സമാധാന നായകൻ വിടപറയുമ്പോൾ
text_fieldsയുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും നിഴലിലാണ്ടുപോയ ഈ കാലത്ത് സമാധാന ദൂതനായി ലോകമെമ്പാടും വർത്തിച്ച പോപ്പ് ഫ്രാൻസിസ് മതങ്ങൾ തമ്മിലും രാഷ്ട്രങ്ങൾ തമ്മിലുമുള്ള ഭിന്നതകൾ ശമിപ്പിക്കാൻ, പ്രത്യേകിച്ച് ക്രൈസ്തവരും മുസ് ലിംകളും തമ്മിലെ ഐക്യബന്ധം ഉറപ്പിക്കാൻ, ആത്മാർഥമായ ശ്രമങ്ങളാണ് നടത്തിവന്നത്.
2013ൽ പോപ്പായി തെരഞ്ഞെടുക്കപ്പെട്ടതോടെ, അദ്ദേഹം ലോകത്തിനുമുന്നിൽ ഒരു പുതിയ പ്രതീക്ഷയായി മാറി. ഏതാനും ആഴ്ചകൾക്കുള്ളിൽ വന്നെത്തിയ പെസഹാ വ്യാഴാഴ്ച റോമിലെ ഒരു ജയിലിൽ സ്ത്രീകളുടെയും രണ്ട് മുസ്ലിം യുവാക്കളുടെയും കാൽ കഴുകി അദ്ദേഹം ലോകത്തെ അമ്പരപ്പിച്ചു. മറ്റുമതസ്ഥർക്കും കത്തോലിക്കരായ സ്ത്രീകൾക്കുപോലും ഒരിക്കലും നീക്കിവെക്കപ്പെടാത്തതായിരുന്നു ഈ വിശുദ്ധ ആചാരം എന്നറിയുക. ‘‘അദ്ദേഹം നിയമങ്ങളെയല്ല, മനുഷ്യരെ മാത്രമാണ് കണ്ടത്’’ എന്ന് അർജന്റീനയിലെ സുഹൃത്ത് ശൈഖ് ഉമർ അബ്ബൗദ് ഒരിക്കൽ പറഞ്ഞത് കാതിൽ അലയടിക്കുന്നു.
ഈജിപ്തിലെ അൽ-അസ്ഹർ ഗ്രാൻറ് ഇമാം ശൈഖ് അഹമ്മദ് അൽ ത്വയ്യിബുമായുള്ള ബന്ധം, സാമ്പ്രദായികതയെ അതിശയിപ്പിക്കുന്ന സാഹോദര്യത്തിന്റെ ദൃഷ്ടാന്തമായി. 2016ൽ വത്തിക്കാനിലെ സാന്താ മാർത്തയിലുള്ള വസതിയിൽ നടന്ന ലളിതമായ ഉച്ചഭക്ഷണം ഒരു നയതന്ത്ര ഔപചാരികതയായിരുന്നില്ല, മനുഷ്യത്വത്തിന്റെ ആലിംഗനമായിരുന്നു. പോപ്പും ഇമാമും തമ്മിലെ സംവാദം പിന്നീട് ‘വിശ്വാസങ്ങളുടെ ഉടമ്പടി’ എന്ന പേരിൽ ചരിത്ര പ്രസിദ്ധമായി. ഈ സംവാദമാണ് 2019ൽ ‘മനുഷ്യ സാഹോദര്യത്തിനായുള്ള ഉടമ്പടി’ എന്ന തീവ്രവാദ-അനീതികൾക്കെതിരായ ലോകപ്രസിദ്ധ രേഖക്ക് നാന്ദിയായത്. ‘‘ദൈവശാസ്ത്രജ്ഞരായല്ല, സഹോദരന്മാരെപ്പോലെയാണ് ഞങ്ങളിത് രചിച്ചത്’’, എന്നാണ് ഇമാം ത്വയ്യിബ് ലോകത്തോട് പറഞ്ഞത്.
‘ദിവ്യ കരുണ’ (മിസെറിക്കോർഡിയ) എന്ന ആശയമാണ് പോപ്പ് ഫ്രാൻസിസിന്റെ ദൈവശാസ്ത്രത്തിന്റെ കേന്ദ്രം. ക്രൈസ്തവർക്കും മുസ്ലിംകൾക്കും ഇടയിൽ ഈ കരുണയെ അദ്ദേഹം ഒരു സാമൂഹിക മൂല്യമായി ചൂണ്ടിക്കാട്ടി. ഖുർആനിലെ ‘അൽ-റഹ്മാൻ’ (പരമകാരുണികൻ) എന്ന അല്ലാഹുവിന്റെ നാമവും ബൈബിളിലെ ‘അൽ-റഹൂം’ (കരുണാപൂർണൻ) എന്ന പദവും ഉദ്ധരിച്ച്, രണ്ട് മതങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു പാലമായി കരുണയെ മനസ്സിലാക്കി. ഈ സാമ്യത സാമൂഹിക നീതി, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങളിൽ ക്രൈസ്തവ-മുസ്ലിം സഹകരണത്തിന് പ്രചോദനമായി.
ഫ്രാൻസിസിന്റെ പാപ്പാസ്ഥാനകാലം മതസാമരസ്യത്തിനായുള്ള ചരിത്രപ്രധാനമായ മാറ്റങ്ങൾക്ക് സാക്ഷ്യംവഹിച്ചു. വ്യക്തിപരമായ സൗഹൃദ പ്രവർത്തനങ്ങൾ, രാഷ്ട്രീയ ഉപാധികൾ, സ്ഥാപനപരമായ പരിഷ്കാരങ്ങൾ എന്നിവയിലൂടെ ഇത് സാധ്യമായി.
