Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനാലാംകണ്ണ്chevron_rightപ്രതിപക്ഷ മുന്നണി...

പ്രതിപക്ഷ മുന്നണി ഡി.എം.കെക്കും മീനാക്ഷി നടരാജനും ശേഷം

text_fields
bookmark_border
പ്രതിപക്ഷ മുന്നണി ഡി.എം.കെക്കും മീനാക്ഷി നടരാജനും ശേഷം
cancel
camera_alt

ഇൻഡ്യ മുന്നണി നേതാക്കൾ ഡൽഹിയിൽ നടന്ന യോഗത്തിൽ

അഗാധമായ ഒരു കെണിയില്‍ അകപ്പെട്ട വന്യമൃഗത്തെപ്പോലെയാണ് ഇപ്പോള്‍ പ്രതിപക്ഷമുന്നണിയെന്നത് വളരെ ദുഃഖകരമായ കാഴ്ചയാണ്. മധ്യപ്രദേശില്‍ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ രാജ്യസഭാ നാമനിർദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട തർക്കം ഒറ്റനോട്ടത്തിൽ സാങ്കേതികവും നിയമപരവുമായ ഒന്നായിത്തോന്നാം. എന്നാലിത് സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ച് ആഴത്തിലുള്ള ചില ദുരന്ത യാഥാർഥ്യങ്ങൾ വെളിപ്പെടുത്തുന്നുണ്ട്: നടപടിക്രമങ്ങളിലെ ചെറിയ പിഴവുകളെയും സ്ഥാപനപരമായ സംവിധാനങ്ങള്‍ക്കുമേലുള്ള ആധിപത്യത്തെയും പ്രതിപക്ഷത്തെ ഭിന്നതകളെയും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ളിലെ വിള്ളലുകളെയും രാഷ്ട്രീയ നേട്ടമാക്കി മാറ്റാനുള്ള ബി.ജെ.പിയുടെ ഗൂഢാലോചനാ രാഷ്ട്രീയം ഏതറ്റംവരെയുംപോകും എന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണം കൂടിയാണിത്. ഇതില്‍ കോൺഗ്രസ് പാര്‍ട്ടിക്കുതന്നെ പങ്കുണ്ട് എന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ കൂടുതല്‍ ആശങ്ക ഉളവാക്കുന്നു.

വസ്തുതകളും വിവാദവും

ഉപരിതലത്തിലെ വസ്തുതകൾ പരിശോധിച്ചാൽ അവ വളരെ ലളിതമാണ്. മീനാക്ഷി നടരാജൻ കുറ്റക്കാരിയായി വിധിക്കപ്പെട്ടു എന്നതോ, അവർക്കെതിരെ കുറ്റം ചുമത്തപ്പെട്ടു എന്നതോ, അല്ലെങ്കിൽ അവർ ഔപചാരികമായി വിചാരണ നേരിടുന്നു എന്നതോ ആയിരുന്നില്ല പത്രിക തള്ളാനുണ്ടായ സാങ്കേതിക കാരണം. മറിച്ച്, ഹൈദരാബാദിലെ ഒരു മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു സ്വകാര്യ പരാതിയെക്കുറിച്ചുള്ള വിവരങ്ങൾ അവർ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തേണ്ടതുണ്ടോ എന്നതിനെച്ചൊല്ലിയായിരുന്നു തർക്കം.

ബി.ജെ.പി ഇതിനെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കുകയും, റിട്ടേണിങ് ഓഫിസർ അത് അംഗീകരിച്ച് അവരുടെ സ്ഥാനാർഥിത്വം തള്ളുകയുമായിരുന്നു. അവർ പരാതിയിലെ ഒരു എതിർകക്ഷി മാത്രമാണെന്നും കുറ്റാരോപിതയല്ലെന്നും കോൺഗ്രസ് നേതാക്കൾ വാദിച്ചു. തുടർന്ന്, ഹൈദരാബാദ് കോടതിതന്നെ അധികാര പരിധിയിലെ സാങ്കേതിക കാരണങ്ങളാൽ ഈ പരാതി മടക്കുകയും ചെയ്തു. ഇത് പത്രിക തള്ളിയ നടപടി അതിക്രമമായിരുന്നു എന്ന കോൺഗ്രസിന്റെ വാദത്തിന് ബലംനൽകുന്നു. അപ്പോഴേക്കും സംഭവിച്ചുകഴിഞ്ഞ രാഷ്ട്രീയനഷ്ടം നികത്താനാവാത്തതായിരുന്നു.

