Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഫ്രാൻസിസ് പാപ്പയുടെ...

ഫ്രാൻസിസ് പാപ്പയുടെ പ്രതീക്ഷകൾ...

text_fields
bookmark_border
ഫ്രാൻസിസ് പാപ്പയുടെ പ്രതീക്ഷകൾ...
cancel

2016ൽ വത്തിക്കാനിൽ പാപ്പൽ ഓഡിയൻസിന് സാക്ഷ്യം വഹിച്ച് പാപ്പയെ കാണാനായ കാലം മുതൽ ഫ്രാൻസിസ് പാപ്പയെ താൽപര്യപൂർവം നിരീക്ഷിക്കാറുണ്ട്. ആത്മീയമെന്നും മതപരമെന്നുമൊക്കെ സാധാരണ വിവക്ഷിക്കപ്പെടുന്ന വിഷയങ്ങളിലാണല്ലോ മാർപാപ്പമാർ പൊതുവെ ഇടപെടുകയും അഭിപ്രായ പ്രകടനം നടത്തുകയും ചെയ്യുക. ഇനി അങ്ങനെയല്ലാതെ എന്തെങ്കിലും ഇടപെടലുകൾ അപവാദമായി നടത്തിയിട്ടുണ്ടെങ്കിൽ അത് മിക്കവാറും, പിന്നീട് വിമർശന വിധേയമാകും വിധം ഭരണകൂട താൽപര്യങ്ങൾക്ക് ഒപ്പം നിൽക്കാനായിരിക്കും എന്നൊരു വിമർശമുണ്ട് താനും. അതിൽ നിന്ന് ഭിന്നമായി വൈവിധ്യമാർന്ന വിഷയങ്ങളിൽ തന്‍റെ അഭിപ്രായങ്ങൾ ധൈര്യമായി പ്രകടിപ്പിക്കുന്ന ആളാണ് ഫ്രാൻസിസ് പാപ്പ എന്ന് മനസ്സിലാക്കാനായി. അതിനാൽ തന്നെ അദ്ദേഹത്തിന്‍റെ ആത്മകഥയായ 'HOPE' പുറത്തിറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ വാങ്ങണമെന്ന് തീർച്ചപ്പെടുത്തിയതാണ്. അങ്ങനെ 2025ൽ പൂർണമായും വായിച്ചു തീർത്ത ആദ്യ പുസ്തകമായി ഫ്രാൻസിസ് പാപ്പയുടെ ‘ഹോപ്പ്’.

പേര് സൂചിപ്പിക്കും പോലെ തന്നെ വരാനിരിക്കുന്ന നല്ല കാലത്തെ കുറിച്ച പ്രതീക്ഷകളാണ് പുസ്തകം ധാരാളമായി പങ്കു വെക്കുന്നത്. ഒരു പക്ഷേ പുസ്തകം പങ്കുവെക്കുന്ന ഏറ്റവും ഗുണാത്മകമായ കാര്യവും ഈ പ്രതീക്ഷ തന്നെയാണ്. കെട്ട കാലത്തെയും ഉത്തരവാദിത്ത ബോധമില്ലാത്ത ചെറുപ്പത്തെയും സംബന്ധിച്ച രോദനങ്ങളിൽ കുടുങ്ങി അവസാനം അടുത്തെത്തിയിരിക്കുന്ന ലോകാവസാനത്തിൽ മാത്രം പ്രതീക്ഷയർപ്പിക്കാൻ മാത്രം നിരാശരായിപ്പോയതിനെ കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. പഴയ കാലത്തിന്‍റെ സങ്കീർണതകളെയും പ്രശ്നങ്ങളെയുമൊക്കെ കണ്ടില്ലെന്ന് നടിച്ച് അവയുടെ മനോഹരമായ ചിത്രം അവതരിപ്പിച്ച് വർത്തമാനത്തെ കുറ്റം പറയുന്നതിനെ ചരിത്ര വിരുദ്ധമായ മരീചിക (anti historical mirage) എന്നാണ് അദ്ദേഹം വിളിക്കുന്നത്.

