ബാബരി തകർത്തപ്പോൾ നരസിംഹറാവുവിന്‍റെ മുന്നിൽ ഗർജിച്ച ഉപ്പ... -വഖഫ് ഭേദഗതിയുടെ കാലത്ത് ഇബ്രാഹീം സുലൈമാൻ സേട്ടിനെ ഓർത്ത് മകൾ
text_fieldsവഖഫ് ബില്ലിനെക്കുറിച്ചുള്ള തർക്കം ലോക്സഭയിലും രാജ്യസഭയിലും നടന്നു കൊണ്ടിരിക്കുന്ന സമയത്ത് ഞാൻ ഓർക്കുകയായിരുന്നു, ഇന്ന് എന്‍റെ അപ്പ ഉണ്ടായിരുന്നെങ്കിൽ എത്ര ശക്തമായി റിയാക്ട് ചെയ്തേനെ എന്ന്! ഒരു ഭയവുമില്ലാതെ അല്ലാഹുവിനെ മാത്രം ഭയന്ന് തുറന്ന് തർക്കിച്ചേനെ. ബാബരി മസ്ജിദ് തകർത്തപ്പോൾ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്‍റെ മുന്നിൽ പോയി ഗർജിച്ചു അദ്ദേഹം. ആ കരുത്തും ധൈര്യവും അല്ലാവുവിനെ മാത്രം പേടിച്ചു ജീവിക്കുന്ന വ്യക്തിക്ക് മാത്രം ചെയ്യാൻ പറ്റുന്നതാണ്. അവർക്ക് പേടിക്കാൻ ഒന്നുമില്ലായിരുന്നു. ധനവാനായി ജനിച്ച എന്‍റെ വാപ്പ മരിക്കുമ്പോൾ പെൻഷൻ പണത്തിന്‍റെ കുറച്ച് തുക മാത്രമാണ് ബാങ്കിൽ ഉണ്ടായിരുന്നത്. പാർലമെന്‍റിൽ പാസായ ഈ വഖഫ് ഭേദഗതി ബിൽ നമ്മൾ അംഗീകരിക്കില്ല. ഈ ബിൽ നമ്മുടെ ഭരണഘടന നമുക്ക് നൽകിയ അവകാശങ്ങളെ ഹനിക്കുന്നതാണ്, തികച്ചും വിവേചനപരമാണ്.
എല്ലാ മതക്കാർക്കും അവരവരുടെ ബോർഡ് ഉണ്ട്. അത് ആ മതക്കാരാണ് കൈകാര്യം ചെയ്യുന്നത്. മതത്തിന്റെ ശരിക്കുള്ള അറിവ് അവർക്ക് തന്നെയല്ലേ ഉണ്ടാവുക. എന്നിട്ട് നമ്മുടെ വഖഫിൽ സർക്കാർ എന്തിനാണ് ഇടപെടുന്നത്. മറ്റ് മതക്കാരെ എന്തിനാണ് ഉൾപ്പെടുത്തുന്നത്? മുസ്‍ലിംകളുടെ അവകാശങ്ങൾ തട്ടിയെടുക്കുകയാണ്. പള്ളികൾ, ദർഗകൾ, ഖബർസ്ഥാൻ, മദ്രസ, സ്കൂൾ അങ്ങനെ ധാരാളം സ്വത്തുക്കൾ വഖഫിന്‍റേതാണ്. നമ്മുടെ പൂർവികർ മുസ്‍ലിംകളുടെ നന്മക്കുവേണ്ടി ദാനം ചെയ്തതാണ്. നമ്മുടെ നാടിന്‍റെ വളർച്ച മനസ്സിൽവെച്ചു കൊണ്ടാണ് ഇതെല്ലാം ചെയ്തത്.
വഖഫ് ബോർഡിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിന്‍റെ പരിഹാരം കണ്ടെത്തണം. ഈ ഭേദഗതി ഒരു കണ്ണുതുറക്കൽ ആണ്. ഇപ്പോഴെങ്കിലും നമ്മൾ ഉണരണം. മുസ്‍ലിം സമുദായത്തെ എങ്ങനെ വിദ്യാഭ്യാസ രംഗത്ത് മുന്നോട്ടു കൊണ്ടുവരണം, മെഡിക്കൽ കോളജ് തുടരണം, അത് നന്നായി മുന്നോട്ടുപോകണം എന്നീ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
എത്ര പാവപ്പെട്ടവരാണ് വഖഫിനെ ആശ്രയിച്ച് ജീവിക്കുന്നത്. ഏത് വഖഫ് സ്വത്തും വിവാദത്തിലുണ്ടെങ്കിൽ അത് വഖഫിൽ നിന്ന് പുറത്താക്കപ്പെടും. ഇത് അനീതിയാണ്. തർക്കത്തിന് പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. സർക്കാർ പറയുന്നു വഖഫ് മതേതര സംവിധാനം ആണെന്ന്. അതിൽ മറ്റ് മതക്കാരെ ചേർക്കണമെന്ന്. മറ്റ് മതക്കാരുടെ ബോർഡിൽ സർക്കാർ ഇടപെടുന്നില്ല. സ്ത്രീകൾക്ക് അധികാരം നൽകാൻ ഉപകാരം ചെയ്യുന്നുവെന്ന് സർക്കാർ പറയുന്നു. രണ്ട് സ്ത്രീകൾക്ക് ബോർഡിൽ പ്രാതിനിധ്യം കൊടുക്കുന്നു എന്ന്. രണ്ട് സ്ത്രീകൾ ബോർഡിൽ ഉണ്ട്. കൂടുതലും ആവാം. ഇത് സ്ത്രീകൾ അറിയണം. ഇസ്‍ലാം മതം സ്ത്രീകൾക്ക് തന്നിട്ടുള്ള അധികാരങ്ങൾ എല്ലാം സ്ത്രീകളും അറിഞ്ഞിരിക്കണം. ഇസ്‍ലാം മതത്തെ മോശമായി കാണിക്കാനുള്ള ശ്രമമാണ്.
നാം സ്ത്രീകൾ ആത്മവിശ്വാസത്തോടെ നമുക്ക് ഇസ്‍ലാം നൽകിയിട്ടുള്ള അവകാശത്തെ പറ്റി ആത്മവിശ്വാസത്തോടെ സംസാരിക്കണം. വഖഫ് മുസ്‍ലിം സ്ത്രീകളുടെയും പുരുഷന്മാരുടെയും ശക്തിയാണ്. ഈ ഭേദഗതി വഖഫിന്‍റം ശക്തിയെ കുറക്കുന്നു. നമ്മുടെ ശക്തിയാണ് ഇതിൽ കുറയുന്നത്.