ഉച്ചരിക്കപ്പെടാത്ത വാക്കിന്റെ പൊരുൾ തേടുമ്പോൾ
text_fieldsചില തൊഴിലുകളെ മ്ലേച്ഛപ്പെടുത്തിയതും മറ്റു ചില തൊഴിലുകളെ സ്വന്തം സൗകര്യത്തിന് മഹത്ത്വപ്പെടുത്തിയതും ആരാണ്? ചെക്കന് ഒരു രാഷ്ട്രീയവുമില്ല, പോരാത്തതിന് നിലാവുപോലെ വെളുത്തിട്ടാണ് എന്ന പഴയ വിവാഹച്ചന്തയിലെ അശ്ലീലപരസ്യത്തിന് ഇത്രമേൽ പകിട്ട് വന്നുപെട്ടത് എങ്ങനെയാണ്? ഒരന്തോം കുന്തോം ഇല്ലാതെ തേരാപാരാ നടക്കുന്നവനുള്ളത്രപോലും അംഗീകാരം, നിത്യവും വെയിലുകൊണ്ട് വിയർപ്പൊഴുക്കി ജീവിക്കുന്ന ഒരു മീൻകാരനും അറവുകാരനും കെട്ട വിവാഹച്ചന്തകളിൽപോലും കിട്ടാത്തതിന്റെ യുക്തി എന്താണ്? പോഷകസമൃദ്ധവും തങ്ങൾക്ക് ഏറെ രുചികരമായി അനുഭവപ്പെടുന്നതുമായ ആഹാരം കഴിക്കുന്നവർപോലും, തങ്ങൾക്കത് നൽകുന്നവരെ അകറ്റിനിർത്തുന്നത് എന്തുകൊണ്ടാവും? തൊഴിലിനെയും അതുവഴി തൊഴിലാളിയെയും മ്ലേച്ഛപ്പെടുത്തിയത്, മറ്റു പലതിനുമൊപ്പം ഇന്ത്യൻഅവസ്ഥയിൽ ജാതിവ്യവസ്ഥയാണ്.
മഞ്ഞനിറം വലിയൊരു വിഭാഗത്തിന് കൊന്നപ്പൂവിന്റെയും ചമ്പകപ്പൂവിന്റെയും മണവും സ്വർണത്തിന്റെ നിറവും അനുഭവിപ്പിക്കുമ്പോൾ; ശുചീകരണ തൊഴിലിലേർപ്പെടുന്ന തോട്ടികൾക്കത്, അങ്ങനെയല്ലെന്ന് മനസ്സിലാക്കാൻപോലും കഴിയാത്തവിധം നമ്മളിൽ പലരും ഇപ്പോഴും അജ്ഞരാണ്! മഞ്ഞയിൽ പ്രകാശിക്കുന്ന പരിപ്പു കറിയും സർവതും ശുദ്ധമാക്കുന്ന മഞ്ഞൾപ്പൊടിയും മറ്റും മനുഷ്യവിസർജ്യത്തോടുള്ള സാമ്യംകൊണ്ടാണ്, ആ വിസർജ്യം നീക്കുന്നവർക്ക് ആസ്വദിക്കാനാവാത്തത്. സാദൃശ്യകൽപനകളുടെ നേതാവായ ഉപമപോലും പഴയ മന്നവേന്ദ്രന്റെ തിളക്കം തകർക്കുംവിധം ചിലപ്പോഴെങ്കിലും തിരിഞ്ഞും കുത്തും! അപ്പോഴാണത് ശരിക്കും സത്യത്തിനു കാവലാവുന്നത്. നാറിയാൽ മീൻ മാത്രമല്ല സർവതും നാറും. എന്നാൽ ചിലതിൽമാത്രം മൂക്കുപൊത്തും നാറ്റവും, മറ്റുചിലതിൽ നാവുനീട്ടും ഗന്ധവും കാണുന്ന കാഴ്ചപ്പാടിലാണ് കുഴപ്പം അടയിരിക്കുന്നത്. എത്രയോ കൊല്ലങ്ങൾക്കുമുമ്പ് മഹാകവി കാളിദാസന്റെ ‘അഭിജ്ഞാനശാകുന്തള’ത്തിലെ പാവം മുക്കുവനെ സ്വന്തം നെഞ്ചോട് ചേർത്തു നിർത്തി ‘മീൻനാറ്റവും പച്ചക്കറിഗന്ധവും’ എന്നൊരു പ്രബന്ധം എഴുതിയതാണ് പ്രിയ ഷംസുദ്ദീൻ കുട്ടോത്തിന്റെ അയ്മോട്ടിക്കായെ കണ്ടപ്പോൾ ആദ്യം ഓർത്തത്. സ്മരണകളൊരുക്കിയൊരു ഹൃദ്യസൗഹൃദം!
