തിരിച്ചറിവിന്റെ ഉൾവെളിച്ചമാണ് ബലിപെരുന്നാൾ
text_fieldsപ്രതീകാത്മക ചിത്രം
ലോകത്തെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. ഇത് കേവലമായൊരു ആഘോഷമോ ഉത്സവമോ അല്ല. സഹനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ത്യാഗോജ്വലമായ നിരവധി പാഠങ്ങൾ ഈ പെരുന്നാൾ നമുക്ക് പകർന്നു നൽകുന്നുണ്ട്. മുസ്‌ലിംകളും ക്രിസ്ത്യാനികളും ജൂതന്മാരും ഒരുപോലെ ഏറെ പ്രാധാന്യം കല്പിക്കുന്ന പ്രവാചകനാണ് ഇബ്രാഹിം നബി. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സംഭവബഹുലമായ ജീവിതം ലോകാവസാനം വരെയുള്ള മനുഷ്യർക്ക് വലിയ മാതൃകകൾ സമ്മാനിക്കുന്നു. ദൈവാനുസരണത്തിന്റെയും ആത്മത്യാഗത്തിന്റെയും സാക്ഷാൽക്കാരമായിരുന്നു ഇവരുടെ ജീവിതം. അതിക്രമകാരികളായ അധികാരിവർഗത്തോട് നിർഭയം ഇബ്രാഹിം യുദ്ധം പ്രഖ്യാപിച്ചു. പൗരോഹിത്യത്തിന്റെ കാപട്യവും ചൂഷണവും തിരിച്ചറിയുകയും അതിന്റെ പൊള്ളത്തരങ്ങൾ ജനസമക്ഷം തുറന്നു കാണിക്കുകയും ചെയ്തു. പൗരസമൂഹത്തെ തങ്ങളുടെ ചൊൽപ്പടിക്ക് നിർത്താൻ അധികാരികൾ എല്ലാ കാലത്തും പൗരോഹിത്യത്തെയാണ് കൂട്ടുപിടിക്കാറുള്ളത്. ഈ അവിശുദ്ധ ബന്ധത്തെയാണ് അദ്ദേഹം ഒറ്റക്ക് സമരം ചെയ്ത് തോൽപ്പിക്കുന്നത്. ആ കാലഘട്ടത്തിലെ രാജാവായ നംറൂദിന്റെ ആധിപത്യത്തിൽ നിന്നും അധികാര നുകത്തിൽ നിന്നും മനുഷ്യരെ വിമോചിപ്പിച്ച് ലോകൈക നാഥനായ ദൈവത്തിന്റെ കാരുണ്യതീരത്തെക്ക് അദ്ദേഹം ചേർത്ത് വെച്ചു. ആ ശീതളഛായയിൽ കയറിനിന്നുകൊണ്ടവർ സ്വാതന്ത്ര്യത്തിന്റെ സ്വച്ഛന്ദമായ വിഹായസിലേക്ക് തങ്ങളുടെ സ്വപ്നങ്ങളെ പറത്തിവിട്ടു. അതിലൂടെ സമത്വസുന്ദരമായ പുതിയൊരു ലോകം അവർക്ക് മുന്നിൽ അനാവൃതമായി.
