മോഹൻലാലും വീണപൂവും
text_fieldsചലച്ചിത്ര മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ അംഗീകാരമായ ദാദാ സാഹെബ് ഫാൽക്കെ അവാർഡിന് നമ്മുടെ മോഹൻലാൽ (പലർക്കും പ്രിയപ്പെട്ട ‘ലാലേട്ടൻ’) അർഹനായത് ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയങ്ങളെ അഭിമാനപൂരിതമാക്കി എന്ന് നിസ്സംശയം പറയാം. പുരസ്കാര സമർപ്പണ ചടങ്ങിൽ മോഹൻലാൽ നടത്തിയ പ്രതിസ്പന്ദനം ആശയങ്ങൾ ഭംഗിയായി അടുക്കിവെച്ച് ചിട്ടയോടു കൂടിയുള്ളതായിരുന്നു. നന്നായി തയാറാക്കിയ ആ പ്രസംഗം, പെട്ടെന്നാർക്കും അനുകരിക്കാൻ പറ്റാത്ത മോഹൻലാൽ ശൈലിയും അത്യാകർഷകമായ ശബ്ദവും ചേർന്നപ്പോൾ അതിമനോഹരമായി.
അപ്പോഴും ഒരു ചെറിയ പിശകുപറ്റി; ആശയഗംഭീരനായ കുമാരനാശാന്റെ ‘വീണപൂവി’ൽനിന്ന് ഒരു ശ്ലോകം ഉദ്ധരിക്കാൻ ആഗ്രഹിച്ചെങ്കിലും, ചേർത്തത് മറ്റു ചില വരികളായിപ്പോയി. തെറ്റ് ചൂണ്ടിക്കാണിക്കുന്നതിൽ അപാകതയൊന്നുമില്ല. ആർക്കും സംഭവിച്ചേക്കാവുന്ന അത്തരമൊരു പിശക് പർവതീകരിക്കുന്നത് അഭികാമ്യമല്ല.
ഈ സന്ദർഭത്തിൽ സമാനമായ ഒരു സ്വന്തം അനുഭവം ഓർത്തുപോകുന്നു. കേരള ഹൈകോടതിയിൽ ന്യായാധിപനായിരിക്കെ, കേന്ദ്രം നിർമിച്ച ഹിന്ദു നിയമത്തിന് ഒരു വ്യാഖ്യാനം നടത്തേണ്ടിവന്നു. ഉപേക്ഷിക്കപ്പെട്ട ഭാര്യക്കും കുട്ടികൾക്കും ജീവിതച്ചെലവ് നൽകാൻ ഭർത്താവിന് നിയമപരമായ ബാധ്യതയില്ലേ? ഉണ്ട് എന്നു തന്നെയാണ് നിയമം അനുശാസിക്കുന്നത്. പക്ഷേ, അത് നിഷേധിക്കപ്പെട്ടാൽ?
കോടതി മാത്രമാണ് ഏക അത്താണിയെന്നതിനാൽ ആ അശരണർ സങ്കടപരിഹാരത്തിനായി കോടതിയെ സമീപിച്ചു. ഏറെക്കാലമായി എല്ലാ ജീവിത സൗകര്യങ്ങളും നിഷേധിക്കപ്പെട്ട തങ്ങൾക്ക്, ജീവിതം കഴിഞ്ഞുകൂടാനുള്ള താൽക്കാലിക സംവിധാനമെങ്കിലും അനുവദിക്കണമെന്നായിരുന്നു അവരുടെ മിതവും ന്യായവുമായ അപേക്ഷ. പക്ഷേ, കീഴ്കോടതി അത് അനുവദിച്ചില്ല. അന്തിമവിധി വരുമ്പോൾ അവകാശപ്പെട്ടതെല്ലാം കിട്ടുമെന്നും കേസ് നടക്കുന്നതിനിടെ ഇടക്കാലാശ്വാസം നൽകാൻ അധികാരമില്ലെന്നുമായിരുന്നു കീഴ്കോടതിയുടെ നിലപാട്.
