അതിർത്തിക്കപ്പുറത്തെ നമ്മുടെ സ്വന്തം നാടുകൾ
text_fieldsവാജ്പേയിയും ജസ്വന്ത് സിങ്ങും ലാഹോറിലെ മിനാറെ പാകിസ്താന് മുന്നിൽ
ഇന്ത്യക്കാർക്ക് ചിരപരിചിതമായ വ്യക്തിത്വമാണ് സാം പിത്രോഡ. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാനായ അദ്ദേഹം ഇപ്പോൾ നടത്തുന്ന ചില പ്രസ്താവനകൾ വിവാദമാകാറുണ്ട്. പിത്രോഡയുടെ വാക്കുകൾ വളച്ചൊടിച്ച് രാഷ്ട്രീയ ആയുധമാക്കാൻ ഭരണകക്ഷിക്കാർക്ക് വലിയ താൽപര്യവുമാണ്. എന്നാൽ, അതൊന്നും അദ്ദേഹം രാജ്യത്തിന് നൽകിയ വിലപ്പെട്ട സംഭാവനകൾ വിസ്മരിക്കാൻ കാരണമായിക്കൂടാ.
ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ മേഖലയിൽ വിപ്ലവാത്മക പരിവർത്തനങ്ങൾ സാധ്യമാക്കാൻ രാജീവ് ഗാന്ധിക്കൊപ്പം സജീവമായി പങ്കുവഹിച്ചവരിൽ പ്രഥമ ഗണനീയനാണദ്ദേഹം. സൗജന്യ ഫോൺ കണക്ഷനും പരിധിയില്ലാത്ത ഡേറ്റയും വാഗ്ദാനം ചെയ്ത് ടെലികോം കമ്പനികൾ ഉപഭോക്താവിന്റെ പിറകെ നടക്കുന്ന ഇക്കാലത്തെ തലമുറക്ക് ഒരുപക്ഷേ ആ പരിവർത്തനത്തിന്റെ വലുപ്പം മനസ്സിലാവണമെന്നില്ല. ഏതാനും പതിറ്റാണ്ട് മുമ്പു വരെ ഒരു ലാൻഡ്ലൈൻ കണക്ഷൻ ലഭിക്കാൻ മന്ത്രിമാരുടെ ശിപാർശ തന്നെ വേണമായിരുന്നുവെന്ന കാര്യം അവർക്കറിയില്ലല്ലോ. ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഡേറ്റ ലഭ്യമാവുന്ന, ഗ്രാമാന്തരങ്ങളിൽപോലും ഫോൺ-ഇൻറർനെറ്റ് സേവനലഭ്യതയുള്ള രാജ്യമാക്കി ഇന്ത്യയെ വളർത്തിയെടുത്തതിനു പിന്നിൽ പിത്രോഡയുടെ ദീർഘവീക്ഷണമാണെന്ന് അനിഷേധ്യമാണ്.
സാം പിത്രോഡ, തരുൺ വിജയ്
ഈയിടെ വിദേശനയം സംബന്ധിച്ചും അദ്ദേഹമൊരു പ്രസ്താവന നടത്തിയിരുന്നു. ആഗോളതലത്തിലെ സ്ഥാനം നോക്കാതെ ഇന്ത്യ ആദ്യം അയൽക്കാരിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നായിരുന്നു പിത്രോഡയുടെ പക്ഷം. അതിശയകരമെന്നു പറയട്ടെ, ‘നെയ്ബർഹുഡ് ഫസ്റ്റ് (‘അയൽക്കാർക്ക് പ്രഥമ പരിഗണന’) എന്നത് 2014ൽ ആദ്യമായി പ്രധാനമന്ത്രിപദമേറിയപ്പോൾ നരേന്ദ്ര മോദിയുടെയും മുദ്രാവാക്യമായിരുന്നു. ത ന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സാക്ഷ്യംവഹിക്കാൻ മോദി അയൽരാജ്യങ്ങളിലെ നേതാക്കളെ ഒന്നടങ്കം ക്ഷണിച്ചിരുന്നു. പാകിസ്താനിൽനിന്ന് അന്നത്തെ പ്രധാനമന്ത്രി നവാസ് ശരീഫ് വന്നു, ലങ്കൻ പ്രസിഡൻറ്, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലദ്വീപ് രാഷ്ട്രനേതാക്കൾ എന്നിവരെല്ലാം വന്ന ചടങ്ങ് ഒരു പട്ടാഭിഷേക പരിപാടിക്ക് സമാനമാക്കി മാറ്റി. ആ സന്ദേശം സുവ്യക്തവും കൃത്യവുമായിരുന്നു: ഇന്ത്യ സ്വന്തം അയൽക്കാരിൽ ശ്രദ്ധചെലുത്താൻ തീരുമാനിച്ചിരിക്കുന്നു.
