വ്യത്യാസങ്ങളുടെ ആത്മീയ മനുഷ്യൻ
text_fieldsകരുണയുടെ, സ്നേഹത്തിന്‍റെ ശക്തമായ കരങ്ങളായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടേത്. എല്ലാ മനുഷ്യർക്കുനേരെയും ആ കരങ്ങൾ നീണ്ടു. അഭയാർഥി, പരിസ്ഥിതി, വധശിക്ഷ തുടങ്ങിയ വിഷയങ്ങളിലും ലൈംഗിക ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രതിസന്ധികളിലും മാർപാപ്പ കരുണാപൂർവമായ നിലപാടുകൾ സ്വീകരിച്ചു. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്‍റെ പേര് സ്വീകരിച്ച പാപ്പ ജീവിതത്തിന്‍റെ അവസാനം വരെ ഫ്രാൻസിസ് അസീസിയുടെ വഴികൾ തന്നെ പിന്തുടർന്നു. ആ വഴിയാകട്ടെ, മനുഷ്യനും പ്രകൃതിക്കും വേണ്ടിയുള്ള വിശാല മാനവികബോധത്തിന്‍റേതായിരുന്നു.
കത്തോലിക്ക സഭക്ക് നേതൃത്വം നൽകുന്നതിനൊപ്പം തന്നെ ലോകത്തിനും സമൂഹത്തിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടവർക്കും അദ്ദേഹം നാഥനും തണലുമായി. കരുതൽ രൂപമായി സഭക്കുള്ളിലും പുറത്തും അദ്ദേഹം പ്രവർത്തിച്ചു. സുവിശേഷം വീണ്ടും വായിക്കാനും അതിലൂടെ യേശുവിനെ നേരിട്ട് അടുത്ത് കാണാനുമുള്ള അവസരമുണ്ടെന്നും സഭാ മക്കൾക്ക് അദ്ദേഹം നിരന്തര ഉപദേശം നൽകി. കണ്ടുമുട്ടിയതിനെക്കാൾ ആഴത്തിലുള്ള ചില കാര്യങ്ങൾ സുവിശേഷത്തിലുണ്ടെന്നും അത് കാണണമെന്നും ആവശ്യപ്പെട്ടു. പൊതുസമൂഹത്തിൽ അദ്ദേഹത്തിന്‍റെ നേതൃത്വം ഐക്യത്തിന്‍റെ രൂപമായി പ്രവർത്തിച്ചിരുന്നു. നമ്മളെല്ലാം സഹോദരങ്ങളാണെന്ന പേരിൽ അദ്ദേഹം എഴുതിയ ലേഖനങ്ങൾ ലോകശ്രദ്ധപിടിച്ചുപറ്റിയവയാണ്.
വധശിക്ഷ, അഭയാർഥി വിഷയങ്ങളിലും മാർപാപ്പ കരുണയുടെ പക്ഷം പിടിച്ചു. വധശിക്ഷ ക്രിസ്തീയ മാനുഷിക മൂല്യങ്ങളോട് ചേർന്നു പോകുന്നതല്ലെന്നും അഭയാർഥികളെ ശത്രുക്കളായി കാണാതെ കരുണയോടെ, സഹായിക്കണമെന്നുമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ നിലപാട്. പ്രതീക്ഷയുടെ ചക്രവാളത്തിലേക്ക് വാതിൽ തുറക്കുന്നതായിരിക്കണം ഏതു ശിക്ഷയുമെന്നും എന്നാൽ, വധശിക്ഷയിൽ അതില്ലെന്നും അതുകൊണ്ടുതന്നെ അത് ക്രിസ്തീയവും മനുഷ്യത്വപരവുമല്ലെന്നും പാപ്പ പറഞ്ഞു.
ചട്ടക്കൂടുകളെല്ലാം ഭേദിച്ചാണ് അദ്ദേഹം വൈദികരോടും ജനങ്ങളോടും ഇടപെട്ടിരുന്നത്. അദ്ദേഹത്തിന്‍റെ മുറിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അദ്ദേഹം നമ്മളെ അനുഗമിക്കാറുണ്ട്. ഒരിക്കൽ അദ്ദേഹത്തെ കണ്ടിറങ്ങുന്ന വേളയിൽ ഞാൻ പറഞ്ഞു. താങ്കൾ എന്നെ യാത്രയാക്കാൻ പുറത്തേക്ക് വരരുത്. അപ്പോൾ അദ്ദേഹം നർമത്തോടെ പറഞ്ഞു. എന്നെ കാണാൻ വന്നവരൊക്കെ പുറത്തുപോയി എന്ന് ഉറപ്പാക്കേണ്ട ചുമതല എനിക്കുണ്ട്. എന്നിട്ട് സ്വരം താഴ്ത്തി പറഞ്ഞു. വന്നവർ ഇവിടെയുള്ള ഒരു സാധനവും കട്ടെടുത്തുകൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും കൂടിയാണ് ഞാൻ നിങ്ങളുടെ പിന്നാലെ വരുന്നത്. കർദിനാൾ എന്നല്ല, ഒരു സാധാരണക്കാരൻ അദ്ദേഹത്തെ കണ്ട് തിരികെ പോകാനിറങ്ങിയാലും അദ്ദേഹം അയാളെ മടക്കിയയച്ചശേഷമേ തിരികെ മുറിയിലേക്ക് പോകുകയുള്ളൂ. ആദ്ദേഹത്തിന്‍റെ ആത്മീയതയും മനുഷ്യത്വവും സാധാരണ അളവുകോൽകൊണ്ട് അളക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല. അഭയാർഥികളായി വന്നവരുടെ ക്ലേശപൂർണമായ ജീവിതത്തെ ലോകശ്രദ്ധയിൽപെടുത്തിയ ലോകനേതാവായിരുന്നു അദ്ദേഹം.
