മുഹമ്മദ് ദീപക് -രാജ്യത്തിന്റെ കാവലാൾ
text_fieldsവൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. മതപരമായ വൈവിധ്യങ്ങൾ ഇവിടെ അത്ഭുതകരമാംവിധം നിലനിന്നിരുന്നു. എന്നാൽ, ബ്രിട്ടീഷുകാർ തങ്ങളുടെ ‘വിഭജിച്ചുഭരിക്കൽ’ തന്ത്രത്തിനായി ഹിന്ദു-മുസ്ലിം സ്വത്വങ്ങളെ ഉപയോഗിച്ചു. വെറുപ്പിന്റെ വിത്തുകൾ പാകാൻ അവർ ചരിത്രത്തെ വളച്ചൊടിക്കുകയും സൗഹൃദത്തിൽ കഴിഞ്ഞിരുന്ന ഇരുവിഭാഗങ്ങൾക്കിടയിൽ വെറുപ്പിന്റെ മതിൽക്കെട്ടുകൾ പണിയുകയും ചെയ്തു. വിഭജനത്തിനുമുമ്പ് അരങ്ങേറിയ അസാധാരണമായ അക്രമങ്ങൾക്ക് ഈ വെറുപ്പാണ് കാരണമായത്. ഒടുവിൽ രാജ്യം വിഭജിക്കാനുള്ള മൗണ്ട് ബാറ്റൺ പ്ലാൻ അംഗീകരിക്കാൻ ഇത് നിർബന്ധിതമാക്കി. സമാധാനത്തിന്റെ അപ്പോസ്തലനായ ഗാന്ധിജിയെ ‘മുസ്ലിം പക്ഷപാതി’ എന്നാരോപിച്ച് വെടിവെച്ച് വീഴ്ത്തിയതും ഈ വെറുപ്പിന്റെ രാഷ്ട്രീയമാണ്.
വിഭജനശേഷം പാകിസ്താനിൽ മുസ്ലിം വർഗീയത ശക്തിപ്പെടുകയും ജനാധിപത്യത്തിന്റെ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്തു. ഇന്ത്യയിലാകട്ടെ, നെഹ്റുവിന്റെ നേതൃത്വത്തിലുള്ള മതേതര നേതൃത്വം ഒരു ആധുനിക രാഷ്ട്രത്തിന്റെ അടിത്തറ പാകി. ഏതാനും പതിറ്റാണ്ടുകളായി ഈ നേട്ടങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികൾ അധികാരം പിടിക്കാനും സമൂഹത്തെ നിയന്ത്രിക്കാനും മുസ്ലിം വിരുദ്ധതയെ പ്രധാന ആയുധമാക്കി മാറ്റിയിരിക്കുകയാണ്.
ജനാധിപത്യ ഇന്ത്യയെ ഒരു വിഭാഗീയ ദേശീയവാദ രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമത്തിനിടയിൽ മുസ്ലിംകൾക്കും ക്രൈസ്തവർക്കുമെതിരെ പുതിയ മുദ്രാവാക്യങ്ങൾ രൂപപ്പെട്ടു. ഇന്ന് പൊതുബോധം മുസ്ലിം വിരുദ്ധതയാൽ നിറഞ്ഞിരിക്കുന്നു. ഉന്നത നേതൃത്വം മുതൽ താഴെത്തട്ടിലുള്ളവർ വരെ ഈ വെറുപ്പ് നടപ്പാക്കുകയും സമൂഹത്തെ ധ്രുവീകരിക്കുകയും ചെയ്യുന്നു. മുസ്ലിംകൾ പെറ്റുപെരുകുകയാണെന്നും ഹിന്ദുക്കൾ അപകടത്തിലാണെന്നുമുള്ള ഭീതി അവർ പരത്തുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ബംഗാളി സംസാരിക്കുന്ന മുസ്ലിംകൾക്കെതിരെ (മിയകൾ) നടത്തുന്ന പ്രസ്താവനകൾ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നതാണ്. ലക്ഷക്കണക്കിന് മിയകളെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കുമെന്നും അവർക്ക് അസമിലല്ല ബംഗ്ലാദേശിലാണ് വോട്ടവകാശം നൽകേണ്ടതെന്നും അദ്ദേഹം പറയുന്നു.
