നിർമല സീതാരാമന്റെ റീഗണോമിക്സ്
text_fields
രാജ്യം കണ്ട ഏറ്റവും വലിയ പരോക്ഷ നികുതി പരിഷ്കരണമായിരുന്നു 101ാം ഭരണഘടനാ ഭേദഗതിയെ അടിസ്ഥാനമാക്കി 2017 ജൂലൈ ഒന്നിന് നിലവിൽവന്ന ചരക്കു- സേവന നികുതി (ജി.എസ്.ടി). ജൂൺ മുപ്പതിനെയും ജൂലൈ ഒന്നിനെയും വേർതിരിക്കുന്ന പാതിരയിൽ ഇരുസഭകളുടെയും സംയുക്ത സമ്മേളനം പാർലമെൻറിന്റെ സെൻട്രൽ ഹാളിൽ സംഘടിപ്പിച്ചാണ് ഒരു രാജ്യം, ഒരു നികുതിഘടന എന്ന ആശയം പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നത്. ഈ നികുതി പരിഷ്കരണത്തോട് തുടക്കത്തിൽതന്നെ എതിർപ്പ് പ്രകടിപ്പിച്ച്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
രാജ്യം കണ്ട ഏറ്റവും വലിയ പരോക്ഷ നികുതി പരിഷ്കരണമായിരുന്നു 101ാം ഭരണഘടനാ ഭേദഗതിയെ അടിസ്ഥാനമാക്കി 2017 ജൂലൈ ഒന്നിന് നിലവിൽവന്ന ചരക്കു- സേവന നികുതി (ജി.എസ്.ടി). ജൂൺ മുപ്പതിനെയും ജൂലൈ ഒന്നിനെയും വേർതിരിക്കുന്ന പാതിരയിൽ ഇരുസഭകളുടെയും സംയുക്ത സമ്മേളനം പാർലമെൻറിന്റെ സെൻട്രൽ ഹാളിൽ സംഘടിപ്പിച്ചാണ് ഒരു രാജ്യം, ഒരു നികുതിഘടന എന്ന ആശയം പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നത്. ഈ നികുതി പരിഷ്കരണത്തോട് തുടക്കത്തിൽതന്നെ എതിർപ്പ് പ്രകടിപ്പിച്ച് സമ്മേളനത്തിൽ നിന്ന് ഒഴിഞ്ഞുനിന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ പല സാധനങ്ങൾക്കും സേവനങ്ങൾക്കുമുള്ള നികുതി ജനങ്ങൾക്ക് താങ്ങാൻ പറ്റാത്തതാണെന്നും പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. പുതുക്കിയ നികുതികൾ ജനങ്ങളെ കൊള്ളയടിക്കലാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, ‘ഷോലെ’ സിനിമയിലെ കൊള്ളത്തലവനെ ഓർമിപ്പിച്ചുകൊണ്ട്, ‘ഗബ്ബർസിങ് നികുതി’ എന്നാണ് അവയെ വിളിച്ചത്.
പൂജ്യം, അഞ്ച്,12,18, 28 ശതമാനങ്ങളിലായി അഞ്ച് സ്ലാബുകളിലായാണ് നികുതി നിരക്കുകൾ നിർദേശിക്കപ്പെട്ടത് -പുറമെ മനുഷ്യന് ഹാനികരമായ ‘പാപ ചരക്കുകൾ’ക്ക് (sin goods) 40 ശതമാനവും നികുതി ചുമത്തി. ചരക്കുസേവന നികുതി സംബന്ധമായ സകല കാര്യങ്ങളിലും തീരുമാനമെടുക്കാനുള്ള അധികാരം പൂർണമായും കേന്ദ്ര ധനമന്ത്രി, സഹമന്ത്രി, സംസ്ഥാന ധനമന്ത്രിമാർ എന്നിവരടങ്ങുന്ന ജി.എസ്.ടി കൗൺസിലിലാണ് നിക്ഷിപ്തമാക്കിയിട്ടുള്ളത്. ഇതിനോടകം കൗൺസിൽ 56 തവണ കൂടിയെങ്കിലും ആദ്യ 55 യോഗങ്ങളിലും നികുതി ഘടനയിലോ നികുതി നിരക്കിലോ കാതലായ യാതൊരു മാറ്റവും കൊണ്ടു വന്നിരുന്നില്ല. ഈ മാസം മൂന്നിന് കൂടിയ കൗൺസിൽ യോഗമാണ് നികുതി നിരക്കുകളിലും ഘടനയിലും മാറ്റം കൊണ്ടുവന്നത്. കൗൺസിൽ യോഗത്തിന് രണ്ടാഴ്ച മുമ്പ് ഇത്തരമൊരു പരിഷ്കരണം വരുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. നികുതി സ്ലാബുകളെ പൂജ്യം, അഞ്ച്,18 ശതമാനം എന്നിങ്ങനെ മൂന്നായി കുറക്കുന്ന തീരുമാനം സെപ്റ്റംബർ 22ന് പ്രാബല്യത്തിലാവും. ‘പാപ ഉൽപന്നങ്ങൾ’ക്കുപുറമെ, ഉയർന്ന വിലയുള്ള കാറുകൾ തുടങ്ങിയവക്കും 40 ശതമാനം നികുതി ഈടാക്കും. ഈ തീരുമാനങ്ങൾ വരുന്നത്, കേന്ദ്ര സർക്കാറിന്റെ നിലനിൽപിനെതന്നെ ബാധിക്കാൻ സാധ്യതയുള്ള ബിഹാർ തെരഞ്ഞെടുപ്പിന്റെയും അമേരിക്ക ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച വ്യാപാര നടപടികളുടെയും പശ്ചാത്തലത്തിലാണ് എന്നത് കേവലം ആനുഷംഗികമല്ല. സർക്കാർ അനുവർത്തിച്ചുവരുന്ന ലിബറൽ സാമ്പത്തിക നയങ്ങളുടെ തുടർച്ചയായിവേണം ഇതിനെ കാണാൻ.

നികുതി മാറ്റങ്ങൾ - ഒരെത്തിനോട്ടം
പല സാധനങ്ങളുടെയും മേലുള്ള നികുതിയിൽ ഗണ്യമായ കുറവാണ് പരിഷ്കരണം വിഭാവനം ചെയ്യുന്നത്. നിലവിലുള്ള 12-18 ശതമാനത്തിൽനിന്ന് അഞ്ചുശതമാനത്തിലേക്ക് മാറുന്ന ചരക്കുകളുടെ പട്ടികയിൽ ഉൾപ്പെടുന്നത് പൽപ്പൊടി മുതൽ കുഞ്ഞുങ്ങൾക്കുള്ള പാൽക്കുപ്പി, അടുക്കള ഉപകരണങ്ങൾ, കുടകൾ, പാത്രങ്ങൾ, സൈക്കിളുകൾ, മുളകൊണ്ടുള്ള ഫർണിച്ചറുകൾ, ഷാംപൂ, ടാൽക്കംപൗഡർ, ടൂത്ത്പേസ്റ്റ്, ടൂത്ത് ബ്രഷ്, കുളിസോപ്പ്, ഹെയർ ഓയിൽ, നൂഡിൽസ്, പാസ്ത, കോഫി, കോൺഫ്ലക്സ്, വെണ്ണ, നെയ്യ്, ജൈവ കീടനാശിനികൾ, മാർബിൾ, ഗ്രാനൈറ്റ്, ചിലയിനം മരുന്നുകൾ, കണ്ണടകൾ, പുനരുൽപാദിപ്പിക്കാവുന്ന ഊർജ നിർമിതിക്കുവേണ്ട ഉപകരണങ്ങൾ, കാറ്റാടികൾ, ബയോ-എനർജി പ്ലാന്റുകൾ, സോളാർ ഹീറ്ററുകൾ, ഉഴവ് യന്ത്രങ്ങൾ, കാലിത്തീറ്റ ഉപകരണങ്ങൾ, കമ്പോസ്റ്റിങ് യന്ത്രങ്ങൾ തുടങ്ങിയവയാണ്. സിമന്റ്, നിർമാണ സാമഗ്രികൾ, 1200 ccയിൽ താഴെയുള്ള കാറുകൾ, 350 cc വരെയുള്ള മോട്ടോർ സൈക്കിളുകൾ, എയർ കണ്ടീഷണറുകൾ,ഡിഷ് വാഷറുകൾ, ടെലിവിഷനുകൾ, ട്രാക്ടറുകൾ, ബസുകൾ, ട്രക്കുകൾ,മുച്ചക്ര വാഹനങ്ങൾ, വാഹന ഘടകങ്ങൾ എന്നിവയിന്മേലുള്ള നികുതി നിലവിലുള്ള 28 ശതമാനത്തിൽനിന്ന് 18 ശതമാനമായിട്ടാണ് കുറയുക. കടല, പനീർ, ഇന്ത്യൻ നിർമിത ബ്രെഡുകൾ എന്നിവയെ നിലവിലുള്ള അഞ്ച് ശതമാനം നികുതിയിൽനിന്നും 33 ഇനം ജീവൻരക്ഷ മരുന്നുകളെ നിലവിലുള്ള 12 ശതമാനം നികുതിയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. പുകയില ഉൽപന്നങ്ങൾ, കൂടിയ അളവിൽ പഞ്ചസാര അടങ്ങിയ എയറേറ്റഡ് പാനീയങ്ങൾ, 350 ccയിൽ കൂടുതലുള്ള മോട്ടോർ സൈക്കിളുകൾ, മുന്തിയയിനം കാറുകൾ, സ്വകാര്യ ഉപയോഗത്തിനുള്ള വിമാനങ്ങൾ, ഉല്ലാസ-നൗകകൾ എന്നിവക്ക് 40 ശതമാനം നികുതിയാകും ഉണ്ടാവുക. സേവന മേഖലയിൽ, ലൈഫ് ഇൻഷുറൻസിനെയും ആരോഗ്യ ഇൻഷുറൻസിനെയും നികുതിരഹിതമാക്കി എന്നതാണ് പ്രധാന കാൽവെപ്പ്.

