അക്കൗണ്ടുകൾ വിൽക്കാനുണ്ട്
text_fields‘‘പത്ത് മിനിറ്റ് ഇടവേളയിൽ രണ്ടോ മൂന്നോ തവണയായി അക്കൗണ്ടിൽ പണമെത്തി. അപ്പോൾ തന്നെ പണം എടുത്തുനൽകാനും ആവശ്യപ്പെട്ടു. ബാങ്കിനുപുറത്ത് ഒരു ചെറുപ്പക്കാരൻ കാത്തുനിൽപുണ്ടായിരുന്നു. ചെക്ക് നൽകി മുഴുവൻ തുകയും പിൻവലിച്ച് പുറത്തിറങ്ങി കൈമാറിയ ഉടൻ ‘പോക്കറ്റ് മണി’യെന്ന പേരിൽ 3,500 രൂപ നൽകി അയാൾ പോയി. പിന്നീട് പൊലീസ് വീട്ടിലെത്തുമ്പോഴാണ് ഊരാക്കുടുക്കിലായ വിവരവും സംഭവത്തിന്റെ ഗൗരവവും മനസ്സിലാകുന്നത്...’’
സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ പൊലീസ് നടത്തിയ ഓപറേഷൻ സൈ ഹണ്ടിൽ കണ്ണൂരിൽനിന്ന് പിടിയിലായ വിദ്യാർഥിയുടെ അനുഭവമാണിത്. ഇതെങ്ങനെ സാധിക്കുന്നു എന്നതിൽ ഇപ്പോഴും ഉത്തരമില്ല. ‘സാമ്പത്തിക കുറ്റകൃത്യ’മെന്നും ’ഓൺലൈൻ തട്ടിപ്പെ’ന്നും പൊതുവിൽ വിശേഷിപ്പിക്കുമ്പോൾ വലിയ ഗൂഢാലോചനയും സൈബർ സങ്കേതങ്ങളും ഓൺലൈൻ സന്നാഹങ്ങളുമായുള്ള തട്ടിപ്പെന്നാകും എല്ലാവരും കരുതുക. എന്നാൽ, കെണിയിലകപ്പെട്ട് കേസിൽ പ്രതിയാകുന്ന വിദ്യാർഥികളുടെയും യുവാക്കളുടെയും നിസ്സഹായതയും അറിയാക്കഥകളും ഇവക്ക് പിന്നിൽ ചുരുണ്ടുകൂടി കിടപ്പുണ്ട്. ഗൗരവം തിരിച്ചറിയാതെ തലവെക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാർ ഒരേ സമയം ‘ഇരകളും പ്രതികളു’മായി അനിശ്ചിതത്വങ്ങളുടെ നടുക്കടലിലേക്ക് എടുത്തെറിയപ്പെടുന്നു എന്നതാണ് യാഥാർഥ്യം. നിരപരാധികളെ കവചങ്ങളാക്കിയുള്ള ഇത്തരം തട്ടിപ്പുകൾക്കുപിന്നിൽ വലിയ ആസൂത്രണവും തിരക്കഥയുമാണുള്ളത്.
മ്യൂൾ അക്കൗണ്ടുകളിൽ നടക്കുന്നത്
സൈബർ കുറ്റകൃത്യങ്ങളുടെ ആഗോള ശൃംഖലയിൽ കള്ളപ്പണം വെളുപ്പിക്കലിന്റെ സുപ്രധാന കണ്ണിയാണ് മ്യൂൾ അക്കൗണ്ടുകൾ. കുറ്റകൃത്യങ്ങളുടെ വരുമാനം ഒളിപ്പിക്കുക എന്നതാണ് നടക്കുന്നത്. പല രൂപത്തിലാണ് വാടക അക്കൗണ്ടുകളെ പ്രയോജനപ്പെടുത്തുന്നത്. പണം നൽകി മറ്റൊരാളെക്കൊണ്ട് അക്കൗണ്ടെടുപ്പിക്കുകയും അതുപയോഗിച്ച് തട്ടിപ്പ് നടത്തുന്നതുമാണ് മ്യൂൾ അക്കൗണ്ട് തട്ടിപ്പിന്റെ പൊതുരീതി. സ്വന്തമായി സമ്പാദിച്ച് തുടങ്ങാത്ത, എന്നാൽ പോക്കറ്റ് മണി ആവശ്യമുള്ള 18നും 25നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളെയടക്കമാണ് തട്ടിപ്പ് സംഘം ലക്ഷ്യമിടുന്നത്. ഇവർക്ക് പണം നൽകുകയും ഇവരുടെ പേരിൽ അക്കൗണ്ട് എടുപ്പിക്കുകയും ചെയ്യും. അതേസമയം, ഇത്തരം കേസുകളിൽ ബാങ്കിൽ നൽകുന്ന ഫോൺ നമ്പർ തട്ടിപ്പ് സംഘത്തിലുള്ളവരുടേതായിരിക്കും. സി.സി.ടി.വിയിൽ കുടുങ്ങുമെന്നതിനാൽ സംഘാംഗങ്ങൾ ബാങ്കിൽ പോവില്ല. അക്കൗണ്ടും പാസ് ബുക്കും ഓൺലൈൻ ബാങ്കിങ് വിവരങ്ങളുമെല്ലാം കൈമാറുന്നതോടെ പിന്നീട് ഉടമക്ക് നിയന്ത്രണവുമുണ്ടാകില്ല. കോടികളുടെ പണമിടപാടായിരിക്കും നടക്കുക. രക്ഷിതാക്കളോ അധ്യാപകരോ അറിയാതെയാണ് വിദ്യാർഥികൾ ഈ സാഹസത്തിന് മുതിരുന്നത്.
