വൈക്കത്തെ വാർത്തകൾ അവസാനിക്കുന്നില്ല!
text_fields

ബസുകൾ വരുന്നു പോവുന്നു. ആളുകൾ ഇടിച്ചു കയറുന്നു. മറ്റുചിലർ നിർത്തിയിട്ട ബസിന്റെ ബോർഡ് വായിക്കുന്നു. ഏത് ബസ് സ്റ്റാൻഡിനെ സംബന്ധിച്ചിടത്തോളവും ഇതൊന്നും പുതുമയേയല്ല. വല്ല നെൽവയലോ അടക്കാത്തോട്ടമോ മണ്ണിട്ട് ഒതുക്കിയതാവാം. അല്ലെങ്കിൽ സൗകര്യത്തിന് നിരപ്പുള്ള പ്രദേശം ഒരു ബസ് സ്റ്റാൻഡായി ഒരുക്കിയെടുത്തതാവാം. എന്നാൽ, വൈക്കത്തെ ബസ് സ്റ്റാൻഡ് കേരളചരിത്രത്തിലെ വേറിട്ടുനിൽക്കുന്ന, മൃതദേഹത്തിനു മുകളിലുള്ളൊരു ബസ് സ്റ്റാൻഡാണ്. വൈക്കം സമരത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ മാത്രമല്ല, എല്ലായ്പ്പോഴും ഓർത്തെടുക്കേണ്ട, മറവിക്ക് വിട്ടുകൊടുക്കാൻ പാടില്ലാത്ത, ഒരു മഹാപ്രക്ഷോഭത്തിന്റെയും,...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ബസുകൾ വരുന്നു പോവുന്നു. ആളുകൾ ഇടിച്ചു കയറുന്നു. മറ്റുചിലർ നിർത്തിയിട്ട ബസിന്റെ ബോർഡ് വായിക്കുന്നു. ഏത് ബസ് സ്റ്റാൻഡിനെ സംബന്ധിച്ചിടത്തോളവും ഇതൊന്നും പുതുമയേയല്ല. വല്ല നെൽവയലോ അടക്കാത്തോട്ടമോ മണ്ണിട്ട് ഒതുക്കിയതാവാം. അല്ലെങ്കിൽ സൗകര്യത്തിന് നിരപ്പുള്ള പ്രദേശം ഒരു ബസ് സ്റ്റാൻഡായി ഒരുക്കിയെടുത്തതാവാം. എന്നാൽ, വൈക്കത്തെ ബസ് സ്റ്റാൻഡ് കേരളചരിത്രത്തിലെ വേറിട്ടുനിൽക്കുന്ന, മൃതദേഹത്തിനു മുകളിലുള്ളൊരു ബസ് സ്റ്റാൻഡാണ്. വൈക്കം സമരത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ മാത്രമല്ല, എല്ലായ്പ്പോഴും ഓർത്തെടുക്കേണ്ട, മറവിക്ക് വിട്ടുകൊടുക്കാൻ പാടില്ലാത്ത, ഒരു മഹാപ്രക്ഷോഭത്തിന്റെയും, അതിനെ ചോരയിൽ മുക്കിക്കൊന്ന് മണ്ണിട്ട് മൂടിയതിന്റെയും കരൾപിളർക്കും നിശ്ശബ്ദചരിത്രമാണ്, ബസ് സ്റ്റാൻഡിലെ പതിവ് ബഹളങ്ങൾക്കിടയിൽ അവിടെ കണ്ണടച്ച് കിടക്കുന്നത്. ഏത് കൊല്ലം, എത്രപേർ കൊല്ലപ്പെട്ടു, എങ്ങനെകൊന്നു എന്നതിനെക്കുറിച്ചൊക്കെ വ്യത്യസ്താഭിപ്രായങ്ങളുണ്ട്. ഇതൊരു കെട്ടുകഥയാണെന്ന് കരുതുന്നവർ പോലുമുണ്ട്.
