‘ഏക ചൈന’യും തായ്‍വാൻ അധിനിവേശ ഭീതിയും
text_fieldsലോകത്ത് മൊത്തം ഉൽപാദിപ്പിക്കുന്ന സെമി കണ്ടക്ടറുകളുടെ 70 ശതമാനവും അത്യാധുനിക ചിപ്പുകളുടെ 90 ശതമാനവും ഉൽപാദിപ്പിക്കുന്നത് തായ്‍വാനിലാണ്. ഈ രംഗത്തെ വമ്പൻ കമ്പനികളെല്ലാം തായ്‍വാൻ ആസ്ഥാനമായുള്ളവയും. യുദ്ധവും ആക്രമണവും തായ്‍വാനെ നിശ്ചലമാക്കുമെന്നുറപ്പ്. അതിന്റെ നഷ്ടം ആദ്യം ലോകത്തിനാകും, പിന്നെ മാത്രം ചൈനക്കും.
ഏകദേശം 100 മൈൽ (160 കിലോമീറ്റർ) ദൂരത്തിൽ കടൽ അതിർത്തി കെട്ടിയ തായ്‍വാനുമായി ചൈനക്ക് എളുപ്പം മുറിച്ചുകളയാനാകാത്ത പൊക്കിൾകൊടി ബന്ധമുണ്ട്. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടെ പലഘട്ടങ്ങളിൽ ഒരേ ഭരണത്തിനു കീഴിൽനിന്ന രാജ്യങ്ങളിലെ ജനങ്ങളിലുമുണ്ട് ഇഴമുറിയാതൊരു അയൽമനസ്സ്. എന്നുവെച്ച്, ഹോങ്കോങ്ങിന് സമാനമായി ചൈനീസ് ഭരണത്തിന് കീഴിലാകാൻ തായ്‍വാൻ ജനതയോ ഭരണകൂടമോ ആഗ്രഹിക്കുന്നില്ല. ചൈന പിന്തുടരുന്നത് കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് രീതിയും തായ്‍വാന്റേത് ലിബറൽ ജനാധിപത്യവുമാണെന്നതൊന്നുമല്ല അടിസ്ഥാന പ്രശ്നം. അവരനുഭവിക്കുന്ന സ്വാതന്ത്ര്യവും ആനുകൂല്യങ്ങളും ഇല്ലാതാക്കി ചൈനയുടെ സമ്പൂർണ വാഴ്ച വരുന്നതുതന്നെ പ്രശ്നം.
അൽപം ചരിത്രം ചികഞ്ഞുചെന്നാൽ, 18ാം നൂറ്റാണ്ടിൽ ചൈന വാണ ക്വിങ് രാജവംശത്തിനു കീഴിലായിരുന്നു തായ്‍വാൻ. അതിനിടെ 1894-95ൽ നടന്ന ചൈന- ജപ്പാൻ യുദ്ധത്തോടെ തായ്‍വാൻ ജപ്പാന്റെ കോളനിയായി. മേഖലയിൽ ജപ്പാൻ ആർജിച്ച വ്യാവസായിക വളർച്ച നൽകിയ സൈനിക മേൽക്കൈ അവസരമാക്കി നീണ്ട അരനൂറ്റാണ്ടുകാലം ഇതേ സ്ഥിതി തുടർന്നു. ഈ സമയം ചൈനയിൽ അരങ്ങേറിയ കമ്യൂണിസ്റ്റ് വിപ്ലവമൊന്നും അതിനാൽ തന്നെ തായ്‍വാൻ അറിഞ്ഞില്ല.
എന്നല്ല, അടിസ്ഥാനപരമായി ചൈനീസ് വംശജരായിട്ടും പുതിയ അധിനിവേശ ശക്തികൾ പകർന്ന ഭാഷയും സംസ്കാരവും വരെ തായ്‍വാനിൽ കുറെ പേർ സ്വീകരിച്ചുപോന്നു. രണ്ടാം ലോകയുദ്ധമവസാനിക്കുമ്പോൾ ചിയാങ് കൈഷകായിരുന്നു ചൈനയുടെ ഭരണാധികാരി. ജപ്പാനും ജർമനിയുമടങ്ങുന്ന സഖ്യത്തെ പരാജയപ്പെടുത്തിയ സഖ്യകക്ഷി പക്ഷത്തായിരുന്നു ചൈന. സ്വാഭാവികമായും ജപ്പാൻ തോൽവി വഴങ്ങിയതോടെ തായ്‍വാൻ വീണ്ടും ചൈനക്കു കീഴിലായി. മറുവശത്ത്, ചൈന മാവോ സേതുങ്ങിനു കീഴിൽ കമ്യൂണിസത്തെ സമ്പൂർണമായി വരിക്കാനൊരുങ്ങുന്ന നാളുകളിലും ഇവിടെ ചൈനക്കു കീഴിലാകുന്നതിനെതിരെ സമരം ശക്തിയാർജിക്കുകയായിരുന്നു.
