ഗസ്സ; ദ്വിരാഷ്ട്രം,സാധ്യത
text_fieldsപശ്ചിമേഷ്യയിൽ ‘ഇരുരാഷ്ട്ര പരിഹാര’ത്തിനുള്ള അടിയന്തര ചർച്ചകൾ ആരംഭിക്കണമെന്ന ഫ്രഞ്ച്- സൗദി പ്രമേയം ഇക്കഴിഞ്ഞ സെപ്റ്റംബർ 12 നാണ് യു.എൻ ജനറൽ അസംബ്ലിയിൽ വോട്ടിനിട്ടത്. 142 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ 10 രാജ്യങ്ങൾ മാത്രമാണ് പിന്തുണക്കാതിരുന്നത്. 12 രാജ്യങ്ങൾ വിട്ടുനിന്നു. യൂറോപ്യൻ യൂനിയനിലെ അംഗരാജ്യങ്ങളിൽ ഹംഗറി മാത്രമാണ് എതിർത്തത്.
വോട്ടെടുപ്പ് കഴിഞ്ഞതും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ട്വീറ്റ് ചെയ്തു: ‘‘ഫ്രാൻസിന്റെയും സൗദി അറേബ്യയുടെയും നേതൃത്വത്തിൽ ഇരുരാഷ്ട്ര പരിഹാരത്തിനുള്ള ന്യൂയോർക് പ്രഖ്യാപനത്തെ 142 രാഷ്ട്രങ്ങൾ അംഗീകരിച്ചിരിക്കുന്നു. മറ്റൊരു ഭാവി സാധ്യമാണ്. രണ്ടു ജനതകൾ, രണ്ടു രാഷ്ട്രങ്ങൾ. സുരക്ഷയിലും സമാധാനത്തിലും അടുത്തടുത്ത് കഴിയുന്ന ഇസ്രായേൽ-ഫലസ്തീൻ. അതു യാഥാർഥ്യമാക്കേണ്ട ബാധ്യത ഇനി നമ്മുടേതാണ്’’.
സ്വാഭാവികമായും കടുത്ത ഭാഷയിലായിരുന്നു ഇസ്രായേലിന്റെ പ്രതികരണം. ‘ഏകപക്ഷീയമായ, പൊള്ളയായ പ്രകടനം’ എന്നും ‘ഞങ്ങളുടെ ശത്രുക്കളുടെ കള്ളങ്ങളെ സ്വീകരിച്ച’ പ്രമേയമെന്നും യു.എന്നിലെ ഇസ്രായേലി അംബാസഡർ ഡാനി ഡാനൺ പറഞ്ഞു. ‘യാഥാർഥ്യത്തിൽനിന്നകന്ന രാഷ്ട്രീയ കോമാളിക്കളി’യായി ജനറൽ അസംബ്ലി അധഃപതിച്ചുവെന്ന് ഇസ്രായേലി വിദേശകാര്യ വക്താവ് ഓറെൻ മാർമർസ്റ്റീനും പ്രതികരിച്ചു.
ഇരുരാഷ്ട്ര പരിഹാരമെന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലും കഴിയാത്ത വണ്ണമുള്ള ദിവാസ്വപ്നത്തിലാണ് ഇസ്രായേൽ കഴിയുന്നതെന്ന വാദത്തെ ഉറപ്പിക്കുന്നതായിരുന്നു ഈ പ്രതികരണങ്ങൾ. ഒരിക്കലും ഫലസ്തീൻ രാഷ്ട്രം സൃഷ്ടിക്കപ്പെടാൻ താൻ അനുവദിക്കില്ലെന്ന് ആവർത്തിക്കുന്ന പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും വെസ്റ്റ് ബാങ്കിനും ഗസ്സക്കുമപ്പുറത്തേക്ക് രാഷ്ട്ര അതിർത്തികൾ വികസിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന തീവ്രവലതുപക്ഷ നേതാക്കളുമാണ് ഇപ്പോൾ ഇസ്രായേലിന്റെ നയം രൂപപ്പെടുത്തുന്നത്.