പ്രതീക്ഷ എന്നത് കേവലം ഒരു തോന്നലോ വികാരമോ അല്ല, മറിച്ച് നീതിക്കും സമാധാനത്തിനും പാവപ്പെട്ടവരുടെ അവകാശങ്ങൾക്കും ഭൂമിക്ക് വേണ്ടി തന്നെയും പ്രവർത്തിക്കാൻ മനുഷ്യരെ പ്രേരിതരാക്കുന്ന ഒന്നാണ് എന്നാണ് പാപ്പ പറയുന്നത്. ചെറുപ്പക്കാരും അരിക്കുവത്കരിക്കപ്പെട്ടവരുമാണ് പ്രതീക്ഷയുടെ പ്രസാരകർ. അവരുടെ സ്വപ്നങ്ങളും സമരങ്ങളും സ്ഥൈര്യവുമൊക്കെ ചർച്ചിനും സമൂഹത്തിനും പ്രചോദകങ്ങളാകണം.

ഇറ്റലിയിൽനിന്ന് 20ാം നൂറ്റാണ്ടിന്‍റെ ആദ്യത്തിൽ അർജൻ്റീനയിലേക്ക് കുടിയേറിയ കത്തോലിക്കാ കുടുംബത്തിലെ മൂന്നാം തലമുറയിലാണ് പാപ്പയുടെ ജനനം. തെക്കൻ അമേരിക്കയിലെ മെച്ചപ്പെട്ട മേച്ചിൽ പുറങ്ങളെ പറ്റിയുള്ള വാഗ്ദാനങ്ങളിൽ വിശ്വസിച്ച് ധാരാളം യൂറോപ്യർ സ്വന്തം നാട്ടിലെ സമ്പാദ്യങ്ങളെല്ലാം വിറ്റഴിച്ച് തെക്കൻ അമേരിക്കയിലേക്ക് കുടിയേറുന്നത് അക്കാലത്ത് പതിവായിരുന്നു. അങ്ങനെ പോകാൻ തീരുമാനിച്ച് കപ്പലിന് ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും തന്‍റെ സ്ഥലവും സ്വത്ത് വകകളും സമയത്തിന് വിൽക്കാൻ പാപ്പയുടെ പിതാമഹന് കഴിഞ്ഞില്ല. അതിനാൽ ആ ടിക്കറ്റ് മറ്റൊരാൾക്ക് വിറ്റു. പക്ഷെ ദൗർഭാഗ്യവശാൽ ആ കപ്പൽ അർജൻ്റീനയിലേക്കുള്ള യാത്രയ്ക്കിടെ കടലിൽ മുങ്ങി. അന്ന് അദ്ദേഹത്തിന് ആ കപ്പലിൽ യാത്ര സാധ്യമാവാതിരുന്നത് കൊണ്ട് ഇവിടെ ഇന്ന് ഞാൻ എന്ന് വിവരിച്ചു കൊണ്ടാണ് പുസ്തകം തുടങ്ങുന്നത്.

കുട്ടിക്കാലത്ത് അപ്പനും അമ്മയ്ക്കുമിടയിൽ പലപ്പോഴും നിസ്സാര കാര്യങ്ങളെ ചൊല്ലിയുണ്ടായ വഴക്കുകൾ കുഞ്ഞു ജോർജിറ്റോ (Jorge Mario Bergoglio എന്നാണല്ലോ പാപ്പയുടെ ശരിയായ പേര്) യുടെ മനസ്സിലുണ്ടാക്കിയ ആധിയെ കുറിച്ച് പറഞ്ഞ ശേഷം അദ്ദേഹം ദമ്പതികളെ ഇങ്ങനെ ഉപദേശിക്കുന്നു: നിങ്ങൾ തർക്കിച്ചോളൂ, ഒരൽപം ആശ്വാസം നൽകുമെങ്കിൽ കുറച്ച് പാത്രങ്ങൾ പൊട്ടിച്ചോളൂ. പക്ഷെ കുട്ടികളുടെ മുന്നിൽ വെച്ച് ഒരിക്കലുമത് ചെയ്യരുത്. മാത്രമല്ല, ദിവസം തീരുന്നതിന് മുമ്പ് പ്രശ്നം പരിഹരിക്കണം. കാരണം കൂടുതൽ അപകടകരം പിറ്റേന്നത്തെ cold war ആണ്.

