Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകൊഴിയുന്ന തീർഥാടകരും...

കൊഴിയുന്ന തീർഥാടകരും കരിപ്പൂരിന്റെ ഭാവിയും

text_fields
bookmark_border
കൊഴിയുന്ന തീർഥാടകരും കരിപ്പൂരിന്റെ ഭാവിയും
cancel

എന്റെ നാട്ടുകാരനും ബന്ധുവുമായ അഹ്മദ്കുട്ടിയും (63) കുടുംബവും വർഷങ്ങളായി ഹജ്ജിനുള്ള ഒരുക്കത്തിലായിരുന്നു- കഴിഞ്ഞ വർഷം ഹജ്ജ് കമ്മിറ്റി വഴി യാത്രക്ക് അവസരം ലഭിച്ചപ്പോൾ മലബാറുകാരെന്ന നിലയിൽ സ്വാഭാവികമായും കരിപ്പൂരിൽനിന്ന് പുറപ്പെടാനായിരുന്നു ആഗ്രഹം. പക്ഷേ, കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിലേതിനെക്കാൾ നാൽപതിനായിരം രൂപ അധികമാണെന്ന് വന്നപ്പോൾ അദ്ദേഹം യാത്രാകേന്ദ്രം മാറ്റാൻ നിർബന്ധിതനായി. ഇത്തരത്തിൽ നൂറുകണക്കിനാളുകളാണ് എംബാർക്കേഷൻ പോയൻറ് മാറ്റിയത്.

2024ൽ 10,500-ലധികം തീർഥാടകർ ഹജ്ജിന് പുറപ്പെട്ട കരിപ്പൂരിൽനിന്ന് 2025ൽ വെറും 5,755 പേരാണ് യാത്രയായത്. 2026ലെ ഹജ്ജിന് ആയിരത്തിൽ താഴെപേരാണ് ഇവിടെനിന്ന് പുറപ്പെടുകയെന്ന യാഥാർഥ്യം മനസ്സിലാക്കാത്തവരുണ്ടെങ്കിൽ അത് നമ്മുടെ ഭരണകൂടവും അധികാരികളും മാത്രമായിരിക്കും.

2024-25ൽ, കരിപ്പൂരിൽനിന്നുള്ള ഹജ്ജ് യാത്രാനിരക്ക് ഏകദേശം 1,35,828 രൂപയായിരുന്നു. കൊച്ചിയിൽനിന്നും കണ്ണൂരിൽനിന്നും ഏകദേശം 93,231 രൂപയും 94,248 രൂപയും. പറക്കുന്ന ദൂരത്തിന്റെ അടിസ്ഥാനത്തിലല്ല സപ്ലൈ & ഡിമാൻഡ് അടിസ്ഥാനത്തിലാണ് നിരക്ക് നിശ്ചയിക്കുക എന്നായിരുന്നു വിമാനകമ്പനികളുടെ വാദം.




ഇതിനെതിരെ കേസുമായി സമീപിച്ചപ്പോൾ ബഹുമാന്യ സുപ്രീംകോടതി പറഞ്ഞു: “വിമാനനിരക്ക് നിശ്ചയിക്കുന്നത് നയപരമായ കാര്യമാണ്, എന്നിരുന്നാലും, നിരക്കിലെ വ്യത്യാസത്തിനുള്ള വിശദീകരണങ്ങൾ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ സർക്കാറിനോട് നിർദേശിക്കുന്നു.”

അവശേഷിക്കുന്ന എല്ലാ വാതിലുകളും എം.പിമാരായ എം.കെ. രാഘവനും ഇ.ടി. മുഹമ്മദ് ബഷീറും അവസാന നിമിഷംവരെ മുട്ടിനോക്കി. പക്ഷേ, വ്യോമമന്ത്രാലയവും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും പുറംതിരിഞ്ഞ് നിന്നു.

ഹാജിമാർ ഇവ്വിധത്തിൽ കൊഴിയുന്നത് തുടർന്നാൽ കരിപ്പൂരിലെ എംബാർക്കേഷൻ പോയന്റ് പാടെ ഇല്ലാതാവും. ഒരു സംസ്ഥാനത്ത് 150 കിലോമീറ്റർ ദൂരവ്യത്യാസത്തിൽ എന്തിന് മൂന്ന് എംബാർക്കേഷൻ പോയന്റ് എന്ന ചോദ്യം കേന്ദ്ര സർക്കാർ തീർച്ചയായും ഉന്നയിക്കും. വൈകാതെ, ഹജ്ജ് ഹൗസ് കല്യാണമണ്ഡപമായി മാറും.