ഷംസുദ്ദീൻ കുട്ടോത്ത്
മത്സ്യത്തൊഴിലാളികളായ അരയർക്ക് മീൻനാറ്റംകൊണ്ടുകൂടിയാവാം മുമ്പ് ക്ഷേത്രപ്രവേശനം തടഞ്ഞിരുന്നുവെന്നും, അതിനെതിരെ വിശ്വാസിയേയല്ലാത്ത മലയാളത്തിന്റെ അത്ഭുതനവോത്ഥാനപ്രതിഭ വേലുക്കുട്ടി അരയൻ നടത്തിയ ഒരു പ്രതിരോധപ്രഭാഷണത്തിന്റെ തലക്കെട്ട് ‘മത്സ്യവും മതവും’ എന്നായിരുന്നുവെന്നും മലയാളികളെങ്കിലും മറക്കരുത്. അക്കാലത്തെ ജാതിമേൽക്കോയ്മക്കെതിരെ അരയസമൂഹത്തിന്റെ ആത്മീയ അവകാശം ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ ഡോക്ടർ വി.വി. വേലുക്കുട്ടി അരയന്റെ തദ്വിഷകയമായ ആവിഷ്കാരത്തെ ഒരു മീൻകൊല്ലിയുടെ വേദാന്തം എന്ന് വിളിച്ചാണ് ജാതിപണ്ഡിതർ പരിഹസിച്ചത്! അപ്പോഴുമവർ വേദാന്തം വിട്ടില്ല! നിങ്ങൾ പ്രഘോഷിക്കുന്ന ആ വിശുദ്ധവേദാന്തം നിങ്ങൾതന്നെ അശുദ്ധമാക്കിയ മത്സ്യാവതാരംകൂടി ഉൾപ്പെട്ടതാണെന്ന വേലുക്കുട്ടി അരയന്റെ നിരീക്ഷണം ജാതിമേൽക്കോയ്മക്ക് അസ്വസ്ഥത ഉണ്ടാക്കിയതിൽ അത്ഭുതമില്ല. എന്നാലിപ്പോൾ ജനായത്ത ഇടപെടലുകളുടെ ഭാഗമായി കാര്യങ്ങളേറെ മാറിയിട്ടുണ്ട്.
തൃശ്ശൂരിൽനിന്ന് കഴിഞ്ഞമാസം തിരിച്ചുവരുമ്പോൾ കണ്ട ഒരു ഹോട്ടലിന്റെ പേര് മീനോളജി! സത്യം പറഞ്ഞാൽ ആ പേര് കണ്ട് ആദ്യമൊന്ന് വിരണ്ടു. പിന്നെ വിസ്മയപ്പെട്ടു! മീൻകൊല്ലിയുടെ പഴയ വേദാന്തം പുതിയ മീൻശാസ്ത്രമായി കേരളത്തിൽ സ്ഥാനക്കയറ്റം നേടിക്കഴിഞ്ഞിരിക്കുന്നു. അമ്പമ്പമ്പോ ഇതുതാൻ കലികാല വിളയാട്ടം! അപ്പോഴും ഭൂതകാലത്തിന്റെ ഇരുൾമടക്കുകളിൽനിന്നും, വർത്തമാനകാലത്തിലേക്ക് ഇടിച്ചുവരുന്ന തേങ്ങലുകൾ നിലച്ചിട്ടില്ല.
