എസ്.ഐ.ആർ: പ്രവാസി വോട്ടർമാരുടെ ആശങ്കകൾ
text_fieldsഎസ്.ഐ.ആറിനെതിരെ ജൂലൈയിൽ പാർലമെന്റിന് മുന്നിൽ പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധം
വോട്ടർപട്ടികയുടെ പുതുക്കലും പരിശോധനയും തിരുത്തലുകളും ജനാധിപത്യ പ്രക്രിയയുടെ സ്വാഭാവിക ഭാഗമാണ്. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ച വോട്ടർപട്ടികയുടെ പ്രത്യേക സത്വര പുനഃപരിശോധന ഇപ്പോൾ രാജ്യവ്യാപകമായി ആശങ്കകൾ ഉയർത്തുന്ന വിഷയമായി മാറിയിരിക്കുന്നു. നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ബാധ്യസ്ഥമായ ഭരണഘടനാ സ്ഥാപനം ഒരു രാഷ്ട്രീയ കക്ഷിയുടെ സഖ്യകക്ഷിയെപ്പോലെ പ്രവർത്തിക്കുന്നു എന്ന പ്രതീതി ഉണ്ടാകുമ്പോൾ ജനങ്ങളുടെ ആശങ്ക സ്വാഭാവികമാണ്.
വോട്ടർപട്ടികയുടെ ശുദ്ധീകരണം, തെറ്റുതിരുത്തൽ, പുനഃക്രമീകരണം എന്നിവയാണ് ഇതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. എങ്കിലും, പ്രക്രിയയുടെ തിടുക്കവും സുതാര്യതയില്ലായ്മയും പൗരരെയും രാഷ്ട്രീയ നിരീക്ഷകരെയും ഒരുപോലെ ഉത്കണ്ഠപ്പെടുത്തുന്നു. പരിശോധനയുടെ പേരിൽ നൂറുകണക്കിന് യഥാർഥ വോട്ടർമാർ പുറത്താക്കപ്പെട്ട ബിഹാർ അനുഭവം നമ്മുടെ മുന്നിലുണ്ട്. കൂടാതെ, ഈ വ്യവസ്ഥകളിലെ പ്രായോഗികതയില്ലായ്മ ഗ്രാമങ്ങളിലും നഗരങ്ങളിലും ഇതിനകം ചർച്ചാവിഷയമായിക്കഴിഞ്ഞു. നൊബേൽ സമ്മാന ജേതാവ് പ്രഫ. അമർത്യ സെൻ മുന്നറിയിപ്പ് നൽകിയതുപോലെ, ഈ പ്രക്രിയ ‘‘സാമൂഹികമായി പിന്നാക്ക വിഭാഗങ്ങളെയും ദരിദ്രരെയും വോട്ടവകാശത്തിൽനിന്ന് വേർതിരിക്കാനുള്ള അപകടസാധ്യത’’ ഉൾക്കൊള്ളുന്നു. ഇതേ ഭീഷണി നേരിടുന്ന മറ്റൊരു വിഭാഗമാണ് പ്രവാസി ഇന്ത്യക്കാർ. എസ്.ഐ.ആർ വോട്ട് കൊള്ളയുടെ ഭാഗമാണെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റിന് മുന്നിലും ബിഹാറിലെമ്പാടും നടന്ന പ്രതിഷേധങ്ങൾക്ക് വ്യാപക പിന്തുണയാണ് ലഭിച്ചത്.
