Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightജനസംഖ്യ...

ജനസംഖ്യ നിയന്ത്രണത്തിന് എസ്ഐആർ വിദ്യ!

text_fields
bookmark_border
ജനസംഖ്യ നിയന്ത്രണത്തിന് എസ്ഐആർ വിദ്യ!
cancel
വ്യാജപ്പേരുകളാൽ വീർപ്പുമുട്ടിയ വോട്ടർപട്ടിക എത്രത്തോളം അനഭിലഷണീയമാണോ, കൃത്രിമമായി വോട്ടർമാരെ ചുരുക്കിക്കളഞ്ഞ പട്ടിക അതിനേക്കാൾ അപകടകരമാണ്. ഒരു തെറ്റായ പേര് ഉൾപ്പെടുത്തിയാൽ അതിനെ ചോദ്യം ചെയ്യാം. എന്നാൽ, അർഹരായവരെ അന്യായമായി പുറത്താക്കിയാൽ, അത് തെരഞ്ഞെടുപ്പ് ദിവസം അവരുടെ അഭിപ്രായത്തെ നിശ്ശബ്ദമാക്കുകയാണ് ചെയ്യുന്നത്


പതിറ്റാണ്ടുകളായി ഇന്ത്യയെ വേട്ടയാടിയത് ജനസംഖ്യാ വിസ്ഫോടനത്തെക്കുറിച്ചുള്ള ആശങ്കകളായിരുന്നു. ഓരോ സെൻസസും ഞെട്ടിക്കുന്ന തലക്കെട്ടുകളാണ് സൃഷ്ടിച്ചത്. ഇന്ത്യക്കാർ ക്രമാതീതമായി പെറ്റുപെരുകുകയാണെന്ന് ജനസംഖ്യാശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി.

നമ്മളങ്ങനെ വെറുതെ ആശങ്കപ്പെടേണ്ടിയിരുന്നില്ല. ഇതിനുള്ള പരിഹാരം തികച്ചും അപ്രതീക്ഷിതമായ ഒരു കോണിൽ നിന്നാണ് വന്നെത്തിയിരിക്കുന്നത്; കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനിൽ നിന്ന്. പതിറ്റാണ്ടുകളായുള്ള ജനസംഖ്യാനയങ്ങൾക്ക് സാധിക്കാഞ്ഞത് ഏതാനും മാസങ്ങൾ കൊണ്ട് കൈവരിക്കാൻ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്.ഐ.ആർ) വഴി സാധ്യമാകുമെന്നാണ് തോന്നുന്നത്. എസ്.ഐ.ആറിന് മുൻപ് ഡൽഹിയിൽ ഏകദേശം 1.45 കോടി വോട്ടർമാരുണ്ടായിരുന്നു. കരടുപട്ടിക വന്നപ്പോൾ അത് 97.5 ലക്ഷമായി ചുരുങ്ങി; ഏതാണ്ട് 48 ലക്ഷത്തിന്റെ കുറവ്. മഹാരാഷ്ട്രയിലാകട്ടെ 9.78 കോടിയോളം വോട്ടർമാരുണ്ടായിരുന്നത് 7.71 കോടിയായി കുറഞ്ഞു. രണ്ടുകോടിയിലധികം പേരുകളാണ് കരടുപട്ടികയിൽ നിന്ന് പുറത്തായത്. കർണാടകയിലും കരടുഘട്ടത്തിൽ ഒരുകോടിയിലധികം ആളുകൾ ഒഴിവാക്കപ്പെട്ടു. ഇതൊന്നും അന്തിമമായ ഒഴിവാക്കലുകളല്ല എന്നത് ശരിയാണ്. ആക്ഷേപങ്ങളും തിരുത്തലുകളും വഴി പലരുടെയും പേരുകൾ തിരികെ വന്നേക്കാം. എന്നാൽ ഇത്ര വലിയൊരു ദേശീയനേട്ടത്തെ സാങ്കേതികത്വം പറഞ്ഞ് എന്തിന് ഇല്ലാതാക്കണം?

