ചരിത്ര പുരുഷൻ
text_fieldsഎം.ജി.എസ് പറയുന്നതുകേട്ട് ഞാൻ അമ്പരന്നു. 2012ലാണ്, അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിലെ ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേർഷ്യൻ റിസർച്ചി’ലേക്ക് വിസിറ്റിങ് പ്രഫസറായി പോവുന്ന ഞാൻ യാത്ര പറയാൻ വേണ്ടി ആ വീട്ടിൽ ചെന്നിരിക്കുകയാണ്. പതിവുപോലെ വിടർന്നു ചിരിച്ച് ഉത്സാഹത്തോടെ പറഞ്ഞു: ‘‘നന്നായി. തനിക്ക് അലീഗഢും ഉത്തരേന്ത്യയുമൊക്കെ പരിചയമാവാൻ ഒരവസരമായി. ചെന്ന ഉടനെ ഇർഫാൻ ഹബീബിനെ പരിചയപ്പെടണം. നല്ല ചരിത്രകാരനാ. പരിചയമാകുന്നത് തനിക്ക് ഉപകാരപ്പെടും.’’
ഇടതുപക്ഷ ചരിത്രകാരന്മാരുമായി എം.ജി.എസ് നിരന്തരം കലഹിക്കുന്ന കാലമാണത്. അവരുടെ തലതൊട്ടപ്പനാണ് ഇർഫാൻ. മാത്രമോ, ഇർഫാൻ ചെയർമാനും എം.ജി.എസ് മെംബർ സെക്രട്ടറിയുമായിരുന്ന ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിൽ (ഐ.സി.എച്ച്.ആർ)നിന്ന് അദ്ദേഹം ഇറങ്ങിപ്പോരാനുള്ള പ്രധാന കാരണം ചെയർമാനുമായുള്ള അഭിപ്രായവ്യത്യാസമാണ് എന്നത് പ്രശസ്തമാണ്. അങ്ങനെയാണ് ഇടതുപക്ഷവുമായുള്ള പ്രത്യക്ഷമായ പോരാട്ടം ആരംഭിച്ചത്. ഇതിന്റെ നടുവിലും ഗവേഷകൻ, എഴുത്തുകാരൻ, അധ്യാപകൻ എന്നീ നിലകളിൽ ഇർഫാൻ ഹബീബിനുള്ള യോഗ്യത അംഗീകരിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. ഈ ഉദാരതയാണ്, ഈ വിനയമാണ്, ഈ അന്തസ്സാണ് എം.ജി.എസിന്റെ വ്യക്തിത്വത്തിന്റെ അനേകം ഭംഗികളിലൊന്ന്. ആരെയും തുറന്നെതിർക്കാൻ എന്നതുപോലെ ആരെയും അറിഞ്ഞാദരിക്കാനും എന്നും എപ്പോഴും എവിടെയും അദ്ദേഹം തയാറാണ്. നിത്യവിവാദപുരുഷനായി ആ ചരിത്രകാരനെ മാറ്റിത്തീർത്തതിൽ ഈ പെരുമാറ്റത്തിന് വലിയ പങ്കുണ്ട്.
