അന്ന് രാകേഷ് ഇന്ത്യയെക്കണ്ടു; ഇന്ന് ശുഭാൻഷു വീണ്ടും
text_fieldsനാൽപത്തൊന്ന് വർഷങ്ങൾക്കു മുമ്പ്, ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങൾക്ക് ചിറകുമുളക്കുന്നതിനും എത്രയോ മുമ്പ് ഒരു എയർഫോഴ്സ് ഉദ്യോഗസ്ഥൻ ബഹിരാകാശത്തേക്കു പറന്നിരുന്നു, അവിടെനിന്ന് അയാൾ തന്റെ രാജ്യത്തെ കൺനിറയെ കണ്ടു, രാകേഷ് ശർമ. 1984 ഏപ്രിൽ മൂന്നിന് ഡൽഹിയിലെ ദൂരദർശൻ സ്റ്റുഡിയോയിലിരുന്ന് ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി, റഷ്യൻ ബഹിരാകാശ നിലയത്തിലുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമയോട് ചോദിച്ചു:
‘‘സ്ക്വഡ്രന്റ് ലീഡർ രാകേഷ് ശർമ, രാജ്യം മുഴുവനും നിങ്ങളെ ശ്രദ്ധിക്കുകയാണ്. ഇത് ഒരു ഐതിഹാസിക ചുവടുവെപ്പാണ്. ഈ ഒരു പ്രവർത്തനത്തിലൂടെ ബഹിരാകാശത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ നമ്മുടെ രാജ്യത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കളോടെനിക്ക് കുറെ ചോദ്യങ്ങൾ ചോദിക്കണമെന്നുണ്ട്, എന്നാലും ചിലത് മാത്രമേ ഇപ്പോൾ ചോദിക്കുന്നുള്ളൂ. മുകളിൽനിന്ന് നോക്കുമ്പോൾ ഇന്ത്യയെ എങ്ങനെയാണ് താങ്കൾക്ക് കാണാൻ കഴിയുന്നത്?’’
രാകേഷ് ശർമയുടെ മറുപടി വന്നു: ‘‘സംശയമില്ലാതെ എനിക്ക് പറയാൻ കഴിയും, സാരേ ജഹാൻ സേ അച്ഛാ...’’
1978ൽ സോവിയറ്റ് യൂനിയൻ ഗവൺമെന്റ് അവരുടെ ബഹിരാകാശ പദ്ധതിയിൽ ഒപ്പം ചേരാൻ ആവശ്യപ്പെട്ട് ഇന്ത്യൻ ഗവൺമെന്റിന് ഒരു കത്ത് കൈമാറി. എന്നാൽ, ആ ക്ഷണം സ്വീകരിക്കാൻ ഇന്ത്യ തയാറായില്ല. ബഹിരാകാശ രംഗത്ത് തങ്ങളുടെ പദ്ധതികൾ വ്യത്യസ്തമാണെന്നു പറഞ്ഞുകൊണ്ടായിരുന്നു ആ ക്ഷണം അന്ന് സർക്കാർ തള്ളിക്കളഞ്ഞത്. പിന്നീട് 1980ൽ സോവിയറ്റ് യൂനിയൻ വീണ്ടും അതേ കാര്യം ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യയെ സമീപിച്ചു. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി, മുമ്പത്തെ സർക്കാറെടുത്ത നിലപാടിൽനിന്ന് വ്യത്യസ്തമായാണ് ചിന്തിച്ചത്. ക്ഷണം സ്വീകരിച്ച പ്രധാനമന്ത്രി ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യക്കാരനെ കണ്ടെത്താനുള്ള നടപടി എത്രയുംവേഗം തുടങ്ങാൻ ഐ.എസ്.ആർ.ഒക്ക് നിർദേശം നൽകി. എന്നാൽ, ആരെ ബഹിരാകാശത്തേക്കയക്കും എന്ന ചോദ്യത്തിന് ഐ.എസ്.ആർ.ഒക്കും ഉത്തരമുണ്ടായിരുന്നില്ല. ഒരു ബഹിരാകാശയാത്രയെക്കുറിച്ച് ചിന്തിച്ചുതുടങ്ങുകപോലും ചെയ്യാത്ത സമയം. കോസ്മോനോട്ടുകളെ പരിശീലിപ്പിക്കാനുള്ള പരിശീലനകേന്ദ്രമൊന്നും 80കളിൽ ഇന്ത്യയിലുണ്ടായിരുന്നില്ല.