ബലിപെരുന്നാളും ഹജ്ജും പരസ്പരപൂരകങ്ങളാണ്. ഹജ്ജിലൂടെയും ഈ പെരുന്നാളിലൂടെയും ഇബ്റാഹീമീ കുടുംബത്തിലെ അംഗങ്ങളായി ഓരോ വിശ്വാസിയും പരകായപ്രവേശം നടത്തുകയാണ്. അറഫാ ദിനത്തിന്റെ പ്രഭാതം മുതൽ ദുൽഹിജ്ജ 13ന്റെ പ്രദോഷം വരെ തക്ബീർധ്വനികളാൽ അന്തരീക്ഷം മുഖരിതമാവും. ദുൽഹിജ്ജ എട്ടിന് ഹജ്ജ് ആരംഭിക്കുന്നതോടെ മക്കയിൽ ഹാജിമാരുടെ തൽബിയത്തും അതിന്റെ ഉച്ചസ്ഥായിയിൽ എത്തും. തൽബിയത്തും തക്‌ബീറും വലിയൊരു പ്രഖ്യാപനമാണ്. ദൈവത്തിന്റെ ഏകത്വവും സർവാധികാരവും പ്രഘോഷണം ചെയ്യുന്ന വിശുദ്ധവാക്യം. സ്വേച്ഛാപ്രമത്തരായ അധികാരിവർഗ്ഗത്തിന്റെ കോട്ടകൊത്തളങ്ങളെ വിറപ്പിക്കാൻ കെൽപ്പുള്ള ഉജ്വലമായ സമരപ്രഖ്യാപനം. ചൂഷകവർഗമായ പൗരോഹിത്യത്തിന്റെ കടക്കൽ കത്തിവെക്കുന്ന മൂർച്ചയേറിയ ആയുധം. ജീവിതത്തിന്റെ പെരുവഴിയിൽ ദിശ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോയവർക്കുള്ള ദൈവകാരുണ്യത്തിന്റെയും വാത്സല്യത്തിന്റെയും സ്വാന്ത്വനം. കലുഷിതമായ വർത്തമാനസാമൂഹികാവസ്ഥക്ക് കരുതൽ നൽകുന്ന രക്ഷാകവചം. സർവോപരി ഓരോ മനസുകളിലും ശാന്തിയുടെയും സമാധാനത്തിന്റെയും കുളിർമഴ പെയ്യിക്കുന്ന അത്ഭുതമന്ത്രം. "അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ.......(അല്ലാഹുവാണ് ഏറ്റവും വലിയവൻ, അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല.......) ഇത് ചില വാക്കുകളുടെ കേവലമായ ആവർത്തനമല്ല, അതിനപ്പുറം മാനവരാശിക്ക് എന്നും പ്രചോദനമാകുന്ന ജീവിതദർശനത്തിന്റെ അടിസ്ഥാനശിലയാണ്. ഇത് മനുഷ്യന്റെ ഹൃദയാന്തരാളങ്ങളിൽ അള്ളിപ്പിടിച്ചുകിടക്കുന്ന എല്ലാ അഹന്തകളുടെയും താഴ് വേരുകൾ മുറിച്ചു മാറ്റുന്നു. അല്ലാഹുവാണ് ഏറ്റവും വലിയവനെന്നു പറയുമ്പോൾ അതിലൂടെ തന്റെ നിസ്സാരതയെ അവൻ തിരിച്ചറിയുകയാണ്. അധികാരം, സമ്പത്ത്, സൗന്ദര്യം, അറിവ് തുടങ്ങിയവയുടെ പേരിൽ ആണ് മനുഷ്യർ ഏറ്റവും കൂടുതൽ അഹങ്കരിക്കുന്നത്. ഇതിന്റെയൊക്കെ അപ്പുറമാണ് ദൈവത്തിന്റെ സ്ഥാനവും വലുപ്പവുമെന്ന ഓർമ്മപ്പെടുത്തലാണ് ഇതിലൂടെ സംഭവിക്കുന്നത്. തന്നെക്കാളും എത്രയോ വലിയ ഒരു ശക്തിയാണ് ദൈവമെന്ന തിരിച്ചറിവ് മനുഷ്യനെ ഏറെ വിനയാന്വിതനാക്കുന്നു.
ഇന്ന് ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും ഭാഷയുടെയും പേരിൽ മനുഷ്യർ പരസ്പരം കലഹിച്ചു കൊണ്ടിരിക്കുകയാണ്. വെട്ടിപ്പിടിക്കലിന്റെയും യുദ്ധത്തിന്റെയും അടിസ്ഥാനകാരണങ്ങൾ ഇതിൽ പലതുമാണ്. എന്നാൽ തക്ബീറും തൽബിയത്തും മനുഷ്യർക്ക് പകർന്നു നൽകുന്നത് സാർവലൗകിക സാഹോദര്യവും അതിരുകളില്ലാത്ത സമത്വവീക്ഷണവുമാണ്. എല്ലാ മനുഷ്യരും ഒരു ചീർപ്പിന്റെ പല്ലു പോലെ സമന്മാരാണെന്നുള്ള വലിയ പാഠം. കറുത്തവനും വെളുത്തവനും രാജാവും പ്രജയും പണമുള്ളവനും ഇല്ലാത്തവനും ഒരേ ദൈവത്തിന്റെ സൃഷ്ടികളാണെന്നും അവർക്കിടയിൽ യാതൊരു വേര്തിരിവുമില്ലായെന്നുമുള്ള മഹാവിളംബരമാണ് ഇതിലൂടെ സംഭവിക്കുന്നത്.
