ആശാ സമരത്തിലെ രക്തസാക്ഷി!
text_fields266 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ ആശാ സമരത്തിലെ ആദ്യ രക്തസാക്ഷി ആരെന്ന ചോദ്യത്തിന് ഒരുത്തരമുണ്ട്- ചലച്ചിത്ര അക്കാദമി മുൻ ചെയർപേഴ്സൻ പ്രേംകുമാർ. അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റി പകരം ഓസ്കർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടിയെ നിയമിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവരുന്നത്. എന്നാൽ, തന്നെ മാറ്റുന്ന വിവരം സാംസ്കാരിക മന്ത്രിയോ മറ്റാരെങ്കിലുമോ അറിയിച്ചില്ലെന്നും, എന്നിരിക്കിലും ഈ സാമാന്യ മര്യാദാ നിഷേധത്തിൽ തനിക്ക് പരാതിയില്ലെന്നും പ്രേംകുമാർ പറയുന്നു.
പ്രേംകുമാറിന് പരാതിയില്ലെന്ന് പറയുമ്പോഴും ഡിസംബറിൽ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവൽ നടക്കാനിരിക്കേ, ഇത്ര തിടുക്കത്തിൽ അദ്ദേഹത്തെ അറിയിക്കാതെ പുതിയ ചെയർപേഴ്സനെയും ഭരണസമിതിയെയും നിയമിച്ചതെന്തിനെന്ന ചോദ്യം ഉയരുന്നുണ്ട്. ചെയർമാനായി ഒരു വർഷവും വൈസ് ചെയർമാനായി രണ്ടുവർഷവും IFFK സംഘാടനത്തിൽ മികവ് തെളിയിച്ച ആളാണ് പ്രേംകുമാർ. സാംസ്കാരിക വകുപ്പിനുകീഴിലെ പല അക്കാദമികളുടെയും ഭരണസമിതികൾ കാലാവധി കഴിഞ്ഞ് മാസങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കെ
കാലാവധി കഴിഞ്ഞെന്ന ന്യായീകരണത്തിൽ അവസാനിക്കുന്നതല്ല ഈ സ്ഥാനചലനം. പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് തിടുക്കത്തിൽ മാറ്റിയതിനുപിന്നിൽ ചില രാഷ്ട്രീയ കാരണങ്ങൾ ഉണ്ട്.
2025 ജൂണിൽ സാംസ്കാരിക വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് വിവിധ അക്കാദമി ഭാരവാഹികളുടെ ഒരു അനൗപചാരിക യോഗം ചേരുകയുണ്ടായി. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുൾപ്പെടെയുള്ളവർ അതിൽ സംബന്ധിച്ചിരുന്നു. യുദ്ധം വിതക്കുന്ന നാശം, സാംസ്കാരിക മുന്നേറ്റം, കേരളത്തിലടക്കം സിനിമയുൾപ്പെടെയുള്ള കലകളുടെ അവതരണത്തിന് മൂക്കുകയറിടൽ തുടങ്ങിയവ പ്രതിപാദ്യമാക്കി വലിയൊരു സാംസ്കാരിക സംഗമം സംഘടിപ്പിക്കാനുള്ള ആലോചനയാണ് പ്രസ്തുത മീറ്റിങ്ങിൽ നടന്നത്. ആശമാർ സമരവുമായി തെരുവിലിരിക്കുമ്പോൾ സമരം തീർക്കാതെ സാംസ്കാരിക സംഗമം നടത്തുന്നതിലെ അനൗചിത്യം പ്രേംകുമാർ ഉന്നയിക്കുകയുണ്ടായി. മന്ത്രിയോ എം.എ. ബേബിയോ പ്രേംകുമാർ ഉന്നയിച്ച പ്രശ്നത്തെപ്പറ്റി പരാമർശിച്ചില്ലെങ്കിലും അടുത്ത ദിവസങ്ങളിൽ പല മാധ്യമങ്ങളിലും വിഷയം വാർത്തയായി. അതേപ്പറ്റി പിന്നീട് പ്രേംകുമാർ വിശദീകരിച്ചു.
‘‘കലാകാരനെന്ന നിലയിലും മനുഷ്യത്വമുള്ളതുകൊണ്ടുമാണ് അങ്ങനെ പറഞ്ഞത്. മനുഷ്യത്വത്തിന്റെ ശബ്ദമേ എന്നും ഉയർത്തിയിട്ടുള്ളൂ’’. ആശാ സമരത്തിന്റെ ന്യായയുക്തത ചൂണ്ടിക്കാട്ടി, അത് ഒത്തുതീർപ്പാക്കാൻ മന്ത്രിസഭയിലെയും സി.പി.എമ്മിലെയും ചില പ്രധാനികളോട് പ്രേംകുമാർ സംസാരിക്കുകയുണ്ടായി. അവരാരും തന്നെ അതിനെ മാനിച്ചില്ല. ആശാ സമരത്തെ പിന്തുണച്ച് പ്രത്യക്ഷമായി നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദൻ, കേരള കലാമണ്ഡലം ചെയർപേഴ്സൻ മല്ലിക സാരാഭായ് അടക്കമുള്ള സാംസ്കാരിക രംഗത്തെ പല വ്യക്തിത്വങ്ങളുണ്ട്. പ്രേംകുമാർ ആ രീതിയിലുള്ള പ്രത്യക്ഷ പ്രതികരണമല്ല നടത്തിയത്. മാസങ്ങളായി ആശമാർ തെരുവിലിരുന്ന് സമരം ചെയ്യുന്നത്, എൽ.ഡി.എഫ് സർക്കാറിന്റെ പ്രതിച്ഛായക്ക് കളങ്കമേൽപിക്കുമെന്ന സദുദ്ദേശ്യപരമായ സൂചന നൽകുക മാത്രമാണ് അദ്ദേഹം ചെയ്തത്. എന്നാൽ, അതോടുകൂടി സർക്കാർ പ്രേംകുമാറിന്റെ പേരിനുതാഴെ ചുവന്ന മഷികൊണ്ട് വരച്ചുകഴിഞ്ഞിരുന്നു.