എം.ജി.എസിന്റെ അഭിരുചി വൈവിധ്യം അത്ഭുതപ്പെടുത്തുന്നതാണ്. കവിത എഴുതിക്കൊണ്ടാണ് തുടക്കം. കുട്ടിക്കാലം മുതൽ അവസാനം വരെ ചിത്രം വരച്ചിരുന്നു. സാഹിത്യ നിരൂപണത്തിൽ ബഹുകമ്പമായിരുന്നു. തന്റെ തിരഞ്ഞെടുത്ത കവിതകൾക്ക് ഇടശ്ശേരി അവതാരിക എഴുതിച്ചത് നാട്ടുകാരനായ ഈ ചരിത്രകാരനെക്കൊണ്ടാണ്. ചരിത്രത്തിലെന്നപോലെ അതുമായി ബന്ധപ്പെട്ട പുരാലിഖിത പഠനം, സ്ഥലനാമപഠനം, നാണയപഠനം തുടങ്ങി അനേകം മേഖലകളിൽ ആഴമേറിയ അറിവും താൽപര്യവും ഉണ്ടായിരുന്നു. പ്രാചീന കേരളചരിത്രവുമായി ബന്ധപ്പെട്ട പുരാലിഖിതങ്ങൾ പലതും വായിച്ചതും വ്യാഖ്യാനിച്ചതും അദ്ദേഹമാണ്. ഈ വിഷയങ്ങളിലൊക്കെ പലർക്കും വഴികാട്ടിയായിട്ടുമുണ്ട്. സൗഹൃദമേഖല അത്യന്തം വിപുലമായിരുന്നു. കേരളത്തിനുപുറത്ത് എന്ന പോലെ ഇന്ത്യക്കുപുറത്തും അത് പടർന്നുകിടക്കുന്നു. ആ കൂട്ടത്തിൽ ചരിത്രഗവേഷകർ എന്ന പോലെ സാഹിത്യകാരന്മാരും ഭാഷാ ശാസ്ത്രജ്ഞരും വിവർത്തകരും പത്രപ്രവർത്തകരും ഒക്കെയുണ്ട്. ഊഷ്മളമായ വ്യക്തിബന്ധം സൂക്ഷിക്കുന്നതിൽ വളരെ ശ്രദ്ധാലുവായിരുന്ന അദ്ദേഹത്തിന് അക്കാര്യങ്ങളിൽ തന്റെ പ്രശസ്തി, പാണ്ഡിത്യം, പ്രായം തുടങ്ങിയവയൊന്നും തടസ്സമായിരുന്നില്ല.
കാലിക്കറ്റ് സർവകലാശാലയിൽ മലയാളം എം.എക്ക് പഠിക്കുന്ന കാലം (1972-74) തൊട്ട് എനിക്ക് അടുത്തറിയാം. തൊട്ടടുത്ത ചരിത്രവിഭാഗത്തിൽ മേധാവിയാണ് അദ്ദേഹം. ആ വീട് ഞങ്ങൾ വിദ്യാർഥികളുടെ അഭയകേന്ദ്രങ്ങളിലൊന്നായിരുന്നു-എന്തും ചർച്ച ചെയ്യാനും ഏത് കാര്യത്തിലും ഉപദേശം തേടാനുമുള്ള സ്ഥലം. അദ്ദേഹം ഉദാരമായി ചെലവാക്കുന്ന സമയവും പ്രേമിയേടത്തി ഉത്സാഹപൂർവം തരുന്ന സൽക്കാരവും ഞങ്ങളുടെ ഓർമകളിൽ എന്നും പിടിച്ചുനിൽക്കും.
എന്റെ എഴുത്തിനെപ്പറ്റി എം.ജി.എസിന് എത്ര മോശമായ അഭിപ്രായമാണ് ഉണ്ടായിരുന്നത് എന്ന് ഞാൻ മനസ്സിലാക്കിയത് പത്തു പന്ത്രണ്ട് കൊല്ലം കഴിഞ്ഞാണ്. ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ എന്റെ ‘ഉമ്മമാർക്കുവേണ്ടി ഒരു സങ്കടഹരജി’ എന്ന ലേഖനം (1985) വന്ന ആഴ്ച കണ്ടപ്പോൾ പറഞ്ഞു: ‘എടോ, തന്റെ ‘മാതൃഭൂമി’ ലേഖനം വായിച്ചു. നന്നായിട്ടുണ്ട്. താൻ ഇത്ര നല്ല ഒരു ലേഖനം എഴുതുമെന്നോ അതുവായിച്ച് ഇതുപോലെ തന്നെ അഭിനന്ദിക്കാൻ ഇടയാകുമെന്നോ ഞാൻ വിചാരിച്ചിരുന്നില്ല.’ എങ്ങനെയുണ്ട്? അതുവരെയുള്ളതൊക്കെ എഴുതിത്തള്ളി. പക്ഷേ, അത് ആത്മാർഥമാണ്. സത്യസന്ധമാണ്. കുറ്റങ്ങളും കുറവുകളും എപ്പോഴും ചൂണ്ടിക്കാണിക്കും. അത് മെച്ചപ്പെടുത്താനാണ്, ഗുരുനാഥന്റെ യഥാർഥ ഭാവമാണത്.