നടപ്പുരീതികളിൽ നിന്നുള്ള വലിയൊരു മാറ്റമായി അത് വിലയിരുത്തപ്പെട്ടു. രാജീവ് ഗാന്ധിയുടെ ഭരണകാലത്ത്, കര അതിർത്തി മാത്രമുള്ള നേപ്പാളിനെ സമ്മർദത്തിലാക്കാൻ പെട്രോളിയം ഉൽപന്നങ്ങൾ വിതരണംചെയ്യുന്നത് തടഞ്ഞ സംഭവം പോലുമുണ്ടായിരുന്നു. ഇത്തരം കാർക്കശ്യങ്ങൾ വർഷങ്ങൾ നീണ്ട പിണക്കങ്ങൾക്ക് വഴിവെച്ചു. അതുകൊണ്ടുതന്നെ, ആദ്യ വിദേശയാത്ര മോദി നേപ്പാളിലേക്കാക്കിയത് ഒരു പുതുസൗഹൃദം ഊട്ടിയുറപ്പിക്കാനുള്ള പുറപ്പാടായി വിലയിരുത്തപ്പെട്ടു.
പക്ഷേ, അതിനിടയിലാണ് ചന്ദനത്തടികൾ സംഭാവനചെയ്തത് വൻ ചർച്ചയായി മാറിയത്. നേപ്പാൾ സന്ദർശനത്തിന്റെ ഭാഗമായി കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രത്തിന് 2500 കിലോ ചന്ദനമുട്ടികൾ മോദി സംഭാവനയായി നൽകി. ജനങ്ങളുടെ മനം കവരാനുദ്ദേശിച്ച് നടത്തിയ ഈ സംഭാവന ജനമനസ്സുകളിൽ എവിടെ നിന്നാണ് ഈ ചന്ദനം വന്നത്? എന്ത് ചെലവ് വന്നു എന്നിങ്ങനെ ഒരുപിടി ചോദ്യങ്ങളാണുയർത്തിയത്. വിവരാവകാശ നിയമപ്രകാരം ഏറ്റവും കൂടുതൽ അന്വേഷിക്കപ്പെട്ട വിഷയങ്ങളിലൊന്നായി ഇത് മാറി. ഏകദേശം 1.91 കോടിക്ക് തമിഴ്നാട്ടിൽ നിന്നാണ് ഇത് വാങ്ങിയതെന്ന് പിന്നീട് വ്യക്തമായി. ആ തുകക്ക് നേപ്പാളിലെ വിദ്യാർഥികൾക്ക് ലാപ്ടോപ്പോ കമ്പ്യൂട്ടറുകളോ നൽകിയിരുന്നുവെങ്കിൽ ഇതിലേറെ അർഥവത്തായേനെയെന്ന് നേപ്പാളിലും ഇന്ത്യയിലുമുള്ള ജനങ്ങൾക്കിടയിൽ അഭിപ്രായമുയർന്നു.
