അതി പിന്നാക്കക്കാരായ കുംഭാര സമുദായത്തെ രക്ഷിക്കുക
text_fieldsകളിമൺപാത്ര നിർമാണം മുഖ്യ തൊഴിലാക്കിയും അല്ലാതെയും, സർക്കാർ നൽകുന്ന മൂന്നുനാല് സെന്റ് സ്ഥലങ്ങളിലും സർക്കാർ/പൊതു പ്രവർത്തകർ നൽകുന്ന വീടുകളിലുമായി താമസിക്കുന്ന സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ പിന്നാക്കത്തിൽ അതി പിന്നാക്കക്കാരായ സമുദായമാണ് കുംഭാരന്മാർ.
വിദ്യാഭ്യാസം ഇപ്പോഴും ഈ സമുദായത്തിന് ബാലികേറാമലയാണ്. കാരണം മാതാപിതാക്കൾക്ക് വിദ്യാഭ്യാസം ഒട്ടുമില്ല. കൂടാതെ വീടുകളിൽ സ്വന്തം ഭാഷയും. സ്കൂളിൽ ചെന്നാൽ കൂടെ ഇരിക്കുന്നവരുടെ, ജാതി ഇകഴ്ത്തിയുള്ള പരിഹാസം അനുഭവിക്കുന്ന അവസ്ഥ, ഇതെല്ലാം കാരണം സ്കൂളിൽ പോകാനുള്ള മനോധൈര്യം നഷ്ടപ്പെടുന്നു.
ഒ.ഇ.സിയിലെ മറ്റ് സമുദായ വിദ്യാർഥികളുമായി മത്സരിച്ച് ജയിക്കാൻ കുംഭാര വിദ്യാർഥികൾക്ക് കഴിയുന്നില്ല. വിദ്യാഭ്യാസ മേഖലയിൽ പ്രത്യേക സംവരണം ഏർപ്പെടുത്തുകയാണ് പരിഹാരം.
തെലുങ്കിനോട് സാമ്യമുള്ള വാമൊഴിഭാഷ മാത്രം സംസാരിക്കുന്ന, കേരള സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ കുംഭാര സമുദായത്തെ സവർണരുടെ കുടികിടപ്പുകാരായിമാറ്റി, കുലത്തൊഴിലിൽ ഉപയോഗിച്ചിരുന്ന ചൂളകളിലെ വെണ്ണീർകൊണ്ട് ആ പ്രദേശം വളക്കൂറുള്ളതായി മാറിയാൽ മറ്റൊരു തരിശുഭൂമിയിലേക്ക് മാറ്റുന്നത് സർവസാധാരണമായി. ഇക്കാരണത്താൽ കുംഭാരന്മാർക്ക് സ്വന്തമായി ഭൂമി കൈവശം വെക്കാൻ സാധിക്കാതെയായി. ഭൂപരിഷ്കരണ നിയമം മൂലം ലഭിച്ച കുന്നിൻ പ്രദേശങ്ങളിലെ മൂന്ന്, നാല് സെന്റ് കൂടാതെ കോളനികളിലും പുറമ്പോക്ക് പ്രദേശങ്ങളിലെ കോളനികളിലുമാണ് കുംഭാരന്മാർ താമസിച്ചുവരുന്നത്.
ഈ സാഹചര്യത്തിൽ കുംഭാര സമുദായത്തിന്റെ ദൈന്യാവസ്ഥ പരിഹരിക്കാൻ സർക്കാർ താഴെ പറയുന്ന ആവശ്യങ്ങളെങ്കിലും സത്വരം പരിഹരിക്കണമെന്ന് വിനയപൂർവം അപേക്ഷിക്കുന്നു.
എസ്.സിയിൽ ഉൾപ്പെടുത്തുന്നതുവരെ കുംഭാര സമുദായത്തിന് വിദ്യാഭ്യാസം, തൊഴിൽ മേഖലകളിൽ ഒരു ശതമാനം സംവരണം അനുവദിക്കുക.