നെതന്യാഹുവിന്റെ എതിർപ്പ്
ഫലസ്തീൻ രാഷ്ട്രത്തിന് വഴിതുറന്ന് എന്നെന്നേക്കുമായി പ്രശ്നം പരിഹരിക്കപ്പെടുമെന്ന പാഴ്സ്വപ്നം അറബികൾക്ക് നൽകിയ ഓസ്ലോ കരാർ ഒപ്പിട്ട 1993 മുതലേ ആ സങ്കൽപ്പത്തിന് എതിരായിരുന്നു നെതന്യാഹു. കരാർ ഒപ്പിടുന്നതിനു മുമ്പേ, അന്നത്തെ പ്രധാനമന്ത്രി ഇത്ശാഖ് റബീനെ ഈ നീക്കത്തിന്റെ പേരിൽ നെതന്യാഹു ആക്രമിച്ചുകൊണ്ടിരുന്നു. ഫലസ്തീനികളുമായുള്ള ഏതുകരാറിനെയും എതിർക്കുന്ന ഇസ്രായേലിലെ തീവ്ര വലതുപക്ഷത്തെ മുന്നണിപ്പോരാളിയായിരുന്നു അന്ന് അയാൾ. സൈനിക പശ്ചാത്തലവും തീവ്രനിലപാടുകളുമുള്ള യുവനേതാവിൽ പലരും ഭാവി പ്രധാനമന്ത്രിയെയും കണ്ടിരുന്നു.
കർക്കശ നടപടികളിലൂടെയേ ഇസ്രായേലിന് സ്വാസ്ഥ്യം ലഭിക്കുകയുള്ളുവെന്നും ഒരിഞ്ചുപോലും ഫലസ്തീന് അനുകൂല നിലപാട് എടുക്കരുതെന്നും ആ ദിനങ്ങളിൽ നെതന്യാഹു വാദിച്ചു. ’93 സെപ്റ്റംബർ 13 ന് റബീനും അറഫാത്തും ഓസ്ലോ കരാർ ഒപ്പുവെച്ചതോടെ തീവ്രവലതുപക്ഷത്തിന്റെ പ്രതിഷേധം കനത്തു. ചതിയനും വഞ്ചകനുമാണ് പ്രധാനമന്ത്രിയെന്ന് അവർ മുദ്രകുത്തി. നെതന്യാഹു ആകട്ടെ, റബീനെ രഹസ്യമായും പരസ്യമായും ആക്രമിച്ചു. നാസി യൂനിഫോം അണിഞ്ഞ് റബീൻ നിൽക്കുന്ന തരത്തിലുള്ള ചിത്രങ്ങളുമായി നെതന്യാഹുവിന്റെ പൊതുയോഗങ്ങളിൽ ആളെത്തി. പലരും റബീന്റെ രക്തത്തിനായി മുറവിളി കൂട്ടി. അതിനെയൊന്നും തടയാനോ അപലപിക്കാനോ നെതന്യാഹു അന്ന് തയാറായില്ലെന്ന് റബീന്റെ ഭാര്യ ലിയ പിന്നീട് ആരോപിച്ചു. ഒടുവിൽ 1995 നവംബർ നാലിന് യിഗൽ അമീറെന്ന ഒരു തീവ്രവലതുപക്ഷക്കാരൻ റബീനെ വെടിവെച്ചു കൊന്നു.
