അഭിനയത്തിലെ പടയണിമേളം
text_fields'തനത്' എന്ന വാക്കുമായി നെടുമുടി വേണുവിെൻറ അഭിനയത്തിനും ജീവിതത്തിനും അഭേദ്യമായ ബന്ധമുണ്ട്. തനത് നാടകവേദി എന്ന കാവാലം കളരിയിൽനിന്നാണ് നെടുമുടി വേണു എന്ന നടൻ രൂപെപ്പടുന്നത്. തനത് എന്നത് നാട്ടിൻപുറത്തിെൻറ തനിസ്വരൂപമാണ്. അതായത് മണ്ണിെൻയും ജലത്തിെൻറയും പാട്ട്, പടയണിപോലെ പച്ചിലപ്പാളയുടെ മണമുള്ള കല, നാടിെൻറ സംഗീതം. തനത് എന്നാൽ, കൃത്രിമത്വമില്ലാത്തത് എന്ന വാക്യാർഥം പോലെ കൃത്രിമമല്ലാത്ത തനത് അഭിനയത്തിെൻറ മലയാള സിനിമയിലെ ആൾ രൂപമാണ് നെടുമുടി വേണു.
തിരുവനന്തപുരം വട്ടിയൂർക്കാവിനടുത്ത് 'തമ്പ്' എന്നൊരു വീടുണ്ട്. മലയാളത്തിലെ മഹാനടെൻറ ഇൗ വീടിന് ഒരു താരജാടയുമില്ല. നെടുമുടിയുടെ മനസ്സുപോലെ പ്രകൃതി ചേർന്നിണങ്ങിയ വീട്. ലാറി ബേക്കർ രൂപകൽപനയിൽ നിർമിച്ച തനത് വീട്. ഒരു വർഷം മുമ്പ് ഇവിടെ ഒരഭിമുഖത്തിനെത്തിയപ്പോൾ കാവി മുണ്ടുടുത്ത് കസേരയിൽ കാൽകയറ്റിവെച്ച് ഒരു നാടൻ മനുഷ്യനായി ഇൗ മഹാനടൻ ഇരുന്നു. പാട്ടുപാടി, താളം പിടിച്ച് ഒാർമകൾ പങ്കിട്ടു.
സിനിമാ നടനാകണമെന്ന് ഒരു കുട്ടനാട്ടുകാരന് സ്വപ്നം കാണാന്‍ പോലും കഴിയാത്ത കാലം. കോളജിലെത്തിയതിനു ശേഷമാണ് സിനിമകളൊക്കെ നിരന്തരം കണ്ടുതുടങ്ങുന്നത്. ഒാണക്കളികൾ, ഉടുക്ക് കൊട്ടിയുള്ള പാട്ട്, വള്ളംകളി, നാടകം, പടയണി അങ്ങനെ കലയിൽ മുങ്ങിയ കുട്ടിക്കാലം. വെട്ടുകല്ലിെൻറ വെള്ള ചുരണ്ടിയെടുത്ത് മേക്കപ്പ് പൗഡറുണ്ടാക്കും. ആറ്റിലൂടൊഴുകുന്ന പോള എടുത്തുണക്കി വാഴനാരില്‍ കെട്ടി അതുവെച്ച് താടിയുണ്ടാക്കും. ഇങ്ങനെയായിരുന്നു നാടകാഭിനയത്തിെൻറ തുടക്കം.
സ്ത്രീ വേഷങ്ങളും കെട്ടുമായിരുന്നു. സ്ത്രീ വേഷം കെട്ടിയതിന് സ്കൂളില്‍ പഠിക്കുമ്പോള്‍ ബെസ്റ്റ് ആക്ടര്‍ പ്രൈസും കിട്ടിയിട്ടുണ്ട്.പാട്ടും താളവും കുട്ടിക്കാലത്തേയുണ്ട്. ബാല്യകാലത്തേ സംഗീതം പഠിച്ചിരുന്നു. കര്‍ണാടക സംഗീതവും കഥകളിയും മൃദംഗവുമൊക്കെ പഠിച്ചിരുന്നു. പിതാവ് നല്ല ഒരു കലാരസികനായിരുന്നു. വൈകീട്ടാകുമ്പോള്‍ ചുറ്റുവട്ടത്തെ പാട്ടുകാരൊക്ക വീട്ടില്‍ ഒത്തുകൂടും. അങ്ങനെ സംഗീത സാന്ദ്രമായ ബാല്യകാലം.