എയർഫോഴ്സ് വിഭാഗം മാത്രമായിരുന്നു ആകാശയാത്രയിൽ പരിചയമുള്ളവർ. അങ്ങനെയാണ് വായുസേനയിലെ ഒരംഗത്തെ ബഹിരാകാശയാത്രക്ക് തയാറാക്കാം എന്ന തീരുമാനത്തിൽ ഐ.എസ്.ആർ.ഒ എത്തുന്നത്. ഐ.എസ്.ആർ.ഒ മേധാവി സതീഷ് ധവാനായിരുന്നു ബഹിരാകാശയാത്രികനെ കണ്ടെത്താനുള്ള ചുമതല. ഒടുവിൽ ബഹിരാകാശയാത്രക്ക് സന്നദ്ധത പ്രകടിപ്പിച്ച എയർഫോഴ്സ് ഉദ്യോഗസ്ഥരിൽനിന്ന് 30 പേരുടെ പട്ടിക തയാറാക്കി. എല്ലാ പരിശോധനകൾക്കും ശേഷം നാലുപേരെ തെരഞ്ഞെടുത്തു. ഇവരെ മോസ്കോയിലേക്ക് അയക്കുകയും ചെയ്തു. മോസ്കോയിൽനിന്ന് ആ ലിസ്റ്റ് വീണ്ടും രണ്ടായി ചുരുങ്ങി. രവീഷ് മൽഹോത്ര, രാകേഷ് ശർമ. 1984 ഏപ്രിലിലായിരിക്കും ദൗത്യം എന്ന പ്രഖ്യാപനം വന്നു. സോവിയറ്റ് യൂനിയനുമായുള്ള കരാർ അനുസരിച്ച് ഒരു ഇന്ത്യക്കാരനെയാണ് ബഹിരാകാശത്തേക്ക് അയക്കുക. രണ്ടിൽ ഒരാൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഉപയോഗിക്കാൻ വേണ്ടിയാണ് ഒരാളെ റിസർവ് ആയി ഉൾപ്പെടുത്തിയത്. വൈകാതെ മോസ്കോയിലെ പരിശീലനം കഴിഞ്ഞ് യാത്രക്കായി രാകേഷ് ശർമയെ തെരഞ്ഞെടുത്തതായി ഇന്ത്യക്ക് അറിയിപ്പ് ലഭിച്ചു.
1984 ഏപ്രിൽ 3 ഇന്ത്യൻ സമയം രാത്രി 9ന് സോയുസ് ടി-11 എന്ന ബഹിരാകാശ വാഹനം പ്രഥമ ഇന്ത്യക്കാരനടക്കം മൂന്നുപേരെയും വഹിച്ചുകൊണ്ട് ബഹിരാകാശത്തേക്ക് കുതിച്ചു. ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് അവിടെ ചിറകുമുളക്കുകയായിരുന്നു. സല്യൂട്ട് 7 എന്ന റഷ്യൻ ബഹിരാകാശനിലയത്തിൽ ഏഴ് ദിവസവും 21 മണിക്കൂറും രാകേഷ് ശർമ ചെലവിട്ടു. പല പരീക്ഷണങ്ങളും ഈ യാത്രയിൽ രാകേഷ് ശർമ നടത്തി. ഭൂമിയിൽ തിരിച്ചെത്തിയ രാകേഷ് ശർമക്ക് ഇന്ത്യ ‘അശോകചക്രം’ ബഹുമതി നൽകി ആദരിക്കുകയും ചെയ്തു. ശുഭാൻഷു ശുക്ലയിലൂടെ വീണ്ടും മറ്റൊരു ഇന്ത്യക്കാരൻ ബഹിരാകാശ നിലയത്തിലിരുന്ന് ഇന്ത്യയെ കാണാനൊരുങ്ങുകയാണ്.