നിയമത്തെ പദാനുപദമായി വ്യാഖ്യാനിച്ചാൽ ഒരുപക്ഷേ ആ നിലപാട് ശരിയാണെന്ന് തോന്നിയേക്കാം. പക്ഷേ, മനുഷ്യജീവനും അന്തസ്സും ഉയർത്തിപ്പിടിക്കാനുള്ളതാണല്ലോ നിയമം. ഇവിടെയാണ് ഹൈകോടതിക്ക് ഒരു നിലപാട് എടുക്കേണ്ടി വന്നത്. പുതുതായി രൂപംകൊണ്ട നിയമമാകയാൽ വ്യാഖ്യാനത്തിന് സഹായിക്കുന്ന മറ്റു ഹൈകോടതി വിധികൾ ലഭ്യമായിരുന്നില്ല. ഈ നിയമപ്രശ്നത്തിന്റെ പരിണതി ഇന്ത്യയാകെ ഉറ്റുനോക്കുന്നതുമാണ്. താൽക്കാലികച്ചെലവിനുള്ള അപേക്ഷ കേസിന്റെ അവസാനം വരെ അനുവദിക്കപ്പെട്ടില്ലെങ്കിൽ അതുമൂലം ഉണ്ടാകുന്ന ഭവിഷ്യത്ത് അതിഗുരുതരവും വേദനാജനകവുമായിരിക്കും. വരുമാനമൊന്നുമില്ലാതെ എങ്ങനെയാണ് ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടമ്മയും പറക്കമുറ്റാത്ത രണ്ട് കുട്ടികളും ജീവിതം തള്ളിനീക്കുക?
താൽക്കാലികാശ്വാസം ഭർത്താവ് കൊടുത്തേ തീരൂ എന്നായിരുന്നു കേരള ഹൈകോടതിയുടെ തീരുമാനം. ഈ വിധിന്യായത്തെ അതിരൂക്ഷമായും അൽപം ക്രൂരമായും വിമർശിച്ചവരിൽ സീനിയർ അഭിഭാഷകരായ പി.വി. അയ്യപ്പനും (അന്നത്തെ അഡ്വക്കറ്റ് ജനറൽ), കേളു നമ്പ്യാരും ഉൾപ്പെടും. താൽക്കാലികാശ്വാസത്തിന്റെ തുക എങ്ങനെ നിശ്ചയിക്കും, അതിന് ഒട്ടേറെ തെളിവുകൾ പരിശോധിക്കേണ്ടേ എന്നൊരു വാദവും ഉണ്ടായിരുന്നു. തർക്കരഹിതമായ ചില വസ്തുതകൾ പരിഗണിച്ചുകൊണ്ടുതന്നെ തുക നിർണയിക്കാൻ സാധിക്കുമെന്നായിരുന്നു ഹൈകോടതിയെടുത്ത മറ്റൊരു ശക്തമായ നിലപാട്.
ഭാര്യയെയും കുട്ടികളെയും സംരക്ഷിക്കാനുള്ള നിയമപരമായ ബാധ്യത ഭർത്താവിനുണ്ടെങ്കിൽ, അവരുടെ സംരക്ഷണാർഥം താൽക്കാലികമായി എന്ത് തുക കൊടുക്കാൻ സാധിക്കുമെന്ന കാര്യം മാത്രമേ തിട്ടപ്പെടുത്തേണ്ടതുള്ളൂ. സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിന്റെ ശമ്പളം നിശ്ചിതമാണ്. വീട്ടുവാടക, വാഹനച്ചെലവ്, സ്വന്തം ആവശ്യം എന്നീ ചെലവുകൾക്ക് വക മാറ്റിവെച്ചാലും, താൽക്കാലികാശ്വാസം നൽകാനുള്ള തുക ഭർത്താവിന്റെ കൈയിലുണ്ടാകുമെന്ന് തർക്കമില്ലാത്ത വിവരങ്ങളിൽനിന്ന് മനസ്സിലാക്കാം. അങ്ങനെയാണ് പ്രതിമാസം ഒരു നിശ്ചിത തുക ചെലവിന് നൽകാൻ ഹൈകോടതി നിശ്ചയിച്ചത്.