വോട്ടർപട്ടികയിലെ ഈ കണക്കുകൂട്ടലുകളെ ജനസംഖ്യാക്കണക്കുകളായി പരിഗണിക്കുകയാണെങ്കിൽ, ഇന്ത്യയുടെ ജനസംഖ്യാപ്രശ്നം സ്വയം പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ നമ്മളിനി 145 കോടി ജനങ്ങളായിരിക്കില്ല; 120 കോടിയിലേക്ക് ചുരുങ്ങിയിട്ടുണ്ടാകാം. തീവ്ര പുനഃപരിശോധനയുടെ ഒന്നോ രണ്ടോ ഘട്ടങ്ങൾ കൂടി കഴിഞ്ഞാൽ, നാം ഏറെ കൊതിച്ച 100 കോടി എന്ന ലക്ഷ്യം കൈയെത്തും ദൂരത്താകും.

ഇതിന്റെ ഗുണങ്ങളെക്കുറിച്ച് ചിന്തിച്ചുനോക്കൂ. ആളോഹരി ജലലഭ്യത വർധിക്കും. ആയിരം ആളുകൾക്ക് ലഭ്യമായ ആശുപത്രി കിടക്കകളുടെ എണ്ണം മെച്ചപ്പെടും. പാർപ്പിടക്ഷാമം കുറയും. അധ്യാപക-വിദ്യാർഥി അനുപാതം മികച്ചതാകും. സൗജന്യറേഷന്റെ ആവശ്യകത ചുരുങ്ങും. ജി.ഡി.പി വർധിപ്പിക്കുന്നതിന്റെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ തന്നെ ആളോഹരി വരുമാനം ഗണ്യമായി ഉയർത്താനും സാധിക്കും! ആസൂത്രണ കമീഷൻ ഇപ്പോഴുമുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ അവർ ഈ മാതൃക പഠിക്കാൻ ആഗ്രഹിച്ചേനെ. എന്നിരുന്നാലും, ഇതിനുപിന്നിൽ അതീവ ഗൗരവതരമായ ഒരു ചോദ്യം ഒളിഞ്ഞിരിപ്പുണ്ട്.

വോട്ടർപട്ടിക തുടർച്ചയായി പുതുക്കേണ്ട ഒന്നാണ്. വാർഷിക പുനഃപരിശോധനകൾ, ബൂത്ത് ലെവൽ ഓഫിസർമാർ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, വോട്ടർമാരെ ചേർക്കാനും ഒഴിവാക്കാനും തിരുത്താനുമുള്ള സങ്കീർണമായ നടപടിക്രമങ്ങൾ എന്നിവയെല്ലാം നിലവിലുണ്ട്. ഈ സംവിധാനങ്ങളെല്ലാം കൃത്യമായി പ്രവർത്തിക്കുന്നുണ്ടായിരുന്നുവെങ്കിൽ, ഡൽഹിയിലെ മൂന്നിലൊന്ന് വോട്ടർമാരെ പെട്ടെന്ന് കരടുപട്ടികയിൽ നിന്ന് പുറത്താക്കേണ്ടി വന്നത് എങ്ങനെയാണ്? അല്ലെങ്കിൽ ഒറ്റയടിക്ക് മഹാരാഷ്ട്രയിൽ നിന്ന് രണ്ടുകോടിയിലധികം പേരുകൾ അപ്രത്യക്ഷമായത് എങ്ങനെ?

ഒന്നുകിൽ തെരഞ്ഞെടുപ്പ് കമീഷൻ 2024-ലെ പൊതുതെരഞ്ഞെടുപ്പ് നടത്താൻ ഉപയോഗിച്ച വോട്ടർപട്ടിക തീർത്തും അവിശ്വസനീയമായിരുന്നു; അല്ലെങ്കിൽ ഇപ്പോൾ നടക്കുന്ന ഈ നടപടിക്ക് അസാധാരണമായ വിശദീകരണം ആവശ്യമുണ്ട്. രണ്ടാണെങ്കിലും കാര്യം ആശ്വാസകരമല്ല.