മനുഷ്യർ തന്നിലേക്ക് വല്ലാതെ ചുരുങ്ങുന്ന ഒരു കാലവും കൂടിയാണിത്. ഇവിടെ മറ്റുള്ളവരെ ചേർത്ത് പിടിക്കാനും തന്നെക്കാൾ ഇതരർക്ക് പ്രാമുഖ്യം കൊടുക്കാനും പെരുന്നാൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ത്യാഗത്തിന്റെയും, സമർപ്പണത്തിന്റെയും, സഹിഷ്ണുതയുടെയും ഓർമ്മപ്പെടുത്തൽ. എല്ലാം എനിക്ക് വെട്ടിപിടിക്കണം എല്ലാം എനിക്ക് മാത്രം ആസ്വദിക്കണം എന്ന ഉപഭോഗസംസ്കാരത്തിന്റെ അടിമകളാണ് ആധുനിക മനുഷ്യർ. സ്വാർത്ഥതയും ആർഭാടവും എല്ലാ അതിരുകളും ഭേദിച്ച് മുന്നേറുന്ന ഈ വർത്തമാനകാല സാഹചര്യത്തിൽ പെരുന്നാളിന്റെ കൂടെയുള്ള "ബലി" എന്ന വാക്ക് തന്നെ ഏറെ പ്രസക്തമാണ്. എന്റെ ഇഷ്ടങ്ങളെയും അഭിലാഷങ്ങളെയും അപരർക്ക് വേണ്ടി ഒഴിവാക്കുക എന്നത് ഉദാത്തമായ ഒരു ലക്ഷ്യത്തിലേക്കുള്ള ഉയർന്നു നിൽക്കലാണ്. പുതിയ കാലത്ത് പെരുന്നാൾ ആഘോഷങ്ങൾ പലയിടങ്ങളിലും വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും ആർഭാടങ്ങളിലേക്ക് ഒതുങ്ങിപ്പോകുന്നുണ്ട്. മനുഷ്യചരിത്രത്തോളം പഴക്കമുള്ള ഒന്നാണ് ബലി എന്നത്. ആദിമ മനുഷ്യനായ ആദാമിന്റെ മകൻ നടത്തുന്ന ബലിയെ കുറിച്ച് വേദഗ്രന്ഥങ്ങളിൽ പരാമർശമുള്ളതായി കാണാം. ആത്മീയവും സാമൂഹികവുമായ വലിയ മാനങ്ങൾ ഉള്ളൊരു ആരാധനയാണ് ബലി. എല്ലാ മതങ്ങളിലും ബലിയുടെ വിവിധ രൂപങ്ങൾ കാണാം. "എന്റേത് എന്ന് കരുതുന്നതെല്ലാം നിന്റേതാണ്" എന്ന ചിന്തയാണ് ബലിയുടെ കാതൽ. ഹൈന്ദവ വേദങ്ങളിലും ക്രിസ്തുമതത്തിലുമെല്ലാം നമുക്ക് ബലിയുടെ വിവിധ സങ്കൽപ്പങ്ങൾ കാണാൻ സാധിക്കും. യജ്ഞങ്ങളിലും പൂജകളിലും അർപ്പിക്കുന്ന ബലിദ്രവ്യങ്ങൾ പ്രകൃതിയോടും ദൈവത്തോടുമുള്ള നന്ദിപ്രകടനമായാണ് കണക്കാക്കുന്നത്. മനസിലുള്ള എല്ലാ അഹന്തകളെയും വെടിഞ്ഞു ലോകൈകനാഥന് മുന്നിൽ പൂർണമായി തന്നെ സമർപ്പിക്കുമ്പോൾ മാത്രമേ അയാളുടെ അനുസരണം പൂർണമാവുകയുള്ളൂ. അപ്പോൾ മാത്രമാണ് അയാൾക്ക് ആത്മീയമായ ഉന്നതി കൈവരിക്കാൻ സാധിക്കുക. മനസിന്റെയുള്ളിലുള്ള എല്ലാ സ്വാർത്ഥതകളും ഒഴിവാക്കി അപരന് വേണ്ടി ജീവിക്കാൻ ബലി നമ്മെ പ്രാപ്തരാക്കുന്നു. "ബലിമൃഗങ്ങളുടെ മാംസമോ രക്തമോ അല്ലാഹുവിനെ പ്രാപിക്കുന്നില്ല. മറിച്ച്, അവനെ പ്രാപിക്കുന്നത് നിങ്ങളുടെ ഭക്തിയാകുന്നു."(ഖുർആൻ 22/37). തനിക്ക് ഏറ്റവും പ്രിയപ്പെട്ടതിനെ ദൈവിക പ്രീതിക്ക് വേണ്ടി മറ്റുള്ളവർക്ക് പകുത്ത് നൽകാൻ ഇതിലൂടെ അവൻ തയ്യാറാവുന്നു. ഒരു കുഞ്ഞിന് വേണ്ടിയുള്ള എല്ലാ പ്രതീക്ഷകളും അസ്തമിച്ച തന്റെ വാർധക്യത്തിലാണ് ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം ഇബ്രാഹിമിനും ഹാജറക്കും ലഭിക്കുന്നത്. കൊഞ്ചിച്ച് കൊതിതീരാത്ത ആ ഇളംപൈതലിനെ ദൈവത്തിന് സമർപ്പിക്കാൻ തയ്യാറായ ഇബ്രാഹിമിന്റെ ത്യാഗം സമാനതകളില്ലാത്തതാണ്. ഇന്നിന്റെ ബലിയിലൂടെ അദ്ദേഹം കാണിച്ച ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും പുനാരാവിഷ്കാരവും ആവർത്തനവുമാണ് സംഭവിക്കുന്നത്. ബലിമൃഗത്തിന്റെ മാംസം പങ്ക് വെക്കുന്നതിലൂടെ സമസൃഷ്ടികളോടുള്ള കാരുണ്യവും സ്നേഹവും പരന്നൊഴുകുന്നു. പങ്ക്‌വെക്കലിന്റെ സുന്ദരമായ ആവിഷ്കാരമാണ് ബലി.
ലോകത്തിന്റെ എല്ലാ മുക്കുമൂലകളിൽ നിന്നുമെത്തിയ ദശലക്ഷക്കണക്കിന് ഹാജിമാർ കഴിഞ്ഞ ദിവസം അറഫയിൽ സംഗമിക്കുകയുണ്ടായി. ഒരേ മനസോടെ ഒരേ വേഷത്തിൽ ഒരേ മന്ത്രമുരിയാടി കൊണ്ട് ഒരേ ലക്ഷ്യത്തിലേക്ക് ഒഴുകിയെത്തുന്നവരുടെ മഹാസംഗമവേദിയാണ് അറഫ. വിശ്വാസികൾക്ക് തിരിച്ചറിവിന്റെ മഹാപാഠം പകർന്നു നൽകുന്ന ബിംബമാണ് ആ പ്രവിശാലമായ സമതലം. നശ്വരമായ ഈ ലോകത്ത് തന്റെ ജീവിതലക്ഷ്യമെന്തെന്ന് അറഫയിലൂടെ അവൻ തിരിച്ചറിയുന്നു. ലോകാവസാനം വരെയുള്ള സകല മനുഷ്യർക്കുമുള്ള പാഠപുസ്തകമാണ് അറഫ. ഓരോ തീർത്ഥാടകന്റെയും ഹജ്ജ് പൂർണമാവുന്നത് അറഫയിലൂടെയാണ്. ഹജ്ജ് എന്നാൽ അറഫയെന്നാണ് പ്രവാചകൻ പഠിപ്പിച്ചത്. ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട കർമ്മമായ അറഫാ സംഗമം നടക്കുന്ന പ്രവിശാലമായ ഒരു മൈതാനമാണിത്. മക്കയിലുള്ള മസ്ജിദുൽ ഹറമിൽ നിന്നും ഏതാണ്ട് 21 കിലോമീറ്റർ മാറി തെക്ക് കിഴക്കായാണ് ഇതിന്റെ സ്ഥാനം. ഇതിന്റെ ചുറ്റും പർവതങ്ങളാണ്. ഹാജിമാർ തങ്ങുന്ന മിനായിൽ നിന്നും ഇവിടേക്ക് ഏതാണ്ട് 11 കിലോമീറ്റർ ദൂരമാണുള്ളത്. വർഷത്തിലൊരിക്കൽ മാത്രം ധവളസാഗരമാവുന്ന ഈയൊരു പവിത്രമായ സമതലം സങ്കീർണമായ നിരവധി ചരിത്രമുഹൂർത്തങ്ങളെ തന്റെ വിരിമാറിലൊളിപ്പിച്ച് വെച്ചിട്ടുണ്ട്. മനുഷ്യകുലത്തിന്റെ പിതാവായ ആദം നബി മുതൽ ഉള്ള മനുഷ്യർക്ക് അറഫയുമായി അഭേദ്യമായ ബന്ധമാണുള്ളത്. അന്ത്യപ്രവാചകൻ മുഹമ്മദ് നബിയും ഇതുവരെയുള്ള തീർത്ഥാടകരും ഇവിടെ തങ്ങളെ തിരിച്ചറിഞ്ഞവരാണ്.
മനുഷ്യാവകാശങ്ങളെ കുറിച്ച് ആധുനിക മനുഷ്യർ സംസാരിച്ചു തുടങ്ങുന്നതിന് മുമ്പ് പ്രവാചകൻ വലിയൊരു മനുഷ്യാവകാശ പ്രഖ്യാപനം നടത്തുന്നുണ്ട്. ചരിത്രപ്രസിദ്ധമായ ആ പ്രഖ്യാപനം നടത്തുന്നത് അദ്ദേഹം ഇവിടെയുള്ള ജബലുറഹ്മയിൽ (കാരുണ്യത്തിന്റെ മല) കയറിനിന്നുകൊണ്ടാണ്. 1948 ഡിസംബർ 10നു യു.എൻ നടത്തിയ പ്രഖ്യാപനത്തിനും എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പാണിത് എന്നോർക്കണം. 1789ലെ ഫ്രഞ്ച് വിപ്ലവം, 1776ൽ തോമസ് ജഫേഴ്‌സൺ തയ്യാറാക്കിയ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം, ബ്രിട്ടന്റെ 1679ലെ ഹേബിയസ് കോർപസ് ആക്റ്റ്, 1689ലെ ബിൽ ഓഫ് റൈറ്റ്സ്, 1215ൽ ഇൻഗ്ലണ്ടിലെ ജോൺ രാജാവ് ഒപ്പ്‌വെച്ച മഗ്നാകാർട്ട തുടങ്ങിയവയൊക്കെയാണ് മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള വലിയ മുന്നേറ്റങ്ങളായി കണക്കാക്കുന്നത്.
നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രവാചകൻ മുഹമ്മദ് നബി അറഫയിൽ ലക്ഷകണക്കിന് ഹാജിമാരെ സാക്ഷിനിർത്തി നടത്തിയ അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗമാണ് ലോകത്ത് ഇത് വരെ ഈ മേഖലയിൽ ഉണ്ടായിട്ടുള്ള എല്ലാ മുന്നേറ്റങ്ങളുടെയും അടിസ്ഥാനം. അറഫയിൽ വെച്ച് അദ്ദേഹം പ്രഖ്യാപിച്ചു. " അല്ലയോ മനുഷ്യരെ, തീർച്ചയായും നിങ്ങളുടെ നാഥൻ ഒന്നാണ്. നിങ്ങളുടെ പിതാവും ഒന്നാണ്. ഓർക്കുക; ഒരു അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. വെളുത്തവന് കറുത്തവനെക്കാളോ, കറുത്തവന് വെളുത്തവനെക്കാളോ ദൈവഭയത്തിന്റെ അടിസ്ഥാനത്തിലല്ലാതെ യാതൊരു ശ്രേഷ്ഠതയുമില്ല." " വംശീയതക്കെതിരെയുള്ള പ്രഖ്യാപനം, സമത്വസങ്കല്പം, ജീവനും സ്വത്തിനും മാനത്തിനുമുള്ള സംരക്ഷണം, സ്ത്രീകളുടെ അവകാശങ്ങൾ, സാമ്പത്തിക ചൂഷണങ്ങൾക്കെതിരെയുള്ള പോരാട്ടം, അടിമത്ത നിർമാർജനം, സമൂഹത്തിലെ ദുർബലരുടെ അവകാശ സംരക്ഷണം തുടങ്ങി ആഗോള മനുഷ്യാവകാശങ്ങളുടെയും സമത്വസങ്കൽപ്പത്തിന്റെയും കൃത്യമായ ഒരു ചട്ടക്കൂടാണ് അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ അന്ന് അവിടെ വരച്ചു കാണിച്ചത്. വംശീയതയും ഗോത്രമഹിമയും സ്ത്രീപീഡനങ്ങളും ദുർബലർക്കെതിരെയുള്ള കഠിനപീഡനങ്ങളും അരങ്ങുവാഴുന്ന ഒരു സാമൂഹിക ക്രമത്തിലാണ് അദ്ദേഹം മാനവികതയുടെ ഈ മഹാസന്ദേശം അവതരിപ്പിക്കുന്നതെന്നും പ്രത്യേകം ഓർക്കണം.
നവലിബറലിസം നമ്മുടെ കുടുംബങ്ങളിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരു കാലം കൂടിയാണിത്. മനുഷ്യബന്ധങ്ങൾക്ക് വില ഏറെ കുറഞ്ഞു കൊണ്ടിരിക്കുന്നു. ധാർമ്മികതക്കും സദാചാരത്തിനും പുതിയ നിർവചനങ്ങൾ നൽകുകയും ആഭാസങ്ങൾക്ക് വീരപരിവേഷങ്ങൾ നല്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഭാര്യാഭർതൃ ബന്ധങ്ങൾ അധികാരം ഉറപ്പിക്കാനുള്ള വിളനിലങ്ങളായി മാറി. അവരുടെ കിടപ്പറകൾ ഈഗോപ്രൊമോഷന്റെ ഇടങ്ങളുമാണ്. ഇവിടെയാണ് ഒരു മാതൃകാ കുടുംബം എങ്ങനെയായിരിക്കണമെന്ന് ഇബ്രാഹിം കുടുംബം ലോകത്തിന് മുന്നിൽ അനാവൃതമാക്കുന്നത്. പുതിയ കാലത്തെ കുടുംബങ്ങൾക്ക് ഏറെ പഠിക്കാനും ഉൾക്കൊള്ളാനുമുണ്ട് ആ കുടുംബത്തിൽ നിന്നും. ദൈവത്തെ ചേർത്ത് പിടിച്ചുകൊണ്ട് സ്വന്തം കുടുംബത്തെ കൂടെ കൂട്ടുകയാണ് അദ്ദേഹം. ഓരോരുത്തരും സ്വന്തന്ത്ര വ്യക്തികൾ ആയികൊണ്ട് തന്നെ മറ്റുള്ളവരുടെ താല്പര്യങ്ങളെയും കൂടി പരിഗണിക്കുന്ന ഒരു കുടുംബം. സ്വന്തം ആവശ്യങ്ങളെക്കാളും കുടുംബത്തിലെ മറ്റു അംഗങ്ങളെ പരിഗണിക്കുന്ന കുടുംബം. മനോഹരമാണ് അവരുടെ പരസ്പരമുള്ള ഇടപെടലുകൾ.
അദ്ദേഹവും കുടുംബവും കാണിച്ചു തന്ന ആ പാതയിലൂടെ നമുക്കും ഏറെ ദൂരം സഞ്ചരിക്കാം. നടക്കുന്ന വഴികളിൽ നന്മയുടെ ആയിരം സൂനങ്ങൾ വിരിയിച്ചു കൊണ്ട് നറുമണം വിരിയുന്ന ഒരു നവലോക സൃഷ്ടിക്കായി ഒരുമിച്ചു മുന്നേറാൻ ഈ പെരുന്നാൾ പ്രചോദനമായാവട്ടെ.


