Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇന്ത്യയെ...

ഇന്ത്യയെ അപമാനിച്ചിട്ടും മിണ്ടാത്ത മോദി

text_fields
bookmark_border
ഇന്ത്യയെ അപമാനിച്ചിട്ടും മിണ്ടാത്ത മോദി
cancel

2024-ൽ ഐ.എം.എഫ് ആസ്ഥാനത്തുനിന്ന് അസാധാരണമായ ഒരു തിരുത്തൽ പ്രസ്താവന പുറത്തുവന്നു. ഐ.എം.എഫിന്റെ ഔദ്യോഗിക വളർച്ചാ പ്രവചനം ആറര ശതമാനം ആയിരിക്കെ, ഐ.എം.എഫ് എക്സിക്യുട്ടിവ് ഡയറക്ടറായ കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ ഇന്ത്യയുടെ വളർച്ച എട്ടു ശതമാനം ആകുമെന്ന് പ്രവചിച്ചിരുന്നു. ഇതോടെ ഐ.എം.എഫിന് സ്വന്തം ഡയറക്ടറുടെ വ്യക്തിപരമായ അഭിപ്രായത്തെ പരസ്യമായി തള്ളിക്കളയേണ്ടി വന്നു. മുമ്പ് ഇന്ത്യയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായിരുന്ന സുബ്രഹ്മണ്യൻ സർക്കാറിന്റെ പ്രതിനിധിയായാണ് ഐ.എം.എഫിൽ എത്തിയത്. സർക്കാറിന്റെ ‘അച്ഛേ ദിൻ’ വാദങ്ങൾ ഐ.എം.എഫിലൂടെ സ്ഥാപിച്ചെടുക്കാനായിരുന്നു ഈ ശ്രമമെന്ന് ഇതു സൂചിപ്പിക്കുന്നു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള വിദേശ മാധ്യമങ്ങളുടെ വിമർശനങ്ങളോട് ഭരണകൂടം പ്രതികരിക്കുന്ന രീതി നോക്കിയാൽ, കയ്പേറിയ യാഥാർഥ്യങ്ങളോടുള്ള ഡൽഹിയുടെ അസ്വസ്ഥത വ്യക്തമാകും. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ 'വിശ്വാസം' അർപ്പിക്കാനാണ് ധനമന്ത്രി നിർമല സീതാരാമൻ ജനങ്ങളോട് ആവശ്യപ്പെട്ടത്. ‘‘വിദേശ രാജ്യങ്ങളുടെ ഭീഷണികൾക്ക് (Bullying) വഴങ്ങരുത്’’ എന്ന് അവർ ആഹ്വാനം ചെയ്തു. പടിഞ്ഞാറൻ രാജ്യങ്ങളുടെ ഇന്ത്യയോടുള്ള ‘വിദ്വേഷത്തിന്’ പിന്നിൽ ചരിത്രപരമായ കാരണങ്ങളുണ്ടെന്നാണ് ബി.ജെ.പി നേതാവ് സ്വപൻ ദാസ് ഗുപ്തയുടെ ആരോപണം. നിർഭാഗ്യവശാൽ, ഇന്ത്യയിലെ ഒരു വിഭാഗം ബുദ്ധിജീവികൾ അത്തരം പ്രചാരണങ്ങളിൽ വീണുപോയെന്നും അദ്ദേഹം പരിതപിക്കുന്നു.

അയൽരാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ വിദേശനയം അമ്പേ പരാജയമാണ്. ഇടപാടുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതും സുരക്ഷാ കേന്ദ്രീകൃതവുമായ നയതന്ത്രം, മുൻകാല സാമ്പത്തിക സഹകരണത്തിലൂടെ അയൽരാജ്യങ്ങൾക്കിടയിൽ ഇന്ത്യ നേടിയെടുത്ത വിശ്വാസത്തെ തകർത്തു.