എന്നാൽ, വൈക്കം ക്ഷേത്രത്തിലേക്ക് വിലക്കുകൾ ലംഘിച്ച്, 1925ലെ പ്രസിദ്ധമായ വൈക്കം മഹാസമരത്തിനും ഒരു നൂറ്റാണ്ടുമുമ്പ്, അതായത് 1806ൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചവരെ, തിരുവിതാംകൂറിലെ വേലുത്തമ്പിദളവയുടെ കീഴിലുള്ള സൈന്യം കൊന്നു കുഴിച്ചുമൂടിയതിന്റെ മുകളിലാണ് ഇന്നത്തെ ആ ബസ് സ്റ്റാൻഡ് നിലനിൽക്കുന്നത് എന്നുള്ളത് നിരാകരിക്കാനാവാത്തൊരു ചരിത്രസത്യമാണ്. 1803ൽ മുലക്കരത്തിനെതിരെ സ്വന്തം മാറിടം അറുത്തുമുറിച്ചെറിഞ്ഞ നങ്ങേലിയും, സ്വന്തം പ്രിയപ്പെട്ടവളുടെ ചിതയിൽ ചാടി ജീവിതമവസാനിപ്പിച്ച അവളുടെ പ്രിയനും കൃത്യം തെളിവുകളില്ലാത്തതിനാൽ, കെട്ടുകഥയാണെന്ന് കരുതുന്നവർ, ദളവാക്കുളം ക്രൂരതയെയും അതേവകുപ്പിൽ പ്പെടുത്തുന്നത്, തെളിവുകളെവിടെ എന്ന ചോദ്യമുയർത്തിക്കൊണ്ടാണ്. എന്നാൽ, തെളിവുകൾ ഇനിയും വേണ്ടത്ര കണ്ടെത്തേണ്ട എത്രയോ ചരിത്രസത്യങ്ങൾ മണ്ണിനടിയിൽ അന്വേഷകരെ കാത്ത് കഴിയുന്നുണ്ട് എന്നവർ മറക്കുന്നു. അതിലൊന്നു മാത്രമാണ് ദളവാക്കുളം കൂട്ടക്കൊല.
ക്ഷേത്രപ്രവേശന സമരങ്ങളെക്കുറിച്ചാലോചിക്കുമ്പോൾ ഏറ്റവും ചുരുങ്ങിയത് മൂന്നുതരത്തിലുള്ള വിലക്കുകളെയെങ്കിലും അടയാളപ്പെടുത്തേണ്ടിവരും. ഒന്ന്- സവർണരുടെ അടികിട്ടും, എന്നതിനേക്കാൾ, ക്ഷേത്രത്തിനകത്തേക്ക് കടന്നാൽ പാപമുണ്ടാവും എന്ന പേടിയാൽ അധഃസ്ഥിതരാക്കി മാറ്റപ്പെട്ട അടിസ്ഥാനജനത സ്വയം വരിക്കുന്ന വിലക്കാണ്. അടിയുടെ വേദന മാറിയാലും പാപഭീതി അത്രയെളുപ്പം മാറില്ല. ഇതാണ് ഏറ്റവും വലിയ ജാതിപ്പൂട്ട്. രണ്ടാമത്തെ പൂട്ട് പാപഭീതിയിൽനിന്ന് പുറത്തുകടന്ന പ്രബുദ്ധരെ അധികാരശക്തി ഉപയോഗിച്ച് അകറ്റിനിർത്തുന്ന നാനാതരത്തിലുള്ള തന്ത്രി തന്ത്രങ്ങളാണ്. ഞങ്ങളും മനുഷ്യരല്ലേ എന്ന കീഴാളരുടെ ശരിയായ ചോദ്യത്തെ അല്ല എന്ന തെറ്റായ ഉത്തരംകൊണ്ടും, കായികശക്തികൊണ്ടും അടിച്ചമർത്തുന്ന പ്രവണത നവോത്ഥാന കാലത്തുപോലും നിലനിൽക്കുന്നതിന് കാലം സാക്ഷിയാണ്. മൂന്നാമത്തേത് നിയമപൂട്ടാണ്. 1885ൽ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിലെ ഒരു ശിവക്ഷേത്രത്തിൽ ഒരു തട്ടാൻ കടന്ന് രണ്ട് മനുഷ്യപക്ഷ പുരോഹിതന്മാരുടെ സഹായത്തോടെ ശിവലിംഗത്തിൽ ഇളനീർ അഭിഷേകം നടത്തിയതും, തുടർന്നുണ്ടായ കോലാഹലവും വൈക്കം സമരനായകരിൽ ശ്രദ്ധേയനായ ടി.കെ. മാധവന്റെ ജീവചരിത്രത്തിൽ വിവരിച്ചത് ഇത്തരുണത്തിൽ ഓർമിക്കാവുന്നതാണ്.

