പച്ചക്ക് നരക്കാത്തൊരാമുഖം
text_fieldsദസ്തയേവ്സ്കി, ഓർഹൻ പാമുക്, പിണറായി വിജയൻ, നജീബ് കാന്തപുരം
ഗൃഹാതുരത്വത്തിൽ ചുരുങ്ങിയത് രണ്ട് അപകടങ്ങൾ പതിയിരിക്കുന്നുണ്ട്. അതിൽ ഒന്ന് ഭൂതകാലത്തിൽ രാപ്പാർക്കാൻ ഒരു ഗൃഹമില്ലാതെ പോയവരുടെ അനാഥ നിനവുകളാണ്. രണ്ടാമത്തേത് ആനന്ദവും ആഹ്ലാദവും ആശ്വാസവും തേടിയുള്ള ഭൂതകാല യാത്രയിൽ അവിടെത്തന്നെ സ്തംഭിച്ചു പോകാനുള്ള അവസ്ഥയാണ്
പച്ച ഒരു നിറമല്ല, അതെന്നും പ്രകൃതിയുടെ നിർവൃതിയാണ്. മണ്ണിന്റെ സത്യവും വിണ്ണിന്റെ സ്വപ്നവും സന്ധിക്കുമ്പോഴാണ് പച്ചകൾ സൃഷ്ടിക്കപ്പെടുന്നത്. പലതരം നിറങ്ങളിൽ വിടരുന്ന പൂക്കൾ, പച്ചയുടെ സ്വപ്നങ്ങളാണ്. പച്ചയിൽ കാതോർത്താൽ ഭൂഗർഭഭാഷകൾ കേൾക്കാനാവും. പച്ചയിൽ കൺചേർത്താൽ, സർവ നിറങ്ങളും നൃത്തംചെയ്യുന്നത് കാണാനാവും. പച്ചനിറത്തിന് വരുന്ന രൂപമാറ്റങ്ങളിൽ വെച്ച് വ്യത്യസ്ത നിറങ്ങൾ പിറക്കുന്നത് കാണാനാവും. പച്ച നിറത്തിന് വരുന്ന രൂപമാറ്റങ്ങളിൽ വെച്ചാണ് വ്യത്യസ്ത നിറങ്ങൾ പിറക്കുന്നത്. ഉണങ്ങിയും കരിഞ്ഞും ചീഞ്ഞും വിളറിയും പച്ച മറ്റു നിറങ്ങളിലേക്ക് സ്വയം പകരുകയാണ്. പ്രകൃതിക്കും പ്രകൃതിയുടെ ഭാഗമായ ജീവജാലങ്ങൾക്കും പച്ച ഒരു നിറമെന്നതിലധികം സ്വന്തം നിലനിൽപാണ്. ശത്രുതാപരമായ സാമൂഹികവൈരുധ്യങ്ങൾ അവസാനിക്കുന്ന മുറക്ക് പ്രകൃതിക്കും സാമൂഹികജീവിതത്തിനും ഒരൊറ്റനിറം സ്വയമേവ വികസിച്ചുവരുമെങ്കിൽ അത് പച്ചയായിരിക്കും! പ്രകൃതി എന്നെങ്കിലും ഒരു പതാക ഉയർത്തുമെങ്കിൽ അതിന്റെ നിറം അനിവാര്യമായും പച്ചയായിരിക്കും. അസമത്വങ്ങൾക്കെതിരെ കുതറുന്ന ചുവപ്പും സമത്വത്തിന്റെ കുളിരിൽ കോരിത്തരിക്കുന്ന പച്ചയും പ്രകൃതി മനുഷ്യബന്ധത്തെ ആഴത്തിൽ നിരന്തരം പുനർനിർവചിച്ചുകൊണ്ടേയിരിക്കും.