1949ൽ ജനകീയ ചൈന റിപ്പബ്ലിക്ക് (പി.ആർ.സി) പ്രഖ്യാപിച്ച് മാവോ അധികാരമേറിയതോടെ കമ്യൂണിസ്റ്റ് വിരോധിയായ കൈഷകും 20 ലക്ഷത്തോളം അനുയായികളും തായ്‍വാനിൽ അഭയം തേടി. അവിടെ അദ്ദേഹം ഭരണം സ്ഥാപിക്കുകയും ചെയ്തു. ഇടക്ക് ചൈന തിരിച്ചുപിടിക്കാൻ കൈഷക് ശ്രമം നടത്തിയ പോലെ തിരിച്ച് തായ്‍വാനെ സ്വന്തമാക്കാൻ ചൈനയുടെ മോഹവും നിലനിന്നു. ക്രമേണ, ചൈന കൂടുതൽ ഇടതായി മാറിയപ്പോൾ തായ്‍വാൻ വലത്തുറപ്പിച്ചും തുടർന്നു.
എന്തുകൊണ്ട് തായ്‍വാൻ ?
ഒരുകാലത്ത് ജപ്പാനും പിന്നീട് ചൈനയും സഹായിച്ച് മേഖലയിലെ ഏറ്റവും വികസിച്ച രാജ്യങ്ങളിലൊന്നാണ് തായ്‍വാൻ. സെമികണ്ടക്ടർ വിപണി ഒറ്റക്ക് നിയന്ത്രിച്ച് തായ്‍വാൻ ലോക സമ്പദ്‍വ്യവസ്ഥയിൽ എന്നേ ഇടമുറപ്പിച്ചവർ. ഇലക്ട്രോണിക്സ്, വാർത്താവിനിമയം, പെട്രോകെമിക്കൽ, കാർഷികം തുടങ്ങി രാജ്യം കൈവെക്കാത്ത മേഖലകൾ കുറവ്. ഇതിനൊക്കെ പുറമെയാണ് ചൈനക്കു തൊട്ടരികിലെന്ന ജിയോപൊളിറ്റിക്കൽ പ്രാധാന്യവും. മേഖലയിൽ ഓരോ നാളും കരുത്തുകൂട്ടി സാമ്രാജ്യ വികസനം മാത്രമല്ല, ലോകവൻശക്തി പദവിയും ലക്ഷ്യമിടുന്ന ചൈനക്കെതിരെ പിടിച്ചുനിൽക്കാൻ തായ്‍വാനിൽ അമേരിക്കക്ക് മാത്രമല്ല, ജപ്പാനടക്കം അയൽരാജ്യങ്ങൾക്കും ഒരു കണ്ണുണ്ടാകുക സ്വാഭാവികം. തായ്‍വാൻ കടലിടുക്കിൽ എന്തു സംഭവിച്ചാലും അത് രാജ്യാന്തര രാഷ്ട്രീയത്തെ കൂടി മാറ്റി നിർവചിക്കുന്നതാകും. ജപ്പാൻ ദ്വീപ് സമൂഹത്തിൽ തുടങ്ങി ഫിലിപ്പീൻസും ദക്ഷിണ ചൈന കടലും തൊട്ടുനിൽക്കുന്ന ഒരുപിടി രാജ്യങ്ങൾ അമേരിക്കക്ക് വേണ്ടപ്പെട്ടവയാണ്. അവയുടെ സംരക്ഷണത്തിന് തായ്‍വാൻ കൂടി കൂടെയുണ്ടാകണം. തായ്‍വാൻ ഒപ്പമില്ലെങ്കിൽ നേരിട്ട് ഈ രാജ്യങ്ങളിലേക്കൊന്നും ചൈനക്ക് പ്രവേശനം സാധ്യമല്ല. അത് കൈവിട്ടുപോകാനുള്ള ചെറിയ സാധ്യത പോലും അതിനാൽ തന്നെ അവർ അടച്ചുകളയും.