ചരിത്രം കേട്ടുകേൾവിയോ, കെട്ടുകഥയോ, ഐതിഹ്യമോ, മതവിശ്വാസത്തിന്റെ ഭാഗമോ, സാഹിത്യകൃതിയുടെ ഉപോൽപന്നമോ മാത്രമായിരുന്ന കാലത്താണ് അദ്ദേഹം രംഗപ്രവേശം ചെയ്യുന്നത്. ചരിത്ര രചനക്ക് ശാസ്ത്രീയമായ ഒരടിത്തറ വേണമെന്ന് ഗവേഷകന്മാരെയും വായനക്കാരെയും ബോധ്യപ്പെടുത്തിയത് അദ്ദേഹമാണ്. ചരിത്രത്തിന്റെ സ്രോതസ്സുകൾ എന്തൊക്കെയാണെന്നും അവയെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കാണിച്ചുതന്നു. അതുവരെ സാഹിത്യകൃതികൾ ഉപയോഗിച്ചാണ് പ്രധാനമായും ചരിത്രം രചിച്ചിരുന്നത്. കരിങ്കല്ലിലും ചെമ്പുതകിടുകളിലും താളിയോലകളിലും രേഖപ്പെട്ടുകിടക്കുന്ന യഥാർഥ സ്രോതസ്സുകളിലേക്ക് ഗവേഷകന്മാരെ കൂട്ടിക്കൊണ്ടുപോയി എന്നതാണ് എം.ജി.എസിന്റെ സംഭാവനകളിൽ പ്രധാനം.
കേരളത്തിൽ ചരിത്രത്തിനും സാഹിത്യത്തിനും ഇടയിലുള്ള പാലമായിരുന്നു എം.ജി.എസ്. നമ്മുടെ ചരിത്രകാരന്മാരിൽ സാഹിത്യ താൽപര്യവും സാഹിത്യകാരന്മാരിൽ ചരിത്രതാൽപര്യവും വളർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. ചരിത്രം ഗവേഷകരുടെയോ പണ്ഡിതരുടെയോ അധ്യാപകരുടെയോ മാത്രം വിഷയമായാൽപോരാ എന്നായിരുന്നു ആ ചരിത്രകാരന്റെ നിലപാട്. പകരം, അത് ഭൂതകാലത്തെ മനസ്സിലാക്കാനും വർത്തമാനകാലത്തെ വിശകലനം ചെയ്യാനും ഭാവികാലത്തെ രൂപപ്പെടുത്താനുമുള്ള ശക്തിയായി സമൂഹത്തിൽ സാധാരണക്കാർക്കിടയിൽ പ്രവർത്തിക്കണം. അതിനുവേണ്ടി അദ്ദേഹം പ്രബന്ധങ്ങൾ എഴുതുകയും പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്തു.
ഗ്രന്ഥാലയങ്ങളിലും കലാലയങ്ങളിലും ഒതുങ്ങിക്കഴിഞ്ഞിരുന്ന ചരിത്രത്തെ അദ്ദേഹം പത്രത്താളുകളിലേക്കും സമ്മേളനശാലകളിലേക്കും മൈതാനങ്ങളിലേക്കും ചിലപ്പോൾ തെരുവുകളിലേക്കും ഇറക്കിക്കൊണ്ടുവന്നു. അതിന്റെ പിൻബലത്തോടെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെ നിരന്തരം വിമർശിച്ചുപോന്നു. കേരളത്തിൽ ചരിത്രത്തെ ജനാധിപത്യവത്കരിച്ചു എന്നതാവും നാളെ അദ്ദേഹത്തിന് ‘ചരിത്ര’ത്തിൽ ലഭിക്കാൻ പോകുന്ന പദവികളിലൊന്ന്. കേരളത്തിന്റെ ചരിത്രമെഴുതിയവരിൽ ഒന്നാമൻ എം.ജി.എസ്. നാരായണനാണ്. ചരിത്രരചനാ മേഖലയിൽ കേരളം ഉൽപാദിപ്പിച്ച ഏറ്റവും വലിയ പ്രതിഭയും മറ്റാരുമല്ല. ആ നിലക്ക് മലയാളികളുടെ ‘ചരിത്ര പുരുഷൻ’ എം.ജി.എസ്. നാരായണനാണ്.