ട്രംപിന്റെ ആദ്യ ഭരണകാലത്ത് മോദി അദ്ദേഹത്തെ ‘ഡിയർ ഫ്രണ്ട്’ എന്ന് വിശേഷിപ്പിച്ചിരുന്നു. ട്രംപ് രണ്ടാമത് മത്സരിച്ച വേളയിൽ, അമേരിക്കയിലുള്ള ഇന്ത്യക്കാരുടെ വൻ റാലിയിൽ പങ്കെടുത്ത മോദി ‘‘അബ് കി ബാർ ട്രംപ് സർക്കാർ’’ എന്ന് പരസ്യമായി പ്രഖ്യാപിച്ചു. എന്നാൽ, തന്റെ രണ്ടാം ഊഴത്തിൽ, ട്രംപ് ഇന്ത്യയെക്കുറിച്ച് അപമാനകരമായ പ്രസ്താവനകൾ നടത്തിയിട്ടും മോദി മിണ്ടുന്നില്ല.

വെനിസ്വേലയിലെ യു.എസ് ഇടപെടലിനോടുള്ള ഇന്ത്യയുടെ പ്രതികരണത്തിലും ട്രംപിനെ പിണക്കാതിരിക്കാനുള്ള ശ്രദ്ധ പ്രകടമായിരുന്നു. ഏതാണ്ടെല്ലാ ലോക രാഷ്ട്രങ്ങളും ഇതിനെ ശക്തമായി അപലപിച്ചപ്പോൾ, ഇന്ത്യ പ്രതികരിക്കാൻ വൈകി. ഒടുവിൽ പുറത്തിറക്കിയ പ്രസ്താവനയിൽ അമേരിക്കയുടെ പേരു പോലും പരാമർശിച്ചില്ല. വെനിസ്വേലയിലെ കടന്നുകയറ്റത്തിനെതിരെ ന്യൂയോർക് മേയർ സോഹ്‌റാൻ മംദാനി പോലും ട്രംപിനെ വിളിച്ചു പ്രതിഷേധിച്ച സമയത്തായിരുന്നു ഇത്.

പക്ഷേ, ഈ നിശ്ശബ്ദതകൊണ്ടും ഗുണമൊന്നുമുണ്ടായില്ല. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഒരു യോഗത്തിൽ മോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ട്രംപ് പറഞ്ഞത് ഇങ്ങനെയാണ്: ‘‘പ്രധാനമന്ത്രി മോദി എന്നെ കാണാൻ വന്നു; സർ, എനിക്ക് നിങ്ങളെ ഒന്നു കാണാൻ സാധിക്കുമോ എന്ന് ചോദിച്ചു. അതെ, എനിക്ക് അദ്ദേഹവുമായി നല്ല ബന്ധമാണുള്ളത്. പക്ഷേ, അദ്ദേഹം എന്നോട് അത്ര സന്തോഷത്തിലല്ല, കാരണം റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചതുകാരണം അവർക്ക് ഇപ്പോൾ വലിയ നികുതി നൽകേണ്ടി വരുന്നുണ്ട്.’’താൻ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ അതൃപ്തനാണെന്ന് മോദിക്ക് അറിയാമായിരുന്നെന്നും, തന്നെ സന്തോഷിപ്പിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നെന്നും എയർഫോഴ്സ് വണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു.

കൊളംബിയ, മെക്സികോ, ഗ്രീൻലൻഡ്, ഇറാൻ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലേക്ക് തന്റെ നവ-സാമ്രാജ്യത്വ നയങ്ങൾ ട്രംപ് വ്യാപിപ്പിക്കുമ്പോൾ, മോദിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം എങ്ങനെ മുന്നോട്ട് പോകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

(അവസാനിച്ചു)

(മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ലേഖകൻ thewire.in ൽ എഴുതിയ Realpolitik കോളത്തിന്റെ സംഗ്രഹ വിവർത്തനം)

Show Full Article
TAGS:PM Modi Donald Trump 
News Summary - Modi remains silent despite insulting India Madhyamam Article by P Raman
Next Story