കുട്ടനാടില്ലാതെന്ത് കേരളം
text_fieldsഓണസദ്യക്ക് ഇലയിടാനൊരുങ്ങുേമ്പാൾ മലയാളി മറക്കരുതാത്ത ദേശമാണ് കുട്ടനാട്. ഒരു കാലത്ത് നമ്മെ വയറ് നിറച്ചൂട്ടിയത് ഇവിടത്തെ പാടങ്ങളിൽ വിളഞ്ഞ നെല്ലാണ്. അവഗണനയുടെയും അപവാദ കഥകളുടെയും കല്ലറയിൽ തള്ളപ്പെടുന്ന കേരളത്തിെൻറ നെല്ലറയുടെ വർത്തമാനങ്ങളിലൂടെ ഒരു സഞ്ചാരം
അച്ഛസ്ഫടികസങ്കാശം- കുട്ടിക്കാലത്ത് കുട്ടനാടൻ ജലാശയങ്ങളിലെ വെള്ളത്തിെൻറ അവസ്ഥയെക്കുറിച്ച് കാവാലം നാരായണപ്പണിക്കർ സാർ പറയുന്ന വാക്കാണ്. കണ്ണാടിപോലെ തെളിഞ്ഞ വെള്ളം എന്നർഥം. കാലക്കണക്ക് അനുസരിച്ച് മുക്കാൽ നൂറ്റാണ്ട് മുമ്പ്. കാവാലത്ത് ആറ്റിലെ വെള്ളം നേരിട്ട് കോരിക്കുടിക്കാമായിരുന്നു അന്ന്. എന്നാൽ ഇന്ന് കുട്ടനാട്ടിൽ കല്യാണത്തിനും മറ്റും പോയാൽ സദ്യ കഴിച്ച് കൈ മാത്രം കഴുകി മടങ്ങും പുറംനാട്ടുകാർ. വെള്ളം കവിൾകൊള്ളാനാകില്ല. വിഷവും മാലിന്യങ്ങളും കലർന്ന് ധാതുക്കളുടെ അളവ് മനുഷ്യന് സഹിക്കാവുന്നതിനും എത്രയോ ഇരട്ടി അപ്പുറമാണവിടത്തെ വെള്ളത്തിൽ. നാട്ടിൽ ഏറ്റവും അധികമായ വസ്തു വെള്ളം ആയിരിക്കെ കുട്ടനാടിെൻറ ഏറ്റവും വലിയ പ്രശ്നവും അതുതന്നെ. കുടിവെള്ളം.
ഉപരിതല ജലവും (സർഫസ് വാട്ടർ) ഭൂഗർഭജലവും (ഗ്രൗണ്ട് വാട്ടർ) ഒന്നു തന്നെയാണ് എന്നതാകുന്നു കുട്ടനാടിെൻറ പ്രത്യേകത. കിണർ കുത്തിയിട്ടോ കുഴൽകിണർ അടിച്ചിട്ടോ കാര്യമില്ല.
കുട്ടനാടിന് മാത്രമായി നാളിതുവരെ പ്രത്യേക കുടിവെള്ള പദ്ധതികൾ ഒന്നുമില്ല. പല പദ്ധതികളിലായ പൈപ്പുകൾ കുഴിച്ചിട്ടിട്ടുണ്ടെങ്കിലും ഒന്നിലൂടെയും വെള്ളം ഒഴുകുന്നില്ല. നാട്ടുകാർ ആറ്റിലെ വെള്ളം നേരിട്ട് പമ്പു ചെയ്ത് ഉപയോഗിക്കും. ജലശുദ്ധീകരണ പ്ലാൻറുകൾ ഒന്നും ഇവിടെയില്ല. കാശുള്ളവർ സ്വന്തമായി ശുദ്ധീകരണ പ്ലാൻറുകൾ സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ളം നൂറു ശതമാനത്തിനടുത്ത് വീട്ടുകാരും വിലയ്ക്കു വാങ്ങുകയാണ്. അന്യദേശത്തുനിന്ന് വിവാഹം കഴിച്ചെത്തുന്ന വധൂവരൻമാർക്ക് മണം ശീലമാകും വരെ കുളിക്കാനുള്ള വെള്ളവും കാശുകൊടുത്ത് വാങ്ങേണ്ടി വരും.