വളരെ കുട്ടിയായിരുന്നപ്പോള്‍ ആരെ കിട്ടിയാലും അനുകരിക്കുന്ന ഒരു രീതിയുണ്ടായിരുന്നു. വീട്ടില്‍ ആരെങ്കിലും പുതുതായി വന്നുപോയി കഴിഞ്ഞാല്‍ അവരുടെ സംസാരം, നടപ്പ് ഇതൊക്കെ അനുകരിക്കും. ആലപ്പുഴയില്‍ ഒരു നാടകമത്സരം നടന്നു. കാവാലം നാരായണ പണിക്കരായിരുന്നു ജഡ്ജ്. നാടകം കഴിഞ്ഞപ്പോള്‍ അദ്ദേഹം വിളിപ്പിച്ചു. നമുക്കൊരു നാടക സംഘമുണ്ടാക്കണം, വീട്ടിലേക്ക് വരണം. കാവാലവുമായിട്ടുള്ള ബന്ധം തുടങ്ങുന്നത് അങ്ങനെയാണ്.
ആദ്യമൊന്നും ആ നാടക സങ്കല്പവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. പാട്ട്, താളം ഇതൊക്കെ മനസ്സിലുള്ളതുകൊണ്ട് പിന്നീട്, യോജിച്ചു. തിരുവാഴ്ത്താന്‍ എന്ന നാടകമാണ് ആദ്യം ചെയ്തത്. അതുകഴിഞ്ഞ് ദൈവത്താര്‍. തുടർന്ന്, അവനവന് കടമ്പ എന്ന നാടകം സംവിധാനം ചെയ്യുന്നത് അരവിന്ദനാണ്. സ്റ്റേജില്‍ കളിക്കേണ്ടതല്ല, മരച്ചുവട്ടില്‍ കളിക്കേണ്ട നാടകമാണിതെന്ന് തിരിച്ചറിഞ്ഞത് അരവിന്ദനാണ്. ഈ നാടകകാലത്താണ് 'തമ്പ്' എന്ന സിനിമ അരവിന്ദൻ തുടങ്ങുന്നത്.
നീണ്ട മുടിയും നീണ്ട താടിയുമൊക്കെയുണ്ടായിരുന്ന വേണു അതിന് യോജിക്കുമെന്ന് തിരിച്ചറിഞ്ഞതും അരവിന്ദൻ. പിന്നീട്, അഭിനയിച്ച സിനിമ ഭരതെൻറ ആരവം. പത്രപ്രവർത്തകനായി ഇൻറര്‍വ്യൂ ചെയ്യാന്‍ വേണ്ടി ചെല്ലുമ്പോഴാണ് ഭരതനെ പരിചയപ്പെടുന്നത്. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ നല്ല ബന്ധമായി. അങ്ങനെയാണ് ആരവം എന്ന സിനിമ ചെയ്തത്. പിന്നീട്, തകര വന്നു. നെടുമുടി വേണു എന്ന നടനെ സാമാന്യജനം തിരിച്ചറിഞ്ഞത് ചെല്ലപ്പന് ആശാരി എന്ന ആ കഥാപാത്രത്തിലൂടെയാണ്. പിന്നെ, ജീവിതത്തിെൻറ സമഗ്ര ഭാവങ്ങളും ഒത്തിണങ്ങിയ എത്രേയാ കഥാപാത്രങ്ങൾ.
നർത്തകനെയും സംഗീതജ്ഞനെയും നാടക നടനെയുമൊക്കെ അവതരിപ്പിക്കുേമ്പാൾ കലയുടെ തികവ് അദ്ദേഹത്തിെൻറ ശരീരമാസകലം നിഴലിക്കും. ഭരതത്തിലെയും സര്ഗത്തിലെയുമൊക്കെ സംഗീതജ്ഞരെ എങ്ങനെ മലയാളിക്ക് മറക്കാൻ കഴിയും. കാമുകന് പാടുന്നതും ഭാഗവതര്‍ സ്റ്റേജിലിരുന്ന് പാടുന്നതും ഭാഗവതര്‍ കുട്ടിയെ പഠിപ്പിക്കുന്നതും വ്യത്യസ്തമാണ്. അത് ഇത്രയും ഉൾക്കൊള്ളാൻ നെടുമുടിക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ.
