തലകുനിക്കാത്ത ഓഫിസര്‍
text_fieldsമുൻ ഡി.ജി.പി എം.അബ്ദുല്‍ സത്താര്‍ കുഞ്ഞ്
1963 മുതല്‍ 1997 വരെയുള്ള ഔദ്യോഗിക ജീവിതത്തെ അക്ഷരാർഥത്തിൽ ധീരതയുടെയും ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമാക്കി ചരിത്രത്തില്‍ അടയാളപ്പെടുത്തിയാണ് എം.അബ്ദുല്‍ സത്താര്‍ കുഞ്ഞിന്റെ മടക്കം.
നീതിമാനായ പൊലീസ് ഉദ്യോഗസ്ഥൻ എങ്ങനെയായിരിക്കണം എന്നതിന് ജീവിതം കൊണ്ട് ഉദാഹരണം സൃഷ്ടിച്ച മുൻ ഡി.ജി.പി എം.അബ്ദുല്‍ സത്താര്‍ കുഞ്ഞ് ഭൂതലത്തിൽനിന്ന് വിടപറഞ്ഞിരിക്കുന്നു. 1963 മുതല്‍ 1997 വരെയുള്ള ഔദ്യോഗിക ജീവിതത്തെ അക്ഷരാർഥത്തിൽ ധീരതയുടെയും ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമാക്കി ചരിത്രത്തില്‍ അടയാളപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ മടക്കം.
ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പലപ്പോഴും പലരും അദ്ദേഹത്തോട് പങ്കുവെച്ചിട്ടുണ്ട്. ഉറച്ച തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെ അവ മുഖവിലക്കെടുക്കാനോ മുൻവിധിയോടെയോ പ്രതികാരബുദ്ധിയോടെ പെരുമാറാനോ അദ്ദേഹം തിടുക്കപ്പെട്ടില്ല. മറ്റുള്ളവരെക്കുറിച്ച് അനാവശ്യമായ വ്യക്തി വിവരങ്ങളും പരദൂഷണ വർത്തമാനങ്ങളുമായി എത്തുന്നവരെയും അദ്ദേഹം വിലവെച്ചില്ല.
അതേ സമയം ഏതെങ്കിലും കുറ്റകൃത്യങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരെന്ന് ബോധ്യപ്പെട്ടാൽപിന്നെ ഒരു നീക്കുപോക്കിനും നിന്നു കൊടുക്കാറുമില്ല. അത് അദ്ദേഹത്തിന്റെ എല്ലാ അന്വേഷണങ്ങളുടെയും അവസാനത്തിൽ പലർക്കും നീരസം ഉണ്ടാക്കിയിട്ടുമുണ്ട്. അതുകൊണ്ടു തന്നെ 1997 ജൂണ്‍ അഞ്ചുമുതല്‍ ജൂണ്‍ 30 വരെ 25 ദിവസം മാത്രമേ ക്രമസമാധാന ചുമതലയുള്ള ഡി.ജി. പിയുടെ കസേരയിൽ അദ്ദേഹത്തിന് ഇരിക്കാനായുള്ളൂ. അതിനുമുമ്പ് ഡി.ജി.പി ആയിരുന്നെങ്കിലും ജയിൽ, ഫയർ ഫോഴ്സ് ചുമതലകളിൽ ഒതുക്കുകയായിരുന്നു.
1939ല്‍ ഓച്ചിറയിൽ ജനിച്ച അദ്ദേഹം കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും തുടര്‍ന്ന് നിയമ ബിരുദവും നേടി. പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടിയതിന് ഡോ. എ. രാമസ്വാമി മുതലിയാർ സ്വർണമെഡലും നേടി.
1963ൽ ഇന്ത്യൻ പൊലീസ് സർവിസിൽ ചേർന്ന് മസൂറിയിലെ നാഷനൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിലെ പരിശീലന ശേഷം അസിസ്റ്റൻറ് പൊലീസ് സൂപ്രണ്ടായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ആലുവയിലും കൊച്ചിയിലും അസിസ്റ്റൻറ് പൊലീസ് കമീഷണർ, കോട്ടയത്തും ആലപ്പുഴയിലും തിരുവനന്തപുരത്തും പൊലീസ് സൂപ്രണ്ട് പദവികൾ വഹിച്ചു. അടിയന്തരാവസ്ഥയുടെ മറവിൽ നടത്തിയ കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനും എതിരായി കർശന നടപടികൾ സ്വീകരിക്കാൻ അന്നത്തെ ആഭ്യന്തര മന്ത്രി കെ.കരുണാകരന് ചുമതലപ്പെടുത്തിയത് അദ്ദേഹത്തെയായിരുന്നു.