പൗരത്വം, വ്യക്തിത്വം, രേഖകൾ എന്നിവയുമായി ബന്ധപ്പെട്ട ബൃഹത്തായ പദ്ധതികൾ എങ്ങനെ സ്വന്തം നിയന്ത്രണം വിട്ടുപോകുന്നുവെന്ന് നാം മുൻപും കണ്ടിട്ടുള്ളതാണ്. അസം എൻ.ആർ.സി ഇതിനൊരു വ്യക്തമായ ഉദാഹരണമാണ്. ഏകദേശം 1,600 കോടി രൂപ ചെലവിട്ട്, സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ വർഷങ്ങളോളം നീണ്ട പരിശോധനകൾക്കും വലിയ ഭരണസംവിധാന പരിശ്രമങ്ങൾക്കുമൊടുവിൽ 2019-ൽ പ്രസിദ്ധീകരിച്ച അന്തിമപട്ടികയിൽ നിന്ന് 19.06 ലക്ഷം ആളുകളാണ് പുറത്തായത്.

എന്നാൽ, ആ ഫലം അപ്രതീക്ഷിതമായ ഒരു രാഷ്ട്രീയപ്രശ്നമാണ് സൃഷ്ടിച്ചത്. അന്ന് പുറത്തായവരിൽ വലിയൊരു പങ്ക് മുസ് ലിം കുടിയേറ്റക്കാർ മാത്രമായിരുന്നില്ല, മറിച്ച് ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളുമുണ്ടായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഔദ്യോഗികമായി മതം തിരിച്ചുള്ള കണക്കുകൾ എൻ.ആർ.സി അധികൃതർ പുറത്തുവിട്ടില്ലെങ്കിലും, രാഷ്ട്രീയമായ അസംതൃപ്തി പ്രകടമായിരുന്നു. അസം സർക്കാർ തന്നെ ആ ഫലത്തെ ചോദ്യം ചെയ്യുകയും വീണ്ടും പരിശോധന ആവശ്യപ്പെടുകയും ചെയ്തു. വർഷങ്ങൾ കഴിഞ്ഞിട്ടും ആ നടപടിക്രമം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

എസ്.ഐ.ആറിലും ഇത്തരമൊരു അസ്വസ്ഥജനകമായ സാമ്യം കാണാം.

ഈ നടപടി മുസ് ലിംകളെ ആനുപാതികമല്ലാത്തവിധം ബാധിക്കുമെന്ന് വിമർശകർ സംശയിച്ചു; എന്നാൽ ഈ ആരോപണം തെരഞ്ഞെടുപ്പ് കമീഷൻ ശക്തമായി നിഷേധിച്ചു. കോടിക്കണക്കിന് ആളുകളിലേക്ക് രേഖകളുടെ വല വീശുമ്പോഴൊക്കെ, വിമർശകരോ അനുകൂലികളോ വിചാരിക്കുന്നതുപോലെ കൃത്യമായ രാഷ്ട്രീയലക്ഷ്യത്തോടെയല്ല ഉദ്യോഗസ്ഥവൃന്ദം പ്രവർത്തിക്കുന്നത്. താമസസ്ഥലം, കുടിയേറ്റം, രേഖകൾ, പേരിന്റെ അക്ഷരത്തെറ്റുകൾ, ഐഡന്റിറ്റി, പരിശോധനകൾ എന്നിവയുടെ നൂലാമാലകളിൽ വലിയൊരു വിഭാഗം ഹിന്ദുക്കളും കുടുങ്ങിപ്പോകുന്നുണ്ട്. എൻ.ആർ.സി തന്ന പാഠം അതായിരുന്നു. ഒരുപക്ഷേ എസ്.ഐ.ആറിന്റെയും പാഠം ഇതുതന്നെയായേക്കാം.

