‘തെരഞ്ഞെടുപ്പ് അജണ്ട സെറ്റ് ചെയ്തത് പ്രതിപക്ഷം’
text_fieldsതദ്ദേശ തെരഞ്ഞെടുപ്പിൽ വമ്പിച്ച നേട്ടമുണ്ടാക്കുമെന്ന് മാത്രമല്ല, 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുമായി അധികാരത്തിൽ തിരിച്ചു വരുമെന്നും തറപ്പിച്ചുപറയുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
ഉപതെരഞ്ഞെടുപ്പുകളിലും ലോക്‌സഭ തെരഞ്ഞെടുപ്പിലും കൃത്യമായ രാഷ്ട്രീയ നേട്ടവും മേൽക്കൈയും യു.ഡി.എഫ് സ്വന്തമാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ അത് എത്രത്തോളം പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്?
നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ മാത്രമല്ല, കഴിഞ്ഞ നാലരവർഷത്തിനിടെ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും വലിയ മേൽക്കൈ യു.ഡി.എഫിനുണ്ട്. സർക്കാറിനെതിരായ അതിശക്തമായ ജനവികാരമാണ് അതിന്റെ മുഖ്യകാരണം. അതിനു പുറമെ ഞങ്ങൾ പതിവിൽ കവിഞ്ഞ മുന്നൊരുക്കങ്ങളും നടത്തി. ‘മിഷൻ 2025’ രൂപവത്കരിച്ചാണ് പ്രവർത്തനങ്ങൾ. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒരു കൊല്ലം മുമ്പേ ഡിവിഷൻ കമ്മിറ്റികളും വാർഡ് കമ്മിറ്റികളും നിലവിൽ വരികയും സജീവമാക്കുകയും ചെയ്തിരുന്നു. ബി.ജെ.പിയെയും എൽ.ഡി.എഫിനെയും മറികടക്കുന്ന രീതിയിൽ വോട്ടർപട്ടികയിൽ പേര് ചേർക്കൽ പ്രവർത്തനങ്ങളും ഞങ്ങൾ നടത്തി. ഈ മുന്നൊരുക്കങ്ങൾ നൽകുന്ന ആത്മവിശ്വാസം വലുതാണ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിമത ശല്യം തലവേദനയായിരുന്നു, ഇക്കുറി എങ്ങനെയാണ് റെബലുകളെ നേരിട്ടത്?
സാധാരണയുണ്ടാകുന്ന റെബൽ സ്ഥാനാർഥികളുടെ പത്തിൽ ഒന്നുപോലും ഇക്കുറി കോൺഗ്രസിനില്ല. കഴിഞ്ഞ പ്രാവശ്യം മലപ്പുറത്ത് 32 പഞ്ചായത്തുകളിൽ സാമ്പാർ മുന്നണിയായിരുന്നു. ഇപ്പോൾ ഒരു പഞ്ചായത്തിൽ മാത്രമാണ് തർക്കമുണ്ടായത്. യു.ഡി.എഫിന്‍റെ ഘടകകക്ഷികൾ തമ്മിൽ കെട്ടുറപ്പോടെയാണ് മുന്നോട്ടുപോവുന്നത്. അതേ സമയം സി.പി.എം നേരിടുന്ന വ്യാപക വിമത ശല്യമാണ്.
ജനകീയ പ്രശ്നങ്ങൾ എത്രത്തോളം ചർച്ചയാക്കാൻ കോൺഗ്രസിന് കഴിഞ്ഞു?
ഇക്കാര്യത്തിൽ കോൺഗ്രസിന് വലിയ അഭിമാനമുണ്ട്. കാരണം ഈ തെരഞ്ഞെടുപ്പിന്റെ അജണ്ട സെറ്റ് ചെയ്തത് പ്രതിപക്ഷമാണ്. 15 ദിവസം മുമ്പ് തന്നെ സർക്കാറിനെ സമഗ്രമായി വിചാരണ ചെയ്യുന്ന വിഷയങ്ങൾ അക്കമിട്ട് പറഞ്ഞ് ഞങ്ങൾ കുറ്റപത്രം സമർപ്പിച്ചു. സാമ്പത്തിക മേഖലയുടെ തകർച്ചയാണ് ഇതിലൊന്ന്. ആരോഗ്യരംഗം വെന്‍റിലേറ്ററിലാണെന്നാണ് ഞങ്ങളുന്നയിക്കുന്ന ആരോപണം. രാജ്യത്തെ ഏറ്റവും വിലക്കയറ്റമുള്ള ഒന്നാമത്തെ സംസ്ഥാനം കേരളമാണ്. വൈദ്യുതി ബോർഡും ജല അതോറിറ്റിയും മെഡിക്കൽ സർവിസസ് കോർപറേഷനും ക്ഷേമനിധി ബോർഡുകളുമെല്ലാം തകർച്ചയിലാണ്. കാർഷിക മേഖലയിലുള്ള പ്രശ്നം രൂക്ഷമാണ്.