ഓസ്ലോ കരാറിനും ഫലസ്തീൻ രാഷ്ട്രത്തിനും താൻ അന്നേ എതിരാണെന്ന് പിന്നീടുള്ള വർഷങ്ങളിൽ നെതന്യാഹു ആവർത്തിച്ചു. ഫലസ്തീൻ രാഷ്ട്രം സംഭവിക്കുന്നതിന് തടയിടാൻ സകല പ്രതിബന്ധങ്ങളും ഒരുക്കി. ഭരണത്തിലിരുന്നപ്പോൾ വെസ്റ്റ്ബാങ്കിൽ കുടിയേറ്റ കേന്ദ്രങ്ങൾക്ക് ഉദാരമായി അനുമതി നൽകി. ഒടുവിൽ സൗദിയും ഫ്രാൻസും ചേർന്ന് യു.എന്നിൽ കൊണ്ടുവന്ന പ്രമേയത്തെയും അദ്ദേഹം പുച്ഛിച്ചുതള്ളി. ദിവസങ്ങൾക്ക് ശേഷം ‘ജോർഡൻ നദിക്ക് പടിഞ്ഞാറ് മറ്റൊരു രാഷ്ട്രം ഉണ്ടാകില്ലെ’ന്ന് ഞാൻ ഉറപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
അസംബന്ധത്തിന് ഉദാഹരണം
പക്ഷേ, ഇസ്രായേലിന്റെയും നെതന്യാഹുവിന്റെയും നിലപാടുകൾ എത്രമാത്രം യാഥാർഥ്യത്തിൽനിന്ന് അകന്നതാണെന്ന് യു.എൻ വോട്ടിങ്ങിന് തൊട്ടടുത്ത ദിവസം ഇസ്രായേലിലെ പ്രമുഖ ദിനപത്രമായ ഹാരെത്സ് എഡിറ്റോറിയൽ എഴുതി. ‘‘അസംബന്ധത്തിന് ഇതിനേക്കാളും മികച്ച മറ്റൊരു ഉദാഹരണം കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കും. ലോകം മുഴുവൻ യാഥാർഥ്യത്തിൽനിന്ന് അകന്നുനിൽക്കുന്നുവെന്ന് ഒരു രാജ്യം ആരോപിക്കുക. ബഹുഭൂരിപക്ഷം രാജ്യങ്ങളും ഇരുരാഷ്ട്ര പരിഹാരത്തെ സർവാത്മനാ സ്വാഗതം ചെയ്യുമ്പോൾ ഇസ്രായേലിലുള്ള ഒരാൾക്കും തോന്നുന്നില്ലേ, ആരാണ് യാഥാർഥ്യത്തെ നിരസിക്കുന്നതെന്ന്?’’ -ഹാരെത്സ് ചോദിക്കുന്നു. ഫ്രഞ്ച്-സൗദി പദ്ധതി ഇരുജനതക്കും ഗുണകരമാണ്. അതിർത്തിപരമായ വിട്ടുവീഴ്ചകളും ധാരണയും മാത്രമേ ഇരുകൂട്ടർക്കും സുരക്ഷ പ്രദാനം ചെയ്യുകയുള്ളൂ. ഈ യാഥാർഥ്യത്തെ അംഗീകരിക്കുകയെന്ന ബുദ്ധിമുട്ടിൽനിന്ന് ഇസ്രായേലിനെ എന്നും അകറ്റിനിർത്തുന്നത് യു.എസാണെന്നും പത്രം ആരോപിച്ചു.
കളംമാറ്റി യു.എസ്
യഥാർഥത്തിൽ ഇരു രാഷ്ട്രപരിഹാരത്തിന് അനുകൂലമായിരുന്നു അടുത്തിടെ വരെ യു.എസിന്റെ ഔദ്യോഗിക നിലപാട്. പല കാലങ്ങളിൽ പല പ്രതിസന്ധികളുണ്ടായപ്പോഴും അതിൽനിന്ന് വ്യതിചലിക്കാൻ ഒരു പ്രസിഡന്റും തയാറായിട്ടില്ല. കടുത്ത വലതുപക്ഷക്കാരനും റിപ്പബ്ലിക്കനുമായ ജോർജ് ബുഷ് പോലും പലതവണ ഈ നിലപാട് ഉയർത്തിപ്പിടിച്ചിട്ടുണ്ട്. അതും രണ്ടാം ഇൻതിഫാദയുടെ കാലത്ത്. താനൊരു സയണിസ്റ്റാണെന്ന് പരസ്യമായി പറയാൻ വരെ തയാറായ ജോ ബൈഡനും ഇക്കാര്യം ആവർത്തിച്ചിട്ടുണ്ട്. പക്ഷേ, ഡോണൾഡ് ട്രംപ് ആകട്ടെ ആദ്യ ടേമിലോ ഇപ്പോഴോ ഈ നിലപാട് പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്.