ചുവപ്പ് എന്തെന്നറിയാത്ത ഒരാൾക്ക് അതെങ്ങനെ മനസ്സിലാക്കിക്കൊടുക്കുമെന്ന് ഓർഹൻ പാമുകിന്റെ, ‘ചുവപ്പാണെന്റെ നിറം’ എന്ന നോവലിലെ ഉസ്താദ് വിശദമാക്കിയത്, ഒരു വിസ്മയംപോലെ ഇപ്പോഴും ഓർമയിലുണ്ട്. വിരൽത്തുമ്പുകൊണ്ട് സ്പർശിച്ചാൽ ഇരുമ്പിനും ചെമ്പിനുമിടയിലാണ് ചുവപ്പ് നമ്മളറിയേണ്ടത്. കൈത്തലത്തിലെടുത്താൽ അത് പൊള്ളും. രുചിച്ചാലത് പൂർണമായിരിക്കും, ഉപ്പുചേർത്ത മാംസംപോലെ. അധരങ്ങളിലെടുത്താൽ അത് നമ്മുടെ വായ നിറയും. മണത്തുനോക്കിയാലോ അതിനൊരു കുതിരയുടെ ഗന്ധമായിരിക്കും. അതൊരു പുഷ്പമാണെങ്കിൽ അതിനൊരു ഡെയ്സിയുടെ ഗന്ധമായിരിക്കും, റോസിന്റേതാവില്ല. എന്നാൽ, ഓർഹൻ പാമുകിന്റെ ഉസ്താദ് വിശദമാക്കിക്കൊടുത്തതുപോലെ പച്ചയെന്താണെന്നറിയാത്ത ഒരാൾക്ക് അതെങ്ങനെ മനസ്സിലാക്കിക്കൊടുക്കുമെന്ന് ഒരിടത്തും ആവിധം വായിച്ചതോർമയില്ല. പച്ച കൈയിലെടുക്കുമ്പോൾ ആ കൈ മണ്ണിന്റെ മണമറിയും. അതിൽ കിടക്കുമ്പോൾ നട്ടുച്ചക്ക് കുളിരറിയും. മരവിപ്പിലത് കനലാകും! ജീവന്റെ മുദ്രയാണതിൽ അടച്ചുവെച്ചിരിക്കുന്നത് എന്നൊക്കെ പറഞ്ഞാലും അതിലൊന്നും ഒതുങ്ങാതെ െഫ്രയിം പൊളിച്ച് പച്ച സ്വയം കുതറിനിൽക്കുന്നതു പോലെ.
ഗാനരചയിതാവ്, പത്രപ്രവർത്തകൻ, സംവിധായകൻ, പ്രഭാഷകൻ, പൊതുപ്രവർത്തകൻ, ജനപ്രതിനിധി എന്നീ നിലകളിൽ അറിയപ്പെടുന്ന നജീബ് കാന്തപുരത്തിന്റെ ‘പച്ച ഇലകൾ’ സൗഹൃദം സ്വപ്നം കാണുന്ന സാംസ്കാരിക വിചാരങ്ങളുടെ ശ്രദ്ധേയമായ സമാഹാരമാണ്. ചരിത്രം, തത്ത്വചിന്ത, രാഷ്ട്രീയം, മതം, സ്മരണകൾ എന്നിങ്ങനെയുള്ള വ്യത്യസ്ത വിഭാഗങ്ങളിലായി സൂക്ഷ്മ സംവാദം അർഹിക്കുന്ന വിപുലമായ ഒരു ആശയലോകമാണ് ‘പച്ച ഇലകളി’ൽ നജീബ് കാന്തപുരം ആവിഷ്കരിക്കുന്നത്. വ്യക്തിപരമായി ഗ്രന്ഥകർത്താവിൽനിന്നും വേറിട്ട ഒരു ആശയലോകത്ത് വ്യാപരിക്കുന്ന എന്നെ, ഒരു ചെറു ആമുഖക്കുറിപ്പെഴുതാൻ അദ്ദേഹം തിരഞ്ഞെടുത്തതിനെ വ്യക്തിപരമായ സ്നേഹത്തിനപ്പുറം ബഹുസ്വരതയോട് അദ്ദേഹം പുലർത്തുന്ന ബഹുമാനത്തിന്റെ ഭാഗമായാണ് ഞാൻ മനസ്സിലാക്കുന്നത്. സംവാദത്തിന്റെ ലക്ഷ്യം മിത്രങ്ങളും ശത്രുക്കളും വഞ്ചിക്കപ്പെടാത്തവിധം ആശയങ്ങളുടെ അതിർത്തികൾ കൃത്യം വ്യക്തമാക്കുക എന്നുള്ളതാണ്. എന്നാൽ, ഹ്രസ്വമായ ഒരു ആമുഖക്കുറിപ്പിൽ അതത്ര അനിവാര്യമല്ല. എന്തുകൊണ്ടെന്നാൽ ആമുഖങ്ങൾ പൊതുവിൽ സംവാദത്തിനു മുമ്പുള്ള, ശേഷവും നിലനിന്നേക്കാവുന്ന സൗഹൃദത്തിന്റെ ആഘോഷമാണ്. അപരവിദ്വേഷക്കറ പുരളാത്ത ഏതൊരു അന്വേഷണവും നമ്മുടെ കാലത്ത് മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങൾക്കുമപ്പുറം ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. ഓരോ ശത്രുവിനുള്ളിൽപോലും ലിങ്കൺ പറഞ്ഞതുപോലെ ഒരു മിത്രവുംകൂടിയുണ്ടെന്ന് നാം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. എടാ പോടാ ആേക്രാശങ്ങൾക്കിടയിൽ കാലിടറാതെ, വെറുപ്പിന് തീറ്റകൊടുക്കാതെ, കൊലവിളികൾക്ക് കൂട്ടുനിൽക്കാതെ, സ്വന്തം കാഴ്ചപ്പാടുകൾ കൈയൊഴിക്കാതെതന്നെ മറ്റുള്ളവരോടുകൂടി സംവാദാത്മകമായ ഐക്യം പങ്കുവെക്കാനാവുക എന്നുള്ളത് ഒരു നവഫാഷിസ്റ്റ് കാലത്ത് അനിവാര്യമാണ്.
പരസ്പരം വേറിട്ടുനിൽക്കാൻ നൂറു കാര്യങ്ങളുണ്ടെങ്കിൽ ഒരുമയുടെ ഒരു തുരുത്തെങ്കിലും കണ്ടെത്താൻ, ഒരൈക്യ സാധ്യതയും ഇല്ലെങ്കിൽപോലും നൂറ്റിഒന്നാമതായി ഒരു കാരണം ഉണ്ടാക്കേണ്ടതുണ്ട്! കാരണം, നമ്മുടെ ഇന്ത്യൻ ജാതികാലം മനുഷ്യരെ സംബന്ധിച്ചിടത്തോളം അത്രമേൽ ചീത്തയാണ്. കോർപറേറ്റ് ജാതിമേൽക്കോയ്മാ കാലത്ത് ഒന്നിനുമല്ലാതെ വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട മനുഷ്യർ സൊറപറഞ്ഞിരിക്കുന്നതുപോലും സമരമാവും. കാക്ക കരഞ്ഞാൽ വിരുന്നുകാർ വരും എന്ന ചൊല്ലിലെ കളവിനെയല്ല, എങ്ങനെയെങ്കിലും പ്രിയപ്പെട്ടവർ പരസ്പരം കാണാൻ ഒരു കാക്കക്കരച്ചിലെങ്കിലും ഇടവരുത്തുമെങ്കിൽ, സത്യത്തിൽ ഇടവരുത്തുകയില്ലെങ്കിലും ആവിധം സങ്കൽപിക്കാനായാൽ ആ അന്ധവിശ്വാസ ചൊല്ലിനെയും ആധുനിക മനുഷ്യർ സ്വാഗതം ചെയ്യണം. കൂരിരുട്ടിൽ ഒരു മിന്നാമിനുങ്ങും സൂര്യനാവും, ഒരു മിന്നാമിനുങ്ങും ഇല്ലാതെയും വെളിച്ചമുണ്ടായാൽ അത് അതിനേക്കാളും സ്വാഗതാർഹമാവും. ഒരു മാർക്സിസ്റ്റ് ആയിത്തീരാൻ സ്വയം നിരന്തരം മൽപിടിത്തം നടത്തുന്ന എനിക്ക് ഏറ്റവും പ്രിയപ്പെട്ട നിറം പച്ചയാണ്. ചുവപ്പ് ആ സൗഹൃദപ്പച്ചയിലേക്കുള്ള ചുവടുവെപ്പുമാത്രം. ആ നിലക്ക് നജീബ് കാന്തപുരത്തിന്റെ പുസ്തകത്തിന്റെ തലക്കെട്ട് ‘പച്ച ഇലകൾ’ എന്നായത്, എന്നെ സംബന്ധിച്ചിടത്തോളം ഗൃഹാതുരസ്മരണകൾകൂടി ഉണർത്തുന്ന ഒരു സാന്ത്വന േസ്രാതസ്സാണ്.
മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചൊല്ല് ‘അച്ഛൻ ഒരൊച്ച, അമ്മ ഒരു പച്ച’ എന്നുള്ളതാണ്. ഒച്ച അധികാരവും പച്ച സ്വാതന്ത്ര്യവുമാണ്. കുട്ടിക്കാലത്ത് വാഴയും തെങ്ങിൻതൈയും നനക്കുന്ന പതിവുണ്ടായിരുന്നു. നനയെ തുടർന്ന് ഒരു ഇല വിരിയുമ്പോൾ, പച്ച തെളിയുമ്പോൾ അനുഭവിച്ച കോരിത്തരിപ്പ് ജീവിതത്തിന്റെ ഈ അസ്തമനകാലത്തും സർവ അസ്വസ്ഥതകൾക്കുമിടയിൽ എന്നെ സ്വസ്ഥമാക്കുന്നു. പു.ക.സയുടെ സംസ്ഥാന സെക്രട്ടറിയും പ്രശസ്ത സാംസ്കാരിക വിമർശകനുമായ ജി.പിയുടെ ‘പച്ച ബ്ലൗസ്’ എന്ന ഏറെ ചർച്ച ചെയ്യപ്പെട്ട കൃതിയുടെ ആമുഖത്തിൽ വിമോചന പച്ചയോടുള്ള എന്റെ ആഭിമുഖ്യം സാമാന്യം ദീർഘമായി ഞാൻ വിശദമാക്കിയിട്ടുണ്ട്. ഏറെ പ്രിയപ്പെട്ട സഖാവ് പിണറായി കണ്ണൂരിലെ ഒരു സാംസ്കാരിക സമ്മേളന വേദിയിൽവെച്ച് വർഷങ്ങൾക്കുമുമ്പ് സ്നേഹപൂർവം കൈപിടിച്ചുകൊണ്ട് സംവാദമാണല്ലോ എന്ന് എന്റെ പച്ചയിൽ സ്പർശിച്ച് ചോദിച്ചത് ഒരനുഭൂതിയായി ഇപ്പോഴും ഓർമയിൽ നിറയുന്നുണ്ട്. മറ്റൊരാളുടെ വിഷമം മനസ്സിലാക്കാനുള്ള സന്നദ്ധതയാണ് പരിഷ്കൃത മനുഷ്യനായി പരിഗണിക്കപ്പെടാൻ ഒരാൾക്ക് വേണ്ട കുറഞ്ഞ യോഗ്യത എന്നൊരു വാക്യം പകർന്നുതന്ന വെളിച്ചം നൽകിയ കൃതാർഥതയിൽ ഇന്നും നിർവൃതപ്പെടുന്നു. സുന്ദരമായ രാത്രിയായിരുന്നു അത്. പ്രിയ വായനക്കാരെ, വളരെ ചെറുപ്പമായിരിക്കുമ്പോൾ മാത്രം അനുഭവപ്പെടുന്ന ഒരു രാത്രി, ആകാശം നക്ഷത്ര നിബിഡമായിരുന്നു... അച്ഛസ്ഫടികമായിരുന്നു. അതിലേക്ക് നോക്കുമ്പോൾ നാം ചോദിച്ചുപോകും. വികട സ്വഭാവികളും താന്തോന്നികളുമായ പല തരക്കാർ ഇതുപൊലൊരു ആകാശത്തിനു കീഴിൽ എങ്ങനെ ജീവിക്കുന്നുവെന്ന്, കനിവുള്ള വായനക്കാരെ, ഇതും യുവസഹജമായ ഒരു ചോദ്യമാണ്. വളരെയേറെ യുവസഹജമായ ഒരു ചോദ്യം. എങ്കിലും ഇത്തരം ചോദ്യങ്ങൾ നിങ്ങളുടെ ഹൃദയത്തെ കൂടക്കൂടെ അലട്ടാൻ ദൈവം ഇടവരുത്തട്ടെ (ദസ്തയേവ്സ്കി).
