തൊഴിലില്ലാ വേതനക്കാർക്കൊരു തൊഴിൽ
text_fieldsകഴിഞ്ഞ ഏതാനും ദിവസമായി വിറയൽ ഫ്യൂവർ പിടിപെട്ട് ഈ ലേഖകൻ ഏതാണ്ട് കിടപ്പിലായിരുന്നു. സകലമാന ടെസ്റ്റുകളും നടത്തി ഒടുവിൽ മാരകമായ രോഗമൊന്നുമില്ലെന്ന് ഉറപ്പായപ്പോൾ മകൻ പറഞ്ഞു: ‘ഇനി നിങ്ങൾ കുറേനാൾ വിശ്രമിക്കണം. എന്റെ ഒരു സുഹൃത്ത് ബംഗളൂരുവിൽനിന്ന് അറുപത്തഞ്ച് കിലോമീറ്റർ അകലെ ഡങ്കിനിക്കോട്ട എന്ന പ്രകൃതിമനോഹരമായ ദേശത്ത് റിസോർട്ട് നടത്തുന്നുണ്ട്. ബംഗളൂരുവിലെ അങ്കിളിനെയും ആൻറിയെയും കൂട്ടി അങ്ങോട്ടു പോവുക.’
അങ്ങനെയാണ് ഞാനും ശ്രീമതിയുംകൂടി 2025 സെപ്റ്റംബർ 3ന് വെളുപ്പിന് 5 മണിക്ക് കോഴിക്കോട്ടുനിന്ന്, മണിക്കൂർ കണക്കിന് വേതനം വാങ്ങുന്ന ഡ്രൈവറുമായി ബംഗളൂർക്ക് തിരിച്ചത്. 6.15ന് ഞങ്ങൾ അടിവാരത്ത് എത്തി. അതാ കിടക്കുന്നു നിരനിരയായി വണ്ടികൾ! രാത്രി രണ്ടുമണിക്ക് ആറാം വളവിൽ ഒരു ടാങ്കർലോറി കുടുങ്ങിക്കിടക്കാൻ തുടങ്ങിയതാണ്. ആ സമയം മുതൽ അതിലേ വന്ന എല്ലാ വണ്ടികളും വഴിമുടക്കി കിടന്നുറങ്ങുകയാണ്.
എക്സ്കവേറ്ററുകളും ഭാരംതാങ്ങികളും അങ്ങോട്ടു പോവുകയും ടാങ്കറിനെ ഉയർത്തിയെടുക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്ന് ആറാംവളവിൽ പോയി വന്ന ചില ചെറുപ്പക്കാർ പറയുന്നുണ്ട്. സ്ഥലപരിമിതിമൂലം ടാങ്കർ ലോറിക്ക്, അങ്ങോട്ടും ഇങ്ങോട്ടും നിരങ്ങി നീങ്ങാൻ പറ്റുന്നില്ലത്രെ! പൊലീസുകാരോ സന്നദ്ധ സേനാംഗങ്ങളോ സാദാ വളൻറിയൻമാരോ അവിടെയെങ്ങും മരുന്നിനുപോലും കാണാനില്ല.
നാളെ ഉത്രാടനാളാണ് - ഒന്നാം ഓണം. വിദൂരദേശങ്ങളിൽനിന്ന് ചുരമിറങ്ങി കേരളത്തിന്റെ നാനാദിക്കുകളിലേക്കും പോകാൻ തിരക്കുകൂട്ടി വന്നുകൊണ്ടിരിക്കുന്നവരാണ് ഇങ്ങോട്ടുള്ളവർ. ഓണക്കാലയൊഴിവിലെ വിശ്രമവിനോദക്കാരാണ്, അങ്ങോട്ടുള്ളവർ. ഒരു വൃദ്ധൻ പറയുന്നതു കേട്ടു: ‘നമുക്ക് കാത്തിരിക്കാം. അങ്ങോട്ട് പോയിട്ട് മലമറിക്കാനൊന്നുമില്ലല്ലോ. കാറിനകത്തിരുന്ന് കുറേനേരം വിശ്രമിക്കാം. മരുന്നു കഴിക്കേണ്ട സമയം തെറ്റും. അതുകൊണ്ട് മരിച്ചുപോവുകയൊന്നുമില്ല.’
അടിവാരത്തിലെത്തി പ്രഭാതത്തിൽതന്നെ ഉച്ചയുറക്കത്തിലായ അനേകംപേർ കാറുകളിൽ വിശ്രമത്തിലാണ്. എത്രയെത്ര മനുഷ്യരാണ് ഈ ചുരംവളവിൽപെട്ട് ഇടക്കിടെ നട്ടംതിരിയുന്നത്! അടുത്തകാലത്ത് ചുരംവഴികളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിപ്രതിഭാസങ്ങൾ ഇടക്കിടെ നടക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഇത്രയും രൂക്ഷമായ ട്രാഫിക് പ്രശ്നം പരിഹരിക്കാൻ സ്ഥിരമായി ഒന്നും ചെയ്യാൻ നമുക്ക് കഴിയുന്നില്ല.