യു.എ.ഇ തലസ്ഥാനമായ അബൂദബി സന്ദർശിച്ച വേളയിൽ പോപ്പ് ഫ്രാൻസിസും അൽ-അസ്ഹർ ഗ്രാൻഡ് മസ്ജിദ് ഇമാം അഹ്മദ് അൽ ത്വയ്യിബും ചേർന്ന് രചിച്ച ‘ലോകസമാധാനത്തിനും സഹവാസത്തിനുമായുള്ള മനുഷ്യ സാഹോദര്യ രേഖ’ ആധുനിക മനുഷ്യ ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ്. ‘സഹോദരന്മാരും സഹോദരികളും’ എന്ന വാക്കുകൾ മതസാമരസ്യ പ്രവർത്തനങ്ങളുടെ മുദ്രാവാക്യമായി മാറി.
2014ൽ ഇസ്താംബൂളിലെ ബ്ലൂ മോസ്കിലും 2021ൽ ഇറാഖിലെ മസ്ജിദിലും പ്രാർഥിച്ച ആദ്യ പോപ്പായി ഫ്രാൻസിസ്.
2021ൽ ഇറാഖ് തീർഥാടനത്തിനിടയിൽ ശിയാ പണ്ഡിതൻ ആയത്തുല്ലാ അലി അൽ-സിസ്താനിയെ കണ്ടുമുട്ടിയത് മതവിഭജനങ്ങൾ മറികടക്കാനുള്ള പ്രതിജ്ഞയുടെ പ്രതീകമായി.
കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്ടിന്റെ നേതൃത്വത്തിലെ ‘ഇന്റർ റിലീജിയസ് ഡയലോഗ് ഡികാസ്റ്ററി’ മാർപാപ്പയുടെ ദർശനം സജീവമാക്കി. 2025ലെ റമദാൻ സന്ദേശത്തിൽ, ‘‘ക്രൈസ്തവരും മുസ്ലിംകളും: നാം ഒന്നിച്ച് എന്താകാൻ ആഗ്രഹിക്കുന്നു’’ എന്നതിലൂടെ അനീതിക്കെതിരായ പോരാട്ടത്തിന് ഒരുമിച്ച് നിൽക്കാനും റമദാനും ക്രൈസ്തവ നൊയമ്പാചരണവും ആത്മീയ പുനരുജ്ജീവനത്തിന്റെ വേളയായി മനസ്സിലാക്കാനും ആഹ്വാനം ചെയ്തു.
2013ൽ ലാംപെഡുസയിലേക്കുള്ള സന്ദർശനത്തിനിടയിൽ, വടക്കൻ ആഫ്രിക്കയിൽനിന്ന് കുടിയേറുന്ന മനുഷ്യരുടെ കഷ്ടത ഫ്രാൻസിസ് പാപ്പയുടെ ശ്രദ്ധയിലെത്തി. സിറിയൻ മുസ്ലിം അഭയാർഥികളെ ‘സ്വീകരിക്കുക, സംരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക’ എന്ന ആഹ്വാനത്തിന് പ്രേരകമായത് ഈ സംഭവമായിരുന്നു.
കത്തോലിക്ക സഭയും ഇസ്ലാമിക ലോകവുമായുള്ള ബന്ധങ്ങൾക്ക് പുതിയ നിർവചനം നൽകിയ പോപ്പ് ഫ്രാൻസിസിന്റെ വിയോഗം ഒരു യുഗത്തിന്റെ അന്ത്യമാണ്. എന്നിരിക്കിലും, അറബ് എമിറേറ്റ്സ് മുതൽ പാരിസിലെ തെരുവുകളിൽവരെ, അദ്ദേഹം പ്രചോദിപ്പിച്ച അനേകം സർവമത സൗഹൃദ പദ്ധതികളിലൂടെ പോപ്പ് ഫ്രാൻസിസിന്റെ സൗമ്യതയാർന്ന പുഞ്ചിരി വിളങ്ങിനിൽക്കും.
സഭ അദ്ദേഹത്തിന് പിൻഗാമിയെ കണ്ടെത്താൻ തയാറെടുക്കവെ, ഒരു ചോദ്യം അവശേഷിക്കുന്നു: പോപ്പ് ഫ്രാൻസിസ് കണ്ട സാഹോദര്യത്തിന്റെ സ്വപ്നം ലോകമെമ്പാടുമുള്ള പൊട്ടിത്തെറികളുടെ നിഴലിൽ മങ്ങിപ്പോകുമോ?
2025ലെ റമദാൻ സന്ദേശത്തിൽ അദ്ദേഹം ക്രൈസ്തവരോടും മുസ്ലിംകളോടും ആഹ്വാനം ചെയ്ത പ്രമേയം മനസ്സിൽ നിറയുന്നു: ‘‘പരിശുദ്ധമായ അന്തസ്സിന്റെ സംരക്ഷകരായി മാറുക’’. വിശ്വാസം ഭയത്തെ അതിക്രമിക്കുമ്പോൾ സാധ്യമാകുന്ന അത്ഭുതങ്ങളുടെ അതിശക്തമായ മിന്നൽതിളക്കമാണ് ഈ വാക്കുകൾ.
(ക്രൈസ്തവ-ഇസ്ലാമിക ഡയലോഗുമായി ബന്ധപ്പെട്ട ആഗോള ജെസ്യൂട്ട് കൂട്ടായ്മയിലെ (JAM) ഏഷ്യൻ പ്രതിനിധിയാണ് ലേഖകൻ)