നവ റഷ്യയും പുടിന്റെ മോഹങ്ങളും
text_fieldsമൂന്നു പതിറ്റാണ്ടു മുമ്പ് ഗോർബച്ചേവ് ചെയ്ത ‘മഹാ അബദ്ധ’ത്തിൽ കൈവിട്ടുപോയവ തിരിച്ചുപിടിച്ച് നൊവോറോസിയ അഥവാ നവ റഷ്യ സ്ഥാപിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് യുക്രെയ്ൻ തലസ്ഥാനത്തും അതിർത്തിനഗരങ്ങളിലും ഒരു വർഷംമുമ്പ് ഫെബ്രുവരി 24ന് റഷ്യൻ ബോംബറുകൾ പറന്നെത്തുന്നത്. മൂന്നു ദിവസം കൊണ്ട് എല്ലാം പൂർത്തിയാക്കി കിയവിൽ റഷ്യൻ ത്രിവർണ പതാക പാറിക്കാമെന്നായിരുന്നു ക്രൈംലിൻ യുദ്ധമാനേജർമാരുടെ കണക്കുകൂട്ടൽ. ലാഭക്കണക്കുകൾ നിരത്താൻ റഷ്യക്കുപോലും ധൈര്യമില്ലാത്ത ഈ അധിനിവേശത്തിനിറങ്ങാൻ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തൊക്കെയാകും?
ഒരു നാൾ കൊണ്ട് സംഭവിച്ചുപോയതല്ല ഈ കടന്നുകയറ്റം. 2013-14ൽ റഷ്യയുടെ സ്വന്തക്കാരനായ അന്നത്തെ യുക്രെയ്ൻ പ്രസിഡൻറ് വിക്ടർ യാനുകോവിച്ചിനെതിരെ നടന്ന ജനകീയ പ്രക്ഷോഭവും പിന്നാലെ പുറത്താകലും തുടക്കമിട്ട സംഭവപരമ്പരയിലെ അവസാന നടപടി മാത്രം. അന്ന് കരിങ്കടൽ തീരത്തുള്ള തന്ത്രപ്രധാനമായ ക്രിമിയ പിടിച്ചും കിഴക്കൻ ഡോൺബാസ് മേഖലയിൽ റഷ്യൻ അനുകൂല വിമത സർക്കാറുകളുണ്ടാക്കിയുമാണ് പുടിൻ നേരിട്ട് ഇടപെടൽ ആരംഭിച്ചത്.
റഷ്യ നൽകിയ ആയുധങ്ങളുമായി കിഴക്കൻ യുക്രെയ്ൻ നിയന്ത്രിച്ച വിമതർ നടത്തിയ സായുധ സംഘർഷങ്ങളിൽ എട്ടു വർഷങ്ങളിലായി കൊല്ലപ്പെട്ടത് ആയിരങ്ങൾ. പിറകെ, ബാൾട്ടിക് രാജ്യങ്ങൾ നാറ്റോയുടെ ഭാഗമാകുകയും ഒടുവിൽ സ്വീഡനും ഫിൻലൻഡും അംഗത്വത്തിന് അപേക്ഷ നൽകുകയുംചെയ്തതോടെ യുക്രെയ്ൻ കൂടി പോയാൽ നഷ്ടം ചെറുതാകില്ലെന്ന െക്രംലിൻ തിരിച്ചറിവ് സ്വാഭാവികം. യുക്രെയ്ൻ അധിനിവേശം വിജയത്തോളമെത്തിയെന്നു തോന്നിച്ച ഘട്ടത്തിൽപോലും നാറ്റോ ആയുധങ്ങൾ അല്ലലില്ലാതെ ഒഴുകിയതും പുടിൻ കണ്ടതാണ്.
യുക്രെയ്ൻ ജനസംഖ്യയുടെ വലിയ ഭാഗം ഇപ്പോഴും റഷ്യൻ ഭാഷ സംസാരിക്കുന്നവരാണ്. പരസ്പരം ചേർന്നുനിൽക്കുന്ന ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. എന്നാൽ, റഷ്യയോട് ചേരണോ അതോ സ്വന്തമായി നിൽക്കണോ എന്ന ചോദ്യമുയർന്നപ്പോഴൊക്കെയും സ്വതന്ത്ര രാജ്യത്തിന് വോട്ടുനൽകി അവർ.
ചുറ്റും രാജ്യങ്ങളെ കുടവിരിച്ചുനിർത്തി സ്വന്തം സുരക്ഷ ഉറപ്പാക്കിയ പഴയ ശീതയുദ്ധകാല സോവിയറ്റ് റഷ്യയല്ല ഇന്ന്. അന്ന് കൂടെനിന്നവരിൽ ബെലറൂസ് മാത്രമേയുള്ളൂ ഇപ്പോൾ. അടിച്ചമർത്തിയോ സാമന്തന്മാരെ വെച്ചോ മറ്റു ചിലയിടങ്ങളിൽ കൂടി റഷ്യ പിന്തുണ നിലനിർത്തിപ്പോരുന്നു. യുക്രെയ്ൻ മറുകണ്ടം ചാടിയാൽ അടി തീർച്ചയാണ്. സെലൻസ്കിയും ഇനി വരാനിരിക്കുന്നവരും റഷ്യയെ മനസ്സാ വരിക്കില്ലെന്നുറപ്പ്. അപ്പോൾപിന്നെ സൈനികമായി നിർവീര്യമാക്കൽ മാത്രമാണ് പോംവഴി.