അത്രയൊന്നും എളുപ്പം അത് നിലക്കുകയുമില്ല! ഷംസുദ്ദീൻ കുട്ടോത്തിന്റെ, മീൻകാരൻ അയ്മുട്ടിക്കായെക്കുറിച്ചുള്ള ‘അയാൾക്കെന്തോ പറയാനുണ്ട്’ എന്ന പേരിലുള്ള കവിത, ആ തേങ്ങലിന്റെ സംഘർഷമാണ്, കുപ്പായമഴിച്ചിട്ട് സമസ്ത സങ്കടങ്ങളോടെയും അടയാളപ്പെടുത്തുന്നത്. സൈക്കിൾ, മീൻകൊട്ട, പൂച്ച, നീട്ടിയുള്ള ബെല്ലടി, കൂവൽ, മുഷിഞ്ഞ തോർത്തുമുണ്ട്, നിറംകെട്ട പാട്ട, മൂന്ന് കട്ടയുള്ള ടോർച്ച്, വീടിന്റെ പൊളിഞ്ഞ ചുമര്, പൊട്ടിയ കണ്ണാടി മീൻമണമില്ലാത്ത മൂട്ടിയ കൈലി, ചന്ദ്രികാസോപ്പ്, ഒഴുക്കുള്ള കടവ് എന്നിങ്ങനെയാണ് കവിതയിൽ ആവിഷ്കരിക്കപ്പെട്ട അയ്മോട്ടിക്കായുടെ അന്തരീക്ഷം. അതിൽ മുന്നിട്ടുനിൽക്കുന്നത്, മീൻമണത്തെക്കുറിച്ചുള്ള ഒരടിസ്ഥാനവുമില്ലാത്ത അയ്മോട്ടിക്കായുടെ ഉള്ളിൽനിന്നും എന്തുചെയ്തിട്ടും പുറത്തുപോവാത്ത ആധിയാണ്. എത്ര കഴുകിയിട്ടും പിന്നെയും ബാക്കിയാവുന്നതെന്ന് അയാൾതന്നെ തെറ്റിദ്ധരിക്കുന്ന, സത്യത്തിൽ കുളിച്ചു കയറിയതോടെ അയാളിൽനിന്നും ഇല്ലാതായ ആ വല്ലാത്ത മണമാണ്; അയാൾക്ക് എന്തോ പറയാനുണ്ട് എന്ന കവിതയിൽ, കരയിൽപിടിച്ചിട്ടൊരു മീൻകണക്ക് പിടയുന്നത്!
ഒഴുക്കിന്റെ ഏറ്റവും മുന്നിൽനിന്ന്/അയ്മോട്ടിക്ക തന്റെ എല്ലാ മണങ്ങളും ചന്ദ്രികസോപ്പിട്ട് പതപ്പിച്ച്/കഴുകിക്കളയും./ മീൻമണം ആരെയും അലോസരപ്പെടുത്താതിരിക്കാൻ/ജാഗ്രതപ്പെടും./മീൻകെട്ടി ബാക്കിവന്ന/ഉപ്പൂത്തി ഇലയിൽ/കുട്ടിക്യൂറയും പോൺഡ്സും/ചേർത്തുകുഴച്ച്/നെഞ്ചിലും കക്ഷത്തുംപൂശി/പലമണങ്ങളിൽ പൊതിഞ്ഞ്/പൊട്ടിയ കണ്ണാടിക്കുമുന്നിൽ/തന്നെതന്നെ നോക്കിനിൽക്കുമ്പോൾ/ അയാൾക്കെന്തോ പറയാനുണ്ട്. പറയാനുള്ളതെല്ലാം/എരവട്ടൂരങ്ങാടിയിൽ/നാല് ദിക്കിലേക്കും നോക്കി/ തലയിൽകൈവെച്ച്/കൂക്കിതീർക്കുന്നതുകൊണ്ടാകാം/ഒരിക്കലും ആരോടും അയാളൊന്നും/പറയാത്തത് ഏതോ നാലാൾക്ക് സ്വന്തം വളർത്തൽ പശ്ചാത്തലം കാരണം അരോചകമായേക്കാവുന്ന ഒരു മണം കാരണം നിത്യമണപീഡ അനുഭവിക്കുന്ന അയ്മോട്ടിക്ക, ജാതിറിപ്പബ്ലിക്കിൽനിന്ന്, പലകാരണങ്ങൾ പറഞ്ഞ് ബഹിഷ്കരിക്കപ്പെടുന്നവരുടെകൂടി പ്രതിനിധിയാണ്. അയാളുടെ കൂവൽ, മീൻവിൽപനക്കുള്ള അറിയിപ്പിനൊപ്പം, അതുകൊണ്ടുതന്നെ ഉള്ളിൽ അടക്കിയ സങ്കടങ്ങളുടെ മാതൃഭാഷയുമാണ്! ചിലർക്കൊക്കെ എതിരെയുള്ള ഒരൊളിയമ്പും!