25 വയസ്സുള്ളപ്പോൾ പത്മരാജെൻറ ഒരിടത്തൊരു ഫയല്‍വാനിൽ വൃദ്ധനായി അഭിനയിച്ചു. ആരണ്യകം, മിന്നാമിനുങ്ങിെൻറ നുറുങ്ങുവെട്ടം തുടങ്ങിയ സിനിമകളിലും പിന്നീട്, വൃദ്ധ കഥാപാത്രങ്ങളെ ചെറുപ്പത്തില്‍ തന്നെ അഭിനയിച്ചു. മുഖ്യധാരാ സിനിമയില്‍ നെടുമടി വേണു എന്ന നടനെ ശക്തമായി അടയാളപ്പെടുത്തിയ സിനിമയാണ് 'വിട പറയുംമുമ്പേ'. പിന്നീട്, മോഹെൻറ നിരവധി സിനിമകള്‍. രചന, ആലോലം, തീര്‍ഥം, മംഗളം നേരുന്നു.ഒാരോ സിനിമയിലും വേറിട്ട കഥാപാത്രങ്ങളായിരുന്നു. 'യവനിക' എക്കാലവും ഓര്‍ക്കേണ്ട സിനിമ തന്നെയാണ്. സിനിമ തിയറ്ററിലൊക്കെ വന്നുകഴിഞ്ഞതിനുശേഷം ഒരിക്കല്‍ കണ്ടപ്പോള്‍ കെ.ജി. ജോര്‍ജ് പറഞ്ഞു; ഇതുപോലെ ചെയ്യാന്‍ വേണുവിനേ കഴിയൂ.
അഭിനയത്തിെൻറ കാര്യത്തില്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന ബോധ്യം നെടുമുടിക്കെന്നും ഉണ്ടായിരുന്നു. പ്രശസ്തിയിലഭിരമിക്കുന്ന ആളായിരുന്നില്ല, നെടുമുടി. മലയാളികള്‍ ചാക്യാരുടെ പാരമ്പര്യത്തില്‍പെട്ടവരാണ്. ഒരു വികാരത്തിെൻറ ഏറ്റവും സൂക്ഷ്മമായ അഭിനയമാണ് ചാക്യാരുടേത്. തലനാരിഴ എന്നു പറയാവുന്ന ആഴത്തിലേക്ക് പോകുന്ന അഭിനയ സമ്പ്രദായമാണ് ചാക്യാര്‍കൂത്ത്. അവരുമായിട്ടൊക്ക താരതമ്യം ചെയ്യുമ്പോള്‍ സിനിമാനടന്മാർ ഒന്നുമല്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
'നോട്ടം' എന്ന സിനിമയില്‍ ചാക്യാരായി അഭിനയിച്ചിട്ടുണ്ട്. ചാക്യാരെയും കഥകളി നടനെയുമൊന്നും അറിയാത്തവനാണ് കുറച്ച് സിനിമയില്‍ അഭിനയിച്ചിട്ട് താന്‍ വലിയ നടനാണെന്ന് ഞെളിഞ്ഞുനടക്കുന്നതെന്ന് പച്ചക്ക് പറയാൻ ഇൗ മഹാനടനേ കഴിയൂ. കഴിഞ്ഞയാഴ്ച വരെ ഷൂട്ടിങ്ങിൽ നിറഞ്ഞുനിന്ന ശേഷമാണ് നെടുമുടി എന്ന അതുല്യ നടൻ അരങ്ങൊഴിയുന്നത്. മഹേന്ദ്രൻ എന്ന സംവിധായകെൻറ 'കോപം' എന്ന ചിത്രത്തിലെ അഭിനയം ചിത്രാഞ്ജലിയിൽ പൂർത്തിയാക്കുേമ്പാൾ രോഗം കീഴ്പ്പെടുത്തിയിരുന്നു.