പക്ഷേ, അധികാരത്തിന്റെ ആദ്യനാളുകളിൽ ഉച്ചസ്ഥായിയിൽ നിന്ന അയൽപക്ക സ്നേഹം അധികം വൈകാതെ അപ്രത്യക്ഷമായി. പകരം ഒരു ആഗോള നേതാവെന്ന നിലയിൽ സ്വന്തം പ്രതിച്ഛായ കെട്ടിപ്പടുക്കുന്നതിലായി പ്രധാനമന്ത്രി ശ്രദ്ധ മുഴുവനും. അദ്ദേഹം വിവിധ രാജ്യങ്ങൾ സന്ദർശിച്ച്, അവിടങ്ങളിലെ ഇന്ത്യൻ പ്രവാസികളിൽ നിന്ന് വമ്പൻ സ്വീകരണങ്ങൾ ഏറ്റുവാങ്ങി, ഇന്ത്യയെ ലോകത്തിന് വഴികാട്ടുന്ന ‘വിശ്വഗുരു’വായി ഉയർത്തിക്കാട്ടി. ബി.ജെ.പിയും അവരെ നിയന്ത്രിക്കുന്ന ആർ.എസ്.എസും ഈ അവകാശവാദം ഏറ്റുപാടി നടക്കുന്നു. എന്നാൽ, ദശലക്ഷക്കണക്കിന് ആളുകൾ ദാരിദ്ര്യരേഖക്ക് കീഴിൽപോലും ഇടംകിട്ടാത്ത വിധം ദാരിദ്ര്യത്തിലുഴലുന്ന, ലോകത്ത് ഏറ്റവുമധികം നിരക്ഷര ജനങ്ങൾ പാർക്കുന്ന രാജ്യമാണ് നമ്മുടേത് എന്നത് അനിഷേധ്യമായ യാഥാർഥ്യമാണ്. ഉച്ചത്തിൽ മുഴക്കുന്ന മുദ്രാവാക്യങ്ങളുടെ ബലത്തിൽ ഇല്ലാതാക്കാൻ കഴിയാത്ത സത്യങ്ങളാണവ.
അടുത്തിടെ പാകിസ്താനുമായുണ്ടായ സംഘർഷത്തിൽ ഒരു അയൽരാജ്യം പോലും നമ്മെ പിന്തുണച്ച് രംഗത്തെത്തിയില്ലയെന്നത് അയൽപക്ക ബന്ധങ്ങളിൽ രാജ്യം എത്രമാത്രം പിന്നാക്കംപോയി എന്ന് ഓർമിപ്പിക്കുന്നതായിരുന്നു.‘ഓപറേഷൻ സിന്ദൂർ’ സൈനിക നടപടി വിശദീകരിക്കാൻ യു.എസ്, ഗയാന തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കെല്ലാം എം.പിമാരുടെ സംഘങ്ങളെ അയച്ച നമ്മുടെ സർക്കാർ ഒരു പ്രതിനിധിയെപ്പോലും ഒരു ദക്ഷിണേഷ്യൻ അയൽരാജ്യങ്ങളിലേക്കും അയച്ചില്ല. ആ മൗനം വാക്കുകളേക്കാൾ വാചാലമായിരുന്നു.
