വിദ്യാർഥി കൈക്കലാക്കിയത് സുഹൃത്തുക്കളുടെ 10 അക്കൗണ്ടുകൾ
text_fields

കൊച്ചിയിലെ ഒരു ദേശസാത്കൃത ബാങ്കിലെ തിരക്കേറിയ സമയം. പണം പിൻവലിക്കാനാണ് കോളജ് വിദ്യാർഥികളായ രണ്ടുപേർ എത്തിയത്. പെട്ടെന്ന് പൊലീസെത്തുന്നു. ഇവരെ വളയുന്നു. ഇതെല്ലാം കണ്ട് ബാങ്ക് ജീവനക്കാർ അമ്പരപ്പിലാണ്. ഓപറേഷൻ സൈ ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമാണ് അറസ്റ്റെന്നും ഇവർ പിൻവലിക്കുന്ന പണം വലിയ സൈബർ തട്ടിപ്പ് റാക്കറ്റുമായി ബന്ധപ്പെട്ടതാണെന്നും പൊലീസ് വിശദീകരിച്ചതോടെയാണ് കാര്യങ്ങളുടെ ഗൗരവം...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
കൊച്ചിയിലെ ഒരു ദേശസാത്കൃത ബാങ്കിലെ തിരക്കേറിയ സമയം. പണം പിൻവലിക്കാനാണ് കോളജ് വിദ്യാർഥികളായ രണ്ടുപേർ എത്തിയത്. പെട്ടെന്ന് പൊലീസെത്തുന്നു. ഇവരെ വളയുന്നു. ഇതെല്ലാം കണ്ട് ബാങ്ക് ജീവനക്കാർ അമ്പരപ്പിലാണ്. ഓപറേഷൻ സൈ ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമാണ് അറസ്റ്റെന്നും ഇവർ പിൻവലിക്കുന്ന പണം വലിയ സൈബർ തട്ടിപ്പ് റാക്കറ്റുമായി ബന്ധപ്പെട്ടതാണെന്നും പൊലീസ് വിശദീകരിച്ചതോടെയാണ് കാര്യങ്ങളുടെ ഗൗരവം ജീവനക്കാർക്ക് ബോധ്യപ്പെട്ടത്.
ഒറ്റ ദിവസം സംസ്ഥാനത്തുടനീളം ആയിരത്തിലധികം ഉദ്യോഗസ്ഥരെ അണിനിരത്തിയായിരുന്നു പരിശോധന. ഒറ്റ ദിവസം കൊണ്ട് 300 കോടി രൂപയുടെ തട്ടിപ്പുകൾക്ക് തടയിടാനായെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പല കേസുകളിലും വിദ്യാർഥികളുടെ അക്കൗണ്ടുകളിൽ വലിയ തുക കണ്ടെത്തിയെങ്കിലും പണം എവിടെ നിന്നാണ് വന്നതെന്ന് പലർക്കും അറിയില്ല. പ്രതികളിലൊരാൾ സഹപാഠികളുടെ പത്ത് അക്കൗണ്ടുകളുടെ നിയന്ത്രണം കൈവശപ്പെടുത്തി തട്ടിപ്പിന് ഉപയോഗിച്ചുവെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണ്. ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകളിൽ നിന്നാണ് പണം വരുന്നതെന്നാണ് അക്കൗണ്ടുടമകളോട് ഇവർ പറഞ്ഞത്.
എറണാകുളത്ത് 60 വയസ്സുള്ള ഒരു സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിൽ ലക്ഷക്കണക്കിന് രൂപയുടെ സംശയാസ്പദ ഇടപാട് കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് അവരുടെ വീട്ടിലെത്തി. ഇവർക്കാകട്ടെ, ഇതേക്കുറിച്ച് അറിവില്ലായിരുന്നു. അവരുടെ മകനാണ് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്.
നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാനത്തെ പരിശോധന. സംശയാസ്പദമായ ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷണത്തിലായിരുന്നു. പല അക്കൗണ്ടുകളും ഏറെക്കാലമായി പ്രവർത്തനരഹിതമായിരുന്നു. എന്നാൽ, ഒരു സുപ്രഭാതത്തിൽ അസാധാരണമാംവിധം അക്കൗണ്ടുകൾ സജീവമായി. ലക്ഷങ്ങളുടെ ഇടപാടുകൾ നടന്നു. എ.ടി.എമ്മുകളിൽനിന്നും ബാങ്കുകളിൽനിന്നും വേഗത്തിൽ പണം പിൻവലിച്ചു. ഇത്തരം പാറ്റേണുകൾ മ്യൂൾ അക്കൗണ്ടുകളിലേക്ക് വിരൽ ചൂണ്ടിയതോടെയാണ് പരിശോധന വേഗത്തിലാക്കിയത്.