പ്രവാസി വോട്ടവകാശവും പുതിയ പ്രതിസന്ധിയും
പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യം ഭരണകൂടം പരിഗണിക്കാത്തതിനാൽ, തെരഞ്ഞെടുപ്പ് കാലത്ത് അവധി തരപ്പെടുത്തി നാട്ടിലെത്തി ജനാധിപത്യ അവകാശം നിർവഹിക്കാൻ അവർ നിർബന്ധിതരാവുകയാണ്. എന്നിരുന്നാലും, 90 ശതമാനം പ്രവാസികൾക്കും അതിന് സാധിക്കാറില്ല. വിദേശത്ത് കഴിയുന്ന ഇന്ത്യൻ പൗരരെ (NRIs) തെരഞ്ഞെടുപ്പ് കമീഷന്റെ പുതിയ നീക്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സ്വന്തം പേരുകൾ വോട്ടർപട്ടികയിൽനിന്ന് അനീതിപരമായി ഒഴിവാക്കപ്പെടുമോ എന്നതാണ് പ്രവാസികളുടെ ഏറ്റവും വലിയ ഭയം.
വീട് സന്ദർശിക്കുന്ന ബൂത്ത് ലെവൽ ഓഫിസർമാരുമായി (BLO) പ്രവാസികൾക്ക് നേരിട്ട് സംവദിക്കാൻ കഴിയില്ല. അവർക്കയക്കുന്ന ഫോറങ്ങളോ, നോട്ടീസുകളോ, അറിയിപ്പുകളോ സമയബന്ധിതമായി കൈപ്പറ്റാൻ സാധിക്കാത്തതിനാൽ സമയപരിധി ലംഘിക്കപ്പെടും. ഇതിന്റെ ഫലമായി, നിലവിൽത്തന്നെ ഏറക്കുറെ പുറത്തായ പ്രവാസി വോട്ടർമാർ പൂർണമായ വെട്ടിനിരത്തലിന് ഇരയാകുമോ എന്ന വലിയ ആശങ്കയുണ്ട്.
ഇപ്പോൾ നടക്കാൻ പോകുന്നത് ഒരു സാധാരണ പുനഃപരിശോധനയല്ല, മറിച്ച് ഓരോ വീടും പുതുതായി പരിശോധിച്ച്, തെളിവ് രേഖകളും ഫോറങ്ങളും ഉൾപ്പെടുത്തി പൂർത്തിയാക്കുന്ന സമഗ്രമായ പുനരവലോകന പ്രക്രിയയാണ്. വിദേശത്തുള്ളവർക്ക് ഈ പ്രക്രിയയിൽ നേരിട്ട് പങ്കുചേരുക എന്നത് പ്രായോഗികമായി അസാധ്യമാണ്.
ബിഹാറടക്കമുള്ള സംസ്ഥാനങ്ങളിൽ വിലാസരേഖകളും മറ്റു പ്രാദേശിക തെളിവുകളും ആവശ്യപ്പെട്ടതിനെത്തുടർന്ന്, തലമുറകളായി അവിടെ ജീവിക്കുകയും വോട്ടവകാശം വിനിയോഗിക്കുകയും ചെയ്തിരുന്നവർക്ക് വോട്ടവകാശം നഷ്ടമായി, ഇനി അവരുടെ പൗരത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുക.
പ്രവാസികളുടെ കാര്യത്തിൽ ഇത് കൂടുതൽ സങ്കീർണമാണ്: പലരുടെയും ഇന്ത്യയിലെ വിലാസരേഖകൾ പഴയതായിരിക്കും; ചിലർ വിലാസം മാറ്റിയിരിക്കും. ചിലർ ഇലക്ടറൽ ഫോട്ടോ ഐഡൻറിറ്റി കാർഡ് (EPIC) പുതുക്കിയിട്ടുണ്ടാവില്ല. പ്രാദേശിക BLOമാർക്ക് ഇവരെ ബന്ധപ്പെടാൻ സാധിക്കാറില്ല. ഏത് രേഖകൾ സ്വീകരിക്കപ്പെടും എന്നതിനെക്കുറിച്ച് സംസ്ഥാനങ്ങൾക്കിടയിൽ വ്യക്തതയില്ല.