ജനവാസത്തിെൻറ മൂന്ന് നൂറ്റാണ്ട്
2011ലെ സെൻസസ് പ്രകാരം 1,93,007ഉം തദ്ദേശസ്ഥാപനങ്ങളുടെ കണക്കനുസരിച്ച് 2.3ലക്ഷത്തിന് മുകളിലുമാണ് കുട്ടനാട് താലൂക്കിലെ ജനസംഖ്യ. 300കൊല്ലത്തിലധികം മുമ്പ് കുട്ടനാട്ടിൽ ജനവാസം ഉണ്ടായിരുന്നു എന്നതിന് രേഖകളുണ്ട്. നൂറിലധികം ആൾ കയറുന്ന ചുണ്ടൻവള്ളം പണിയാനറിയാവുന്ന ആശാരിമാർ അന്നേ ഇവിടെ ജീവിച്ചിരുന്നു. ചമ്പക്കുളം കല്ലൂർക്കാട് ബസിലിക്കയിലെ ചുവർചിത്രങ്ങളിലെ എഴുത്തും കൽക്കുരിശിലെ ലിഖിതങ്ങളും തമിഴിലാണ്. എടത്വായിലും ചമ്പക്കുളത്തും നടക്കുന്ന പള്ളിപ്പെരുന്നാളിന് തമിഴ്നാടിെൻറ നെല്ലറയായ നാഞ്ചിനാട് പ്രദേശത്തുനിന്ന് നിരവധിപേരാണെത്തുന്നത്.
രണ്ടു പതിറ്റാണ്ടു മുമ്പുവരെ മതിലുകളേ ഇല്ലാത്ത നാടായിരുന്നു. ഒരു വീട്ടിലേക്ക് പോകണമെങ്കിൽ മറ്റൊരു മുറ്റത്തുകൂടി കയറി അടുത്തതിെൻറ അടുക്കളപ്പുറം വഴി കന്നാലിക്കൂടും കടന്നുവേണം പോകാൻ. ഒന്നിച്ച് പാടത്തു പണിയെടുക്കുന്നവർ തമ്മിലെ നല്ലൊരു കൂട്ടുകെട്ട് എക്കാലത്തും ഉണ്ടായിരുന്നു. ആണ്ടോടാണ്ട് വെള്ളപ്പൊക്കം വരുമ്പോൾ ആ ഒന്നിച്ചുനിൽക്കൽ കരുത്താർജിക്കും. ക്യാമ്പുകളിൽ ഒരടുപ്പിൽ കഞ്ഞിവെച്ച് ദുരിതങ്ങളൊക്കെ പറഞ്ഞും നാളത്തെ തെളിച്ചം ആഞ്ഞുറപ്പിച്ചും അവരങ്ങനെ ഒന്നിച്ചു കഴിയും.
കര കയറിവരുമ്പോൾ
കുട്ടനാട് താലൂക്കിലെ സ്ഥിരനിർമിതികളുടെ വിസ്തൃതി (ബിൽട്അപ് ഏരിയ) 1973ൽ പ്രദേശത്തിെൻറ മൂന്ന് ശതമാനം മാത്രമായിരുന്നു. എന്നാൽ 2020ൽ ഇത് ആകെ ഭൂപ്രദേശത്തിെൻറ 37 ശതമാനമാണ്. വീടുകളും സ്ഥാപനങ്ങളുമടക്കം. അതായത് നാലു പതിറ്റാണ്ടിനിടെ കുട്ടനാട്ടിൽ ജനജീവിതം അത്രയധികം സജീവമായി എന്ന് കൃത്യമായി പറയാം. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിെൻറ (എ.സി റോഡ്) ഒരുവശം ഉടനീളം വീടുകളും കടകളുമാണ്.
വൻകിട സ്ഥാപനങ്ങൾ പക്ഷേ ഇപ്പോഴുമില്ല. 2019ലെ മഹാ പ്രളയത്തിനുശേഷവും വലിയ വീടുകളും ആരാധനാലയങ്ങളും കച്ചവടസ്ഥാപനങ്ങളും ഉയർന്നുവരുന്നുണ്ട്. പ്രളയത്തിൽ പൂർണമായും ഭാഗികമായും തകർന്ന നൂറുകണക്കിനു വീടുകൾ അതതിടങ്ങളിൽ പുനർനിർമിക്കപ്പെട്ടു.
ആ പുനർനിർമാണവും പുതിയ നിർമാണവും നടക്കുമ്പോഴാണ് കുട്ടനാട് മനുഷ്യർക്ക് ജീവിക്കാനേ കൊള്ളാത്ത ഇടമാണെന്ന് ആഞ്ഞ പ്രചാരണം പൊട്ടിപ്പുറപ്പെടുന്നത്.