ചുരംവഴിയിൽ രാവും പകലും സ്ഥിരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പൊലീസുകാരോ സന്നദ്ധ സേനാംഗങ്ങളോ വളൻറിയർമാരോ ഇല്ല. പ്രശ്നങ്ങളുണ്ടാവുമ്പോൾ പൊലീസുകാരെത്തും; പാത ക്ലീയറാക്കി മടങ്ങും, ഒന്നിനും ഒരു വ്യവസ്ഥയില്ല. ട്രാഫിക് തടസ്സങ്ങൾ കൂടിക്കൂടി വരുന്നു.
ആറാം വളവിൽ ടാങ്കർ ലോറി കുടുങ്ങിയിട്ട് ഇപ്പോൾ മണിക്കൂറുകൾ കഴിയുന്നു. ആരെങ്കിലും ഉത്തരവാദിത്തമേറ്റെടുത്ത് പണി അറിയുന്നവരെ വിളിച്ച് വേണ്ടതരത്തിൽ നിയന്ത്രിച്ചിരുന്നെങ്കിൽ തടസ്സം മാറ്റി, വഴി സുഗമമാക്കാൻ എളുപ്പം സാധിക്കുമായിരുന്നു. എന്തുകൊണ്ട് അവിടെ സ്ഥിരമായി ഒരു സംഘം ചെറുപ്പക്കാരെ ഒരുക്കിനിർത്താൻ കഴിയുന്നില്ല? ഇച്ഛാശക്തിയും ഒരൽപം കോമൺസെൻസുമുള്ള ഏതാനും യുവാക്കളുടെ ഇടപെടൽ മാത്രം മതി ഈ പ്രതിസന്ധി ഒഴിവാക്കി വഴിതെളിക്കാൻ.
കണ്ടതിനും കടിയതിനും സർക്കാറിനെ കുറ്റംപറയുകയും വകുപ്പുമന്ത്രിയെ ശകാരിക്കുകയും ചെയ്യുന്ന പ്രവണത നാട്ടുകാരിൽ കലശലായിട്ടുണ്ട്. അത് ഒരുതരത്തിലും ഗുണം ചെയ്യുകയില്ല. അതേസമയം സർക്കാറിനെ അങ്ങനെ വിടാനും വയ്യ. ഓരോ പ്രദേശത്തുമുള്ള രാജവീഥികളുടെയും ചെറുവീഥികളുടെയും അറ്റകുറ്റപ്പണികൾ അതാത് പ്രദേശത്തെ തൊഴിലില്ലാ വേതനക്കാർ ഏറ്റെടുക്കണം. പൊട്ടിപ്പൊളിയുന്ന പെരുവഴികളും ചെറുവഴികളും ഉടനുടൻ പരിശോധിക്കാനും അതുമായി ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി പണിചെയ്യിക്കാനും അവർ നേരിട്ടിറങ്ങണം.
ചുരം ഒന്നാംവളവ് മുതൽ ഒമ്പതാം വളവുവരെ ഓരോ വളവിലും ഒന്നോ രണ്ടോ യുവാക്കളെ സ്ഥിരം ചുമതല ഏൽപിക്കണം. ഏറ്റവും അപകടകരമായ വളവുകൾ ഏതൊക്കെയെന്ന് പരിചയസമ്പന്നരായ ഡ്രൈവർമാരോട് ചോദിച്ച് മനസ്സിലാക്കി മുൻകരുതലുകൾ എടുക്കണം. ഒരു നിയമവും അനുസരിക്കാതെ തോന്നിയതുപോലെ വണ്ടികൾ ഓടിക്കുകയും കസർത്തുകൾ കാണിക്കുകയും ചെയ്യുന്ന ലക്ഷ്യരഹിതരായ യുവാക്കളെ പിടികൂടി കാര്യഗൗരവം ബോധ്യപ്പെടുത്തണം. ചുരം റോഡിന്റെയും പരിസരങ്ങളുടെയും പരിചരണം തൊഴിലില്ലാ വേതനക്കാരെ ഏൽപിക്കുന്നതുപോലെ മറ്റു പ്രദേശങ്ങളിലെ റോഡുകളുടെ ചുമതലകൂടി അവരെ എൽപിക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാവുന്നതാണ്.
