Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകുട്ടികളിലേക്ക് വഴി...

കുട്ടികളിലേക്ക് വഴി കണ്ടുപിടിക്കട്ടെ...

text_fields
bookmark_border
കുട്ടികളിലേക്ക് വഴി കണ്ടുപിടിക്കട്ടെ...
cancel

രണ്ടര മണിക്കൂറും ചോരയിൽ മുക്കിയെടുത്ത ഒരു മലയാള സിനിമ നൂറുകോടി ക്ലബ്ബിൽ കയറിയത് അടുത്തിടെയാണ്. അഭിനയ മികവിനേക്കാൾ അക്രമത്തിനുള്ള സാധ്യത മാത്രം മുന്നിൽക്കണ്ട് സൃഷ്ടിച്ച, എതിരാളിയുടെ ഹൃദയംപോലും പച്ചക്ക്‌ കടിച്ചുപറിക്കുന്ന ഒരു നായകനെ നോക്കി കോരിത്തരിപ്പോടെ കൈയടിച്ചവരാണ് മലയാളികൾ. അത്തരമൊരു വയലൻസ് സിനിമയ്ക്ക് പ്രചോദനമായത് അതിനും ഏതാനും മാസം മുമ്പ് ഹിന്ദിയിൽ ചോരകൊണ്ടെഴുതിയ മറ്റൊരു ചിത്രമായിരുന്നു.

അനിയന്ത്രിതമായ അക്രമങ്ങളുടെ ഒരു ദൃശ്യലോകമാണ് ഇന്ന് നമുക്ക് മുന്നിൽ തുറന്നുകിടക്കുന്നത്. ഇതിന്റെ ഇരകളായി മാറുന്നത് ഭൂരിഭാഗവും കൗമാരക്കാരാണ്. മനുഷ്യന്റെ വികാരങ്ങളെ നിയന്ത്രിക്കാനും വിവേകത്തോടെ പെരുമാറാനും സഹായിക്കുന്നത് തലച്ചോറിലെ പ്രീഫ്രോണ്ടൽ കോർട്ടക്സാണ് (Prefrontal Cortex). 23 മുതൽ 25 വയസ്സുവരെ എത്തുമ്പോഴാണ് ഇതിന്റെ വളർച്ച പൂർത്തിയാവുക. അതുവരെയുള്ള കാലഘട്ടം അവരെ സംബന്ധിച്ചിടത്തോളം എടുത്തുചാട്ടത്തിന്റേതാണ്; 'പ്രായത്തിന്റെ തിളപ്പ്' എന്ന് നാം ലളിതമായി വിളിക്കുന്ന ഈ പ്രവണത തികച്ചും ഒരു ജൈവശാസ്ത്രപരമായ യാഥാർഥ്യമാണ്. ഇതിനിടയിലേക്ക് ലഹരിയും അക്രമവാസനയും കൂടി കടന്നുവരുമ്പോൾ എടുത്തുചാട്ടം എല്ലാ അതിരുകളും ലംഘിക്കുന്നു.

സ്വന്തം മാതാപിതാക്കളെയും ബന്ധുക്കളെയും ഒറ്റ രാത്രികൊണ്ട് വെട്ടിനുറുക്കിയ കൗമാരക്കാരുടെ ക്രൂരതയ്ക്ക് മുന്നിൽ ചോരപ്പുഴയൊഴുക്കുന്ന സിനിമകൾ പോലും തോറ്റുപോകും. അതും നാം കണ്ട യാഥാർഥ്യമാണ്.

പ്രീഫ്രോണ്ടൽ കോർട്ടക്സിന്റെ വളർച്ച പൂർണമാകുന്നതുവരെയുള്ള കാലത്ത് ചുറ്റുപാടുകൾക്ക് കുട്ടികളെ സ്വാധീനിക്കാനുള്ള ശേഷി വളരെ കൂടുതലാണ്; ഒപ്പം അനുകരണഭ്രമവും. ജീവിതസാഹചര്യങ്ങൾ കുട്ടികളെ അടിമുടി മാറ്റുന്നുണ്ട്. മാതാപിതാക്കൾക്ക് കുഞ്ഞുങ്ങളെ വേണ്ടവിധം ശ്രദ്ധിക്കാൻ കഴിയാത്തവിധം ജീവിതം മാറിമറിയുന്നു. ശിഥിലമാകുന്ന കുടുംബാന്തരീക്ഷം അവരെ കുറ്റവാസനകളിലേക്ക് നയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. മാതാപിതാക്കളുടെ ശ്രദ്ധ കിട്ടാത്ത അവസ്ഥ (Neglected Parenting) ഇപ്പോൾ വ്യാപകമാണ്. മാതാപിതാക്കൾ വേർപിരിഞ്ഞു കഴിയുമ്പോഴോ വിദേശങ്ങളിൽ ജോലി ചെയ്യുമ്പോഴോ കുട്ടികൾ ബന്ധുക്കളുടെയോ മറ്റുള്ളവരുടെയോ സംരക്ഷണയിലാകുന്നു. എന്നാൽ, പലപ്പോഴും അവർക്ക് അർഹമായ മാനസിക പിന്തുണയും സംരക്ഷണവും കിട്ടാതെ പോകുന്നു എന്നതാണ് വാസ്തവം.

മറ്റൊന്ന്, കുട്ടികൾ സഞ്ചരിക്കുന്ന പുതിയ ലോകത്തെക്കുറിച്ച് മുതിർന്നവർക്ക് കാര്യമായ ധാരണയില്ല എന്നതാണ്. ഇന്റർനെറ്റിന്റെയും സ്മാർട്ട്ഫോണുകളുടെയും ലോകത്ത് കുട്ടികൾ നടത്തുന്ന നിഗൂഢ സഞ്ചാരങ്ങളുടെ റൂട്ട്മാപ്പ് മുതിർന്നവർക്ക് അത്ര എളുപ്പം പിടികിട്ടില്ല. ഡാർക്ക് വെബും കില്ലർ ഗെയിമുകളും ഡേറ്റിങ് ആപ്പുകളുമൊക്കെയായി കുട്ടികളെ വീഴ്ത്താൻ പാകത്തിലുള്ള ചതിക്കുഴികൾ നിരവധിയാണ്.