രണ്ടാമത്തെ സന്ദർഭം നിലമ്പൂർ ഉപതെരഞ്ഞെടുപ്പായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തിൽ പങ്കെടുക്കണമെന്ന നിർദേശമുണ്ടായിരുന്നെങ്കിലും പ്രേംകുമാർ അതിനു തയാറായില്ല. അക്കാദമി ചെയർമാന്റെ ജോലിയല്ല, ഏതെങ്കിലും സ്ഥാനാർഥിക്ക് വോട്ടുപിടിക്കുക എന്ന നിലപാടെടുത്ത അദ്ദേഹത്തെ വെച്ചുപൊറുപ്പിക്കേണ്ടതില്ല എന്ന് സി.പി.എം നേതൃത്വം തീർച്ചപ്പെടുത്തിയത് അതോടെയാണ്. ആർജവമുള്ള കലാകാരനെന്ന നിലയിൽ പ്രേംകുമാർ ആരുടെയും കാലുപിടിച്ച് സ്ഥാനം നിലനിർത്താൻ ശ്രമിച്ചില്ല എന്നത് അദ്ദേഹത്തിന്റെ വാക്കുകളിൽനിന്ന് വ്യക്തമാണ്. ‘‘നിയമനവും ഒഴിവാക്കലുമൊക്കെ സർക്കാറിന്റെ വിവേചനാധികാരമാണ്. അക്കാദമിയിൽ വലിയ അത്ഭുതങ്ങളൊന്നും ഞാൻ കാട്ടിയിട്ടില്ല. മനുഷ്യപക്ഷത്തുനിന്ന് ചിലതു ചെയ്തിട്ടുണ്ട്.’’ പ്രേംകുമാർ എന്ന കലാകാരൻ എല്ലാകാലവും പുരോഗമനപക്ഷത്ത്, മനുഷ്യപക്ഷത്ത് നിലയുറപ്പിച്ച വ്യക്തിയാണെന്ന് അദ്ദേഹത്തിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് ഒന്നാം റാങ്കോടെ അഭിനയ പരിശീലനം പൂർത്തിയാക്കിയ പ്രേംകുമാർ നൂറോളം സിനിമകളിൽ വേഷമിട്ടു. ഓർക്കാനൊരു ജന്മദിനം പോലുമില്ലാത്ത കുഞ്ഞുങ്ങൾ കടന്നുപോകുന്ന സാഹചര്യങ്ങൾ ഓർമിച്ചുകൊണ്ട് സ്വന്തം മകളുടെ ജന്മദിനം ആർഭാടത്തോടെ ആഘോഷിക്കില്ല എന്ന തീരുമാനമെടുത്തത് മറക്കാനാവില്ല.
സ്വകാര്യ ജീവിതത്തിൽ മാത്രമല്ല, ന്യായമായ സമരങ്ങളിലും സാമൂഹിക പ്രശ്നങ്ങളിലുമൊക്കെ പ്രേംകുമാർ എന്ന കലാകാരൻ മനുഷ്യഹൃദയംകൊണ്ട് പ്രതികരിച്ചിട്ടുണ്ട്. ഡൽഹിയിലെ കർഷക സമരത്തെ പിന്തുണച്ച്, എൻഡോസൾഫാൻ ഇരകൾക്കുവേണ്ടി, മദ്യത്തിനും മയക്കുമരുന്നിനുമെതിരെ, കരിമണൽ ഖനനത്തിനെതിരെ, തൊഴിൽരഹിതരായ യുവാക്കൾക്കുവേണ്ടി, വിദ്വേഷം പടർത്തുന്ന സീരിയലുകൾക്കെതിരെ... അങ്ങനെ മാനവ പുരോഗതിക്ക് അനിവാര്യമായ പ്രതിഷേധ ശബ്ദങ്ങൾ, ഐക്യദാർഢ്യ പ്രഖ്യാപനങ്ങൾ സന്ദർഭോചിതമായി പ്രേംകുമാറിൽ നിന്നുണ്ടായിട്ടുണ്ട്. അതൊരു ബോധ്യമാണ്. മനഃസാക്ഷി പണയംവെക്കാത്ത ഒരു മനുഷ്യന്റെ നിലപാടാണ്. കസേരയേക്കാൾ അദ്ദേഹം വിലമതിക്കുന്നത്, അധ്വാനിക്കുന്നവരോടും ഭാരം ചുമക്കുന്നവരോടും ഐക്യപ്പെടുന്നതിനാണ്. ചൂഷിതരോടും അടിച്ചമർത്തപ്പെടുന്നവരോടും കൂടെനിൽക്കാനുള്ള മനഃസാക്ഷിയുടെ പ്രേരണയെയാണ്. ആശയത്തിന്റെ അജയ്യമായ ഈ ശക്തിയെപ്പറ്റിയാണ്, ഔദ്ധത്യ സിംഹാസനങ്ങളിൽ അമർന്നിരിക്കുന്ന ഭരണാധികാരികൾ മനസ്സിലാക്കാത്തതും.