പച്ച എനിക്ക് പച്ചനിറം മാത്രമല്ല. മണ്ണും ആകാശവും നക്ഷത്രവും സൗഹൃദവും കരുണയും എല്ലാം നൃത്തംവെക്കുന്ന ഏതു ഫാഷിസ്റ്റ് കൊടുംവേനലിലും കരിഞ്ഞുപോവാത്ത, സാന്ത്വന േസ്രാതസ്സാണ്. ചരിത്രരേഖകളെക്കാൾ എറിക് ഹോബ്സ്ബോം നിരീക്ഷിച്ചതുപോലെ, ചില കാലഘട്ടങ്ങളിൽ ചില വാക്കുകൾ സ്വയം ചരിത്രമാകും. ശബ്ദായമാനമായി തന്നെ അത് സ്വന്തം കാലത്തെ സാക്ഷ്യപ്പെടുത്തും. നജീബിന്റെ പച്ച ഇലകൾ സ്വന്തം കാലത്തെ സാക്ഷ്യപ്പെടുത്തുന്ന, സ്വന്തം നിലപാടുകളുടെ ആവിഷ്കാരമാണ്. ചീത്ത ഓർമകളെ തുടച്ചുനീക്കാനും നല്ലവയെ പൊലിപ്പിക്കാനും ഗൃഹാതുരത്വം സഹായിക്കുന്നു. അതിന്റെ കടന്നാക്രമണങ്ങളിൽനിന്ന് ആർക്കും രക്ഷപ്പെടാനാവില്ല (മാർകേസ്). എങ്കിലും, ഗൃഹാതുരത്വത്തിൽ ചുരുങ്ങിയത് രണ്ട് അപകടങ്ങൾ പതിയിരിക്കുന്നുണ്ട്. അതിൽ ഒന്ന് ഭൂതകാലത്തിൽ രാപ്പാർക്കാൻ ഒരു ഗൃഹമില്ലാതെ പോയവരുടെ അനാഥ നിനവുകളാണ്. രണ്ടാമത്തേത് ആനന്ദവും ആഹ്ലാദവും ആശ്വാസവും തേടിയുള്ള ഭൂതകാല യാത്രയിൽ അവിടെത്തന്നെ സ്തംഭിച്ചുപോകാനുള്ള അവസ്ഥയാണ്. മനഃശാസ്ത്രത്തിന്റെ ഭാഷയിൽ ഫിക്സേഷൻ അഥവാ ഭൂതകാല സ്തംഭനം. നജീബിന്റെ ‘പച്ച ഇലകളി’ലെ ഗൃഹാതുരത്വ സ്മരണകളുണർത്തുന്ന പ്രബന്ധങ്ങളൊക്കെയും ഭൂതകാലസ്തംഭനം മറികടക്കുന്നവയും മനോഹരവുമാണ്. ചിട്ടപ്പടിയുള്ള ബിസിനസ് കത്തുകൾ എഴുതുമ്പോൾപോലും അധികാര ധ്വനികൾ നഷ്ടമായതിനാൽ കാവ്യാത്മകമായി തീരുന്ന ഭാഷയെക്കുറിച്ച് മാർകേസ് പറഞ്ഞതിനെ ഓർമിപ്പിക്കുംവിധം നജീബിന്റെ സ്മരണകൾ അധികാരമുക്തവും അതിനാൽതന്നെ ഹൃദയസ്പർശിയുമാണ്. ഇന്ന് എന്തെല്ലാം അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവാമെങ്കിലും, അപരവിദ്വേഷക്കറ പുരളാത്ത എഴുത്തടക്കം എന്തും സ്വാഗതാർഹമാണ്. സർവം കരിക്കുന്ന ഫാഷിസ്റ്റ് കൊടുംവേനലിൽ ധാരാളം പച്ച ഇലകൾ തളിർക്കണം.