എന്നാല്‍, ഈ വിഷയത്തെ രാഷ്ട്രീയ ഗൂഢാലോചനാ വിവാദമാക്കി മാറ്റിയത്, നടരാജന്റെ സ്ഥാനാർഥിത്വത്തെ ചോദ്യംചെയ്യാൻ ഉപയോഗിച്ച രേഖകൾ തെലങ്കാനയിൽനിന്നാണ് കിട്ടിയതെന്ന ബി.ജെ.പിയുടെ അവകാശവാദമാണ്. തൊട്ടുപിന്നാലെതന്നെ, കോൺഗ്രസ് വൃത്തങ്ങളിൽനിന്ന് തന്നെയാണ് ഈ വിവരങ്ങൾ ബി.ജെ.പിക്ക് ലഭിച്ചതെന്ന സൂചന നൽകുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വിവരങ്ങൾ ചോർന്നതിനെക്കുറിച്ച് തെലങ്കാന കോൺഗ്രസ് അണികൾക്കിടയിലുള്ള സംശയങ്ങളെക്കുറിച്ചായിരുന്നു ചില റിപ്പോർട്ടുകളുമെങ്കിൽ, മറ്റു ചില റിപ്പോർട്ടുകൾ വിരൽചൂണ്ടിയത് നടരാജന്റെ തെലങ്കാന കോൺഗ്രസ് ഇൻ-ചാർജ് പദവിയുമായി ബന്ധപ്പെട്ട ഗ്രൂപ് വഴക്കുകളിലേക്കാണ്. തെലങ്കാനയിലെ കോൺഗ്രസ് രാഷ്ട്രീയം പരിചയമുള്ളവര്‍ക്ക്, ഇത് ശരിയാണെങ്കില്‍ അതില്‍ അത്ഭുതവുമുണ്ടാവില്ല. ഇത്തരം വിള്ളലുകളിൽനിന്ന് നേട്ടമുണ്ടാക്കാൻ ബി.ജെ.പി കാത്തിരിക്കുമ്പോഴും,യാതൊരു രാഷ്ട്രീയ ജാഗ്രതയുമില്ലാത്ത ദുർബലമായ നേതൃത്വശൈലി കോൺഗ്രസ് ഉപേക്ഷിക്കുന്നുമില്ല.

കഴിഞ്ഞ ദശകത്തിൽ ഇന്ത്യൻ രാഷ്ട്രീയം കൂറുമാറ്റങ്ങൾ, ആഭ്യന്തര കലഹങ്ങൾ, ആസൂത്രിതമായ പിളർപ്പുകൾ, പ്രതിപക്ഷ പാർട്ടികളില്‍ നടത്തുന്ന തന്ത്രപരമായ ഇടപെടലുകൾ എന്നിവ ഉൾപ്പെടുന്ന കൃത്യമായി നടപ്പാക്കിയ നിരവധി ബി.ജെ.പി നീക്കങ്ങൾക്ക് സാക്ഷ്യംവഹിച്ചിട്ടുണ്ട്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, കർണാടക, അരുണാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ സർക്കാറുകൾ വീണതെങ്ങനെയാണ്? വന്‍തോതില്‍ കൂറുമാറ്റങ്ങൾ, രാജികൾ, രാഷ്ട്രീയ പുനഃക്രമീകരണങ്ങൾ എന്നിവ എൻജിനീയറിങ് ചെയ്യുന്നതില്‍ ബി.ജെ.പി കൈവരിച്ച കൃത്യതയിലൂടെയാണ് ഈ സര്‍ക്കാറുകളെല്ലാം അട്ടിമറിക്കപ്പെട്ടതെന്ന് നിസ്സംശയം പറയാന്‍ കഴിയും.

ഈ സംഭവങ്ങൾ ജനപ്രതിനിധികളുടെ ജനാധിപത്യപരമായ തീരുമാനങ്ങളെ മാത്രമാണ് പ്രതിഫലിപ്പിക്കുന്നതെന്നാണ് ബി.ജെ.പി എപ്പോഴും വാദിക്കുന്നത്. എന്നാല്‍, പ്രതിപക്ഷത്തെ തെരഞ്ഞെടുപ്പുകളിൽ മാത്രമല്ല, സംഘടനാപരമായും ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വ്യവസ്ഥാപിതമായ ഒരു സമീപനമായാണ് ബി.ജെ.പി ഈ കുടിലതന്ത്രങ്ങള്‍ വികസിപ്പിച്ചിട്ടുള്ളത് എന്നത് വ്യക്തമാണ്.