ഭരണപരമായ കൂറ്റൻ നടപടികൾക്ക് അപകടകരമായ ഒരു പ്രവണതയുണ്ട്; അവ വർഗീകരണങ്ങളിൽ തുടങ്ങി അവസാനിക്കുന്നത് സാധാരണ മനുഷ്യരിലാണ്. ഇവിടെ ഇതിന്റെ പ്രത്യാഘാതം അതീവ ഗൗരവമുള്ളതാണ്. കാരണം, വോട്ടർ രജിസ്ട്രേഷൻ എന്നത് ഒരു സർക്കാർ ഡാറ്റാബേസിലെ വെറുമൊരു പേരല്ല. ഒരു സർക്കാരിനെ തെരഞ്ഞെടുക്കുക എന്ന ജനാധിപത്യപരമായ മൗലികാവകാശത്തിൽ പ്രായപൂർത്തിയായ പൗരർക്ക് പങ്കെടുക്കാൻ കഴിയുമോ ഇല്ലയോ എന്ന് നിർണയിക്കുന്നത് അതാണ്.

തീർച്ചയായും, വോട്ടർപട്ടിക സുതാര്യവും കുറ്റമറ്റതുമായിരിക്കണം. മരിച്ച വോട്ടർമാരെ നീക്കം ചെയ്യണം. ഇരട്ടവോട്ടുകൾ ഒഴിവാക്കണം. സ്ഥിരമായി താമസം മാറിയ ആളുടെ പേര് പഴയ വിലാസത്തിൽ എന്നെന്നേക്കുമായി തുടരരുത്. എന്നാൽ കൃത്യതയ്ക്ക് രണ്ട് വശങ്ങളുണ്ട്. വ്യാജപ്പേരുകളാൽ വീർപ്പുമുട്ടിയ വോട്ടർപട്ടിക എത്രത്തോളം അനഭിലഷണീയമാണോ, കൃത്രിമമായി വോട്ടർമാരെ ചുരുക്കിക്കളഞ്ഞ പട്ടിക അതിനേക്കാൾ അപകടകരമാണ്. ഒരു തെറ്റായ പേര് ഉൾപ്പെടുത്തിയാൽ അതിനെ ചോദ്യം ചെയ്യാം. എന്നാൽ അർഹരായവരെ അന്യായമായി പുറത്താക്കിയാൽ, അത് തെരഞ്ഞെടുപ്പ് ദിവസം അവരുടെ അഭിപ്രായത്തെ നിശബ്ദമാക്കുകയാണ് ചെയ്യുന്നത്.

ഇതിലൊരു വലിയ തത്ത്വമുണ്ട്. ഒരു ബി.എൽ.ഒ വരുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നില്ല എന്നതുകൊണ്ട് ഒരാൾ ഇല്ലാതാകുന്നില്ല. ഒരു പഴയ രേഖ പെട്ടെന്ന് ഹാജരാക്കാൻ സാധിച്ചില്ല എന്നതുകൊണ്ട് ഒരാളുടെ പൗരത്വവും ആവിയായിപ്പോകുന്നില്ല. ജനങ്ങൾക്കുവേണ്ടിയാണ് ഭരണകൂടം രജിസ്റ്ററുകൾ സൂക്ഷിക്കുന്നത്; അല്ലാതെ രജിസ്റ്ററുകൾക്ക് എളുപ്പമുണ്ടാക്കാനല്ല ജനങ്ങൾ ജീവിക്കുന്നത്.

എന്തായാലും, ഭരണഘടനാപരമായ ഈ ആശങ്കകൾ നാം താൽക്കാലികമായി മാറ്റിവെച്ചാൽ, എസ്.ഐ.ആർ തുറന്നുതരുന്ന ജനസംഖ്യാസാധ്യതകൾ വിസ്മയിപ്പിക്കുന്നതാണ്.