Ramos Mejia യിലെ സ്ക്കൂൾ കാലത്തുണ്ടായ ഒരു സംഭവം അനുസ്മരിച്ച് കുറ്റബോധം എത്ര കാലം നിലനിൽക്കുമെന്ന് വിവരിക്കുന്നുണ്ട് അദ്ദേഹം. ഒരിക്കൽ അദ്ദേഹത്തിന്‍റെ സൈക്കിളുമെടുത്ത് പോയ കുട്ടി ഒരപകടം പിണഞ്ഞ് കേടുവന്ന സൈക്കിളുമായാണ് തിരിച്ചെത്തിയത്. നന്നാക്കിക്കിട്ടണമെന്നാവശ്യപ്പെട്ടു Jorge. അവനത് ചെയ്യുകയും ചെയ്തു. പാവപ്പെട്ട കുടുംബത്തിലെ ആ പയ്യനോട് താനങ്ങനെ ചെയ്യരുതായിരുന്നു എന്ന് പിന്നീടെപ്പോഴോ മനസ്സിൽ തോന്നലുണ്ടായി. പക്ഷെ, മാപ്പു പറയാൻ മാർഗമുണ്ടായിരുന്നില്ല. ഏറെക്കാലം കഴിഞ്ഞ് 2009ൽ ബ്യൂനസ് അയേഴ്സിൽ കർദ്ദിനാളായിരിക്കുന്ന കാലത്ത് തന്‍റെ സുരക്ഷക്ക് നിയോഗിക്കപ്പെട്ട പൊലീസുകാരിലൊരാൾ പഴയ സുഹൃത്തിന്‍റെ മകനാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു. അച്ഛന്‍റെ ഫോൺ നമ്പർ വാങ്ങി മാപ്പു പറഞ്ഞ് 59 വർഷങ്ങൾക്ക് ശേഷം തന്‍റെ കുറ്റബോധം ഇറക്കിവെച്ചു എന്നാണ് പാപ്പ പറയുന്നത്.

തന്‍റെ കുടിയേറ്റ പാരമ്പര്യം ഓർക്കുന്നതിനാലാവും, അർജന്‍റീനയിലെ തന്‍റെ കുട്ടിക്കാലവും ദൈവവിളിയുമൊക്കെ വിവരിക്കുന്നതിന് മുമ്പെ തന്നെ മതിലുകൾ കെട്ടി മനുഷ്യരെ വേർതിരിക്കുന്നതിനെതിരെ ശക്തമായ ഭാഷയിൽ അദ്ദേഹം സംസാരിക്കുന്നു. മതിലുകളല്ല പാലങ്ങളാണ് വേണ്ടത് എന്നാണ് പാപ്പയുടെ അഭിപ്രായം. Only those who build bridges can move forward. The builders of walls end up imprisoned by the walls they themselves have built. Most of all, their hearts become entrapped എന്നാണ് പുസ്തകത്തിൽ. അർജൻ്റീനയിലെ ചെറുപ്പകാലത്തെ അനുസ്മരിക്കുമ്പോൾ ഇറാഖ്, ലെബനാൻ പ്രദേശങ്ങളിൽ നിന്ന് കുടിയേറിയവരുടെ മക്കളായ തന്‍റെ മുസ്ലിം സുഹൃത്തുക്കളെ അദ്ദേഹം ഓർക്കുന്നു. ജക്കാർതയിലെ ഗ്രാൻ്റ് മസ്ജിദിനും കത്തീഡ്രലിനും ഇടയിൽ പണിത Tunnel of Peace നെ കുറിച്ച് പറഞ്ഞ് മുസ്ലിം സമൂഹത്തോടുള്ള തന്‍റെ അടുപ്പം ചെറുപ്പം മുതലേ ഉള്ളതാണെന്ന് സൂചിപ്പിക്കുന്നുണ്ട് അദ്ദേഹം.

