'കാവാലം' കണ്ടെത്തിയ നെടുമുടി
text_fieldsനെടുമുടിക്കാരൻ വേണുവിനെ കലാജീവിതത്തിലേക്ക് തിരിതെളിയിച്ചത് കാവാലം. വിധികർത്താവായെത്തി നെടുമുടി വേണുവിെൻറ അഭിനയചാരുത ഇഷ്ടപ്പെട്ട സാഹിത്യകാരൻ കാവാലം നാരായണപ്പണിക്കർ നാടകയാത്രയിൽ കൂടെകൂട്ടുകയായിരുന്നു. ആലപ്പുഴ എസ്.ഡി കോളജിൽ ബി.എക്ക് പഠിക്കുന്ന കാലത്താണ് കലാരംഗത്ത് സജീവമായത്. സംവിധായകൻ ഫാസിലായിരുന്നു വേണുവിെൻറ സഹപാഠി. ഫാസിൽ എഴുതി സംവിധാനം ചെയ്ത 'വിചാരണ' എന്ന നാടകം ആലപ്പുഴയിെല മത്സരത്തിൽ അരങ്ങേറുന്ന കാലത്താണ് കാവാലവുമായി കണ്ടുമുട്ടുന്നത്. വിധികർത്താക്കളിൽ ഒരാളായി കാവാലവുമുണ്ടായിരുന്നു. മത്സരത്തിൽ ഒന്നാംസ്ഥാനം 'വിചാരണ'ക്ക്. നല്ല നാടകത്തിനുള്ള പുരസ്കാരം ഫാസിലിനും നല്ല നടനുള്ളത് വേണുവിനും കിട്ടി. സമ്മാനദാനം കഴിഞ്ഞ് അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചു.
പുതിയ നാടകസംഘം വേണമെന്ന ചിന്തയും കാവാലം പങ്കിട്ടു. ഇത് നെടുമുടിക്ക് അടുത്തുള്ള കാവാലത്തെ അറിയപ്പെടുന്ന സാഹിത്യകാരനുമായി കൂടുതൽ അടുപ്പിച്ചു. പിന്നീടാണ് കാവാലത്തിെൻറ മേൽനോട്ടത്തിൽ നാടകം റിഹേഴ്സൽ ആരംഭിച്ചത്. അക്കാലത്തെ ശീലിച്ച നാടക സമ്പ്രദായത്തിൽനിന്ന് വ്യത്യസ്തമായിരുന്നു പരിശീലനം. താളംകൊട്ടുക, താളംപറയുക, നൃത്തച്ചുവടുകൾ അവതരിപ്പിക്കുക, സംഭാഷണം ശൈലീകൃതമായി പറയുക എന്നിവയായിരുന്നു പ്രധാനം.
'ൈദവത്താർ' നാടകത്തിെൻ റിഹേഴ്സലിനെത്തിയപ്പോൾ വേണുവിനോട് ഉടുക്ക് എടുത്ത് കൈയിൽ െകാടുത്തിട്ട് ആദ്യം കൊട്ടാനാണ് പറഞ്ഞത്. ഈ നാടകത്തിൽ 'കാലൻ കണിയാൻ' എന്ന വേണുവിെൻറ കഥാപാത്രം വായ്ത്താരിയും നൃത്തചലനങ്ങളും താളാത്മക സംഭാഷണങ്ങളുമായി നിറഞ്ഞുനിന്നു.
ആലപ്പുഴ എസ്.ഡി.വി സ്കൂളിലായിരുന്നു അരേങ്ങറ്റം. ജി. ശങ്കരപ്പിള്ള, സി.എൻ. ശ്രീകണ്ഠൻ നായർ, അയ്യപ്പപ്പണിക്കർ, കടമ്മനിട്ട രാമകൃഷ്ണൻ, ആവിഷ്കാരത്തിന് വേറിട്ട വഴികൾ തേടുന്ന നാടകകൃത്തുക്കൾ തുടങ്ങിയ പ്രമുഖരാണ് സദസ്സിൽ നിറഞ്ഞിരുന്നത്. നാടകം കഴിഞ്ഞതും എല്ലാവരും എഴുന്നേറ്റുനിന്ന് ദീർഘനേരം കൈയടിച്ചു. പത്മരാജെൻറ 'ഒരിടത്തൊരു ഫയൽവാനിലെ പ്രധാന കഥാപാത്രമായി നെടുമുടി വേണുവിെന തെരഞ്ഞെടുത്തതിന് പിന്നിൽ ഈ നാടകമായിരുന്നു പ്രചോദനം.
തിരുവനന്തപുരത്ത് കളിച്ച 'ദൈവത്താർ' നാടകത്തിെൻറ സദസ്സിലുണ്ടായിരുന്ന പത്മരാജൻ 25 വയസ്സുകാരൻ വേണുവിെൻറ അഭിനയമികവ് തിരിച്ചറിഞ്ഞാണ് സിനിമയിലേക്ക് ക്ഷണിച്ചത്. ഈ ചിത്രത്തിൽ നരബാധിച്ച ശിവൻപിള്ള മേസ്തിരിയുടെ വേഷത്തിലാണ് തിളങ്ങിയത്. കാവാലത്തിെൻറ കളരിയിൽനിന്ന് അരവിന്ദൻ, കെ.ജി. ജോർജ്, ഭരതൻ, ജോൺ എബ്രഹാം അടക്കമുള്ളവരുെട സിനിമകളിൽ നിറസാന്നിധ്യമായി.
◆