പ്ലാസ്റ്റിക് കൊമ്പൻ മൂന്നാറിൽ...!
text_fieldsമൂന്നാർ അപ്സൈക്കിൾഡ് പാർക്കിലെ പ്ലാസ്റ്റിക് കൊമ്പൻ
പടയപ്പ വിലസുന്ന മൂന്നാറിൽ സഞ്ചാരികളെ ആകർഷിച്ച് ഒരു കൊമ്പനുണ്ട്. ആദ്യ കാഴ്ചയിൽ ഒന്നമ്പരക്കുമെങ്കിലും അടുത്തെത്തുമ്പോൾ മനസ്സിലാകും, മുന്നിൽ നിൽക്കുന്നത് കുപ്പിയാനയാണെന്ന്. പഴയ മൂന്നാറിലെ ബൈപാസ് പാലത്തിന് സമീപം പ്ലാസ്റ്റിക് അടക്കമുള്ള പാഴ്വസ്തുക്കൾകൊണ്ട് ഗ്രാമപഞ്ചായത്ത് നിർമിച്ച അപ്സൈക്കിൾഡ് പാർക്കിലാണ് പ്ലാസ്റ്റിക് കൊമ്പൻ ‘നിലയുറപ്പിച്ചിരിക്കുന്നത്’.
സഞ്ചാരികള്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളാണ് ആനയുടെ രൂപത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. ഒറ്റത്തവണ ഉപയോഗിച്ച് നാം വലിച്ചെറിയുന്ന മാലിന്യത്തിന്റെ അളവ് എത്ര ഭീമമാണെന്ന് ഈ ശിൽപം കണ്ടാൽ മനസ്സിലാകും. ആന മാത്രമല്ല, കാട്ടുപോത്ത്, തീവണ്ടി എന്നിവയൊക്കെ മാലിന്യങ്ങളിൽനിന്ന് പുനർജീവിച്ച് ഇവിടെ തലയുയർത്തി നിൽക്കുന്നുണ്ട്.
മൂന്നുവർഷംകൊണ്ട് ശേഖരിച്ച പാഴ്വസ്തുക്കളില്‍നിന്ന് തരംതിരിച്ചെടുത്ത 25 ടണ്ണിലധികം പ്ലാസ്റ്റിക് കൊണ്ട് പലതും ഇവിടെ സൃഷ്ടിച്ചിട്ടുണ്ട്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ 3900 ടൈലുകളാണ് സൈക്കിള്‍ പാര്‍ക്കിലെ നടപ്പാതയില്‍ വിരിച്ചിട്ടുള്ളത്. ഇതിനായി 975 കിലോ പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചു. പ്ലാസ്റ്റിക് മാലിന്യംകൊണ്ടുള്ള ബെഞ്ചുകളുമുണ്ട്.
വലിച്ചെറിഞ്ഞ് കളയുന്ന പ്ലാസ്റ്റിക്, വാഹനങ്ങളുടെ അപ്ഹോള്‍സ്റ്ററി വേസ്റ്റുകൾ എന്നിവ ഉപയോഗിച്ചാണ് കാട്ടുപോത്തിന് ‘ജീവന്’ നല്‍കിയത്. പ്ലേറ്റുകള്‍, എണ്ണ കാനുകള്‍, വാഷിങ് മെഷീന്റെ ഭാഗങ്ങള്‍ തുടങ്ങിയ ആക്രി സാധനങ്ങളുപയോഗിച്ചാണ് മൂന്നാറിലെ പുരാതന മോണോ റെയിലിനെ ഓർമിപ്പിച്ച് തീവണ്ടിമാതൃക പുനര്‍നിർമിച്ചത്.
മൂന്നാറില്‍ ഹരിത കര്‍മസേനയുടെ പ്രവർത്തനവും വൈവിധ്യമാർന്നതാണ്. ഹരിത ചെക്ക്പോസ്റ്റ് വഴി പ്ലാസ്റ്റിക് മാലിന്യം കർമസേന ശേഖരിക്കാറുണ്ട്. ഇതിനായി 20 രൂപ ഓരോ വാഹനത്തിൽനിന്നും ഈടാക്കും. ടൂറിസം കേന്ദ്രമായ മൂന്നാറിലേക്ക് എത്തുന്ന വൻ തോതിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ എങ്ങനെ ഒഴിവാക്കാമെന്ന ചിന്തയിലാണ് ഇത്തരത്തിലുള്ള പദ്ധതിക്ക് തുടക്കമിട്ടതെന്ന് മൂന്നാർ പഞ്ചായത്ത് സെക്രട്ടറി കെ.എൻ. സഹജൻ പറഞ്ഞു.