കളങ്കപ്പെടുത്തുക എന്നർഥം വരുന്ന ഇംഗ്ലീഷിലെ ഡിഫൈൽ(Defile) എന്ന ഒരൊറ്റ വാക്കിന്റെ തെറ്റായ വ്യാഖ്യാനമാണ്, ക്ഷേത്രപ്രവേശനങ്ങൾക്കുവേണ്ടി ത്യാഗപൂർണമായ സമരങ്ങൾ പിൽക്കാലത്ത് ആവശ്യമാക്കിത്തീർത്തത്. അതിൽ ഏറ്റവും കൗതുകകരമായ കാര്യം പുരോഗമന കാഴ്ചപ്പാട് പുലർത്തുന്ന ഒരു ന്യായാധിപനാണ്, ഡിഫൈൽ എന്ന വാക്കിന് ഇല്ലാത്ത അർഥം ഉണ്ടാക്കി, തട്ടാന്റെ ക്ഷേത്രപ്രവേശനം തെറ്റാണെന്ന് വിധിച്ചതെന്നുള്ളതാണ്! ജസ്റ്റിസ് മുത്തുസ്വാമി അയ്യർ വിധവാവിവാഹത്തെ പിന്തുണക്കുകയും, അഗാധ നീതിബോധം പുലർത്തുകയും ചെയ്ത ബ്രിട്ടീഷ് ഇന്ത്യയിലെ, ഇന്ത്യക്കാരനായ ആദ്യത്തെ മഹാനായ ന്യായാധിപനാണ്. അദ്ദേഹം പക്ഷേ മറിഞ്ഞുവീണത് മനുഷ്യരിൽ തട്ടിയല്ല, മനുഷ്യത്വത്തെ മലിനമാക്കുന്ന ജാതിയിൽ തട്ടിയാണ്. ഇംഗ്ലീഷുകാരനായ ജസ്റ്റിസ് പോട്ടർ, തട്ടാൻ ശിവലിംഗത്തിൽ നടത്തിയ അഭിഷേകം, ക്ഷേത്രത്തിനോ ശിവലിംഗത്തിനോ ഒരു കളങ്കവുമുണ്ടാക്കിയിട്ടില്ല എന്ന് വിധിച്ചത് ജാതിക്കറ പുരളാത്തതിനാൽ നിഷ്ക്കളങ്കമായാണ്. ശിവലിംഗത്തിൽ ശുദ്ധമായ ഇളനീർകൊണ്ടാണ് തട്ടാൻ അഭിഷേകം നടത്തിയത്. അതുകൊണ്ട് ഇന്ത്യൻ പീനൽകോഡിലെ 295 എന്ന ആരാധനാലയങ്ങളെ കളങ്കപ്പെടുത്തുക എന്നുള്ള വകുപ്പ് ഇവിടെ പ്രസക്തമല്ലെന്നാണ് അദ്ദേഹം ശരിയായി കണ്ടെത്തിയത്. എന്നാൽ, ജസ്റ്റിസ് മുത്തുസ്വാമി അയ്യരാവട്ടെ ഇളനീരല്ല, തട്ടാൻതന്നെയാണ് അശുദ്ധം എന്നാണ് വിധിച്ചത്. ഡിക്ഷ്ണറിയിലെ ഡിഫൈലിനുള്ള അർഥം, ക്ഷേത്രത്തിന് ബാധകമല്ലെന്നും, തന്ത്രവിധിപ്രകാരമുള്ള അർഥമാണ്, ക്ഷേത്രത്തിന് ബാധകമെന്നുമാണ് അദ്ദേഹം വിധിച്ചത്. മജിസ്േട്രറ്റിനും മുകളിലാണ്, ഇന്ത്യയിൽ ബ്രാഹ്മണ പുരോഹിതന്റെ സ്ഥാനം എന്ന് മുമ്പ് അംബേദ്കർ, ഇന്നാവട്ടെ മന്ത്രിക്കും മുകളിലാണ് തന്ത്രി എന്നാണവസ്ഥ!