വിദ്യാർഥിയായിരിക്കെ, ഞങ്ങൾക്കേറെ പ്രിയങ്കരനായിരുന്ന ഷംസുദ്ദീനിൽ, അന്നേ വന്യമായൊരു സൗമ്യത തുളുമ്പിയിരുന്നത് ശ്രദ്ധിച്ചിരുന്നു. ജീവിതത്തിന്റെ പല വഴികളിലൂടെ കടന്നുപോയപ്പോഴും ആ സൗമ്യത കുറേക്കൂടി സൂക്ഷ്മവും സർഗാത്മകവുമായി മാറുന്നതുകണ്ട് അതിലേറെ ഇപ്പോൾ ആഹ്ലാദിക്കുകയും!
മരണഭൂമിയിലാണ് ജീവിതം സ്വന്തം വിത്ത് വിതക്കുന്നതെന്ന ഒരു സമഗ്രബോധപശ്ചാത്തലമാണ് ‘കോന്തലയിൽ പൊതിഞ്ഞ നക്ഷത്രങ്ങൾ’ എന്ന കവിതാസമാഹാരത്തെ ശ്രദ്ധേയമാക്കുന്നത്. കൊളോണിയൽ ജാതി ആധുനികതയെ അസ്വസ്ഥപ്പെടുത്തുംവിധമുള്ള ഭൂതലാവിഷ്കാരമാണ് ‘കോന്തലയിൽപൊതിഞ്ഞ നക്ഷത്രങ്ങൾ’ എന്ന കവിതാസമാഹാരത്തെ സമാന്തരജീവിതത്തിന്റെ സാന്ത്വനേസ്രാതസ്സാക്കുന്നത്. എത്ര കുഴിച്ചുനോക്കിയാലും ഒരു ഓട്ടുരുളിയോ കസവ് തുണിക്കഷണമോ, നിങ്ങളീ കവിതകളിൽനിന്നും കണ്ടെടുക്കുകയില്ല! മത്തിത്തല മുതൽ അയിലത്തലവരെ കാണുകയും ചെയ്യും! ഫ്യൂഡൽ പഴമകളല്ല, മലയാള പുതുമകളാണ് കേരള തനിമയെന്നും അത് നാടുവാഴിത്തം നിർമിച്ചുവെച്ച തിരഞ്ഞെടുക്കപ്പെട്ട ചിലതിൽ മാത്രമല്ല മലയാളപലമയിലാണ് നിലകൊള്ളുന്നതെന്നുമുള്ള തിരിച്ചറിവാണ് കുട്ടോത്ത് കവിതകളുടെ കരുത്ത്.
തിരഞ്ഞെടുക്കപ്പെട്ട വിശിഷ്ടപഴമകളിലല്ല, തള്ളിക്കളയപ്പെട്ട പലമയിലാണ് അവ അസ്വസ്ഥമായി അമർന്നിരിക്കുന്നത്. പലസ്ഥലങ്ങളിൽനിന്നും കാലങ്ങളിൽനിന്നും പദവികളിൽനിന്നും ഒഴിച്ചുവിടപ്പെട്ടവരാണ്, ആ കവിതകളിൽ ആവേശത്തോടെ ഒത്തുകൂടുന്നത്. പ്രദർശനപ്രവണതകൾക്ക് സ്പർശിക്കാനാവാത്ത, ബഹളംവെപ്പുകൾക്ക് കീഴ്പ്പെടുത്താൻ കഴിയാത്ത, പൊങ്ങച്ചപ്രകടനങ്ങൾക്ക് അടിമപ്പെടാത്ത പലമകളെ ആഘോഷിക്കുന്നൊരു ഭാഷയാണ് കവിതകളിൽ വ്യത്യസ്തതകളുടെ വഴി തുറക്കുന്നത്. കലർപ്പ് കുറ്റകരമാവുന്ന ഒരു കാലത്തോടാണ് ഈ കവിതകളിലെ ഖബറിടങ്ങളും മീസാൻകല്ലുകളും ജിന്നുകളും ഹസ്ബിറബ്ബിയും ഉസ്താദും സുജൂദും കിത്താബും മയ്യിത്തും യാസീനും ദുനിയാവുമെല്ലാം കലഹിക്കുന്നത്. ഭാഷയിലേക്ക് ഇടിച്ചുകയറുന്ന അപരത്വത്തെയാണ്, അയിത്തബാധയെയാണ് പുതുകവിതകൾ ധീരതയോടെ പ്രതിരോധിക്കുന്നത്.
