഘകാലം നിലനിൽക്കുന്നതുമായ കർമപദ്ധതി നടപ്പാക്കണം. സ്ത്രീ സൗഹൃദ മാനസികാരോഗ്യ ഇടപെടൽ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുടെ കാതലാണെന്ന് തിരിച്ചറിയുക.
(തൃശൂർ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് ലേഖകൻ)