വൈക്കം ബസ് സ്റ്റാൻഡിന് മുന്നിൽ ഉറപ്പിച്ചിരിക്കുന്ന ബോർഡിൽ ദളവാക്കുളം എന്ന് രേഖപ്പെടുത്തിയിട്ടുള്ളതായി ഒരു മഹാഗുരു എന്ന ഗ്രന്ഥത്തിൽ ഡോ. എസ് ഓമന ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ മറ്റേതെങ്കിലും ബസ് സ്റ്റോപ്പിൽ ഇവ്വിധമൊരു ബോർഡുണ്ടോ? ഏതോ കൊള്ളരുതായ്മയുടെ രേഖയായി, ആ ബോർഡ് ഇപ്പോഴും ചിതലരിക്കാതെ അവിടെ നിൽക്കുന്നുണ്ടോ ഇല്ലയോ എന്നറിയില്ല, നിന്നാലും ഇല്ലെങ്കിലും വൈക്കം സ്വകാര്യ ബസ് സ്റ്റാൻഡിനെ മിനിമം ദളവാക്കുളം സ്മാരക ബസ് സ്റ്റാൻഡ് എന്നോ അതല്ലെങ്കിൽ ശരിക്കുള്ള വൈക്കം രക്തസാക്ഷി സ്മാരകം എന്നോ വിളിക്കാനുള്ള പ്രബുദ്ധത നമുക്കുണ്ടാവണം.
എന്തായിരുന്നു അക്കാലത്തെ തിരുവിതാംകൂർ എന്നറിയാൽ, ഇരിഞ്ചയം രവിയുടെ, പ്രശസ്തമായ ഗുരുമാനസം എന്നൊരൊറ്റ നോവലെങ്കിലും വായിച്ചാൽ മതിയാവും. ദളവാക്കുളത്തെക്കുറിച്ചും വേലുത്തമ്പി ദളവയെക്കുറിച്ചും സ്വാതിതിരുനാളിനെക്കുറിച്ചും അധികാരം പൂഴ്ത്തിവെച്ച; എന്നാൽ അടിസ്ഥാന ജനതയെ സംബന്ധിച്ചിടത്തോളം ജീവവായുപോലെ അനിവാര്യമായ, വസ്തുതകളുടെ ആരുറപ്പുള്ള ഭൂമിയിലാണ് ഇരിഞ്ചിയം രവിയുടെ ഗുരുമാനസം എന്ന നോവൽ നിവർന്നുനിൽക്കുന്നത്. ഇരിഞ്ചയം രവി നിർവഹിക്കുന്ന ഗുരുമാനസത്തിലെ ചരിത്രവായനയിൽനിന്ന് ജാത്യാധിപത്യത്തെ അസ്വസ്ഥമാക്കുന്ന തീയാണ് ആളുന്നത്. കീഴാളരുടെ കഷ്ടപ്പാടുകൾക്കും അവരുടെ കണ്ണീരിനും ഔദ്യോഗിക രേഖകളുടെ കുത്തുകാലുകൾ ആവശ്യമില്ല. കാണുന്നില്ലൊരക്ഷരവും/ എന്റെ വംശത്തെപ്പറ്റി/ കാണുന്നുണ്ടനേക വംശത്തിൻ/ ചരിത്രങ്ങൾ എന്ന് പൊയ്കയിൽ അപ്പച്ചൻ മുമ്പേ പറഞ്ഞുവെച്ചത്; ചരിത്രം നിർമിക്കുന്നവരെങ്കിലും, ചരിത്രത്തിൽനിന്നും പുറത്താക്കപ്പെട്ടവരുടെ ജീവിതസത്യമാണ്. എന്തുനേടീ, അറിയില്ലെ/ന്നിളം തലമുറ, പക്ഷേ/ എന്തു നഷ്ടപ്പെടാനുണ്ടെന്ന/റിഞ്ഞേ പറ്റൂ എന്ന് വൈലോപ്പിള്ളി. ഔദ്യോഗികചരിത്രം പലകാരണങ്ങളാൽ മറച്ചുവെച്ചതും വികൃതപ്പെടുത്തിയതും കാണാതെപോയതുമായ യഥാർഥ ചരിത്രം കണ്ടെടുക്കേണ്ടത്, ഒരു ജനതയെ സംബന്ധിച്ചിടത്തോളം തുടർന്നും നഷ്ടങ്ങൾ സംഭവിക്കാതിരിക്കാനുള്ള ജാഗ്രതയുടെ ഭാഗമാണ്. വാമൊഴികൾകൊ ണ്ട് നിർമിക്കേണ്ട ഒരു ചരിത്രമുണ്ട്. അതാണ് രാജ്യത്തിന്റെ യഥാർഥ ചരിത്രം, മനുഷ്യരുടെ ചരിത്രം എന്ന് ഉർവശി ബൂട്ടാലിയ.