ഇപ്പോഴും പാടങ്ങൾക്ക് സ്വർണവർണം
കുട്ടനാട്ടുകാർ നാടുവിട്ടോടുന്നു, വെള്ളപ്പൊക്കം, കുടിവെള്ളക്ഷാമം, വഴിയില്ല, വണ്ടിയില്ല എന്നൊക്കെ പറയുന്നവർ ഒന്നിനെക്കുറിച്ചു മാത്രം മിണ്ടുന്നില്ല. നെൽകൃഷിയെക്കുറിച്ച്. ഇവിടെ ഇപ്പോഴും നെൽകൃഷി വ്യാപകവും സജീവവുമാണ്. ഒട്ടുമിക്ക പാടശേഖരങ്ങളിലും ഒരു കൃഷിയെങ്കിലുമുണ്ട്. രണ്ടു കൃഷി നടക്കുന്നവയുടെ എണ്ണവും ചെറുതല്ല. മടവീഴ്ചയാലും രാഷ്ട്രീയ കാരണങ്ങളാലും കൃഷി നടക്കാത്ത ചില പാടങ്ങളുണ്ട്.
സപ്ലൈകോയുടെ നെല്ല് സംഭരണവും കൊയ്ത്ത്, വിത യന്ത്രങ്ങളും കൃഷിക്കാരെൻറ ബുദ്ധിമുട്ടുകൾ കുറച്ചിട്ടുണ്ട്. കൃഷിക്കാർ പരസ്യമായി സമ്മതിക്കില്ലെങ്കിലും കൃഷി നിലവിൽ ലാഭമാണ്. കുട്ടനാട്ടിൽ പലയിടത്തും ഏക്കറിന് 25,000 രൂപവരെ പാട്ടമുണ്ട്. പാടത്തിന് സമീപം താമസിക്കുകയാണ് കൃഷി നോക്കാൻ എളുപ്പം. അല്ലെങ്കിൽ കുറഞ്ഞ സമയത്ത് എത്താവുന്ന ദൂരത്തെങ്കിലും. നിങ്ങൾ കൃഷിക്കാരോട് സംസാരിക്കൂ. അവർ പരസ്യമായിത്തന്നെ പറയും ഇവിടം വിട്ട് എങ്ങോട്ടുമില്ലെന്ന്. അതുകൊണ്ടുതന്നെയാണ് കുട്ടനാട്ടിൽ എല്ലായിടത്തും പാടങ്ങൾ പച്ചപുതച്ചും സ്വർണവർണമണിഞ്ഞും സഞ്ചാരികൾക്ക് കാഴ്ചയായി കിടക്കുന്നത്.
കുട്ടനാട്ടുകാർ പോയാൽ പകരം ആര്?
കായലിന് നടുക്ക് സ്ഥിതിചെയ്യുന്ന കൃഷിയിടമാണ് ആർ ബ്ലോക്ക്. സഞ്ചാരികളുടെ ഇഷ്ടയിടവും. ആർ ബ്ലോക്കിൽനിന്ന് താമസക്കാർ ഭൂരിപക്ഷവും ഒഴിഞ്ഞുപോയി എന്നാണ് വാർത്ത. ഇവിടെ, ഏതാനും കുടുംബങ്ങൾക്ക് മാത്രമേ താമസിക്കാനാകൂ. ഇവിടേക്ക് റോഡ് നിർമിക്കുക സാധ്യമായ കാര്യമല്ല. അല്ലെങ്കിൽ അതുപോലെ കായൽ നികത്തുകയോ കിലോമീറ്ററുകൾ നീളമുള്ള പാലം നിർമിക്കുകയോ വേണം. ആർ ബ്ലോക്കിൽ താമസിക്കുന്നവർ യാത്രക്ക് ബോട്ടിനെ ആശ്രയിച്ചേ പറ്റൂ. കുടിവെള്ളം വിലയ്ക്കു വാങ്ങുകയും. തൊഴിലാളികളായ അവർക്ക് അത് താങ്ങാവുന്ന കാര്യമല്ല. എന്നാൽ ഈ സ്ഥലം ഏതെങ്കിലും ഹോട്ടൽ-റിസോർട്ട് പ്രസ്ഥാനത്തിെൻറ കൈയിൽ എത്തിയാലോ? -ആർ ബ്ലോക്കിെൻറ പുറംബണ്ടിലെ എല്ലാ സൗകര്യങ്ങളുമുള്ള കുടിലിൽ ഒരു രാത്രിക്ക് രണ്ടാൾക്ക് 15,000 മുതൽ 25,000 രൂപവരെ എന്നതായിരിക്കും നിരക്ക്. അതിന് താമസിക്കാൻ ആളെ കിട്ടുകയും ചെയ്യും. സ്ഥലം അവർക്ക് വിറ്റ തദ്ദേശീയർ അവിടത്തെ പണിക്കാരായി മാറും. ലോകത്തെ ആദിമനിവാസ കേന്ദ്രങ്ങളിൽ മിക്കയിടത്തും നടന്നതാണ്. മസായിമാറ നല്ലൊരു ഉദാഹരണമാണ്.