കോഴിക്കോട് മാവൂർ ജങ്ഷനിൽനിന്ന് മെഡിക്കൽ കോളജിലേക്ക് ഏതാണ്ട് 4-5 കിലോമീറ്റർ വരും. ഓരോ കിലോമീറ്റർ ദൂരത്തിലും തൊഴിലില്ലാ വേതനം വാങ്ങുന്ന രണ്ടുപേരെ വീതം നിശ്ചയിക്കുക. റോഡ് പൊട്ടിപ്പൊളിയുകയോ പൈപ്പു പൊട്ടി വെള്ളം പോവുകയോ ട്രാഫിക് തിരക്ക് അനുഭവപ്പെടുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ വേണ്ടപ്പെട്ട അധികൃതരെ വിവരം അറിയിക്കുക; അവരെ എത്തിച്ച് റോഡിന്റെ പണിയെടുപ്പിക്കുക, തടസ്സങ്ങൾ നീക്കാൻ ഉചിതമായത് ചെയ്യുക. ഇത്തരം ചുമതലകൾ തൊഴിലില്ലാ വേതനം പറ്റുന്നവരും പൊതുമരാമത്തു വകുപ്പിൽനിന്ന് പെൻഷൻപറ്റിയവരും സ്വമേധയാ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ
കേരളത്തിലെ എല്ലാ പൊതുവഴികളും ചെറുവഴികളും തൊഴിലില്ലാ വേതനക്കാരുടെയും പൊതുമരാമത്ത് വകുപ്പിൽനിന്ന് പെൻഷനായവരുടെയും മേൽനോട്ടത്തിൽ ഏൽപിക്കാവുന്നതാണ്. ഇത്തരം സംവിധാനങ്ങൾ ലോക്കൽ പരിപാടികളായിട്ടാവണം സങ്കൽപിക്കേണ്ടത്. കേരളത്തിലെ പൊതുമരാമത്തു വകുപ്പ് എന്നും പഴികളുടെയും കെടുകാര്യസ്ഥതയുടെയും ആസ്ഥാനമാണ്. ചുമതലയുള്ള മന്ത്രിമാർ എത്ര സത്യസന്ധരായാലും പ്രഗല്ഭരായാലും കോൺട്രാക്ടർമാരും ഇടനിലക്കാരും മറ്റുവേണ്ടപ്പെട്ടവരും ചേർന്ന് എന്നും പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കും. പൊട്ടിപ്പൊളിയുന്ന റോഡുകൾ, തകർന്നുവീഴുന്ന പാലങ്ങൾ, പൊളിഞ്ഞുവീഴുന്ന ആശുപത്രി കെട്ടിടങ്ങൾ - എവിടെയാണ് കുഴപ്പങ്ങളുടെ പഴുതുകൾ എന്നറിയില്ല. അതൊക്കെ അന്വേഷിച്ച് കണ്ടെത്താനുള്ള സംവിധാനങ്ങളുമില്ല.
കോർപറേഷൻ, മുനിസിപ്പാലിറ്റി, വില്ലേജുകൾ - റോഡുകളുടെ മെയിന്റനൻസ് അതാതു സ്ഥാപനങ്ങളിൽ നിക്ഷിപ്തമാവണം. ഓരോ പ്രദേശത്തും സ്വമനസ്സാലെ മുന്നോട്ടുവരുന്ന യുവാക്കൾക്ക് താമസസ്ഥലത്തുനിന്ന് നിശ്ചിതയിടംവരെ ബസിൽ സഞ്ചരിക്കാനുള്ള അനുമതി നൽകണം. ഇത്തരം ചുമതലകൾ ഏറ്റെടുക്കാനുള്ള അംഗീകാരമായി സർക്കാറിന്റെ മുദ്രയുള്ള തിരിച്ചറിയൽ കാർഡുകൾ നൽകാവുന്നതാണ്. ഇത്തരത്തിലൊരു പരിപാടി നിലവിൽവന്നാൽ തൊഴിലില്ലാ വേതനം പറ്റുന്ന യുവജനങ്ങളുടെ ഇച്ഛാശക്തിയും ആത്മവിശ്വാസവും വർധിക്കും. താൻ സർക്കാറിന്റെ പണം ധൂർത്തടിക്കുകയല്ല, ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ സർക്കാറിന്റെ ഭാഗമാവുകയാണെന്ന ബോധം അവരിൽ സ്വയം രൂപപ്പെട്ടുവരും.
പരിണതപ്രജ്ഞരായ ഡ്രൈവർമാർ പറയുന്നത് ശ്രദ്ധിക്കാം:
- കണ്ടെയ്നർ പോലുള്ള വലിയ വണ്ടികൾ ചുരത്തിൽ കടക്കുന്നത് നിയന്ത്രിക്കുക. (പോക്കുവരത്തിന് പ്രത്യേക സമയം
- നിശ്ചയിക്കലാവും നല്ലത്)
- പ്രശ്നകാരികളായ വളവുകളിൽ (4, 6, 8) സ്ഥിരം പട്രോൾ ഏർപ്പെടുത്തുക.
- ചുരം ഒരു പ്രത്യേക സോണായി പ്രഖ്യാപിക്കുക.
- ചുരം കാണാനെത്തുന്ന സഞ്ചാരികളെ ബോധവത്കരിക്കുക.