അമേരിക്കൻ ആയുധമെത്തിയപ്പോൾ
തായ്‍വാൻ അമേരിക്കയിൽനിന്ന് ശതകോടികളുടെ ആയുധങ്ങൾക്ക് കരാറിലെത്തിയതാണ് ഏറ്റവുമൊടുവിൽ മേഖലയെ തീപിടിപ്പിച്ചത്. ചൈനയുമായി കൊമ്പുകോർക്കാവുന്ന ആയുധങ്ങൾ നൽകാമെന്നാണ് അമേരിക്കയുടെ ഓഫർ. 1100 കോടി ഡോളറിന്റെ ‘ഹിമാർസ്’ റോക്കറ്റ് സംവിധാനങ്ങൾ, ഹോവിറ്റ്‌സറുകൾ, ജാവലിൻ ആന്റി ടാങ്ക് മിസൈലുകൾ, ആൾട്ടിയസ് ഡ്രോണുകൾ തുടങ്ങിയവയാണ് പുതിയ കരാറിൽ കൈമാറുന്നവ. സൈനിക ശേഷി പരിഗണിച്ചാൽ ലോകത്ത് 22ാമതാണ് തായ്‍വാന്റെ ഇടം. രാജ്യത്തെ ചൈനക്ക് ഒപ്പമെത്തിക്കുകയെന്ന വലിയ ലക്ഷ്യമൊന്നുമില്ലെങ്കിലും മിനിമം ശേഷിയുമായി ബലാബലം ഉറപ്പാക്കൽ തന്നെയാണ് ഇവിടെ താൽപര്യം. ഇത് ചൈനയെ തെല്ലൊന്നുമല്ല ആധിപ്പെടുത്തുന്നത്. ആ പ്രഖ്യാപനം വന്നതിനു പിറകെ സൈനികാഭ്യാസം തകൃതിയാക്കിയതും ബെയ്ജിങ്ങിലിരുന്ന് വമ്പൻ പ്രഖ്യാപനം നടത്തിയതും ഇതിന്റെ തുടർച്ച. തായ്‍വാൻ വിധേയപ്പെട്ടുനിൽക്കുമെന്നും അതില്ലാത്ത പക്ഷം കീഴടക്കുമെന്നുമാണ് ഷി ജിൻപിങ് പരസ്യമായി പറഞ്ഞുവെച്ചത്.
യുദ്ധമുണ്ടാകുമോ?
ലോകത്ത് മൊത്തം ഉൽപാദിപ്പിക്കുന്ന സെമി കണ്ടക്ടറുകളുടെ 70 ശതമാനവും അത്യാധുനിക ചിപ്പുകളുടെ 90 ശതമാനവും ഉൽപാദിപ്പിക്കുന്നത് തായ്‍വാനിലാണ്. ഈ രംഗത്തെ വമ്പൻ കമ്പനികളെല്ലാം തായ്‍വാൻ ആസ്ഥാനമായുള്ളവയും. യുദ്ധവും ആക്രമണവും തായ്‍വാനെ നിശ്ചലമാക്കുമെന്നുറപ്പ്. അതിന്റെ നഷ്ടം ആദ്യം ലോകത്തിനാകും, പിന്നെ മാത്രം ചൈനക്കും. മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, കാറുകൾ തുടങ്ങി എണ്ണമറ്റ മേഖലകളിലെ വ്യവസായങ്ങളെയാകും ഇത് ബാധിക്കുക. അതിനാൽ അങ്ങനെയൊരു സാഹസത്തിന് ചൈനയും അമേരിക്കയും മുതിർന്നേക്കില്ല.
എല്ലാറ്റിലുമുപരി, യൂറോപ്പിലെ രണ്ടാമത്തെ വലിയ രാജ്യമായ യുക്രെയ്നിൽ റഷ്യ അധിനിവേശം നിർബാധം തുടർന്നിട്ടും കാര്യമായൊന്നും ചെയ്യാൻ വൻശക്തികൾക്കായില്ല. അവിടെ ഒഴുക്കിയ ശതകോടികളും ഏറ്റവും മികച്ച ആയുധങ്ങളുമൊന്നും തായ്‍വാനിൽ എത്തിക്കുകയും എളുപ്പമാകില്ല. സമാനമായൊരു ദുരന്തത്തിലേക്ക് തായ്‍വാനെ കൂടി തള്ളിയിട്ടാൽ ആത്യന്തികമായി നഷ്ടം അമേരിക്കക്കും ഇതര രാജ്യങ്ങൾക്കും തന്നെയാകും. പ്രായോഗികമായ ഈ പ്രശ്നങ്ങളെല്ലാം മുന്നിൽനിൽക്കെ അങ്ങനെയൊരു എടുത്തുചാട്ടം ഉണ്ടാകുമോയെന്ന് കണ്ടറിയണം. എന്നാലും അധിനിവേശത്തിന് ചൈന തീയതി കുറിച്ച് കാത്തിരിക്കുകയാണെന്ന റിപ്പോർട്ടുകൾ കൂടി ചേർത്തുവായിക്കേണ്ടതുമുണ്ട്.