അറബ് രാഷ്ട്രങ്ങളുടെ സമ്മർദത്തിനു വഴങ്ങി, വെസ്റ്റ് ബാങ്ക് അനക്സ് ചെയ്യാൻ ഇസ്രായേലിനെ അനുവദിക്കില്ല എന്നൊക്കെ ട്രംപ് പറയുമെങ്കിലും മനസ്സിലിരിപ്പ് എന്താണെന്നും ലോകത്തിനറിയാം. ഒരു ഫലസ്തീൻ രാഷ്ട്രത്തെ തങ്ങൾ അനുകൂലിക്കുന്നില്ലെന്ന് ഇസ്രായേലിലെ യു.എസ് അംബാസഡർ മൈക്ക് ഹക്കബി ഇക്കഴിഞ്ഞ ജൂണിൽ സൂചിപ്പിച്ചിരുന്നു. സൗദി-ഫ്രഞ്ച് ഇരുരാഷ്ട്ര ഫോർമുല യു.എന്നിൽ വോട്ടിനിട്ടപ്പോൾ എതിർത്ത് വോട്ട് ചെയ്യുകയും ചെയ്തു, യു.എസ്. തങ്ങളുടെ പരമ്പരാഗത നയത്തിനൊപ്പം നിൽക്കുകയാണെങ്കിൽ അങ്ങനെ എതിർക്കേണ്ട കാര്യം യു.എസിനില്ല. പക്ഷേ, നയംമാറ്റം രണ്ടുദിവസത്തിനു ശേഷം ഔദ്യോഗികമായിതന്നെ യു.എസ് പ്രഖ്യാപിച്ചു.
സെപ്റ്റംബർ 15 ന് നെതന്യാഹുവുമൊത്ത് നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള അന്താരാഷ്ട്ര സമ്മർദം ഹമാസിനുള്ള പ്രോത്സാഹനമായിരിക്കുമെന്ന് റൂബിയോ പറഞ്ഞു. ‘തീവ്രവാദത്തിനുള്ള പ്രതിഫലമാണ് രാഷ്ട്രം’ എന്ന ഇസ്രായേൽ വാദത്തിനൊപ്പം നിൽക്കുന്നതായിരുന്നു ഈ പ്രസ്താവന. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നവർ വെസ്റ്റ് ബാങ്കിനെ അനക്സ് ചെയ്യാൻ ഇസ്രായേലിനെ പ്രേരിപ്പിക്കുകയാണെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു, റൂബിയോ.
പ്രമുഖ രാജ്യങ്ങളുടെ വെളിപാട്
ഈ സാഹചര്യത്തിലാണ് ബ്രിട്ടൻ, ഫ്രാൻസ്, കാനഡ തുടങ്ങിയ പ്രമുഖ രാഷ്ട്രങ്ങൾ ഫലസ്തീൻ രാജ്യത്തെ അംഗീകരിക്കാൻ തയാറായത്. യാതൊരു തടസ്സവുമില്ലാതെ ഇസ്രായേൽ രണ്ടുവർഷമായി ഗസ്സയിൽ തുടരുന്ന വംശഹത്യ, അതിനോടുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നിസ്സംഗത, ആഭ്യന്തരമായി ഈ വിഷയത്തിൽ നേരിടുന്ന സമ്മർദം, കൊടിയ അനീതി നടമാടിയിട്ടും കൈയും കെട്ടി നിന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നതിലെ അസ്വസ്ഥത തുടങ്ങി അനവധി കാരണങ്ങൾ ഇതിനു പിന്നിൽ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഫ്രാൻസിലും ബ്രിട്ടനിലും വോട്ടർമാർക്കിടയിലുണ്ടായ അതൃപ്തിയും തെരഞ്ഞെടുപ്പുകളിൽ അതു പ്രതിഫലിക്കുമെന്ന ഭയവും ഇത്തരമൊരു തീരുമാനത്തിലെത്താൻ ഈ രാഷ്ട്രങ്ങളുടെ നേതാക്കളെ പ്രേരിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
‘സമാധാനത്തിനും ഇരുരാഷ്ട്ര പരിഹാരത്തിനുമുള്ള സാധ്യത സജീവമായി നിലനിർത്താനാണ് ഈ നടപടിയെന്നാണ് യു.കെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ വിശദീകരിച്ചത്. രാജ്യാന്തര തലത്തിൽ ചർച്ചയായെങ്കിലും കേവല പ്രതീകാത്മക മൂല്യത്തിന് അപ്പുറം വലിയ വിലയൊന്നും ഈ നടപടിക്കില്ലെന്നത് മറ്റൊരു വശം. രാജ്യം യാഥാർഥ്യമാക്കാനുള്ള ദൃഢമായ എന്തെങ്കിലും നടപടികളിലേക്ക് കടക്കാൻ ഈ രാജ്യങ്ങൾക്ക് താൽപര്യമുണ്ടെന്ന സൂചനയുമില്ല.