ഈ സാഹചര്യങ്ങളെല്ലാം പ്രവാസികളുടെ പേര് പട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നു. വിദേശത്ത് കഴിയുന്നവർക്കുള്ള ഏറ്റവും വലിയ തടസ്സം സമയബന്ധിതമായ അറിയിപ്പുകൾ ലഭ്യമാകാത്തതാണ്. പോസ്റ്റൽ മാർഗങ്ങൾക്കും നേരിട്ടുള്ള സന്ദർശനത്തിനുംപകരം ഇലക്ട്രോണിക് രീതികൾ ഉപയോഗിക്കാൻ കഴിയുമെങ്കിലും, എസ്.ഐ.ആർ പ്രക്രിയയിൽ ഇത് പൂർണമായി നടപ്പിലാക്കിയിട്ടില്ല. അതുകൊണ്ട്, റിമോട്ട് വെരിഫിക്കേഷൻ എന്ന ആശയം ഇന്നും ഒരു സാധ്യത മാത്രമായി അവശേഷിക്കുന്നു. പട്ടികയുടെ വിശ്വാസ്യതയും രാഷ്ട്രീയ നിഷ്പക്ഷതയും സംരക്ഷിക്കേണ്ട സ്ഥാനത്ത് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തതയും ഏകോപനവും ഉറപ്പാക്കാത്തത് ആശങ്കാജനകമാണ്.
പ്രവാസികളുടെ പ്രധാന ആവശ്യങ്ങൾ
വർഷങ്ങളായി വിദേശത്ത് കഴിയുന്നവരുടെ വിലാസമാറ്റം സ്വാഭാവികമാണ്. പഴയ വിലാസ രേഖകളുടെ പേരിൽ വോട്ടവകാശം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം പ്രവാസികളെ സംബന്ധിച്ചിടത്തോളം ഭരണപരമായ ഭീഷണി തന്നെയാണ്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥക്കും സംസ്കാരത്തിനും താങ്ങായി നിലകൊള്ളുന്ന പ്രവാസി സമൂഹത്തിന്റെ വോട്ടവകാശം നഷ്ടപ്പെടുന്നത് ജനാധിപത്യത്തിന്റെ ആത്മാവിനോടുള്ള അനാദരവാണ് എന്നതിൽ തർക്കമില്ല. ഈ വിഷയത്തിൽ പ്രവാസികൾ ആവശ്യപ്പെടുന്നത് താഴെപ്പറയുന്ന കാര്യങ്ങളാണ്:
സമഗ്ര ഏകീകരണം: എല്ലാ സംസ്ഥാനങ്ങളിലും രേഖാപരമായ വ്യവസ്ഥകളും മാർഗനിർദേശങ്ങളും ഒരേ രീതിയിലാക്കുക.
ഡിജിറ്റൽ സംവിധാനം: ഡിജിറ്റൽ/റിമോട്ട് വെരിഫിക്കേഷൻ സംവിധാനം ഉടൻ നടപ്പാക്കുക.
സമയബന്ധിത അറിയിപ്പ്: പ്രവാസികൾക്ക് സമയബന്ധിതമായി അറിയിപ്പുകൾ നൽകുക.
സുതാര്യമായ സ്ഥിരീകരണം: പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യുന്നതിനുമുമ്പ് വ്യക്തവും സുതാര്യവുമായ സ്ഥിരീകരണ നടപടികൾ ഉറപ്പാക്കുക.
ഓൺലൈൻ പരിഹാരം: പരാതികൾ പരിഹരിക്കുന്നതിന് ശക്തമായ ഓൺലൈൻ സംവിധാനം ഒരുക്കുക.
പൗരജനങ്ങളിൽ ഒരാളുടെ പേരുപോലും വോട്ടർപട്ടികയിൽനിന്ന് അകാരണമായി ഒഴിവാക്കപ്പെടില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തെരഞ്ഞെടുപ്പ് കമീഷനിൽ അർപ്പിതമായ പ്രധാന ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. ജനാധിപത്യത്തിന്റെ ശക്തി പട്ടികകളിലല്ല, പൗരജനങ്ങളുടെ പങ്കാളിത്തത്തിലാണ്.
(ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മിഡിൽ ഈസ്റ്റ് കൺവീനറാണ് ലേഖകൻ)