അഭയാർഥികളെ ആര് ഏറ്റെടുക്കുമെന്ന ചോദ്യം നിലനിന്ന ഘട്ടത്തിൽ വിമാനത്തിൽ തന്നോടൊപ്പം ഒരു കുടുംബത്തെക്കൂടി വത്തിക്കാനിലേക്ക് കൊണ്ടുവന്ന ഫ്രാൻസിസ് പാപ്പ ലോകത്തിന് നൽകിയ സന്ദേശം ചരിത്രപ്രാധാന്യമുള്ളതുതന്നെയാണ്. സെന്‍റ് പീറ്റേഴ്സ് സ്ക്വയറിലേക്ക് ചെന്നാൽ അതിന്‍റെ ഇടത് ഭാഗത്തായി ഒരു കപ്പലിൽ തിങ്ങിനിറഞ്ഞുനിൽക്കുന്ന അഭയാർഥികളുടെ രൂപം കാണാം.
മരിക്കുന്നതിന് മണിക്കൂറുകൾക്കുമുമ്പ് ലോകമനഃസാക്ഷിയോട് ആവശ്യപ്പെട്ടത് ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കണമെന്നായിരുന്നു. അല്ലാതെ, തനിക്ക് അല്പം കൂടി മെച്ചപ്പെട്ട ചികിത്സ വേണമെന്നോ മരുന്ന് ലഭിക്കണമെന്നോ ആയിരുന്നില്ല. അമേരിക്കൻ പ്രസിഡന്‍റിനോടു പോലും അധാർമികമായത് ഉപേക്ഷിക്കണമെന്നുപറയാൻ മടികണിക്കാത്ത മാർപാപ്പയെ അദ്ദേഹത്തിൽ കണ്ടു. കുടിയേറ്റ വിഷയത്തിൽ ഫ്രാൻസിസ് മാർപാപ്പ നൽകിയ ഉപദേശങ്ങളും ചില അനുശാസങ്ങളുമൊക്കെ എന്നും ഓർക്കപ്പെടുന്നവയാണ്.
ഫ്രാൻസിസ് മാർപാപ്പയുമായി അടുത്ത ബന്ധം നിലനിർത്താൻ സാധിച്ചെന്നത് ഈ ജീവിതത്തിൽ എനിക്ക് ലഭിച്ച ഒരനുഗ്രഹമാണ്. അസുഖബാധിതനായി വീൽചെയറിലാകുന്നതിനുമുമ്പ് പള്ളിയിലെ പ്രാർഥനയും പ്രാതലും കഴിഞ്ഞ് പാപ്പ നേരെ പോയിരുന്നത് റിസപ്ഷനിലേക്കാണ്. റിസപ്ഷനിൽ മൂന്ന് ജീവനക്കാരുണ്ട്. മൂന്ന് പേരും അൽമായരാണ്, പുറത്തുനിന്ന് വരുന്നവർ. മൂവരോടും എല്ലാ ദിവസവും കൈകൊടുത്ത് വീട്ടിലെ വിശേഷങ്ങളും മക്കളുടെ കാര്യങ്ങളും അന്വേഷിക്കും. എന്തുകൊണ്ടാണ് അദ്ദേഹം എല്ലാദിവസം ഇവർക്ക് കൈകൊടുത്ത് വീട്ടിലെ കാര്യങ്ങൾ ചോദിക്കുന്നതെന്ന് ഞാൻ ചിന്തിച്ചു.
അവരിൽ എത്യോപ്യക്കാരിയായ ഒരു അമ്മയുണ്ടായിരുന്നു. പാപ്പ വന്ന് ഇങ്ങനെ ചോദിക്കുമ്പോൾ നിങ്ങൾക്കെന്താണ് തോന്നുന്നതെന്ന് ഒരിക്കൽ ഞാൻ ആ സ്ത്രീയോട് ചോദിച്ചു. അവർ എന്നോട് പറഞ്ഞത് പാപ്പ വന്ന് വീട്ടിലെ ഒരാളെപ്പോലെ സംസാരിക്കുമ്പോൾ അദ്ദേഹത്തോട് ഒന്നും മറച്ചുവെക്കാൻ തോന്നാറില്ല. ഈശ്വരൻ അടുത്തുണ്ടെന്ന ഒരു സുരക്ഷിതത്വമാണ് തങ്ങൾ അനുഭവിക്കുന്നതെന്ന്. ഫ്രാൻസിസ് പാപ്പയെ ഒരുചട്ടക്കൂടിനുള്ളിൽ ഒതുക്കി നിർത്താൻ കഴിയില്ല.
(മലങ്കര കത്തോലിക്ക സഭാധ്യക്ഷനാണ് മേജർ ആർച്ച് ബിഷപ് ക്ലീമിസ് കാതോലിക്ക ബാവാ)