ഷംസുദ്ദീൻ കുട്ടോത്ത് എന്ന ശ്രദ്ധ അർഹിക്കുന്ന കവി അയാൾക്ക് എന്തോ പറയാനുണ്ട് എന്ന കവിതയിൽ അനുഭൂതിപ്പെടുത്തിയ മീൻകാരനിലാണ്, ‘കോന്തലയിൽ പൊതിഞ്ഞ നക്ഷത്രങ്ങൾ’ എന്ന കവിതാസമാഹാരത്തിന്റെ സാങ്കൽപിക സംഗ്രഹം എനിക്കനുഭവപ്പെടുന്നത്.
മറ്റുള്ളവർക്ക് തന്റെ മണം/തട്ടാതിരിക്കാൻ/അയാൾ ബെഞ്ചറ്റത്ത്/ഊക്കില്ലാതെ ഇരിക്കും/ദേശാഭിമാനി/ചന്ദ്രിക/ജന്മഭൂമി/വായിച്ചു കഴിയുമ്പോൾ/തന്റെ മണം കടലാസിൽ/പടർന്നിട്ടുണ്ടോ എന്ന്/മണത്തുനോക്കും/കാണുന്നവർക്കത്/അക്ഷരങ്ങളെ ഉമ്മവെക്കുന്നതായേ തോന്നൂ/മറ്റുള്ളവരുടെ തോന്നലിലേക്ക്/അപ്പോൾ അയാൾക്കെന്തോ പറയാനുണ്ട്.
ആ പറയാതെവെച്ച ബാക്കിയിലേക്കാണ്, ഉപേക്ഷിക്കപ്പെട്ടവരുടെ ഉച്ചരിക്കപ്പെടാതെപോയ വാക്കിലേക്കാണ്, വീണമനുഷ്യരുടെ ഉടഞ്ഞ കിനാവുകളിലേക്കാണ്, പ്രിയകവി ഷംസുദ്ദീൻ കാത് ചേർത്തുവെക്കുന്നത്. കവി, പത്രപ്രവർത്തകൻ, ഡോക്യുമെന്ററി രചയിതാവ്, എഡിറ്റർ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ് എന്നീ നിലകളിൽ പ്രതിഭയുടെ മുദ്രപതിപ്പിച്ച യുവപ്രതിഭാശാലികളിൽ ഏറെ ശ്രദ്ധ ആവശ്യപ്പെടുന്ന അദ്ദേഹത്തിന്റെ ‘കോന്തലയിൽ പൊതിഞ്ഞ നക്ഷത്രങ്ങൾ’ എന്ന കവിതാസമാഹാരം മതനിരപേക്ഷ ജീവിത സ്വപ്നങ്ങൾക്ക് കാന്തിയും കരുത്തും പകരും. പരസ്യപ്രലോഭനങ്ങളെ ജീവിതംകൊണ്ടും സ്വന്തം ജീവിതത്തിന്റെ നിതാന്തസുഹൃത്തായ കവിതകൊണ്ടും പ്രതിരോധിക്കുന്ന, ഒരു വന്യസൗമ്യന്റെ പ്രക്ഷുബ്ധ ശാന്തസാന്നിധ്യമാണ് കുട്ടോത്ത് കവിതകളിൽനിന്നും എനിക്കനുഭവപ്പെടുന്നത്. പ്രദർശനപരത ആഘോഷിക്കപ്പെടുന്ന ബഹളനടുവിൽനിന്നും മൗനത്തിന്റെ തുരുത്ത് പകരുന്ന കോരിത്തരിപ്പാണ് ആ കവിതകളിൽ നിർവൃതപ്പെടുന്നത്.
