പൂത്തുലയുന്ന പാട്ടുചെമ്പകം; ശതാഭിഷേക നിറവിൽ ശ്രീകുമാരൻ തമ്പി
text_fieldsശ്രീകുമാരൻ തമ്പി
ഒരു പൂവും വെറുതെ വിരിയുന്നില്ല ശ്രീകുമാരൻ തമ്പിയുടെ പാട്ടുകളിൽ. ഓരോന്നിനുമുണ്ട് ഓരോ നിയോഗം. അതുകൊണ്ടുതന്നെ വർഷങ്ങൾക്കിപ്പുറവും ആ പുഷ്പങ്ങൾ മലയാളിയുടെ സംഗീത മനസ്സിൽ സുഗന്ധം ചൊരിഞ്ഞു നിൽക്കുന്നു.
കഥാപശ്ചാത്തലവും സന്ദർഭവും ആവശ്യപ്പെടുന്ന ഘട്ടങ്ങളിലേ പാട്ടുകളിൽ പൂക്കളെ കൊണ്ടുവന്നിട്ടുള്ളൂ തമ്പി; എഴുതുന്നത് ഈണത്തിനനുസരിച്ചെങ്കിൽ കൂടി. വനപശ്ചാത്തലത്തിലുള്ള കഥയായതുകൊണ്ടു മാത്രമല്ല ‘കാടി’ലെ ‘‘ഏഴിലംപാല പൂത്തു പൂമരങ്ങൾ കുടപിടിച്ചു’’ എന്ന പ്രശസ്തഗാനത്തിൽ ഏഴിലംപാലയെ കൊണ്ടുവന്നത്.- ‘‘യക്ഷിസങ്കൽപ്പവുമായാണ് നമ്മുടെ സാഹിത്യലോകം എക്കാലവും ഏഴിലംപാലയെ ചേർത്തുവെച്ചിട്ടുള്ളത്. എന്നാൽ എന്റെ പാട്ടിൽ പൂത്തുനിൽക്കുന്ന ഏഴിലംപാല പ്രണയത്തിന്റെയും രതിയുടെയും പ്രതീകമാണ്. കാമലോലമായ പ്രണയത്തിന്റെ സൗരഭ്യമാണ് അതിന്.’’ യേശുദാസും പി. സുശീലയും ചേർന്ന് പാടിയ ആ ഗാനം മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ഡ്യൂയറ്റ് ആയി മാറിയതിന് പിന്നിൽ വേദ് പാൽ വർമയുടെ ഹൃദയഹാരിയായ ഈണത്തോളം തന്നെ പങ്കുണ്ട് തമ്പിയുടെ ഔചിത്യമാർന്ന രചനക്കും.
പൂക്കളുടെ റാണിയായ താമര മുതൽ അത്ര സുലഭമല്ലാത്ത നന്ത്യാർവട്ടം വരെ പൂത്തുവിടർന്നു നിൽക്കുന്നു തമ്പിയുടെ ഗാനങ്ങളിൽ. സിനിമക്ക് വേണ്ടി തമ്പി രചിച്ച ആദ്യഗാനം തന്നെ ‘‘താമരത്തോണിയിൽ താലോലമാടി’’ (കാട്ടുമല്ലിക) ആയത് യാദൃച്ഛികമാവില്ല. തുടർന്ന് എത്രയെത്ര പുഷ്പസുരഭില രചനകൾ: ചെമ്പകത്തൈകൾ പൂത്ത (കാത്തിരുന്ന നിമിഷം), താമരപ്പൂ നാണിച്ചു (ടാക്സി കാർ), ‘‘ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നൂ’’ (അയൽക്കാരി), നന്ത്യാർവട്ട പൂ ചിരിച്ചു (പൂന്തേനരുവി), മല്ലികപ്പൂവിൻ മധുരഗന്ധം (ഹണിമൂൺ) , ഇലവംഗപ്പൂവുകൾ (ഭക്തഹനുമാൻ), കാട്ടുചെമ്പകം പൂത്തുലയുമ്പോൾ, പനിനീർ കാറ്റിൻ (വെളുത്ത കത്രീന), കാശിത്തെറ്റി പൂവിനൊരു കല്യാണാലോചന (രക്തപുഷ്പം), ചെമ്പകമല്ല നീ ഓമലേ (കതിർമണ്ഡപം), ചെമ്പരത്തിക്കാട് പൂക്കും (അമൃതവാഹിനി), പനിനീർ പൂവിന്റെ പട്ടുതാളിൽ (അഞ്ജലി), ജാതിമല്ലി പൂമഴയിൽ, കണിക്കൊന്നയല്ല ഞാൻ കണികാണുന്നതെൻ (ലക്ഷ്മി), താമരമലരിൻ തങ്കദളത്തിൽ (ആരാധിക), താഴമ്പൂ മുല്ലപ്പൂ താമരപ്പൂ (അജ്ഞാതവാസം), നീലാംബുജങ്ങൾ വിടർന്നു, കസ്തൂരി മല്ലിക പുടവ ചുറ്റി (സത്യവാൻ സാവിത്രി), പവിഴമല്ലി പൂവിനിപ്പോൾ പിണക്കം (അജയനും വിജയനും), പാതിവിടർന്നൊരു പാരിജാതം (അനാഥ ശിൽപ്പങ്ങൾ), രാജമല്ലികൾ പൂമഴ തുടങ്ങി (പഞ്ചതന്ത്രം), സൂര്യകാന്തി പൂ ചിരിച്ചു (ലൈറ്റ് ഹൗസ്), ഓമന താമര പൂത്തതാണോ (യോഗമുള്ളവൾ)..... . മനുഷ്യ ജീവിതത്തിന്റെ വൈവിധ്യമാർന്ന ഭാവങ്ങളേയും വികാരങ്ങളേയും പൂക്കളുമായി ചേർത്തുവെക്കുന്നു ഈ പാട്ടുകളോരോന്നും.
മലയാള സിനിമയിൽ പിറന്ന എക്കാലത്തെയും മികച്ച പ്രണയഗാനമായി ‘‘ചെമ്പകത്തൈക’’ളെ വിശേഷിപ്പിക്കുന്നവരുണ്ട്. പഴയൊരു ഫോൺ കോൾ ഓർമവരുന്നു. ഒരു ചലച്ചിത്രവാരികയിൽ ആ ഗാനത്തെക്കുറിച്ചെഴുതിയ ലേഖനം വായിച്ച് വിളിക്കുകയായിരുന്നു വിദേശത്ത് ലിഫ്റ്റ് ഓപറേറ്റർ ആയി ജോലിചെയ്യുന്ന ആലുവ സ്വദേശി ജോൺസൺ. ‘‘ആ പാട്ട് പുറത്തിറങ്ങിയിട്ട് നാൽപ്പത് വർഷമായി എന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി. കാലം എത്ര പെട്ടെന്ന് കടന്നുപോകുന്നു.’’- ജോൺസൺ പറഞ്ഞു. ‘‘പക്ഷേ എനിക്കും എന്റെ ഭാര്യക്കും ഒരു പരിഭവമുണ്ട്. ചെമ്പകത്തൈകളുടെ ചിത്രീകരണത്തെ കുറിച്ചു മാത്രം നിങ്ങൾ എന്തുകൊണ്ട് ഒന്നും എഴുതിയില്ല? അതിലും റൊമാന്റിക് ആയി ചിത്രീകരിക്കപ്പെട്ട മറ്റൊരു മലയാളം പാട്ടുണ്ടോ? കമൽഹാസനും വിധുബാലയും എത്ര വികാരോഷ്മളമായാണ് അഭിനയിച്ചിരിക്കുന്നത്. യഥാർഥ ജീവിതത്തിലും കാമുകീകാമുകന്മാർ ആണെന്ന് തോന്നും അവരുടെ അഭിനയം കാണുമ്പോൾ...’’ നിമിഷനേരത്തെ മൗനത്തിനു ശേഷം ജോൺസൺ തുടർന്നു: ‘‘ആ ഗാനചിത്രീകരണമാണ് എന്നെയും ആൻസിയെയും (പേര് ഓർമയിൽ നിന്ന്) ഒന്നിപ്പിച്ചത് എന്നറിയുമോ? അന്ന് ആ ഷൂട്ടിങ് കാണാൻ പോയിരുന്നില്ലെങ്കിൽ ജീവിതത്തിൽ ഒരിക്കലും പരസ്പരം കാണുക പോലുമില്ലായിരുന്നു ഞങ്ങൾ...’’