വിവിധ വിഷയങ്ങൾ പൊതുവായും മേഖല തിരിച്ചും ഗൃഹപാഠം ചെയ്താണ് കുറ്റപത്രം തയാറാക്കിയത്..
ശബരിമല വിഷയം സർക്കാറിനെ എത്രത്തോളം പ്രഹരമേൽപ്പിക്കുമെന്നാണ് താങ്കൾ കരുതുന്നത്?
ശബരിമല സ്വർണക്കൊള്ള വിവാദം വലിയ തോതിൽ സി.പി.എമ്മിനെ പ്രഹരമേൽപ്പിക്കും. ഈ വിഷയത്തിൽ അവർ പകച്ചുനിൽക്കുകയാണ്. ആദ്യം ഒരു ഉണ്ണികൃഷ്ണൻ പോറ്റിയാണ് എല്ലാം ചെയ്തത് എന്നു പറഞ്ഞ സ്ഥാനത്ത്, മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഏറ്റവും വിശ്വസ്തരായ രണ്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ ജയിലിൽ പോയി. അന്നത്തെയും ഇപ്പോഴത്തെയും ദേവസ്വം മന്ത്രിമാർ സംശയ നിഴലിലാണ്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് മുകൾ തട്ടിൽ, അതായത് മുഖ്യമന്ത്രി അടക്കമുള്ള ആളുകളുമായി വലിയ സ്വാധീനമുണ്ടായിരുന്നു. ഈ സ്വാധീനമാണ് കളവിനുവേണ്ടി ഉപയോഗിച്ചത്. ഞങ്ങൾ അജണ്ടയിൽ ഒന്നാമതായി തന്നെ ശബരിമല സ്വർണക്കൊള്ള വിഷയം ഉൾപ്പെടുത്തിയിട്ടുണ്ട്. അയ്യപ്പഭക്തർ മാത്രമല്ല, കേരളം മുഴുവൻ സ്തംഭിച്ചു നിൽക്കുന്ന സംഭവമാണിത്. ശബരിമല വിവാദം മറയ്ക്കാൻ വേണ്ടിയാണ് മറ്റു വിഷയങ്ങൾ കൊണ്ടുവരാൻ സി.പി.എം ശ്രമിക്കുന്നത്.
സി.പി.എം-ബി.ജെ.പി നീക്കുപോക്കുണ്ടെന്ന് ആരോപിക്കുന്നത് എന്തടിസ്ഥാനത്തിലാണ്?
പി.എം ശ്രീയിൽ ഒപ്പിടാൻ ജോൺ ബ്രിട്ടാസ് എം.പി പാലമായി പ്രവർത്തിച്ചെന്ന് പാർലമെന്‍റിൽ പറഞ്ഞത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനാണ്. ആർ.എസ്.എസ് നേതാവുമായി എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയതും തൃശൂർ പൂരം കലക്കിയതും സുരേഷ് ഗോപിയെ ജയിപ്പിക്കാൻ നോക്കിയതും കൊടകര കുഴൽപ്പണ കേസിൽ ധാരണയുണ്ടാക്കിയതും ഇ.ഡി നോട്ടീസുകളെല്ലാം ‘നോട്ടീസുകൾ’ മാത്രമായി ഒതുങ്ങിയതുമെല്ലാം ഞങ്ങളുടെ ആരോപണം ശരിവെക്കുന്ന സംഭവങ്ങളാണ്. പാർട്ടിയുടെ പോളിറ്റ് ബ്യൂറോയോ സെക്രട്ടേറിയറ്റോ എൽ.ഡി.എഫോ, കാബിനറ്റോ അറിയാതെയാണ് പി.എം ശ്രീ കരാറിൽ സർക്കാർ ഒപ്പുവെച്ചത്. ബി.ജെ.പി കേന്ദ്ര നേതൃത്വം പറയുന്ന സ്ഥലത്ത് ഒപ്പിടുകയായിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് കിറ്റ് നൽകുകയോ അല്ലെങ്കിൽ ക്ഷേമ പെൻഷൻ ഒന്നിച്ച് കൊടുക്കുകയോ ചെയ്യുന്നത് വോട്ടിനെ സ്വാധീനിക്കുമെന്ന് പറയാനാകുമോ, എന്താണ് ഇക്കാര്യത്തിലെ നിലപാട്.
