Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകെ.കെ: ഒരു...

കെ.കെ: ഒരു കാലഘട്ടത്തിലെ യൗവ്വന സമര മുഖം

text_fields
bookmark_border
കെ.കെ: ഒരു കാലഘട്ടത്തിലെ യൗവ്വന സമര മുഖം
cancel

കഴിഞ്ഞ ദിവസം നിര്യാതനായ കെ.കെ. മുഹമ്മദ് സാഹിബിനെ വിശേഷിപ്പിക്കാൻ വാക്കുകൾ അപര്യാപ്തമാണ്. മാധ്യമ പ്രവർത്തകനായും പൊതു പ്രവർത്തകനായും നാടിനെ സേവിച്ച കെ.കെ. എവിടെയും കെട്ടി നിൽക്കാതെ ഒഴുകിയ ബഹുമുഖ പ്രതിഭയായിരുന്നു .ബാഫഖി തങ്ങൾക്ക് ഇഷ്ടപ്പെട്ട യുവസാരഥി. മുസ്‌ലിം ലീഗ് നേതൃനിരയിൽ അടിയന്തരാവസ്ഥയുടെ കയ്പ്നീരനുഭവിച്ച നേതാവ്. മാധ്യമപ്രവർത്തനം, രാഷ്‌ട്രീയം, സാംസ്‌കാരിക രംഗം തുടങ്ങിയ എല്ലാ മേഖലയിലും അദ്ദേഹം അടയാളപ്പെടുത്തി.

കണ്ണൂരിൽ നടന്ന സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഞങ്ങൾ 2023 ഒക്ടോബറിൽ അദ്ദേഹത്തെ വീട്ടിൽ ചെന്ന് ആദരിച്ചിരുന്നു. ഓർത്തുപറയാൻ പലതും മനസ്സിലുണ്ടായിരുന്ന അദ്ദേഹം, ക്ലാവ് പിടിച്ച ഓർമ്മകളോട് പോരാടിയാണ് അനുഭവങ്ങൾ പങ്കുവെച്ചത്.

‘മാധ്യമം’ പത്രം ആദ്യമായി പാർലമെന്റിൽ ഉന്നയിക്കപ്പെടാൻ ഇടയായ മലയാളികളായ പാക് പൗരന്മാരുടെ കുടുംബങ്ങളെക്കുറിച്ചുള്ള ഇൻവെസ്റ്റിഗേഷൻ ഫീച്ചർ ടി.പി. ചെറുപ്പ, ഇബ്രാഹിം കോട്ടക്കൽ എന്നിവരോടൊപ്പം ചേർന്ന് തയ്യാറാക്കുന്ന വേളയിലാണ് കെ.കെയുമായി ഞാൻ കൂടുതൽ അടുത്തത്.പാനൂർ മേഖലയിലെ കുടുംബങ്ങളെക്കുറിച്ചുള്ള വിലയേറിയ വിവരങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്.പൊലീസ് നിരീക്ഷണത്തിലുള്ള ചില കുടുംബങ്ങളിൽ ഇന്റർവ്യൂവിനായി കെ.കെ.ഒപ്പം വന്നു. ജന്മനാട്ടിൽ അന്യരായി കഴിയേണ്ടിവരുന്ന മലയാളി കുടുംബങ്ങളെക്കുറിച്ചുള്ള ആ പരമ്പരയുടെ ഇംപാക്ടായി പ്രഫ. ജി.എം. ബനാത്ത്‌വാല വിഷയം പാർലമെന്റിൽ ഉന്നയിച്ചു. ആ കുടുംബങ്ങൾക്ക് നീതി വാങ്ങിക്കൊടുക്കാനും കെ.കെ. അണിയറയിൽ പ്രവർത്തിച്ചു.

പാനൂർ മേഖലയിലെ രാഷ്ട്രീയ സ്കോറിങ് കൊലപാതകങ്ങളുടെ വേളയിൽ, പലപ്പോഴും മാധ്യമപ്രവർത്തകർക്ക് സംഘർഷസ്ഥലത്ത് നേരിട്ടെത്താൻ പ്രയാസമുള്ളപ്പോൾ വിവരശേഖരണത്തിന് വിശ്വസ്തമായ സ്രോതസ്സായിരുന്നു കെ.കെ. കൂത്തുപറമ്പ് വെടിവെപ്പിന് ഇടയാക്കിയ എം.വി. രാഘവന്റെ കൂത്തുപറമ്പ് പര്യടനം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് തുറന്നുപറയാൻ അദ്ദേഹം മടിച്ചില്ല.

ചെറുപ്രായത്തിൽത്തന്നെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി എന്ന നിലയിൽ എല്ലാ നേതാക്കളുമായും മികച്ച ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1968-ൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായി. 1975-ൽ മുസ്‌ലിം ലീഗ് പിളർന്ന് അഖിലേന്ത്യാ മുസ്‌ലിം ലീഗ് രൂപപ്പെട്ടതോടെ അതിൽ വിവിധ ചുമതലകൾക്കൊപ്പം പാർട്ടി പത്രമായ ‘ലീഗ് ടൈംസി’ന്റെ പത്രാധിപ പദവിയും വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പത്രപ്രവർത്തകൻ എന്ന പരിഗണന പോലും നൽകാതെ 1975 ജൂലൈയിൽ അറസ്റ്റ് ചെയ്യപ്പെട്ടു. കെ.കെയുടെ ചില ജയിൽ കുറിപ്പുകൾ അന്ന് തപാൽ വഴി പറന്നു വന്നു.

1984-ൽ ലീഗുകൾ ലയിച്ചപ്പോഴും കെ.കെ. മാധ്യമപ്രവർത്തനത്തിന്റെ മുൻനിരയിൽത്തന്നെ നിയോഗിതനായി. ‘ചന്ദ്രിക’ അസോസിയേറ്റ് എഡിറ്ററായും കൊച്ചി റസിഡന്റ് എഡിറ്ററായും സേവനമനുഷ്ഠിച്ചു.തന്റെ ഡൽഹി രാഷ്‌ട്രീയ ജീവിതത്തിൽ വലിയ രാഷ്‌ട്രീയ ഉപദേശകനായിരുന്നു കെ.കെ എന്ന് ഇ.അഹമ്മദ് സാഹിബ് ഒരു സുഹൃദ് സംഭാഷണത്തിൽ പറഞ്ഞത് ഓർമ്മ വരുന്നു. ഒട്ടനവധി വിദ്യാഭ്യാസ-ജീവകാരുണ്യ സാമൂഹിക പ്രസ്ഥാനങ്ങളുടെ സംഘാടകനായും ഉപദേശകനായും അദ്ദേഹം മുന്നിലുണ്ടായിരുന്നു.

Show Full Article
TAGS:article Obituary 
News Summary - remembering K.K. Muhammad
Next Story