സാധ്യമാണ്ഏകീകൃത നിരക്ക്

ഉഭയകക്ഷി വ്യവസ്ഥയനുസരിച്ച് ഇന്ത്യൻ, സൗദി വിമാന കമ്പനികൾക്ക് മാത്രമേ ഹജ്ജ് ടെൻഡറിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. ഇന്ത്യയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ്ജെറ്റ് എന്നിവയും സൗദിയിൽനിന്ന് സൗദി എയർലൈൻസ്, ഫ്ലൈഅദീൽ, ഫ്ലൈനാസ് എന്നിവയും ടെൻഡറിൽ പങ്കെടുത്തു. സാങ്കേതിക കാരണങ്ങളാൽ എയർഇന്ത്യ എക്സ്പ്രസ് ഒഴിച്ച് മറ്റാരും കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള ഹജ്ജ് പുറപ്പെടലിന്റെ ടെൻഡറിൽ പങ്കെടുത്തില്ല. ഹജ്ജ് കമ്മിറ്റി പരമാവധി നിരക്കോ കുറഞ്ഞ നിരക്കോ ടെൻഡർ ഫോമിൽ ഉൾപ്പെടുത്തിയിരുന്നുമില്ല. അതുകൊണ്ടുതന്നെ എയർഇന്ത്യ എക്സ്പ്രസ് ഏകപക്ഷീയമായി നിരക്ക് നിശ്ചയിച്ചു, .




RESA (റൺവേ എൻഡ് സേഫ് ഏരിയ) വിപുലീകരണം വേഗത്തിലാക്കിയാൽ മാത്രമേ കരിപ്പൂരിൽ വൈഡ്-ബോഡി വിമാനങ്ങൾക്കുള്ള വിലക്ക് നീക്കപ്പെടൂ. പണി തുടങ്ങി 19 മാസമായിട്ടും റെസ നിർമാണം 25 ശതമാനമാണ് കഴിഞ്ഞത്. ബാക്കി 75 ശതമാനം 2026 മാർച്ച് മാസത്തോടെ പൂർത്തീകരിക്കാനുള്ള സാധ്യത വിരളമാണ്. അത് പൂർത്തിയായി വൈഡ്ബോഡി വിമാനങ്ങൾ വരുന്നതോടെ ഹജ്ജ് ടെൻഡറിൽ സൗദി കമ്പനികൾ പങ്കെടുക്കുകയും വിമാനനിരക്കിൽ കുറവ് വരികയും ചെയ്യുമെന്ന് ആശിക്കാം. എന്നാൽ, അതിനു മുമ്പുതന്നെ സിവിൽ ഏവിയേഷൻ അതോറിറ്റി മനസ്സുവെച്ചാൽ കേരളത്തിൽനിന്നുള്ള നിരക്കുകൾ ഏകീകരിക്കാവുന്നതേയുള്ളൂ. അയാട്ട ചില രാജ്യങ്ങളിൽ കോമൺറേറ്റഡ് പോയൻറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദാഹരണമായി, പടിഞ്ഞാറൻ യൂറോപ്യൻ നാടുകളായ ഓസ്ട്രിയ, ബെൽജിയം, ഡെന്മാർക്ക്, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, ഗ്രീസ് എന്നിവിടങ്ങളിലെ എയർപോർട്ടുകളെ ഏകീകൃത നിരക്കിന്റെ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യൻ കോമൺ ഏവിയേഷൻ ഏരിയ (ECAA) യിൽ ഉൾപ്പെടുന്ന രാജ്യങ്ങളായ ഓസ്ട്രിയ, ബെൽജിയം, ജർമനി എന്നിവർക്ക് ഏകീകൃത നിരക്ക് ഈടാക്കുന്നതിൽ തടസ്സമില്ല. അവിടങ്ങളിൽ ഓപറേറ്റ് ചെയ്യുന്ന വിമാന കമ്പനികളുമായി ധാരണയിൽ എത്തിയാൽ മതി.

കേരളത്തിലും ഇത്തരം ഏകീകൃത നിരക്ക് സമ്പ്രദായം കൊണ്ടുവരാനുള്ള ശ്രമങ്ങൾ സിവിൽ എവിയേഷൻ വകുപ്പിന് നടത്താവുന്നതാണ്. അതിനായി നമ്മുടെ എം.പിമാർ പരമാവധി സമ്മർദം ചെലുത്തണം. യാത്രയുടെ ദൂരവും സേവനങ്ങളും ഒരേപോലെ ആവുന്നതിനാൽ കേരളത്തിലെ എല്ലാ എയർപോർട്ടിൽനിന്നും ഏകീകൃത വിമാനക്കൂലി സാധ്യമാണ്. പ്രത്യേകിച്ച് ചാർട്ടർ ഗണത്തിൽപെടുന്ന ഹജ്ജ് വിമാനങ്ങൾക്ക്.

ജനപ്രതിനിധികളും ജനങ്ങളും മുന്നിട്ടിറങ്ങാൻ വൈകുന്ന ഓരോ നിമിഷവും മലബാർ ജനതയുടെ ജീവിതത്തിന്റെയും ആത്മാഭിമാനത്തിന്റെയും ഭാഗമായ കരിപ്പൂർ വിമാനത്താവളത്തിന്റെ ഭാവിയുടെ കാര്യത്തിൽ നിർണായകമാണ്.

(ലേഖകൻ കരിപ്പൂർ എയർപോർട്ട്

അഡ്വൈസറി കമ്മിറ്റി അംഗമാണ്)

Show Full Article
TAGS:karipur Haj pilgrimage calicut airport 
News Summary - The declining pilgrims and the future of Karipur
Next Story