അക്രമം ആദർശവത്കരിക്കപ്പെടുന്ന ഒരു കാലം കൂടിയാണിത്; വില്ലന്മാർ നായകവേഷം കെട്ടുന്ന കാലം. 'വയലൻസിന് ഇവിടെ നല്ല മാർക്കറ്റാണല്ലേ' എന്ന് ഒരു സിനിമയിൽ നായകൻ ചോദിക്കുന്നതുപോലെ, എവിടെയും അക്രമത്തിന് മുൻഗണന ലഭിക്കുന്നു. സിനിമകളിലെ അക്രമങ്ങളോട് ആഭിമുഖ്യം തോന്നുന്ന കുട്ടികൾ ആ വാസന സ്വന്തം ചുറ്റുപാടിലേക്കും പ്രസരിപ്പിക്കുന്നു. ഇതിനൊപ്പമാണ് ലഹരിയുടെ കുത്തൊഴുക്ക്. കൗമാരക്കാരിലേക്ക് അത് വളരെ എളുപ്പത്തിൽ എത്തുന്നു. എത്രയൊക്കെ പ്രതിരോധിക്കാൻ ശ്രമിച്ചാലും ലഹരിയുടെ വേരറുക്കാൻ നമുക്ക് സാധിക്കുന്നില്ല.

എന്താണ് ഇതിനൊരു പ്രതിവിധി?

കുട്ടികളെ കൂടുതൽ അടുത്തറിയുകയും അവർക്കൊപ്പം ചേരുകയും ചെയ്യുക മാത്രമാണ് നമുക്ക് മുന്നിലുള്ള വഴി. നമ്മുടെ കുഞ്ഞുങ്ങൾ നമ്മിൽനിന്ന് അകന്ന് മറ്റൊരു ഗ്രഹത്തിലെ ജീവികളെപ്പോലെ മാറാതിരിക്കാൻ കുടുംബങ്ങൾ മാത്രമല്ല, സമൂഹവും ജാഗ്രത പുലർത്തണം.

ഡിജിറ്റൽ ലോകത്തിനപ്പുറം: മൊബൈൽ സ്ക്രീനുകൾക്ക് പുറത്തും വിശാലമായൊരു ലോകമുണ്ടെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം. അതിനുതകുന്ന സർഗ്ഗാത്മക വേദികൾ സാമൂഹിക-സാംസ്കാരിക സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഒരുക്കണം.

പെരുമാറ്റ വൈകല്യങ്ങൾ തിരിച്ചറിയുക: കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ കണ്ടുവരുന്ന പെരുമാറ്റ വൈകല്യങ്ങളെ നിസ്സാരമായി തള്ളിക്കളയരുത്. ഉദാഹരണത്തിന്, ചെറുപ്രാണികളെ കൊന്നു രസിക്കുന്നതോ പതിവായി കള്ളം പറയുന്നതോ ആയ സ്വഭാവരീതികൾ യഥാസമയം തിരുത്തിയില്ലെങ്കിൽ, ഭാവിയിൽ അതൊരു വലിയ സാമൂഹികവിപത്തായി മാറിയേക്കാം. പ്രായത്തിന് യോജിക്കാത്ത അഡൽറ്റ് ഉള്ളടക്കങ്ങൾ കുട്ടികളിലേക്ക് എത്താതിരിക്കാൻ കർശനമായ നിയന്ത്രണങ്ങളും ഡിജിറ്റൽ ഫിൽട്ടറിങ്ങും ഉറപ്പുവരുത്തണം.

ജീവിതനൈപുണ്യ വിദ്യാഭ്യാസം: പഠനഭാരം അടിച്ചേൽപ്പിക്കുന്നതിന് പകരം ജീവിതനൈപുണ്യങ്ങൾ (Life Skills) പകർന്നുനൽകുന്ന രീതിയിൽ അധ്യാപനത്തിലും പാഠ്യപദ്ധതിയിലും മാറ്റം വരണം. 15 കുട്ടികൾക്ക് ഒരു മെന്റർ എന്ന നിലയിൽ സ്കൂളുകളിൽ അധ്യാപകരെ സജ്ജമാക്കണം.

ദിവസവും ഒരു മണിക്കൂറെങ്കിലും വീടുകളിൽ കുട്ടികൾക്കായി പൂർണമായി മാറ്റിവെക്കണം. ആ സമയത്ത് അവരെ ശാസിക്കുന്നതിനോ മൊബൈൽ ഫോണിൽ മുഴുകുന്നതിനോ പകരം, അവർ പറയുന്നത് ക്ഷമയോടെ കേൾക്കുകയാണ് വേണ്ടത്. തുറന്ന ആശയവിനിമയമാണ് കുട്ടികൾ വഴിതെറ്റിപ്പോകാതിരിക്കാനുള്ള ഏറ്റവും വലിയ സുരക്ഷാവലയം.

(സൈക്യാട്രിസ്റ്റും ആലപ്പുഴ ജനറൽ ആശുപത്രി ആർ.എം.ഒയുമാണ് ലേഖിക)

(തയാറാക്കിയത്: കെ.എ. സൈഫുദ്ദീൻ)

Show Full Article
TAGS:madhyamam article digital addiction teenage Mental Health Parenting 
News Summary - Reaching Out to Our Children
Next Story