ഇപ്പോള്‍ മധ്യപ്രദേശില്‍ നടന്നതിന് സമാനമായ സംഭവങ്ങൾക്ക് മുമ്പും ഉദാഹരണങ്ങളുണ്ട്. ഇതിൽ ഏറ്റവും നാടകീയമായ ഒന്ന് 2017ൽ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചതാണ്. സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയും കോൺഗ്രസിന്റെ ഏറ്റവും സ്വാധീനമുള്ള തന്ത്രജ്ഞനുമായിരുന്ന അഹമ്മദ് പട്ടേലായിരുന്നു അന്ന് മത്സരരംഗത്തുണ്ടായിരുന്നത്. പട്ടേലിനെ പരാജയപ്പെടുത്താൻ അമിത്ഷായുടെ നേതൃത്വത്തിൽ ബി.ജെ.പി സകല രാഷ്ട്രീയ തന്ത്രങ്ങളും ഉപയോഗിച്ചു.

കോൺഗ്രസ് നേതാക്കളുടെ തുടർച്ചയായ കൂറുമാറ്റങ്ങളും, സമ്മർദതന്ത്രങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളും, കടുത്ത നിയമയുദ്ധവും ചേർന്ന് സാധാരണഗതിയിൽ നടക്കേണ്ട ഒരു രാജ്യസഭാ തെരഞ്ഞെടുപ്പിനെ ദേശീയ രാഷ്ട്രീയപ്പോരാട്ടമാക്കി മാറ്റി. ഒടുവിൽ, നേരിയ ഭൂരിപക്ഷത്തിൽ അഹമ്മദ് പട്ടേൽ വിജയിച്ചു. പട്ടേലിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള അമിത്ഷായുടെ ശ്രമത്തെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് യന്ത്രത്തിനേറ്റ വല്ലപ്പോഴുമുള്ള ഒരു തിരിച്ചടിയാക്കി മാറ്റാൻ ആ വിജയത്തിന് സാധിച്ചുവെന്നാണ് അന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്.

മീനാക്ഷി നടരാജൻ സംഭവം ആ പഴയ പോരാട്ടത്തിന്റെ ഓർമകളെയാണ് വീണ്ടും ഉണർത്തുന്നത്. എന്നാൽ, 2017ൽ അഹമ്മദ് പട്ടേൽ നടത്തിയ വിജയകരമായ പ്രതിരോധത്തിൽനിന്ന് വ്യത്യസ്തമായി, ഇന്നത്തെ പ്രതിപക്ഷം കൂടുതൽ ദുർബലവും ഭിന്നിച്ചുമാണ് കാണപ്പെടുന്നത്. കോൺഗ്രസിന് ഇതിലുള്ള പങ്ക് അവര്‍ തിരിച്ചറിയേണ്ടതുണ്ട്. ബി.ജെ.പിയുടെ ഇപ്പോഴത്തെ വലിയ രാഷ്ട്രീയ ആസ്തി അതിന്റെ സംഘടിത ഭൗതികശക്തി മാത്രമല്ല, മറിച്ച് ഒരുമിച്ച് പ്രവർത്തിക്കാൻ ശേഷിയില്ലാത്ത പ്രതിപക്ഷം കൂടിയാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ സ്വകീയമായ ബലഹീനതകളെ മറികടക്കാൻ ശേഷിയുള്ള വലിയ ബി.ജെ.പി വിരുദ്ധ സഖ്യമായാണ് ഇൻഡ്യ മുന്നണി വിഭാവനം ചെയ്യപ്പെട്ടത്. എന്നാൽ, ആവർത്തിച്ചുണ്ടാകുന്ന പ്രാദേശിക താൽപര്യങ്ങളും അധികാര മോഹങ്ങളും നേതൃത്വ തർക്കങ്ങളും ഗ്രൂപ് വഴക്കുകളും ആ ലക്ഷ്യത്തെ വീണ്ടും വീണ്ടും തകർക്കുകയാണ്.