വിചിത്രമായി തോന്നിയേക്കാവുന്ന ആ പ്രണയകഥ ഇങ്ങനെ. കമൽഹാസന്റെ കടുത്ത ആരാധകരാണ് ജോൺസണും ആൻസിയും. എറണാകുളത്തിന്റെ രണ്ടു വ്യത്യസ്ത കോണുകളിൽ നിന്ന് ‘കാത്തിരുന്ന നിമിഷ’ത്തിന്റെ ഷൂട്ടിങ് കാണാൻ അവർ ഒരേ ദിവസം ബോൾഗാട്ടിയിൽ ചെന്നതിനു പിന്നിൽ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ: പ്രിയതാരത്തെ ഒരു നോക്കു കാണുക. പറ്റുമെങ്കിൽ ഒരു ഓട്ടോഗ്രാഫ് വാങ്ങുക. ചെന്നപ്പോൾ ഉത്സവത്തിനുള്ള ആൾക്കൂട്ടം.പക്ഷേ വെറുംകയ്യോടെ മടങ്ങാനാകുമോ? ഷൂട്ടിംഗിന്റെ ഇടവേളയിൽ ഇടിച്ചുകയറി കമലിനെ കണ്ടു കൈപിടിച്ചു കുലുക്കി കൃതാർത്ഥനായി ജോൺസൺ; ഓട്ടോഗ്രാഫും വാങ്ങി. എനിക്കും ഒരു ഓട്ടോഗ്രാഫ് സംഘടിപ്പിച്ചു തരുമോ എന്ന അപേക്ഷയുമായി പിന്നാലെ വന്ന പെൺകുട്ടിയെ അപ്പോഴാണ് ശ്രദ്ധിച്ചത്. ‘‘ആദ്യനോട്ടത്തിൽ അനുരാഗം എന്നൊക്കെ പറയില്ലേ. അതാണ് ഞങ്ങൾക്കിടയിൽ സംഭവിച്ചതെന്ന് തോന്നുന്നു. അന്നത്തെ ആ ഗാനചിത്രീകരണവും ഞങ്ങളെ സ്വാധീനിച്ചിരിക്കാം. അത്ര കണ്ട് സ്വാഭാവികമായിരുന്നു കമലിന്റെയും വിധുബാലയുടെയും അഭിനയം.’’ ഉറ്റ സുഹൃത്തുക്കളായി അന്നു വൈകുന്നേരം പിരിഞ്ഞ ജോൺസണും ആൻസിയും രണ്ടു മാസത്തിനകം വീട്ടുകാരുടെ അനുഗ്രഹാശിസ്സുകളോടെ വിവാഹിതരായി എന്നത് കഥയുടെ ശുഭാന്ത്യം.