1976 മുതൽ 83 വരെയുള്ള കാലഘട്ടത്തിൽ അർജന്‍റീനിയൻ ഏകാധിപത്യക്കാലത്തെ ഭരണകൂട അതിക്രമങ്ങളെ കുറിച്ചും ഭരണകൂടം എതിർപക്ഷത്ത് നിർത്തി കാണാതാക്കിയ 30000ൽ പരം desaparecidos നെ കുറിച്ചുമൊക്കെ വിവരിക്കുന്നുണ്ട്. ഭരണകൂട വേട്ടക്കിരയായവരിൽ ചിലരെ രക്ഷിക്കാനായി നടത്തിയ ശ്രമങ്ങളെ കുറിച്ചൊക്കെ പറയുന്നത് അക്കാലത്ത് ഭരണകൂടത്തോട് ചർച്ച് നേതൃത്വം പുലർത്തിയ വിമർശന വിധേയമായ വിധേയത്വം കാരണം വേണ്ട അളവിൽ ഭരണകൂട അതിക്രമത്തോട് പ്രതികരിക്കാൻ കഴിയാതെ പോയതിന്‍റെ പശ്ചാത്തലത്തിലോ പശ്ചാതാപത്തിലോ ഒക്കെ ആണെന്ന് തോന്നും.

ഭരണകൂടങ്ങളുടെ വംശഹത്യാ പദ്ധതികളെ നിസ്സംഗമായി നോക്കി നിൽക്കുന്നതിലെ അപകടം, ഇറ്റലിയിലെ മിലാനിൽനിന്ന് Auschwitz ലേക്ക് ഹിറ്റ്ലർ കടത്തിക്കൊണ്ടു പോയ ജൂതൻമാരുടെ കാര്യത്തിൽ മിലാൻകാർ കാണിച്ച നിസംഗതയെ പരാമർശിച്ച് പാപ്പ സൂചിപ്പിക്കുന്നുണ്ട്. മിലാൻ സ്റ്റേഷനെ Station of Indifference എന്നാണ് പോൽ വിശേഷിപ്പിക്കുന്നത്. അതിനെതിരെ ഒരു പരസ്യമായ എതിർപ്പ് പ്രകടിപ്പിക്കാൻ കഴിയാതെ പോയ സഭാ നേതൃത്വത്തിന്‍റെ പിഴവിനെ കുറിച്ച് പറയാൻ സ്ഥാനം വഹിക്കുന്ന പാപ്പയ്ക്കുള്ള പ്രയാസം മനസ്സിലാക്കാവുന്നതാണ്. പക്ഷെ നിസംഗതയും കടന്ന് വംശ ശുദ്ധീകരണക്കാരോടൊപ്പം ഇരകൾക്കെതിരെ കൂട്ടുചേർന്നിരിക്കുന്ന പുരോഹിത നേതൃത്വത്തിന് പാപ്പയിൽ ചില പാഠങ്ങളുണ്ട്.