ഇനിയും പഠിക്കാത്ത പാഠങ്ങള്‍

തെലങ്കാനയിലെ ഏതെങ്കിലും കോൺഗ്രസ് നേതാവ് ബി.ജെ.പിയെ യഥാർഥത്തിൽ സഹായിച്ചോ ഇല്ലയോ എന്നത് ഇവിടെ രണ്ടാമത്തെ കാര്യമാണ്. എന്നാൽ, അത്തരം ആരോപണങ്ങൾ വിശ്വസനീയമാണെന്ന് പൊതുവേ തോന്നാൻ ഇടയാക്കുന്നതുതന്നെ പ്രതിപക്ഷ രാഷ്ട്രീയത്തെ വേട്ടയാടുന്ന പരസ്പരവിശ്വാസമില്ലായ്മയുടെയും ഗ്രൂപ്പിസത്തിന്റെയും തെളിവാണ്. വളരെ കേന്ദ്രീകൃതവും അച്ചടക്കവുമുള്ള രാഷ്ട്രീയയന്ത്രമായി ബി.ജെ.പി പ്രവർത്തിക്കുമ്പോൾ, പ്രതിപക്ഷം പരസ്പര മത്സരങ്ങളും പ്രാദേശിക കണക്കുകൂട്ടലുകളും കാരണം ഭിന്നിച്ചുനിൽക്കുന്നു. കോൺഗ്രസാവട്ടെ ഉള്ളിലും ഭിന്നിച്ചുനില്‍ക്കുന്നു. അങ്ങനെ പ്രതിപക്ഷത്തിനുള്ളിലെ ഓരോ ആഭ്യന്തര തർക്കങ്ങളും ബി.ജെ.പിക്ക് സ്വന്തം ഹീനതന്ത്രങ്ങള്‍ പയറ്റി ഇടപെടാനുള്ള രാഷ്ട്രീയ അവസരങ്ങളായി മാറുന്നു.

അതുകൊണ്ടുതന്നെ, മീനാക്ഷി നടരാജൻ സംഭവം നൽകുന്ന പാഠം ഒരു പത്രിക തള്ളപ്പെട്ടതിലപ്പുറം നീളുന്നതാണ്. അത് സമകാലിക ഇന്ത്യയുടെ വലിയൊരു യാഥാർഥ്യത്തിലേക്ക് വിരൽചൂണ്ടുന്നു: ബി.ജെ.പി പ്രതിപക്ഷത്തോട് മത്സരിക്കുക മാത്രമല്ല ചെയ്യുന്നത്; മറിച്ച് പ്രതിപക്ഷം എങ്ങനെ പ്രവർത്തിക്കണം എന്ന സാഹചര്യം രൂപപ്പെടുത്തുന്നതും അവര്‍തന്നെയാണ്. ആ അർഥത്തിൽ, ഇൻഡ്യ മുന്നണി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാവില്ല. പകരം, സ്വയം പരാജയപ്പെടുന്നത് എങ്ങനെ അവസാനിപ്പിക്കാം എന്ന് പഠിക്കുക എന്നതാണ്.

ആത്മാര്‍ഥമായി പറയുകയാണെങ്കില്‍, ഇൻഡ്യ മുന്നണി ഇപ്പോഴും അർഥവത്തായ ഒരു രാഷ്ട്രീയ വേദിയായി നിലനിൽക്കുന്നുണ്ടെങ്കിൽ, അതിന്‍റെ വലിയൊരു ക്രെഡിറ്റ് ഇടതുപക്ഷ പാർട്ടികൾക്കും മുന്നണിയിലെ പ്രാദേശിക പാര്‍ട്ടികള്‍ക്കും അവകാശപ്പെട്ടതാണ്. കാരണം, കോൺഗ്രസില്‍നിന്ന് തുടർച്ചയായ നൈരാശ്യങ്ങള്‍ ഉണ്ടായിട്ടും പ്രതിപക്ഷ ഐക്യത്തിനായി അവർ നിരന്തരം വാദിച്ചുകൊണ്ടേയിരിക്കുന്നു. കോൺഗ്രസുമായുള്ള ഭിന്നതയെത്തുടർന്നാണ് ഡി.എം.കെ വിട്ടുനില്‍ക്കുന്നതെങ്കിലും ഒരു മുന്നറിയിപ്പായി കാണേണ്ടതുണ്ട്. ബി.ജെ.പിയുടെ ഏറ്റവും വലിയ നേട്ടം അവരുടെ സ്വന്തം ശക്തി മാത്രമല്ല, മറിച്ച് സഖ്യകക്ഷികൾക്കിടയിൽ വിശ്വാസവും ഐക്യവും നിലനിർത്താൻ പ്രതിപക്ഷത്തിന് കഴിയാതെ പോകുന്നതുമാണ് എന്നത് സഖ്യകക്ഷികള്‍ മനസ്സിലാക്കുന്നത്രയുമെങ്കിലും ഉള്‍ക്കൊള്ളാനുള്ള ബാധ്യത കോൺഗ്രസിനുണ്ട്.

sreekumartt@gmail.com

Show Full Article
TAGS:Rajya Sabha INDIA Alliance Congress BJP Openforum Article 
News Summary - The opposition front is the fourth eye after DMK and Meenakshi Natarajan
Next Story