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ രണ്ട് മെഡലുകൾ ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചു. കേരള പൊലീസിന് മെഡിക്കോ ലീഗൽ അഡ്വൈസർ തസ്തിക സൃഷ്ടിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
ഈ ലേഖകന്‍ പരേതന്റെ ഭവനത്തിനടുത്ത് താമസമായിരുന്നപ്പോഴാണ്, 1982ല്‍ ഒരു വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ചാലയിലും പരിസരത്തും ചില അക്രമകാരികള്‍ ശ്രമിച്ചതും അതിനെ തുടര്‍ന്ന് തീവെപ്പും കൊള്ളയും നടത്തി മണക്കാട് അമ്പലത്തറ വാര്‍ഡുകളില്‍ പ്രശ്നം ഉണ്ടാക്കിയതും. അന്ന് സത്താർകുഞ്ഞ് കാണിച്ച ധൈര്യവും സംയമനവും അന്നത്തെ പൊലീസിനെ കൂടുതല്‍ ഊർജസ്വലമാക്കി. 1992ല്‍ നടന്ന പൂന്തുറ കലാപ സമയത്തും ശേഷവും അദ്ദേഹം എടുത്ത നിലപാടുകളും കേരളത്തിലെമ്പാടും ആദരിക്കപ്പെട്ടു .
.പ്രമാദമായ കരിക്കൻ വില്ല കേസ്, ഏറ്റുമാനൂര്‍ ടെമ്പിള്‍ മോഷണ കേസ്, സുകുമാരക്കുറുപ്പ് കേസ്, മാര്‍ക്ക് ലിസ്റ്റ് കേസ് തുടങ്ങിയവയുടെ അന്വേഷണത്തിൽ നേരിട്ട് മേല്‍നോട്ടം വഹിച്ച് വഴിത്തിരിവും തുമ്പും ഉണ്ടാക്കി.
പൊലീസ് സംവിധാനത്തിലെ പോരായ്മകള്‍ തുറന്നു പറയുന്നതുപോലെ അദ്ദേഹം മറ്റു വകുപ്പുകളില്‍ നടക്കുന്ന അഴിമതിയെയും തുറന്നുകാട്ടുക പതിവായിരുന്നു. ഒരിക്കല്‍ ഈ ലേഖകന്‍, വിൽപന നികുതി വകുപ്പിലെ അന്വേഷണ വിഭാഗം ചുമതലയില്‍ ഉള്ളപ്പോള്‍ ഒരു അന്വേഷണം കഴിഞ്ഞു അതിന്റെ കുറേ രേഖകളുമായി മടങ്ങവേ അദ്ദേഹം ഫോണില്‍ വിളിച്ചു. വകുപ്പിലെ ഓഫിസുകാര് വിവരം ചോര്‍ത്തിക്കൊടുക്കുന്നതില്‍ സമർഥരാണെന്നും നിങ്ങള്‍ എടുത്തുകൊണ്ടുപോകുന്ന ഫയലില്‍ ഉള്‍പ്പെട്ട കച്ചവടക്കാരെ വിളിച്ച് വിവരം പറഞ്ഞ് ശിപാർശ ചെയ്യാന്‍ തന്നെ ബന്ധപ്പെട്ടുവെന്നും അറിയിച്ചു. എന്നാൽ, ശിപാർശ ചെയ്ത് നടപടി ഒഴിവാക്കാനല്ല നികുതി അടച്ച് സര്‍ക്കാര്‍ നടപടിയോട് അവരെ സഹകരിപ്പിക്കാനാണ് സത്യസന്ധനായ ആ ഓഫിസർ മുതിർന്നത്.
സത്യസന്ധത ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച ആ നീതിമാൻ വിരമിച്ച ശേഷമുള്ള കാലവും ആദർശം ആർക്കുമുന്നിലും അടിയറവെക്കാതെ അന്തസ്സോടെ ജീവിതം പൂർത്തിയാക്കി. അത്തരം ഓഫിസർമാരുടെ തുടർച്ചയുണ്ടായാൽ പൊലീസ് സേന അഴിമതി മുക്തമാവുമെന്ന് തീർച്ച.