ഇതേ പ്രശ്നം, സ്വാഭാവികമായും ഇന്ത്യയിലെ മറ്റു ഹൈകോടതികളിലും ഉന്നയിക്കപ്പെട്ടു. കേരളത്തിലെ വിധിന്യായം പിന്തുടർന്നുകൊണ്ടാണ് മറ്റെല്ലാ കോടതികളും ഈ കാര്യത്തിൽ വ്യാഖ്യാനം നൽകിയതും വിധി പ്രസ്താവിച്ചതും.
അഭിഭാഷകരും നിയമപണ്ഡിതന്മാരും നിയമ അധ്യാപകരും ഉൾപ്പെടെ ഈ വിധിന്യായത്തെ ശ്ലാഘിച്ച നിയമജ്ഞരും ഏറെയുണ്ടായിരുന്നു. അതിനിടയിലാണ്, കൽക്കത്തയിൽനിന്ന് പുറത്തിറങ്ങുന്ന ‘കൽക്കത്താ വീക്ക്ലി’ എന്ന നിയമ പ്രസിദ്ധീകരണം കേരള ഹൈകോടതി വിധിന്യായത്തെ അപഗ്രഥിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചത്. വിധിന്യായത്തെ പ്രശംസിക്കുകയും നിയമവ്യാഖ്യാനത്തിലെ ധീരതയെ അഭിനന്ദിക്കുകയും ചെയ്തതിനൊപ്പം, വിധിന്യായത്തിലുദ്ധരിച്ച ഒരു ഇംഗ്ലീഷ് കവിത പകർത്തുന്നതിൽ ഉണ്ടായ ചെറിയ പിശക് ചൂണ്ടിക്കാണിക്കാനും ആ ലേഖനം മറന്നില്ല.
ഉപേക്ഷിക്കപ്പെട്ട ഭാര്യയുടെയും കുട്ടികളുടെയും ദുരവസ്ഥ വിവരിക്കുമ്പോൾ, ഇതേ പ്രശ്നത്തിന്റെ മറ്റൊരു വശം ഇംഗ്ലീഷ് കവിയായ മാത്യു അർണോൾഡ് പ്രതിപാദിച്ചിട്ടുണ്ടെന്നായിരുന്നു വിധിന്യായത്തിലെ പരാമർശം. ‘The Forsaken Merman’ എന്ന കവിതയിലെ നാല് വരികളാണ് വിധിന്യായത്തിൽ ഉദ്ധരിച്ചിരുന്നത്. കവിതയുടെ വരികൾ ശരിയായ രൂപത്തിൽ ലേഖനത്തിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു. ആ തെറ്റിനെപ്പറ്റിയുള്ള പരാമർശം അതിമൃദുലമായിരുന്നു. ‘ഒരുപക്ഷേ ഓർമയിൽനിന്ന് ഉദ്ധരിച്ചതുകൊണ്ടാവാം ഈ പിശക്’ എന്നൊരു ആനുകൂല്യവും അവർ നൽകി. ഇത്തരം നിസ്സാരമായ തെറ്റുകളല്ല, മറിച്ച് കേന്ദ്രീകൃത ആശയത്തിന്റെ ശക്തിയും ഭംഗിയുമാണ് പരിഗണിക്കേണ്ടതെന്ന സന്ദേശമാണ് ആ ലേഖനം നൽകിയത്.