പച്ചയാം വിരിപ്പിട്ട സഹ്യനിൽ തലവെച്ച് കിടക്കുന്ന കേരളം പച്ചപനംതത്തകളുടെ നാടാണ്. മരതകപച്ചിലക്കാട്ടിൽ സ്വന്തം ചരമശയ്യ വിരിക്കാനാണ് ചങ്ങമ്പുഴ കൊതിച്ചത്. പച്ചപ്പൈ ചാടിനടക്കും മുത്തങ്ങാപ്പുല്ലുകളെവിടെ എന്ന കടമ്മന്റെ ചോദ്യത്തിലും പച്ചയാണ് മുഴങ്ങുന്നത്. കൃഷി, യൗവനം, പ്രതീക്ഷ, വളർച്ച, ഊർജം, ചൈതന്യം, സൗന്ദര്യം, സാന്ത്വനം തുടങ്ങി നിരവധി അർഥതലങ്ങളെ അനുഭൂതിസാന്ദ്രമാക്കുംവിധം, മലയാളിപ്പച്ച സജീവമാണ്. പച്ചനോട്ട്, പച്ചമാംസം, പച്ചക്കള്ളം, പച്ചനുണ തുടങ്ങി പച്ചച്ചിരി വരെയുള്ള പച്ച ചേർന്ന പ്രയോഗങ്ങളേറെയാണ്. പച്ചയെന്ന പദത്തിനർഥം എത്രയുണ്ടെന്നോ, അത് പച്ചയായിത്തന്നെ ഞാൻ പറയുന്നു കേൾക്കുന്നോ’ എന്ന കെ.ടി. മുഹമ്മദിന്റെ പ്രശസ്തമായ പച്ചപ്പാട്ട് ജീവിതം പച്ചയാണെന്ന സത്യമാണ്, പച്ചയായിത്തന്നെ പറയുന്നത്. പച്ചവെള്ളത്തിൽ പൊടിച്ചു ജീവനുണർന്നു/പച്ചയിൽ തെളിഞ്ഞു ലോകം പച്ചയായിത്തീർന്നു/പച്ചയെന്ന നിറം കൊടുത്തു കാര്യമുണ്ടല്ലോ എന്ന കെ.ടിയുടെ കാഴ്ചപ്പാടിന് ശാസ്ത്രവും കൈകൊടുക്കും! കാട്ടപ്പ എന്ന ചെടിക്ക് കേരളത്തിൽ കമ്യൂണിസ്റ്റ് പച്ച എന്നും പേരുണ്ട്. എത്ര ചവിട്ടിഞെരിച്ചാലും പിന്നെയും അത് തഴച്ചുവളരും. പോരാളികളായ കമ്യൂണിസ്റ്റ്കാരെപ്പോലെ! കാൽപനികരാണ് മുമ്പ് പച്ചയെ കൊണ്ടാടിയത്. ഇപ്പോൾ പക്ഷേ എല്ലാവരും പച്ചക്കൊപ്പമാകാൻ കൊതിക്കുകയാണ്. ആണവായുധം മുതൽ, മൺനാശകൃഷിക്കെതിരെവരെ പച്ച രൗദ്രസമരമൂർത്തിയായി മാറിക്കഴിഞ്ഞിട്ട് പതിറ്റാണ്ടുകളായി.
മരുത്വാമലയിൽ പച്ചിലയും വെള്ളവും മാത്രം കഴിച്ചാണ്, ശ്രീനാരായണഗുരു കഴിച്ചുകൂട്ടിയത്. മഹാന്മാരായ മഹർഷിമാരും മറ്റ് പുണ്യാത്മാക്കളും പച്ചക്കൊപ്പം ജീവിച്ചവരും മരിച്ചവരുമാണ്. ബഹിഷ്കൃതയായ അടിമപ്പെണ്ണ് ഹാജറക്കും, മകൻ ഇസ്മയിലിനും, മരുഭൂമിയിലെ കൂവിയാർക്കുന്ന ചൂടിൽ സാന്ത്വനമായത് ഒരു സർഹം മരമാണ്. ബുദ്ധന്, പ്രബുദ്ധതയുടെ ചിറകുകൾ നൽകിയതിൽ ബോധിവൃക്ഷവുമുണ്ട്.