അതേസമയം സർക്കാറിന്, നാട്ടുകാരെ അവിടെത്തന്നെ താമസിപ്പിച്ച് പങ്കാളിത്ത വിനോദസഞ്ചാരത്തിന് സൗകര്യം ഏർപ്പെടുത്തിയാലോ. മൂവായിരം രൂപക്ക് സഞ്ചാരിക്കും ആതിഥേയനും ലാഭകരമായ രീതിയിൽ കാര്യങ്ങൾ നടത്താനാകും. നാട്ടുകാരെ ഓടിക്കാനല്ല നിലനിർത്താനാണ് ഭരണകൂടം ശ്രദ്ധിക്കേണ്ടത്.
ആധുനികത സമ്മാനിച്ച സ്വത്വ പ്രതിസന്ധികൾ
കുട്ടനാട്ടിൽ ഇതുപോലെ റോഡുകളും പാലങ്ങളും വരുന്നതിന് മുമ്പ് പാടത്തിെൻറ പുറംബണ്ടിൽ കൂടെയും വരമ്പിലൂടെയും വേണമായിരുന്നു ഓരോ വീടുകളിലുമെത്താൻ. ഇന്നെത്രപേർ ഇങ്ങനെയൊരു വഴി പോകാൻ തയാറാകും. വള്ളത്തിലാണെങ്കിലും രാത്രിയാത്ര പാടുതന്നെ. അതിവേഗ യാത്രാസൗകര്യങ്ങൾ ഇല്ലാത്തതിനാൽ വള്ളത്തിൽ വെച്ചുതന്നെ പൊലിഞ്ഞുപോയ അനേക ജീവനുകൾ സാക്ഷി, ഇന്നത്തെ കുട്ടനാടൻ തലമുറ ആ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നില്ല. പുതുതലമുറ കാറുകളും ബൈക്കുകളും അവർക്കും വേേണ്ട?. അതൊക്കെ പായിക്കാൻ തക്ക റോഡുകളും. ആധുനികത കണ്ടും അനുഭവിച്ചും വരുന്ന യുവതയോട് ഇനി കുട്ടനാട്ടിൽ റോഡുകൾ വേണ്ട, നിങ്ങൾ പഴയപോലെ വള്ളത്തിലും ബോട്ടിലും നടന്നാൽ മതിയെന്ന് പറഞ്ഞാൽ ആരെങ്കിലും സമ്മതിക്കുമോ.
വെള്ളപ്പൊക്കത്തിൽ നീന്തിക്കളിക്കുന്നത് ആസ്വദിച്ച തലമുറയും ദുരിതാശ്വാസ ക്യാമ്പുകളിലെ ദുരിതം പങ്കുവെച്ച തലമുറയും കഴിഞ്ഞു പോകുകയാണ്. ഇനി അങ്ങനെ സഹിച്ചു ജീവിക്കാൻ വയ്യെന്ന് ഉറച്ചുപറയുന്ന ഒരു സംഘം പുതു തലമുറക്കാരുണ്ട്. പാടത്തെ ചളിയിലേക്കും വെള്ളത്തിലേക്കും ഇറങ്ങാൻ മടിയില്ലാത്ത ഒട്ടേറെ യുവാക്കളുമുണ്ട്. തങ്ങളുടെ വല്യപ്പന്മാർ ചെയ്തിരുന്നതും അപ്പന്മാർ ഉപേക്ഷിച്ചതുമായ കൃഷി പൂർണമനസ്സോടെ ഏറ്റെടുത്തവർ. ഈ ഒരു സംഘർഷം നിലവിലുണ്ട്.
അലസജീവിതത്തിന് പറ്റിയ ഇടമല്ല, ഇടമായിരുന്നില്ല ഒരു കാലത്തും സമുദ്രനിരപ്പിന് കീഴെ കിടക്കുന്ന കുട്ടനാട്. നഗരങ്ങളില്ലാത്ത ഈ നാടിനെ പ്രത്യേകം പരിഗണിക്കാൻ സർക്കാറിന് കടമയുണ്ട്. സഹകരിക്കാൻ മുമ്പെന്നത്തെക്കാളും നാട്ടുകാർ തയാറുമാണ്. ആദ്യം പറഞ്ഞ രണ്ടേകാൽ ലക്ഷത്തിൽപരം ജനമൊന്നും ഈ കുട്ടനാടു വിട്ട് എങ്ങോട്ടും പോകാൻ പോകുന്നില്ല.