മൂന്നുനാല് കൊല്ലംമുമ്പ്, കോഴിക്കോട് ജില്ലയിലെ മേപ്പയൂരിൽ ഒരു സാംസ്കാരിക പരിപാടിയിൽ, ദളവാക്കുളംകൊലയെ പരാമർശിച്ച് സംസാരിച്ചതിനുശേഷം രാത്രി വീട്ടിലെത്തിയപ്പോൾ, സാംസ്കാരിക പ്രവർത്തകനും ശാസ്ത്രപ്രതിഭയുമായ ഡോ. ആർ .കെ. സതീഷിന്റെ ഫോൺ വന്നു. ദളവാക്കുളം കൊലയെപ്പറ്റി കെ.ഇ.എൻ പറഞ്ഞതൊക്കെ കളവാണ് എന്ന മട്ടിൽ അവിടെ ചർച്ചയുണ്ടായതിനെപ്പറ്റിയായിരുന്നു അദ്ദേഹം ഫോണിൽ പറഞ്ഞത്. കരിവരമുഖനാം കരീപണിക്കർ, ഗുരുവരനമലൻ കുന്നേൽ ചോതി, കൂകിവിളിക്കും കുട്ടായി, പുലിപോലെ പായുന്ന മാലുത്തണ്ടാൻ തുടങ്ങിയവരാണ് പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തവർ എന്നും അവിടെ പറഞ്ഞിരുന്നു. അക്കൂട്ടത്തിൽ കരിവരമുഖൻ ഗുരുവരനമലൻ, കൂകിവിളിക്കുന്ന, പുലിപോലെ പായുന്ന എന്നൊക്കെയുള്ളത് ജനങ്ങൾ ആ വീരപ്രക്ഷോഭകാരികൾക്ക് നൽകിയ ബഹുമതിയാണെന്നും, ഏതൊരു മഹാസമരത്തിനും അനിവാര്യമായ മൂല്യങ്ങളാണ് ആ വിളിപ്പേരുകളെന്ന് വിശദമാംവിധം വ്യക്തമാക്കുകയും ചെയ്തിരുന്നു. വാമൊഴി പാരമ്പര്യമാണ് പ്രസ്തുത അവതരണത്തിന് അടിസ്ഥാനമായി സ്വീകരിച്ചത്. ടി.കെ. മാധവന്റെ ജീവചരിത്രം, ദലിത് ബന്ധു എൻ.കെ. ജോസിന്റെ പരാമർശം തുടങ്ങി പല ധൈഷണിക കേന്ദ്രങ്ങളിൽനിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്ന് ആ പ്രഭാഷണം. പിന്നീടാണ് 2023ൽ പുറത്തിറങ്ങിയ പഴ.അതിയമാന്റെ ‘വൈക്കം സത്യഗ്രഹം’ എന്ന ശ്രദ്ധേയമായ ഗ്രന്ഥം കാണുന്നത്. അതിന്റെ പ്രസാധകക്കുറിപ്പിൽ മറ്റുപല വൈക്കം സമരം പ്രതിപാദിക്കുന്ന പുസ്തകങ്ങളിൽനിന്നും ഭിന്നമായി ദളവാക്കുളംകൊല അടയാളപ്പെടുത്തിയിട്ടുണ്ട്. സമരവേദിയായി വൈക്കം തിരഞ്ഞെടുക്കാൻ ചില പ്രത്യേക കാരണങ്ങൾ ഉണ്ടായിരുന്നു.