അടുത്ത സെൻസസിൽ എന്തിനാണ് വീടുകളിൽ പോയി ആളെയെണ്ണുന്ന കഠിനപരിശ്രമം നടത്തുന്നത്? ആ ജോലി ലളിതമായി തെരഞ്ഞെടുപ്പ് കമീഷനെ ഏൽപ്പിക്കാം. പരമ്പരാഗത സെൻസസ് ഉദ്യോഗസ്ഥർ വീട്ടിൽ താമസിക്കുന്ന എല്ലാവരെയും എണ്ണിത്തിട്ടപ്പെടുത്തുന്നതാണ് പതിവ്. എന്നാൽ പുതിയ രീതി കൂടുതൽ ഫലപ്രദമായ സാധ്യതകളാണ് വാഗ്ദാനം ചെയ്യുന്നത്:

വീട്ടിൽ ഇല്ലേ? ജനസംഖ്യയിൽ ഒരാൾ കുറഞ്ഞു.

സ്ഥലം മാറിയോ? വീണ്ടുമൊരു കുറവ്.

കണ്ടെത്താൻ കഴിഞ്ഞില്ലേ? ജനസംഖ്യാനിയന്ത്രണത്തിൽ മികച്ച മുന്നേറ്റം!

ഫോം സമർപ്പിച്ചില്ലേ? ജനസംഖ്യ വീണ്ടും കുറയുന്നു!

പതിറ്റാണ്ടുകളായി സർക്കാരുകൾ ജനസംഖ്യാവളർച്ച തടയാൻ ഉപദേശങ്ങൾ, ഗർഭനിരോധന മാർഗങ്ങൾ, ആനുകൂല്യങ്ങൾ, ബോധവൽക്കരണം എന്നിവയെല്ലാം പരീക്ഷിച്ചു. എന്നാൽ രേഖകൾ പരിശോധിച്ചുള്ള ഈ വഴി ആരും ചിന്തിച്ചതേയില്ല.

എത്ര പേരുകൾ വെട്ടിമാറ്റി എന്നതിലല്ല എസ്.ഐ.ആറിന്റെ വിജയം അളക്കേണ്ടത്. വലിയ തോതിൽ പേരുകൾ നീക്കം ചെയ്യപ്പെടുന്നത് കാര്യക്ഷമതയുടെ തെളിവല്ല; കുറഞ്ഞ തോതിലാണ് നീക്കം ചെയ്യപ്പെടുന്നതെങ്കിൽ അത് പരാജയത്തിന്റെ ലക്ഷണവുമല്ല. രജിസ്റ്ററുകൾ ആവശ്യമാണ്; കുറ്റമറ്റ വോട്ടർപട്ടിക അത്യന്താപേക്ഷിതവുമാണ്. എന്നാൽ രജിസ്റ്ററുകളേക്കാൾ യാഥാർഥ്യം ജീവനുള്ള മനുഷ്യരാണ്.

ഇനി വരാനിരിക്കുന്ന സെൻസസ് ഇന്ത്യയിൽ ഇനിയും 145 കോടിയോളം ജനങ്ങളുണ്ടെന്ന് ശാഠ്യം പിടിക്കുകയാണെങ്കിൽ, എന്തുചെയ്യണമെന്ന് നമുക്കറിയാം: ഒരു എസ്.ഐ.ആറിന് ഉത്തരവിടുക!

(ഇന്ത്യയുടെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും ‘ജനപ്പെരുപ്പം

എന്ന മിഥ്യ’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ എസ്.വൈ.

ഖുറൈശി ‘ദ ഇന്ത്യൻ എക്സ്പ്രസി’ൽ എഴുതിയ ലേഖനത്തിന്റെ സംഗ്രഹം)

Show Full Article
TAGS:opinon SIR population India 
News Summary - S.Y. Quraishi on Voter List Revisions and Population Anxiety
Next Story