സർക്കാർ രേഖകളിൽ കുശവൻ റിലേറ്റഡ് കമ്യൂണിറ്റി എന്നത് കുംഭാരൻ റിലേറ്റഡ് കമ്യൂണിറ്റി എന്ന് മാറ്റുക.
മനുഷ്യജന്മത്തോളം പഴക്കമുള്ള പുണ്യപ്രവൃത്തി ചെയ്തുവരുന്ന, ഇന്ത്യയിലെ പ്രത്യേകിച്ച് മൺപാത്രങ്ങളും ചരിത്ര ശേഷിപ്പുകളും കുംഭാര ചരിത്രവും വെച്ച് ആർട്ട് ഗാലറി സ്ഥാപിക്കുക.
ആർട്സ് കോളജിലെ CLAY POTTERY തസ്തികകളിലേക്ക് പരമ്പരാഗത മൺപാത്ര നിർമാണക്കാരായ കുംഭാര വിഭാഗത്തിന് സംവരണം ഏർപ്പെടുത്തുക.
ഖാദി ബോർഡ് തസ്തികകളിലേക്ക് കുംഭാര സമുദായത്തിന് സംവരണം ഏർപ്പെടുത്തുക.
നിയമസഭ, സെക്രട്ടേറിയറ്റ് തസ്തികകളിലേക്ക് കുംഭാരന്മാർക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തുക.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ POTTERY സിലബസ് ഉൾപ്പെടുത്തുക.
(1970 കാലഘട്ടത്തിൽ ഈ സിലബസ് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു).
കളിമൺപാത്ര നിർമാണ സാങ്കേതികവിദ്യ വികസിപ്പിച്ച് ആധുനിക ടെക്നോളജി, ഐ.ടി.ഐ, ജെ.ടി.എസ്, വൊക്കേഷനൽ ഹയർ സെക്കൻഡറി എന്നീ സ്ഥാപനങ്ങളിൽ കളിമൺ ടെക്നിക് കോഴ്സുകൾ തുടങ്ങുക. കുംഭാരന്മാരെ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് നിയമിക്കുക.
സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ദേവസ്വം ക്ഷേത്രങ്ങളിലെ മൺപാത്ര ആവശ്യം നിറവേറ്റാൻ കുംഭാര വിഭാഗത്തിന് തൊഴിൽ നൽകുക. ക്ഷേത്രങ്ങളിൽ ജീവനക്കാരായും കുംഭാരന്മാരെ പ്രത്യേക സംവരണം നൽകി നിയമിക്കുക.
മനുഷ്യജന്മത്തോളം പഴക്കമുള്ള തൊഴിലാണ് മൺപാത്ര നിർമാണ തൊഴിൽ. ആരോഗ്യത്തിന് സഹായകരമായ പല തൊഴിലിനെയും പോലെ ഈ തൊഴിലിനെയും പരമ്പരാഗത തൊഴിലായി അംഗീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
തദ്ദേശ സ്ഥാപനങ്ങളിൽ HDPE ചെടിച്ചട്ടികൾ നിരോധിക്കുക, കളിമൺ ചട്ടികൾ ഉപയോഗിക്കുക, പ്ലാസ്റ്റിക് കമ്പോസ്റ്റ് ബിന്നുകൾക്കുപകരം കളിമൺ ബിന്നുകൾ വീടുകളിൽ വിതരണം ചെയ്യുക, ഈ ഉൽപന്നങ്ങൾ കുംഭാര കുടിലുകളിൽനിന്നും ശേഖരിക്കുക എന്നീ നടപടികളും മൺപാത്ര തൊഴിലാളികൾക്ക് ഗുണകരമാവും.
ഈ ആവശ്യങ്ങൾ മുൻനിർത്തി കേരളത്തിലെ കുംഭാരന്മാരുടെ സംഘടനയായ കേരള കുംഭാര സമുദായസഭ (KKS)യുമായി ഒരു കൂടിക്കാഴ്ചക്കെങ്കിലും സർക്കാർ തയാറാവണം.
(കേരള കുംഭാര സമുദായ സഭ സംസ്ഥാന ട്രഷററാണ് ലേഖകൻ)