ഒന്നാലോചിച്ചുനോക്കൂ. മരങ്ങളിൽനിന്ന്/പച്ചയത്രയും ഒഴുക്കി/നമ്മുടെ തടാകങ്ങളിൽ/നിറയുന്നത്/എല്ലാ കിളികളും അവരുടെ പാട്ട് കൊത്തി/നമ്മുടെ വീടിനു മുകളിൽ/കൊണ്ടിടുന്നത്./ഭൂമിയിലെ മൗനങ്ങളെ അത്രയും അടിച്ചുകൂട്ടി/ഒരു ചില്ലുകുപ്പിയിൽ ഒതുക്കുന്നത്. (ഉന്മാദം)
ചോർച്ചകളുടെ കാലത്ത് ചേർച്ചകളുടെ അസാധാരണ ബദലൊരുക്കുന്ന മലയാളത്തിലെ സൂക്ഷ്മശ്രദ്ധ ആവശ്യപ്പെടുന്ന ഭ്രമാത്മക രചനയെന്ന നിലയിലാണ് ഷംസുദ്ദീൻ കുട്ടോത്തിന്റെ ‘ഉന്മാദം’ എന്ന കവിത വേറിട്ടൊരു കാവ്യാനുഭവമായി വളരുന്നത്. നരച്ച ജീവിതങ്ങളെ മാറ്റി, നിറപ്പകിട്ടുള്ള ജീവിതത്തെ സാങ്കൽപികമായി പുനഃസൃഷ്ടിക്കാനുള്ള ഒരനുഭൂതി സമരമാണ് ‘ഉന്മാദകവിത’യിൽ സാന്ദ്രമാകുന്നത്. കെട്ടുപോകുന്നതിൽനിന്നും മനുഷ്യരെ കാക്കുന്ന ഉപ്പാണ് ഉന്മാദമെന്ന നിക്കോസ് കസാൻദ്സാക്കിസിന്റെ പതിവുകളെ പൊളിക്കുന്ന നവ കാഴ്ചപ്പാടിലാണ് കുട്ടോത്തിലെ കവി പുളകിതനാവുന്നത്. കവിത അതുകൊണ്ടുതന്നെ കുട്ടോത്തിന് കിതപ്പുകൾക്കൊക്കെയുമപ്പുറമുള്ളൊരു സ്വപ്നലോകത്തിലേക്കുള്ളൊരു സർഗാത്മക കുതിപ്പാണ്.
നിക്കോസ് കസാൻദ്സാകിസ്
വരണ്ടുപോവാനിടയുള്ള യുക്തിക്ക് രുചിയേകുന്ന അയുക്തികളാണ്, സംബന്ധങ്ങളേക്കാൾ ചിലപ്പോഴെങ്കിലും അർഥപൂർണമാവാൻ പ്രാപ്തിയുള്ള അസംബന്ധങ്ങളാണ്, കണ്ണീരിലും നനയാതിരിക്കുന്നൊരു വെളിച്ചമാണ്, ഒരു മിന്നൽപോലെ കുട്ടോത്ത് കവിതകളിൽ വെളിപ്പെടുന്നത്. അനീതിയുടെ കാർമേഘാവൃതമായ ആകാശത്തിൽ അസ്വസ്ഥപ്പെടുമ്പോഴും മന്ദഹസിക്കാൻ കഴിയുന്നൊരു മഴവില്ലിന്റെ മൗനത്തിലാണ് ആ കവിതകളൊക്കെയും ആർദ്രപ്പെടുന്നത്. പച്ചപ്പുകളൊക്കെയും വാടിവീഴുന്ന കൊടും വെയിലിലും അതുകൊണ്ടാണ് അവന്റെ കവിതകളിൽ, നിലാവിന്റെ കുളിരത്രയും ഒരു മൺകുടുക്കയിലേക്ക് വാർന്നുവീഴുന്നത്.