യുക്രെയ്ന് വേറെയുമുണ്ട് സവിശേഷതകൾ. പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളിൽ റഷ്യ കഴിഞ്ഞാൽ ഏറ്റവും ജനസംഖ്യയുള്ള രാജ്യം. മേഖലയുടെ കാർഷിക ആസ്ഥാനം. ചെർണോബിൽ അടക്കം പ്രതിരോധ പ്രാധാന്യമുള്ള ഇടങ്ങൾ. യൂറോപ്പിലെ വലിയ ഉരുക്കു ഫാക്ടറിയടക്കം മോശമല്ലാത്ത ആസ്തികൾ. എല്ലാംകൂടി വശംമാറി നാറ്റോക്കൊപ്പമായാൽ പിന്നെ റഷ്യൻ വീഴ്ച എന്ന് സംഭവിച്ചു എന്നുമാത്രമേ അറിയാൻ ബാക്കിയുണ്ടാകൂ. അത് അനുവദിക്കാതിരിക്കുകയെന്നത് സ്വാഭാവിക ന്യായം.
ചരിത്രപരമായും ചേർത്തുനിർത്താൻ ചിലതുണ്ട്. യുക്രെയ്ൻ തലസ്ഥാനമായ കിയവ് ‘റഷ്യൻ പട്ടണങ്ങളുടെ മാതാവ്’ ആണ് ചരിത്രത്തിൽ. റഷ്യയിലെ ക്രിസ്ത്യൻ വേരുകൾ ആദ്യമായി ചെന്നുതൊടുന്ന മണ്ണ്. ആധുനിക റഷ്യൻ സംസ്കാരത്തിന് അടിത്തറയിട്ട കീവൻ റൂസ് രാജ്യത്തിെൻറ ആസ്ഥാനം. അവിടെനിന്നാണ് റഷ്യൻ, യുക്രെയ്നിയൻ, ബെലറൂസിയൻ പൈതൃകങ്ങൾ അനേക ശിഖരങ്ങളായി പടരുന്നത്.
രാജവാഴ്ചകളുടെ കാലത്ത് അധികാരത്തിന്റെ പല കൈകൾ മറിഞ്ഞ് 1793ൽ റഷ്യയുടെ ഭാഗമായത് കൂട്ടിവായിക്കേണ്ട മറ്റൊരു ചരിത്രം. യുക്രെയ്ൻ ഭാഷപോലും നിരോധിച്ചായിരുന്നു ഇക്കാലത്ത് റഷ്യൻവത്കരണം നടപ്പാക്കിയത്. സ്റ്റാലിൻ അടിച്ചേൽപിച്ച കൊടിയ വറുതിയിൽ ദശലക്ഷങ്ങൾ ജീവനറ്റുവീണത് ഇപ്പോഴും രാജ്യം ഞെട്ടലോടെ ഓർക്കുന്നുണ്ട്. ചരിത്രപരമായ തുടർച്ചകൾ കൊണ്ടാകാം യുക്രെയ്ൻ എന്ന വലിയ രാജ്യത്തിന്റെ കിഴക്കൻ മേഖല റഷ്യയോട് ചെറുതായി ചായ്‍വ് കാട്ടുമ്പോൾ പടിഞ്ഞാറൻ മേഖല ഏറെയായി വലത്തോട്ടാണ് നിൽക്കാറ്. യൂറോപ്പിനോട് ചേരാനാവശ്യപ്പെട്ട് 2004ൽ നടന്ന ഓറഞ്ച് വിപ്ലവം ഇതിലൊന്ന്.
2001ലെ കണക്കുകൾ പ്രകാരം 80 ലക്ഷം റഷ്യക്കാർ യുക്രെയ്നിലുണ്ടായിരുന്നു. അവരുടെ സംരക്ഷണം തങ്ങളുടെ ചുമതലയാണെന്ന് ക്രെംലിൻ വിശ്വസിക്കുന്നു. 1954ൽ ക്രിമിയയെ യുക്രെയ്ന്റെ ഭാഗമാക്കി ക്രൂഷ്ചേവ് ചെയ്ത ‘അബദ്ധം’ ആറു പതിറ്റാണ്ടിനുശേഷം തിരുത്തിയതും ഇതിന്റെ ഭാഗമായിരുന്നു. യുക്രെയ്ൻ വഴിയാണ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് റഷ്യൻ എണ്ണയിലേറെയും കടന്നുപോയിരുന്നത്. വ്യാപാര പങ്കാളിത്തം വേറെ. രാഷ്ട്രീയ ചങ്ങാത്തം നൽകുന്ന സുരക്ഷ മറ്റൊന്ന്. എല്ലാം ഇല്ലാതായിപ്പോകുന്നുവെന്ന തോന്നൽ യാഥാർഥ്യമായി പുലരുന്ന ആദ്യ നിമിഷത്തിൽ ആക്രമണവും സ്വാഭാവികം. അത്രമാത്രമേ ശരിക്കും സംഭവിച്ചിട്ടുള്ളൂ.