സത്യഗ്രഹസമരം ആരംഭിക്കുന്നതിന് ഒരു നൂറ്റാണ്ട്മുമ്പ് വൈക്കം ക്ഷേത്ര പരിസരത്ത് നടന്ന ഒരു ദാരുണസംഭവത്തിന്റെ മുറിവുകൾ അക്കാലത്തും ഉണങ്ങിയിരുന്നില്ല. ക്ഷേത്ര നഗരിയുടെ ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളിലെ ഉൽപതിഷ്ണുക്കളായ ഇരുനൂറോളം ഈഴവയുവാക്കൾ ജാതിവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് വൈക്കം ക്ഷേത്രത്തിൽ ദർശനത്തിന് എത്തിച്ചേർന്നു. ഇതുസംബന്ധിച്ച് മുൻകൂട്ടി അറിവുകിട്ടിയ വേലുത്തമ്പി ദളവ അവരെ തടയാൻ കുതിരപ്പടയാളികളെ നിയോഗിക്കുകയും അവർ ആ യോദ്ധാക്കളെ നിർദാക്ഷിണ്യം വെട്ടിക്കൊലപ്പെടുത്തി ക്ഷേത്രത്തിന് സമീപമുള്ള കുളത്തിലിട്ട് മൂടുകയുമുണ്ടായി. ദളവാക്കുളം എന്ന പേരിലറിയപ്പെട്ട ഇവിടം ഇപ്പോൾ ദളവാക്കുളം ബസ് സ്റ്റാൻഡാണ്.
1806ൽ ധീരരായ ഈഴവ യുവാക്കൾ സമരം നടത്തിയത് ക്ഷേത്രത്തിന് ചുറ്റുമുള്ള വഴിയിലൂടെ നടക്കാനായിരുന്നില്ലെന്നും, ക്ഷേത്രത്തിന്റെ അകത്തേക്ക് കടക്കാനായിരുന്നുവെന്നും നമ്മളോർക്കണം. നടക്കാനുള്ള വഴികളെക്കുറിച്ച് അന്ന് വൈക്കം വീരൻ എന്ന പ്രശസ്തിനേടിയ ഇ.വി.ആർ പറഞ്ഞത്, ക്ഷേത്രത്തിനു സമീപത്തെ റോഡുകൾ പൊതുവഴികളാണ്, അതൊ രു രാജാവിന്റെയും മുത്തശ്ശന്റെ വകയല്ല എന്നത്രെ! എന്നാൽ സമരവിരോധികളായ വൈദികരാവട്ടെ, സി.എഫ്. ആൻഡ്രൂസിനോട് ചോദിച്ചത്, മഹാത്മാഗാന്ധിക്ക് ദക്ഷിണാഫ്രിക്കയിൽ ജോലിയൊന്നുമില്ലേ? അദ്ദേഹം എന്തിനാണ് തിരിച്ചുവന്നത്. അദ്ദേഹം ഇവിടെവന്ന് ഞങ്ങൾക്കിടയിൽ കലഹമുണ്ടാക്കുന്നത് എന്തിനാണ് എന്നായിരുന്നു! യഥാർഥ പ്രശ്നം രണ്ട് വിരുദ്ധ കാഴ്ചപ്പാടുകളുടേതാണ്. ദളവാക്കുളംകൊലയെ ചിലർ കെട്ടുകഥയാക്കി ചുരുക്കുന്നതും മറ്റുചിലരതിനെ മോചനസമരമായി കാണുന്നതും, ഇതുപോലെ വിരുദ്ധ കാഴ്ചപ്പാടുകളുടെ ഭാഗമായാണ്. ദളവാക്കുളം ഈഴവ വംശഹത്യ എന്ന പേരിൽ, ഗുരുപദം ടി.വിയിൽ ബിബിൻഷാൻ നടത്തിയ പ്രഭാഷണം ഇപ്പോഴും ഇതൊരു കെട്ടുകഥയാണെന്ന് വാദിക്കുന്നവരുടെ കണ്ണ് തുറപ്പിക്കാൻ പര്യാപ്തമാവുമെന്നാണ് കരുതുന്നത്. സർക്കാറും സാംസ്കാരിക സംഘടനകളും വൈക്കം ബസ് സ്റ്റാൻഡിൽ ദളവാക്കുളം രക്തസാക്ഷി സ്മാരകമെങ്കിലും സ്ഥാപിച്ചുകൊണ്ടാവണം, ഇനിയെങ്കിലും വൈക്കം സമരത്തിന്റെ തുടർന്നുവരുന്ന വാർഷികങ്ങൾ ആചരിക്കേണ്ടത്.