തീവ്ര കെ.വൈ.സി പുതുക്കലുമായി ബാങ്കുകൾ
വ്യാജ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന്റെ ഭാഗമായി എസ്.എൽ.ബി.സി നിർദേശപ്രകാരം തീവ്ര കെ.വൈ.സി പുതുക്കൽ യജ്ഞത്തിലാണ് സംസ്ഥാനത്തെ ബാങ്കുകൾ. പത്തുവർഷം പൂർത്തിയായ എല്ലാ ബാങ്ക് അക്കൗണ്ടുകൾക്കും നിർബന്ധമായും കെ.വൈ.സി പുതുക്കണമെന്നും അല്ലാത്തപക്ഷം പണം പിൻവലിക്കലടക്കം ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടുമെന്നുമാണ് എസ്.എൽ.ബി.സി മുന്നറിയിപ്പ്. ആഗസ്റ്റിലെ കണക്കനുസരിച്ച് കേരളത്തിൽ 57 ലക്ഷം അക്കൗണ്ടുകളാണ് കെ.വൈ.സി കാലാവധി കഴിഞ്ഞവയായുള്ളത്. സംസ്ഥാനത്തെ ആകെ ബാങ്ക് അക്കൗണ്ടുകളുടെ 20 ശതമാനത്തോളം വരുമിത്.
കേരളം മ്യൂൾ അക്കൗണ്ടുകളുടെ ഹോട്സ്പോട്ട്
വാടക അക്കൗണ്ട് എന്ന് വിശേഷിപ്പിക്കുന്ന മ്യൂൾ അക്കൗണ്ടുകളുടെ ഹോട്സ്പോട്ടായി കേരളം മാറുന്നുവെന്ന് തുറന്നുപറഞ്ഞത് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയാണ് (എസ്.എൽ.ബി.സി). ആഗസ്റ്റ് 25ന് നടത്തിയ വാർത്തസമ്മേളനത്തിൽ എസ്.എൽ.ബി.സി കൺവീനർ കെ.എസ്. പ്രദീപ് ഇക്കാര്യം ചൂണ്ടിക്കാട്ടുമ്പോൾ അതിന്റെ ഗൗരവം പലർക്കും ബോധ്യമായിരുന്നില്ല. എന്നാൽ, ഇന്ന് വീട്ടുമുറ്റത്തേക്ക് തട്ടിപ്പിന്റെ തീപ്പൊള്ളലെത്തിയപ്പോഴാണ് കാര്യങ്ങൾ തിരിച്ചറിഞ്ഞ് തുടങ്ങുന്നത്.
മ്യൂൾ അക്കൗണ്ടുകൾ വഴി ഇക്കൊല്ലം സംസ്ഥാനത്ത് ഇതുവരെ 250 കോടിയിലേറെ രൂപയുടെ ഇടപാട് നടന്നുവെന്നാണ് വിവരം. 15000 ഓളം അക്കൗണ്ടുകൾ വഴിയാണ് ഇത്രയധികം തുക കൈമാറ്റം ചെയ്യപ്പെട്ടത്. 6000ത്തോളം മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്തിയ എറണാകുളം ജില്ലയിൽ 79 കോടിയുടെ ദുരൂഹ ഇടപെടൽ നടന്നുവെന്നാണ് കണക്ക്. രാജ്യത്താകെ 8.5 ലക്ഷം മ്യൂൾ അക്കൗണ്ടുകളുണ്ടെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. എന്നാൽ, കണക്കുകൾ ഇവിടെയും നിൽക്കില്ലെന്നാണ് ഇന്ത്യൻ സൈബർ ക്രൈം കോഓഡിനേഷൻ സെന്ററിന്റെ റിപ്പോർട്ട്. ഇതുപ്രകാരം രാജ്യത്തെ മ്യൂൾ അക്കൗണ്ടുകളുടെ എണ്ണം 20 ലക്ഷത്തോളം വരും. പണമിടപാട് നടന്നതും നടക്കാത്തതുമായ 28,000 അക്കൗണ്ടുകൾ ഇക്കൊല്ലം ഇതുവരെ മരവിപ്പിച്ചിട്ടുണ്ട്.