മോഹൻലാലിന്റെ പ്രസംഗം ചർച്ച ചെയ്യുന്ന ഈ സന്ദർഭത്തിലും ഈ സന്ദേശം അതിപ്രസക്തമാണ്. പരിമിതികളുള്ള മനുഷ്യന് പലപ്പോഴും തെറ്റുകൾ പറ്റിയേക്കാമെന്ന് നിയമം തന്നെ വിലയിരുത്തിയിട്ടുണ്ട്. അത്തരം തെറ്റുകൾ തിരുത്താനുള്ള സംവിധാനങ്ങളും നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കണ്ണിൽ എണ്ണയൊഴിച്ച് സൂക്ഷിച്ചാൽ പോലും തെറ്റുകൾ ഏതെങ്കിലും വിധത്തിൽ കടന്നുകൂടിയേക്കാം. അമേരിക്കൻ സുപ്രീം കോടതിയുടെ അതിപ്രധാനമായ ഒരു വിധിന്യായത്തിൽ പോലും അത് സംഭവിച്ചിട്ടുണ്ട്. നിരുപദ്രവകരമായ അത്തരം തെറ്റുകൾ ചർച്ചാവിഷയമാക്കേണ്ട കാര്യമില്ല.
ആ പ്രസംഗം ആശാന്റെ ‘വീണപൂവ്’ വീണ്ടും ചർച്ചയിൽ കൊണ്ടുവരാൻ ഉപകരിച്ചു എന്നതാണ് ഗുണകരമായ ഒരു വശം. ‘വീണപൂവ്’ ഒട്ടേറെ ഭാഷകളിലേക്ക് മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. പ്രഫ. ജി. കുമാരപിള്ളയും കാനഡയിലുള്ള അലക്സ് കണ്ടത്തിലും തയാറാക്കിയ ഇംഗ്ലീഷ് പരിഭാഷകളുണ്ട്. അറബി പരിഭാഷ ബിരുദ വിദ്യാർഥികളുടെ പാഠ്യപദ്ധതിയിലുണ്ട്.
സംസ്കൃതത്തിലേക്ക് പരിഭാഷ നടത്താൻ കേരളീയരായ സംസ്കൃത പണ്ഡിതർ ഏറെ ശ്രമിച്ചിരുന്നുവെങ്കിലും അവക്ക് വേണ്ടത്ര അംഗീകാരം ലഭിച്ചിരുന്നില്ല. ഈ സന്ദർഭത്തിലാണ് ‘പതിതപുഷ്പം’ എന്ന പേരിൽ രാജഗോപാൽ കാരപ്പറ്റ ‘വീണപൂവ്’ സംസ്കൃത ഭാഷയിലേക്ക് അതിമനോഹരമായി മൊഴിമാറ്റം ചെയ്തത്. ഈയിടെ ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്ത ഒരു പ്രൗഢസദസ്സിൽ വെച്ച്, സംസ്കൃത പണ്ഡിതൻ കൂടിയായ അഡ്വ. സലാഹുദ്ദീൻ കേച്ചേരിയിൽനിന്ന് ബ്രഹ്മസ്വം മഠം വേദപാഠശാല പ്രസിഡന്റ് അഡ്വ. പി. പരമേശ്വരൻ നമ്പൂതിരിയാണ് ആദ്യപ്രതി സ്വീകരിച്ചത്. സംസ്കൃത സർവകലാശാല വി.സി പ്രഫ.കെ.കെ. ഗീതാകുമാരി, അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാൻ തുടങ്ങിയവരുടെ സാന്നിധ്യവും ചടങ്ങിലുണ്ടായിരുന്നു.
സാഹിത്യലോകവും ചലച്ചിത്ര മേഖലയും തമ്മിലെ ബന്ധം സുദൃഢമാക്കേണ്ടതുണ്ട് എന്ന് സൂചിപ്പിക്കാനും മോഹൻലാലിന്റെ പ്രസംഗത്തെ തുടർന്നുള്ള ചർച്ച ഉപകരിച്ചേക്കുമെന്ന് വിശ്വസിക്കട്ടെ.