ഈയൊരു പശ്ചാത്തലത്തിൽ, പാകിസ്താനിലും ബംഗ്ലാദേശിലും നേപ്പാളിലും പോയപ്പോൾ തനിക്ക് ‘സ്വന്തം വീട്ടിലെത്തിയ’ പ്രതീതിയായിരുന്നുവെന്ന പിത്രോഡയുടെ പ്രതികരണം കുഴപ്പംപിടിച്ച ഒന്നല്ല. അദ്ദേഹം പറഞ്ഞു: ‘‘ഞാനൊരു വിദേശരാജ്യത്താണെത്തിയിരിക്കുന്നതെന്ന് എനിക്ക് തോന്നിയില്ല. അവിടെയുള്ളവർ എന്നെപ്പോലെയിരിക്കുന്നു, എന്നെപ്പോലെ സംസാരിക്കുന്നു, എന്റെ പാട്ടുകൾ ഇഷ്ടപ്പെടുന്നു, എന്റെ ഭക്ഷണം കഴിക്കുന്നു.’’ അതൊരു രാഷ്ട്രീയം പറച്ചിലായിരുന്നില്ല, മറിച്ച് പങ്കുവെക്കപ്പെടുന്ന സംസ്കാരത്തെക്കുറിച്ചുള്ള നല്ലൊരു നിരീക്ഷണമാണ്.
‘സ്വന്തം വീട്ടിലെത്തിയ’ പ്രതീതി എന്നുപറഞ്ഞാൽ, സ്വസ്ഥവും സുഖപ്രദവും പരിചിതവുമായ ഒരവസ്ഥയെന്നാണ് അർഥമാക്കേണ്ടത്. ഈ നാടുകളിലൂടെ യാത്ര ചെയ്തിട്ടുള്ള ആർക്കും പിത്രോഡ ഉദ്ദേശിച്ചതെന്താണെന്ന് മനസ്സിലാവും. ഞാനും സന്ദർശിച്ചിട്ടുണ്ട് ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങൾ. ശ്രീലങ്കയിലെ ചെറുപട്ടണങ്ങളും ഗ്രാമങ്ങളും കണ്ടപ്പോൾ നമ്മുടെ കോട്ടയം, പത്തനംതിട്ട, തിരുവല്ല ഭാഗങ്ങളാണ് എനിക്ക് ഓർമ വന്നത്. ഇടുക്കി-മൂന്നാർ പോലെയാണ് അവിടത്തെ ഭൂപ്രകൃതി. വിഭവങ്ങളും സംഗീതവും നൃത്തവും ആചാരങ്ങളുമെല്ലാം എനിക്ക് പരിചിതമായി അനുഭവപ്പെട്ടു. ശരിക്കും നാട്ടിലെത്തിയ പോലെത്തന്നെ. എൽ.ടി.ടി.ഇയുടെ ഭീകരവാദമോ ലങ്കക്കാരുടെ സിംഹള മേൽക്കോയ്മവാദമോ ഞാൻ അംഗീകരിക്കുന്നു എന്നല്ല ഇതിനർഥം.
നേപ്പാളിൽ ചെന്നപ്പോൾ, തിരക്കും ബഹളങ്ങളും ഇല്ലെന്നത് ഒഴിച്ചുനിർത്തിയാൽ എല്ലാം ഡൽഹിയിലേത്പോലെത്തന്നെ തോന്നിച്ചു. പ്രത്യേകം പറയട്ടെ, ഡൽഹിയിലേതുപോലെ അവിടത്തെ തെരുവുകൾ പശുക്കൾ കൈയടക്കിയിട്ടില്ല, ഗതാഗത നിയമലംഘനങ്ങളും അലക്ഷ്യമായി റോഡിൽ മാലിന്യം വലിച്ചെറിയലും അവരുടെ ശീലമല്ല. പാകിസ്താനിലും ഇന്ത്യക്കാരൻ എന്ന നിലയിലുള്ള ബഹുമാനം എനിക്ക് ലഭിച്ചു. ഇക്കാലത്തിനിടെ ഏതാണ്ട് 50 രാജ്യങ്ങളിൽ ഞാൻ യാത്രചെയ്തിട്ടുണ്ട്. പാകിസ്താനിലും മംഗോളിയയിലും ലഭിച്ചത്ര സ്നേഹം മറ്റൊരിടത്ത് നിന്നും എനിക്ക് ലഭിച്ചിട്ടില്ല. മംഗോളിയൻ തലസ്ഥാനമായ ഉലാൻബാതാറിൽ ചെന്നപ്പോൾ ബുദ്ധന്റെ നാട്ടിൽനിന്ന് വന്നയാൾ എന്ന പേരിൽ ഒരു പ്രത്യേക ബഹുമാനം തന്നെയാണ് കിട്ടിയത്. ബുദ്ധൻ ജനിച്ചത് ഇപ്പോഴത്തെ നേപ്പാളിലുള്ള ലുംബിനിയിലാണെന്ന് അവിടത്തുകാർക്ക് അറിയില്ലായിരുന്നു.