പുരോഹിതർക്കിടയിലെ ബാലപീഢകരുടെ പ്രശ്നം പരാമർശ വിധേയമാകുന്ന പുസ്തകത്തിൽ പീഢിതരെ സഭ പിന്തുണക്കണമെന്ന് ആവശ്യപ്പെടുന്നു. 2013 ൽ തന്‍റെ തെരഞ്ഞെടുപ്പിന് തൊട്ടുടനെ മുൻഗാമി ബെനഡിക്ട് പതിനാറാമൻ ബാലപീഢനവുമായി ബന്ധപ്പെട്ട രേഖകളടങ്ങിയ പെട്ടി തന്നെ ഏൽപിച്ചതായി പറയുന്നുണ്ട്.I have arrived this far, taken these actions, removed these people, now it’s your turn എന്നാണ് ബെനഡിക്ട് പാപ്പ പറഞ്ഞത്.

സഭയിൽ നിന്ന് തന്നെ വിമർശം ഏറ്റുവാങ്ങിയ തൻ്റെ LGBTQ വിനോടും വിവാഹ മോചിതരോടുമുള്ള ഉൾക്കൊള്ളൽ സമീപനം തൻ്റെ പ്രതീക്ഷയുടെ ഭാഗമായി പ്രതിപാദിക്കുന്നുണ്ട്. ഈ വിമർശങ്ങളെ അദ്ദേഹം ഉദാഹരിക്കുന്നത് Marcello Mastroianni and Sophia Loren എന്നിവരഭിനയിച്ച A special day എന്ന സിനിമയുമായാണ്. കേന്ദ്ര കഥാപാത്രങ്ങളാകുന്ന സ്വവർഗാനുരാഗിയും സ്ത്രീയും ആളൊഴിഞ്ഞ ഒരു അപാർട്മെന്‍റിൽ ഉപേക്ഷിക്കപ്പെടുന്ന സമയത്ത് തന്നെ മുഴുവൻ റോമും മുസോളിനിയെ സന്ദർശിക്കാനെത്തുന്ന ഹിറ്റ്ലറെ സ്വീകരിക്കാനുള്ള ആഹ്ലാദത്തിമർപ്പിലാണ്. ലോകത്തെ യുദ്ധത്തിലേക്കും ഉൻമൂലനങ്ങളിലേക്കും വലിച്ചിഴയ്ക്കാൻ പോകുന്ന രണ്ട് പേർ സ്വാഗതം ചെയ്യപ്പെടുന്നേടത്ത് രണ്ട് കേന്ദ്ര കഥാ പാത്രങ്ങൾ അവഹേളനങ്ങൾക്ക് വിധേയരാകുന്നു. എന്തൊരു വൈപരീത്യം!

2013ൽ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, പരമ്പരാഗത അപ്പസ്തോലിക കൊട്ടാരത്തിന് പകരം വത്തിക്കാനിലെ ലാളിത്യമാർന്ന ഗസ്റ്റ്ഹൗസായ ഡോമസ് സാങ്‌റ്റേ മാർത്ത താമസിക്കാനായി അദ്ദേഹം തെരഞ്ഞെടുത്തു. മറ്റുള്ളവരുമായി അടുത്ത ബന്ധം പുലർത്താനുമുള്ള അദ്ദേഹത്തിന്‍റെ ആഗ്രഹമാണ് ഈ തീരുമാനത്തിന് കാരണമായത്, "ഇടയന് ആടിന്‍റെ മണം ഉണ്ടായിരിക്കണം" എന്നാണ് അദ്ദേഹം പറയുന്നത്. 1936ൽ അർജന്‍റീനയിൽ ജനിച്ച Jorge Mario Bergoglio 2013ൽ പോപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അസ്സീസിയിലെ ഫ്രാൻസിസിന്‍റെ പേര് തെരഞ്ഞെടുക്കുകയായിരുന്നു.

പോപ്പ് പദവിയിലിരിക്കെ ഒരാൾ എഴുതുന്ന ആദ്യ ആത്മകഥ എന്ന പ്രത്യേകതയുണ്ട് ഹോപ്പിന്. ഇറ്റാലിയൻ പ്രസാധകൻ കാർലോ മുസ്സോയുമായി ചേർന്നാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

Show Full Article
TAGS:Pope Francis 
News Summary - Pope Francis' expectations
Next Story