റൊണാൾഡ് റീഗൻ
മാറ്റത്തിന്റെ സാമ്പത്തികശാസ്ത്രം
നവലിബറൽ സാമ്പത്തിക വികസനത്തിന്റെ തുടർച്ചയായ ഈ മാറ്റങ്ങളുടെ സാമ്പത്തികശാസ്ത്രം ചെന്നെത്തുന്നത് 1981 മുതൽ 1989 വരെ യു.എസ് പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗന്റെ സാമ്പത്തിക നയങ്ങളിലാണ്. റീഗണോമിക്സ് എന്നും പ്രദാനവശ സാമ്പത്തികശാസ്ത്രം (supply side economics) എന്നും അറിയപ്പെട്ട ആ നയങ്ങളുടെ കാതൽ, പ്രത്യക്ഷ നികുതി നിരക്കിലെ വമ്പിച്ച കുറവായിരുന്നു. ഇതിനുള്ള സൈദ്ധാന്തിക അടിത്തറയായത് പ്രസിദ്ധ സാമ്പത്തികശാസ്ത്രകാരനായിരുന്ന ആർതർ ലാഫറുടെ ‘ലാഫർ വക്രം’ (Laffer curve) ആയിരുന്നു. ഈ സിദ്ധാന്ത പ്രകാരം: ഉയർന്ന നികുതി നിരക്കുകൾ സർക്കാറിന്റെ മൊത്തം നികുതി വരുമാനത്തെ കുറക്കും; താണ നികുതിനിരക്കുകളാകട്ടെ മൊത്തം നികുതിവരുമാനത്തെ കൂട്ടുകയും ചെയ്യും. ഈ സിദ്ധാന്തം അവതരിപ്പിക്കുന്ന പ്രബന്ധത്തിലും, തുടർന്നുള്ള ഒരു അഭിമുഖത്തിലും ലാഫർ പ്രസ്തുത ആശയത്തിന്റെ പിതൃത്വം കൽപിച്ചു നൽകിയത് 14ാം നൂറ്റാണ്ടിൽ ജീവിച്ച പ്രമുഖ മൊറോക്കൻ-വടക്കെ ആഫ്രിക്കൻ തത്ത്വചിന്തകനായ ഇബ്ൻ ഖൽദൂനിനാണ്. പ്രസിഡന്റ് റീഗനും തന്റെ സാമ്പത്തികനയത്തിന് ഖൽദൂനിനോടുള്ള കടപ്പാട് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ഇഷ്ടവിഷയമായ ചരിത്രാപഗ്രഥനത്തിന്റെ ഭാഗമായി രചിച്ച വിഖ്യാതമായ ‘മുഖദ്ദിമ’യിൽ ഇബ്ൻ ഖൽദൂൻ ഇപ്രകാരം നിരീക്ഷിക്കുന്നു: ഒരു രാജവംശത്തിന്റെ (ഭരണകൂടത്തിന്റെ) തുടക്കം ലാളിത്യമാർന്നതും ചെലവുകൾ കുറഞ്ഞതും ആകയാൽ നികുതിഘടന വളരെ ലഘുവും നിരക്കുകൾ വളരെ കുറഞ്ഞതുമായിരിക്കും. ഭരണകൂടത്തിന്റെ വളർച്ചയോടെ ഭരണവർഗം ആർഭാട ചെലവുകൾ വർധിപ്പിക്കുകയും അതിന് വക കണ്ടെത്തുന്നതിനായി നികുതി നിരക്കുകൾ വർധിപ്പിക്കുകയും ചെയ്യും. എന്നാൽ, നികുതി നിരക്കുകളിലുള്ള വർധന, നികുതി വരുമാനം കൂട്ടുകയല്ല ,കുറക്കുകയാണ് ചെയ്യുക. കാരണം, നികുതി കുറഞ്ഞിരിക്കുമ്പോൾ ജനങ്ങളുടെ തൊഴിൽ ചെയ്യാനുള്ള താൽപര്യവും അതുവഴി ഉൽപാദനവും ഉയർന്ന നിലയിലായിരിക്കും; നികുതി നിരക്ക് കൂടുന്തോറും ഇവ പ്രതികൂലമായി ബാധിക്കപ്പെടുകയും, നികുതിയുടെ അടിസ്ഥാനം (tax base) ശുഷ്കമാവുകയും, അതുവഴി നികുതി വരുമാനം കുറയുകയും ചെയ്യും. ലാഫർ തന്റെ സൈദ്ധാന്തിക വാദഗതികൾക്ക് ഒരു കെയ്നീഷ്യൻ മാനവും കൂടി നൽകി. അതായത്, നികുതി കുറഞ്ഞിരിക്കുമ്പോൾ ആളുകളുടെ ചെലവാക്കൽ ശേഷി വർധിക്കുകയും ഉയർന്ന ഉപഭോഗം ഉൽപാദനത്തിൽ വർധനവ് ഉണ്ടാക്കുകയും ചെയ്യും.
(തുടരും)