ജമ്മു-കശ്മീരിൽ നിന്നുള്ള മാധ്യമപ്രവർത്തക സംഘത്തോടൊപ്പമാണ് ഞാൻ പാകിസ്താനിലേക്ക് പോയത്. ലാഹോറിൽ നടന്ന ഒരു സമ്മേളനത്തിൽ, അന്നത്തെ പ്രസിഡന്റ് പർവേസ് മുഷർറഫിനൊപ്പം പ്രധാന വേദിയിലായിരുന്നു എനിക്ക് ഇരിപ്പിടം. ഏതാനും ചില നഗരങ്ങൾ മാത്രം സന്ദർശിക്കാനുതകുന്നതായിരുന്നു ഞങ്ങളുടെ വിസകൾ. എന്നാൽ, ഞങ്ങൾക്ക് ആ താമസകാലയളവിൽ പാകിസ്താനിലെവിടെയും യാത്ര ചെയ്യാമെന്ന് മുഷർറഫ് പ്രഖ്യാപിച്ചു. അതൊരു അപൂർവമായ സൗഹാർദ പ്രകടനമായിരുന്നു.
അതിശയിപ്പിക്കുന്നതായിരുന്നു അവരുടെ ആതിഥ്യം. ലാഹോറിൽനിന്ന് ഗിൽഗിറ്റിലേക്കുള്ള വിമാനയാത്രക്കിടെ, ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ കെ-2 കാണാനായി പൈലറ്റ് ഞങ്ങളെ ഓരോരുത്തരെയും കോക്പിറ്റിലേക്ക് ക്ഷണിച്ചു. ലാഹോറിൽ ഞങ്ങൾക്കായി കഥക് നൃത്ത പരിപാടിയടക്കം ഒരുക്കിവെച്ചിരുന്നു. ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്ന ആർ.എസ്.എസ് മുഖപത്രമായ പാഞ്ചജന്യയുടെ അന്നത്തെ പത്രാധിപർ തരുൺ വിജയ് ഉർദുവിലും പഞ്ചാബിയിലുമായി നടത്തിയ പ്രസംഗം കാതടപ്പിക്കുന്ന കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. ഇത് പോലൊരു ഊഷ്മളമായ അനുഭവം ഇന്ത്യയിലൊരിടത്തു നിന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പിന്നീട് തുറന്നു പറഞ്ഞിരുന്നു. തരുൺ വിജയ്ക്കും അവിടം സ്വന്തം മണ്ണുപോലെ തോന്നിയിരുന്നു.
1940ലെ പാകിസ്താൻ പ്രമേയത്തിന്റെ ഓർമകളുണർത്തുന്ന ലാഹോറിലെ സ്മാരകം സന്ദർശിച്ച് ബി.ജെ.പിയുടെ ആദർശ പുരുഷനായ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് ഒരിക്കൽ ഒരു ആചാരലംഘനം നടത്തിയിരുന്നു. സാക്ഷാൽ നരേന്ദ്ര മോദി തന്നെ നവാസ് ശരീഫിന്റെ വീട്ടിലെ വിവാഹത്തിൽ പങ്കെടുക്കാൻ കൈനിറയെ സമ്മാനങ്ങളുമായി പാകിസ്താനിലേക്ക് ഒരു അപ്രതീക്ഷിത സന്ദർശനം നടത്തി. ആ നിമിഷം അദ്ദേഹത്തിനും അവിടം സ്വന്തം വീട്ടിലെത്തിയപോലെ തോന്നിയിട്ടുണ്ടാവണം.