കൗതുകമുള്ള ആ കഥ വിവരിച്ചുകേട്ടപ്പോൾ കമൽഹാസൻ സ്വതസിദ്ധമായ ശൈലിയിൽ ഉറക്കെ ചിരിച്ചു. ‘‘വലിയ സന്തോഷമുണ്ട്. ഇതുപോലൊരു സംഭവം ആദ്യം കേൾക്കുകയാണ്. സിനിമക്ക് നല്ല രീതിയിലും ജീവിതത്തെ സ്വാധീനിക്കാൻ കഴിയുമെന്നു മനസ്സിലായില്ലേ? മാത്രമല്ല, എനിക്കേറ്റവും പ്രിയപ്പെട്ട മലയാളം പാട്ടുകളിൽ ഒന്നാണ് ചെമ്പകത്തൈകൾ. ഞാൻ അഭിനയിച്ചതു കൊണ്ടല്ല. ആ വരികളും സംഗീതവും യേശുദാസിന്റെ ആലാപനവും ചേർന്ന് സൃഷ്ടിക്കുന്ന മാന്ത്രികാന്തരീക്ഷമുണ്ടല്ലോ. അതിനു പകരം വെക്കാവുന്ന അനുഭവങ്ങൾ അധികമില്ല മലയാളത്തിൽ. ആ പാട്ടിന്റെ വരികൾ ഇന്നും കാണാപ്പാഠമാണെനിക്ക്..’’ ചെമ്പകത്തൈകളുടെ ചരണം ഓർമ്മയിൽ നിന്ന് വീണ്ടെടുത്ത് പതുക്കെ മൂളുന്നു കമൽ: ‘‘അത്തറിൻ സുഗന്ധവും പൂശിയെൻ മലർചെണ്ടീ മുറ്റത്ത് വിടർന്നില്ലല്ലോ, വെറ്റില മുറുക്കിയ ചുണ്ടുമായ് തത്തക്കിളി ഒപ്പന പാടിയില്ലല്ലോ...’’
പൂക്കളോടുള്ള സ്നേഹം നിറങ്ങളോടുമുണ്ട് തമ്പിക്ക്. പൂക്കളെക്കുറിച്ചോർക്കുമ്പോൾ അറിയാതെ മനസ്സിൽ വന്നുനിറയുന്ന ഒരു പാട്ടിന്റെ വരികളുണ്ട്. എന്നും വിസ്മയിപ്പിച്ചിട്ടുള്ള, മോഹിപ്പിച്ചിട്ടുള്ള വരികൾ....
‘‘നിറങ്ങളേഴെന്നാരു ചൊല്ലി,
ഇലയിൽ തളിരിൽ മലരിൽ
നിറങ്ങളെത്ര കോടി?
നീലത്തിൽ എത്ര നീലം,
ഹരിതത്തിൽ എത്ര ഹരിതം
ശ്യാമളം അരുണം പീതം
ആകെയത്ഭുതം ഇന്ദ്രജാലം.....’’
‘പാതിരാസൂര്യ’നിൽ (1981) ശ്രീകുമാരൻ തമ്പി എഴുതി ദക്ഷിണാമൂർത്തി ഈണം നൽകി വാണിജയറാം പാടിയ ‘‘ഇളം മഞ്ഞിൻ നീരോട്ടം’’ എന്ന മനോഹര ഗാനത്തിന്റെ ചരണം. ഇതിലും ഭംഗിയായി നിറങ്ങളുടെ ഇന്ദ്രജാലം വരച്ചിടാൻ ആർക്ക് കഴിയും- ശ്രീകുമാരൻ തമ്പിക്കല്ലാതെ?
ഭാവനയുടെ ഒരു വർണ്ണപ്രപഞ്ചം തന്നെ ഏതാനും വരികളിൽ ഒതുക്കിവെച്ചിരിക്കുന്നു കവി- ചിമിഴിലെന്നോണം . കാൽപ്പനികതയും ദൃശ്യചാരുതയും ശാസ്ത്രജ്ഞാനവും യുക്തിബോധവും ഒരുപോലെ സമ്മേളിക്കുന്ന വരികൾ. കൺമുന്നിൽ നാം കാണുന്ന നിറങ്ങളല്ല യഥാർത്ഥ നിറങ്ങളെന്ന് വീണ്ടും വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നു അവ. ചുവപ്പിൽ എത്ര ചുവപ്പ്, നീലയിൽ എത്ര നീല...വെളുപ്പിൽ പോലും എത്ര വെളുപ്പ്....?
ഓർത്താൽ ആകെയത്ഭുതം; ശരിക്കും ഇന്ദ്രജാലം. ശ്രീകുമാരൻ തമ്പിയുടെ കാവ്യഭാവന പോലെ.
ravimenonmusic@gmail.com