ദീപക് കുമാർ വകീൽ അഹ്മദിനൊപ്പം
ശർമ റൈഫിൾ ഉപയോഗിച്ച് വെടിവെക്കുന്നതും ആ വെടിയുണ്ട തൊപ്പി ധരിച്ച ഒരാളുടെയും തൊട്ടടുത്ത് നിൽക്കുന്ന ബാലന്റെയും തലയിൽ കൊള്ളുന്നതുമായ വിഡിയോ പോലും ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് ഇപ്പോൾ നീക്കംചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ ഹർഷ് മന്ദർ, ഹിമന്ദയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ഹരജി ഫയൽ ചെയ്തിരുന്നു. എൻ.ആർ.സി പ്രക്രിയയിൽ മുസ്ലിംകളെ സഹായിച്ച മന്ദറിനെതിരെ എഫ്.ഐ.ആറുകൾ ഫയൽ ചെയ്ത് അദ്ദേഹത്തിന് ജയിലിൽ ഉറപ്പാക്കുമെന്നാണ് ഇതിന് ശർമ നൽകിയ മറുപടി.
നൂറ്റാണ്ടുകളായി ഈ മണ്ണിൽ നിലനിന്നിരുന്ന, ആസാൻ പീറും ശങ്കർ ദേവും പഠിപ്പിച്ച ആ സമന്വയ സംസ്കാരത്തിന് എന്ത് സംഭവിച്ചു? ഭക്ഷണം, സാഹിത്യം, കല, ആഘോഷങ്ങൾ എന്നിവയിലെല്ലാം നിലനിന്നിരുന്ന ഹിന്ദു-മുസ്ലിം സൗഹൃദത്തിന് എന്ത് പറ്റി? ഈ സാഹചര്യത്തിൽ ഒരാൾക്ക് നിരാശ തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ, ഉത്തരാഖണ്ഡിലെ കോട്ട്ദ്വാറിലെ സംഭവം പുതിയ പ്രതീക്ഷ പകരുന്നു.
30 വർഷമായി ‘ബാബ സ്കൂൾ ഡ്രസ്’ എന്ന തുണിക്കട നടത്തുന്ന വയോധികനായ മുസ്ലിം വ്യാപാരിയെ ബജ്റംഗ്ദൾ പ്രവർത്തകർ ആക്രമിച്ചു. കടക്ക് ബാബ എന്ന് പേരിടാൻ പാടില്ലെന്നായിരുന്നു അവരുടെ വാദം. ഈ സമയത്താണ് ദീപക് എന്ന യുവാവ് ഇടപെട്ടത്. പൊലീസ് കാഴ്ചക്കാരായി നിന്നപ്പോൾ ദീപക് വർഗീയവാദികളെ നേരിട്ടു. പേര് ചോദിച്ചവരോട് മുഹമ്മദ് ദീപക് എന്ന് ധൈര്യസമേതം പറഞ്ഞു. എന്തുകൊണ്ട് അങ്ങനെയൊരു പേര് പറഞ്ഞു എന്ന ചോദ്യത്തിന് ദീപക് കുമാറിന് ലളിതവും ശക്തവുമായ ഒരു ഉത്തരമുണ്ടായിരുന്നു. ‘‘അതൊരു ഐക്യദാർഢ്യമായിരുന്നു. ആ നിമിഷം എന്റെ നാവിൽ സരസ്വതീദേവി കുടിയേറിട്ടുണ്ടാകാം, അതുകൊണ്ടായിരിക്കാം ‘മുഹമ്മദ് ദീപക്’ എന്ന പേര് വായിൽനിന്ന് വന്നത്. ഞാൻ ഹിന്ദുവാണെന്ന് അവർക്ക് മനസ്സിലാകുമെന്നും ചൂടുപിടിച്ചുനിൽക്കുന്ന സാഹചര്യം അതോടെ ശാന്തമാകുമെന്നും ഞാൻ കരുതി. എന്നാൽ, അതിനുപകരം എനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു...’’.
ഒരുകാലത്ത് ഇവിടെ നിലനിന്നിരുന്നതും എന്നാലിപ്പോൾ അപൂർവമായിത്തീർന്നതുമായ ആഴത്തിലുള്ള ഹിന്ദു-മുസ്ലിം ബന്ധത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ദീപക്. ഈ മാനവികതാപരമായ പ്രവൃത്തി നൂറുനൂറ് അഭിവാദ്യങ്ങൾ അർഹിക്കുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ദീപക് കുമാറിനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞതുപോലെ ‘ഭരണഘടനക്കും മാനവികതക്കും വേണ്ടിയാണ് ദീപക് പൊരുതിയത്-ബി.ജെ.പിയും സംഘ്പരിവാറും ചവിട്ടിമെതിക്കാൻ ഗൂഢാലോചന നടത്തുന്ന അതേ ഭരണഘടനക്കു വേണ്ടി’.
ഹർഷ് മന്ദറെയും ദീപക് കുമാറിനെയുംപോലുള്ള മനുഷ്യരാണ് ഇന്ത്യ എന്ന യഥാർഥ ആശയത്തെ പ്രതിനിധീകരിക്കുന്നത്. അത്തരം മനുഷ്യർ ഈ മണ്ണിൽ ഇനിയുമുണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.