സമാനമായ എണ്ണമറ്റ സംഭവങ്ങൾ പറയാനുണ്ട്. പാകിസ്താൻ സന്ദർശിച്ച ഒരു വനിതാ മാധ്യമ പ്രവർത്തകക്ക്ചെല്ലുന്നിടത്തെല്ലാം ആനുകൂല്യങ്ങളും വിലക്കിഴിവുകളും ലഭിച്ചു- ഇന്ത്യക്കാരിയാണെന്ന ഒറ്റക്കാരണത്താൽ. പാകിസ്താനിൽനിന്ന് ചണ്ഡിഗഢിൽ വന്ന ഒരു പാക് മാധ്യമ പ്രവർത്തകൻ, ക്രൈസ്തവ വിശ്വാസിയായ ഞാൻ അവിടത്തെ പ്രസ് ക്ലബിലെ പരിപാടിക്ക് അധ്യക്ഷ പദത്തിലിരിക്കുന്നതുകണ്ട് ശരിക്കും അതിശയിച്ചു. പാകിസ്താനിൽ ക്രൈസ്തവ സമൂഹം ഇന്ത്യയിലെ ദലിതരെപ്പോലെ താഴ്ന്ന ജോലികളിലേക്ക് ഒതുക്കപ്പെട്ട, ദരിദ്രരിൽ ദരിദ്രരായ മനുഷ്യരാണ്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന് പ്രസ് ക്ലബിന്റെ സിഖുകാരനായ പ്രസിഡന്റ് അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു. ഹിന്ദു, മുസ്ലിം അല്ലെങ്കിൽ ക്രിസ്ത്യൻ എന്നതൊക്കെ അറിയുമെങ്കിലും ‘മതേതരം’ എന്താണെന്ന് തനിക്ക് മനസ്സിലായിട്ടില്ലായിരുന്നുവെന്നാണ് പാക് പത്രപ്രവർത്തകൻ അതിന് മറുപടി പറഞ്ഞത്.
ഈ അനുഭവങ്ങളെല്ലാം ഒരു പരമസത്യത്തിന് അടിവരയിടുന്നു: നമ്മുടെ ഭാഷ, ഭക്ഷണം, സംഗീതം, ആഘോഷങ്ങൾ എന്തിനേറെ പറയുന്നു തമാശകൾ പോലും പരസ്പരം സാമ്യമുള്ളവയാണ്. അതിർത്തികൾ നമ്മളെ വിഭജിക്കുന്നു, പക്ഷേ സംസ്കാരം നമ്മളെ ഒരുമിപ്പിക്കുന്നു. അതുകൊണ്ടാണ് പിത്രോഡ പറഞ്ഞതിൽ ഒരു തെറ്റുമില്ല എന്ന് ഞാൻ ആവർത്തിക്കുന്നത്.
നമ്മുടെ വീടുകളിൽ സുഖവും സന്തോഷവും സമാധാനവും നിറയുന്നത് അയൽക്കാരും സന്തോഷത്തിലായിരിക്കുേമ്പാഴാണ്. അതുപോലെ തന്നെ നമ്മുടെ അയൽരാജ്യങ്ങളിൽ ശത്രുതയും അസ്ഥിരതയും നിലനിൽക്കുവോളം ഇന്ത്യക്ക് പുരോഗതി നേടൽ സാധ്യമല്ല. ‘അയൽക്കാർക്ക് പ്രഥമ പരിഗണന’ എന്ന നയം നാം എത്രവേഗം വീണ്ടെടുക്കുന്നുവോ, അത് എല്ലാവർക്കും അത്രയും നല്ലതായിരിക്കും.
ajphilip@gmail.com