‘2021ൽ അധികാരത്തിൽ വന്നാൽ ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്നായിരുന്നു’ ഇടതുമുന്നണിയുടെ വാഗ്ദാനം. അത് കണ്ട് ഒരുപാട് പേർ വോട്ട് ചെയ്തിട്ടുണ്ട്. കാരണം പെൻഷനിൽ 900 രൂപ കൂടുതൽ കിട്ടുകയെന്നാൽ പാവപ്പെട്ടവന് അതൊരു വലിയ ആശ്വാസമാണ്. പക്ഷേ നാലരക്കൊല്ലം ഇവർ ചില്ലിപ്പൈസ കൂട്ടിയില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്‍റെ തലേ ആഴ്ച 400 രൂപ വർധിപ്പിച്ച് ഇവർ ആളുകളെ പറ്റിക്കുകയാണ് ചെയ്തത്.
കിറ്റ് കൊടുത്താൽ ആളുകൾ വോട്ടുചെയ്യുമെന്ന് പറയുന്നതിനോട് പണ്ടേ യോജിപ്പില്ല. അങ്ങനെയൊന്നും മലയാളിയെ പറ്റിക്കാൻ പറ്റുമെന്ന് ഞാൻ കരുതുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ നടക്കുമായിരിക്കും. കേരളത്തിൽ നടക്കില്ല.
തെരഞ്ഞെടുപ്പ് കാലത്തെല്ലാം ഇ.ഡി സർക്കാറിന് നോട്ടീസ് അയക്കുകയാണല്ലോ..
പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുമ്പ് ‘കരുവന്നൂരിൽ ഇ.ഡി പിടിമുറുക്കുന്നു’ എന്ന് എല്ലാ മാധ്യമങ്ങളും എഴുതി. അന്ന് ഞാൻ പറഞ്ഞത് തെരഞ്ഞെടുപ്പ് കഴിയും വരെയേ ഉണ്ടാകൂ ഈ പിടിമുറുക്കൽ എന്നാണ്. തെരഞ്ഞെടുപ്പിനു ശേഷം പിന്നീടാരും കരുവന്നൂരിനെ കുറിച്ച് കേട്ടിട്ടില്ലല്ലോ. ഇതെല്ലാം സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും ഭയപ്പെടുത്താൻ വേണ്ടി ചെയ്യുന്നതാണ്. മസാല ബോണ്ടുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ നോട്ടീസും അത്രയേ ഉള്ളൂ. അവർക്ക് (ബി.ജെ.പിക്ക്) ചില ലക്ഷ്യങ്ങളുണ്ട്. അതിലെല്ലാം ഇവർ (സി.പി.എം) സറണ്ടർ ചെയ്തു കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായെയും നരേന്ദ്ര മോദിയും കണ്ട ശേഷം അവർ പറഞ്ഞിടത്തെല്ലാം ഒപ്പിട്ട് കൊടുക്കുകയല്ലേ ചെയ്തത്. ഞങ്ങളുടെ മറ്റൊരു കാമ്പയിൻ ഇതാണ്.
2026 നെ കുറിച്ചുള്ള പ്രതീക്ഷകൾ...
100 ലധികം സീറ്റുമായി ഞങ്ങൾ തിരിച്ചുവരും. അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫിന്റെ അടിത്തറ വിപുലമാകും. എൽ.ഡി.എഫിൽ നിന്നും എൻ.ഡി.എയിൽ നിന്നുമുള്ള പാർട്ടികളും സോഷ്യൽ ഗ്രൂപ്പുകളും നമുക്കൊപ്പം വരും. യു.ഡി.എഫ് എന്നത് കുറെ പാർട്ടികളുടെ ഒരു കോൺഫെഡറേഷൻ മാത്രമല്ല. അത് മാത്രമെങ്കിൽ തെരഞ്ഞെടുപ്പ് വിജയിക്കില്ല. 2016 ലും 2021 ലും യു.ഡി.എഫിന്‍റെ കൂടെ ഉണ്ടാകാതിരുന്ന ഒരുപാട് സോഷ്യൽ ഗ്രൂപ്പുകൾ ഇപ്പോൾ നമ്മുടെ കൂടെയുണ്ട്. അത് മലബാറിലും തിരുവിതാംകൂറിലുമുണ്ട്. ഇത് നമ്മുടെ വോട്ടുബാങ്കിൽ അടിസ്ഥാനപരമായി വലിയ മാറ്റമുണ്ടാക്കും
ഇതിനുള്ള വർക്ക് വളരെ നിശബ്ദമായി കഴിഞ്ഞ മൂന്നു വർഷം ഞങ്ങൾ ചെയ്തിട്ടുണ്ട്.