കമീഷൻ വാഗ്ദാനം ചെയ്ത് പണമിടപാട് നടത്തുന്നതാണ് മറ്റൊരു രീതി. അക്കൗണ്ടുകൾ വാടകക്ക് നൽകും വിധമാണ് ഇവിടെ ഇടപാട്. ഓൺലൈൻ തട്ടിപ്പുകളിൽനിന്നും മറ്റു കുറ്റകൃത്യങ്ങളിൽനിന്നും നിയമവിരുദ്ധമായി നേടുന്ന പണം ഒളിപ്പിക്കാനും കൈമാറ്റം ചെയ്യാനും ക്രിമിനൽ സംഘങ്ങൾ ഉപയോഗിക്കുന്ന വഴിയായി ഇത് മാറിയിരിക്കുന്നു. ഇടനിലക്കാരുള്ളതിനാൽ കുറ്റവാളിയിലേക്ക് നേരിട്ടെത്തില്ല എന്നതാണ് തട്ടിപ്പുകാരുടെ പ്രധാന ആനുകൂല്യം. ഒപ്പം സൈബർ കുറ്റകൃത്യങ്ങളിൽനിന്നുള്ള വരുമാനം ഉടൻ തന്നെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുന്നതിലൂടെ യഥാർഥ കുറ്റവാളികളെ കണ്ടെത്താൻ കഴിയാത്തവിധം പണത്തിന്റെ ഉറവിടം മറയ്ക്കാൻ കഴിയുന്നു.
സൂത്രധാരന്മാർ കാണാമറയത്ത്
യാഥാർഥ കുറ്റവാളികൾ കാണാമറയത്തും അവർക്കായി ഇടപാട് നടത്തുന്നവർ അഴിക്കുള്ളിലുമാകുന്നതാണ് സാഹചര്യം. കണ്ണൂരിലെ ചെറുപ്പക്കാരന്റെ അനുഭവം ഇക്കാര്യം അടിവരയിടുന്നു. അക്കൗണ്ടുകൾ വാടകക്കെടുത്തുള്ള തട്ടിപ്പിന് പല രീതികളുമുണ്ടെങ്കിലും ഇവിടെ സൗഹൃദവലയമാണ് ഉപയോഗിച്ചത്. ‘സുഹൃത്തിന്റെ സുഹൃത്ത്’ വഴിയായിരുന്നു കണ്ണിചേർക്കൽ. അക്കൗണ്ടിലേക്ക് പണമിട്ടാൽ എടുത്തുനൽകുമോ എന്നാണ് ആവശ്യപ്പെട്ടത്. ഉപകാരസ്മരണക്കായി ചായക്കാശോ പോക്കറ്റ് മണിയോ നൽകാമെന്നും വാഗ്ദാനം. ചേതമില്ലാത്ത ഉപകാരത്തിനുള്ള ഉപഹാരം എന്നതിനപ്പുറം കള്ളപ്പണം വെളുപ്പിക്കാൻ തന്റെ അക്കൗണ്ട് കരുവാക്കിയതിനുള്ള പ്രതിഫലമായിരുന്നു ഇതെന്ന് ഇവർ അറിഞ്ഞിരുന്നില്ല. പറഞ്ഞ ദിവസം പണം വന്നു, അന്നുതന്നെ എടുത്തു നൽകി.
രണ്ടര മാസങ്ങൾക്കിപ്പുറം ജയിലിലും. പണം വന്നതിനും എടുത്തതിനും തെളിവുണ്ട്. എന്നാൽ, കൈമാറിയതിന് തെളിവില്ല. സൗഹൃദവലയത്തിലെ അപരിചിതനായ വിദൂര കണ്ണി എന്നതിനപ്പുറം ഇയാളെക്കുറിച്ച് ഒരുവിവരവുമില്ല. ഫലത്തിൽ ഇരകൾ തന്നെ പ്രതികളുമായി. അക്കൗണ്ട് മരവിപ്പിച്ചുവെന്ന് മാത്രമല്ല, കൈമാറിയ തുക അക്കൗണ്ടിൽ മൈനസ് ആവുകയും ചെയ്തു. ഇനി അക്കൗണ്ട് മരവിപ്പിച്ചത് പിൻവലിച്ചാലും ഇത്രയും തുക നികത്തിയാലേ പണമിടപാട് നടക്കൂ. പാൻ നിർബന്ധമായതിനാൽ പുതിയ അക്കൗണ്ടെടുക്കാനും സാധിക്കില്ല. ഇത് ഒറ്റപ്പെട്ട സംഭവമല്ല. വ്യാപകമായി അരങ്ങേറുന്ന വാടക അക്കൗണ്ട് തട്ടിപ്പുകളുടെ നേർ പരിച്ഛേദമാണ്.
(തുടരും)


